History

ഖുദ്സ്: വിശ്വാസവും നാഗരികതയും

മുസ്‌ലിങ്ങളുടെ വിശ്വാസവും ജീവിതവുമായി ദൃഢബന്ധമുള്ളതിനാലും ചരിത്രപരവും നാഗരികവുമായ കാരണങ്ങളാലും ഫലസ്തീന്‍ എന്നത് മുസ്‌ലിങ്ങളുടെ മുഖ്യ പരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. ഖുര്‍ആനിക സൂക്തങ്ങളും പ്രവാചക വചനങ്ങളും ഖുദ്‌സിന്റെ മഹത്വത്തെക്കുറിച്ചും ഫലസ്തീന്‍ ഭൂമിയെക്കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. പ്രവാചകന്റെ ബൈതുല്‍ മഖ്ദിസിലേക്കുള്ള നിശാപ്രയാണത്തെക്കുറിച്ച ഖുര്‍ആന്റെ വിവരണം അന്ത്യനാള്‍വരെയുള്ള ജനങ്ങള്‍ വായിച്ചുകൊണ്ടേയിരിക്കുന്നു. പരിശുദ്ധ മക്കയും വിശുദ്ധ ഖുദ്‌സുമായുള്ള ദൃഢമായ ബന്ധം മുസ്‌ലിങ്ങള്‍ നിരന്തരം സ്മരിക്കാനും ഊട്ടിയുറപ്പിക്കാനും വേണ്ടിയാണ് അല്ലാഹു ഫലസ്തീനിലെ അത്തിപ്പഴവും ഒലീവും മക്കയുമായി ചേര്‍ത്തുപിടിച്ചു കൊണ്ട് സത്യം ചെയ്തത്. ‘അത്തിയും ഒലീവും സാക്ഷി. സീനാമല സാക്ഷി. നിര്‍ഭീതമായ ഈ മക്കാനഗരം സാക്ഷി’ (അത്തീന്‍:1-3). കൂടാതെ ഹിജ്‌റക്ക് മുമ്പും ഹിജ്‌റക്ക് ശേഷം പതിനാറ് മാസത്തോളം മുസ്‌ലിങ്ങളുടെ ഖിബ്‌ല ബൈതുല്‍ മഖ്ദിസായിരുന്നു.

 

ഭൂമുഖത്ത് സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ പളളിയാണ് മസ്ജിദുല്‍ അഖ്‌സാ. മസ്ജിദില്‍ ഹറാം ആണ് ഈ ഭൂമുഖത്തെ പ്രഥമ പള്ളി. ഇവിടെ സന്ദര്‍ശിക്കുന്നതും ഇതില്‍ വെച്ച് നമസ്‌കരിക്കുന്നതും പ്രവാചകന്‍(സ) പ്രോല്‍സാഹിപ്പിച്ചു. അതിലെ നമസ്‌കാരത്തിന് അഞ്ഞൂറിരട്ടി പ്രതിഫലമുണ്ട്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു ‘അത് മഹ്ശറയുടെയും പുനരുത്ഥാനത്തിന്റെയും ഭൂമിയാണ്. അതിലെ നമസ്‌കാരത്തിന് ആയിരമിരട്ടി പ്രതിഫലമുണ്ട്. ആര്‍ക്കെങ്കിലും അതിന് സാധിച്ചില്ലെങ്കിലോ? നബി(സ)പറഞ്ഞു. അവര്‍ അതിലേക്ക് കത്തിക്കാനുള്ള ഒലീവെണ്ണ ദാനമായി നല്‍കട്ടെ, അതിലേക്ക് ഒലീവെണ്ണ ദാനം നല്‍കിയവന്‍ അവിടെ പോയവനെപ്പോലെയാണ്’. ഈ ഹദീസില്‍ മുസ്‌ലിമിന് അഖ്‌സാ പ്രദേശവുമായിട്ട് ഇടമുറിയാത്ത ബന്ധമുണ്ടായിരിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കാം. ഇക്കാരണത്താല്‍ തന്നെ മുസ്‌ലിമിന്റെ ഹൃദയത്തില്‍ അനിഷേധ്യമായ സ്ഥാനം ഖുദ്‌സിനുണ്ട്. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രമായ സയണിസ്റ്റ് അധിനിവേശത്തിലൂടെ അഖ്‌സായുടെ പരിശുദ്ധി മലിനപ്പെടുത്താനും അതിന്റെ അസ്ഥിത്വത്തിന് മാറ്റങ്ങള്‍ വരുത്താനും ഗൂഢമായ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മുസ്‌ലിങ്ങളെ കുടിയൊഴിപ്പിക്കാനും ഇസ്‌ലാമിക ചിഹ്നങ്ങളെ നിഷ്‌കാസനം ചെയ്യാനും ഫലസ്തീനികളെ ആട്ടിയോടിച്ച് അവിടെ പൂര്‍ണമായ അര്‍ത്ഥത്തിലുള്ള ജൂതവല്‍ക്കരണത്തിനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മാത്രമല്ല യാഥാര്‍ത്ഥ്യത്തെ വിപരീതമായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ജൂതന്‍മാര്‍. 1980ല്‍ ഇസ്രായേലിലെ ചര്‍ച്ച് പരസ്യമായി പ്രഖ്യാപിച്ചത് ‘പശ്ചാത്യവും പൗരസ്ത്യവുമായ ഭാഗങ്ങളെ ഏകീകരിക്കുന്ന തങ്ങളുടെ ആസ്ഥാനകേന്ദ്രമാണ് ഖുദ്‌സ്’ എന്നാണ്. കഴിഞ്ഞ ദശകങ്ങളില്‍ ജൂതവല്‍ക്കരണത്തിന്റെ പേരില്‍ നിരന്തരമായ ആക്രമണങ്ങളും കുറ്റകൃത്യങ്ങളുമാണവിടെ അരങ്ങേറിയിട്ടുള്ളത്. വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഫലസ്തീനികളുടെ ഭൂമി കണ്ടുകെട്ടുക, പുരോഗതിയുടെയും പരിഷ്‌കാരത്തിന്റെയും പേരില്‍ മുസ്‌ലിം ഭവനങ്ങള്‍ തകര്‍ക്കുക, പുതിയ ഭവനങ്ങള്‍ക്കനുമതി നല്‍കാതിരിക്കുക തുടങ്ങിയ മാര്‍ഗേണ ലക്ഷ്യസാധൂകരണത്തിനുള്ള കുല്‍സിതമായ ശ്രമങ്ങളാണവിടെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. ഖുദ്‌സിന് അടുത്തായി ഇസ്രായേല്‍ നിര്‍മിച്ചിട്ടുള്ള മതില്‍ അഖ്‌സാക്ക് വലിയ ഭീഷണിയായി തുടരുന്നു. ഭൂമിശാസ്ത്രപരവും നാഗരികവും മതപരവും ജനസംഖ്യാപരവും സാമ്പത്തികവുമായി ഊര് വിലക്ക് നടപ്പാക്കുന്നതിനുള്ള അവസാനത്തെ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്.
മസ്ജിദുല്‍ അഖ്‌സ ഒരിക്കലും ഇവരുടെ അക്രമണത്തില്‍ നിന്ന് ഒഴിവായിരുന്നില്ല. കുറ്റവാളികളുടെ കരങ്ങളാല്‍ അത് കത്തിക്കുവാനുള്ള നീച ശ്രമങ്ങള്‍ നടക്കുകയുണ്ടായി. അത് മലിനപ്പെടുത്താനുള്ള ശ്രമങ്ങള്‍ നിരവധി തവണ ഉണ്ടായി. അതിന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നരകീയമായ പ്ലാനിലൂടെ അതിന്റെ ബില്‍ഡിംഗുകള്‍ക്ക് വിള്ളല്‍ വരുത്താനുള്ള തുരങ്കങ്ങളും വലിയ കുഴികളും അതിന്നടിയില്‍ അവര്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. മുസ്‌ലിങ്ങളെ അതില്‍ നിന്നും വേര്‍പ്പെടുത്താന്‍ ബൈതുല്‍ മഖ്ദിസിനു ചുറ്റും അവരുടെ സങ്കല്‍പത്തിലുള്ള വ്യാജക്ഷേത്രത്തിന്റെ നിര്‍മാണത്തിന് അവര്‍ കോപ്പുകൂട്ടിക്കൊണ്ടേയിരിക്കുന്നു.
മുസ്‌ലിങ്ങളുടെ ഒന്നാമത്തെ ഖിബ്‌ലയും രണ്ടാമത്തെ മസ്ജിദും മൂന്നാമത്തെ ഹറമുമായ മസ്ജിദുല്‍ അഖ്‌സായുടെ അവകാശത്തിന്മേല്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ ഒന്നാമതായി മുസ്‌ലിങ്ങളെയും ലോകത്തുള്ള മുഴുവന്‍ സ്വാതന്ത്ര്യ പ്രേമികളെയും ഈ കഠിന ശത്രുക്കള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. ഖുദ്‌സിനു വേണ്ടിയുള്ള പ്രതിരോധം നിര്‍ബന്ധ ബാധ്യതയാകുന്നു. കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ എല്ലാനിയമസംഹിതകളും അംഗീകരിക്കപ്പെട്ടതാണ്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ പ്രതിഫലാര്‍ഹമായ ജിഹാദില്‍ ഉള്‍പ്പെടുകയും ചെയ്യും.
ഖുദ്‌സ് നിവാസികളേ, അഖ്‌സായുടെ കാവല്‍ക്കാരെ, ഈ അനുഗ്രഹീത ഭൂമിയുടെ സന്താനങ്ങളേ നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക! എല്ലാ കൂരിരുട്ടിനു ശേഷവും ഒരു സൂര്യോദയമുണ്ട്. ഓരോ കയറ്റത്തിനും ഒരു ഇറക്കമുണ്ട്. ‘തീര്‍ച്ചയായും ഞെരുക്കത്തോടൊപ്പം എളുപ്പമുണ്ട്’ നിങ്ങള്‍ക്ക് പ്രവാചകന്‍(സ) വിജയത്തെക്കുറിച്ച സുവിശേഷ വാര്‍ത്തയറിയിക്കുന്നു. അന്ത്യനാളിന്റെ അടയാളങ്ങളിലൊന്നായി ബൈതുല്‍ മഖ്ദിസിന്റെ വിജയം പ്രവാചകന്‍(സ) എണ്ണിയിട്ടുണ്ട്. ‘എന്റെ ഉമ്മത്തില്‍ സത്യത്തിന്റെ വാഹകരായിക്കൊണ്ട് ഒരു വിഭാഗം എന്നും ഉണ്ടായിരിക്കും, അല്ലാഹുവിന്റെ കല്‍പന ആഗതമാവുന്നത് വരെ അവരെ ഉപദ്രവമേല്‍പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല’. അവരുടെ സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു ‘ബൈതുല്‍ മഖ്ദിസിലും അതിന്റെ പരിസരങ്ങളിലുമാണത്’. അതിനാല്‍ അല്ലാഹുവിന്റെ സഹായത്താല്‍ നിങ്ങള്‍ അതിജയിക്കുക തന്നെ ചെയ്യും, നിങ്ങളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനങ്ങള്‍ക്ക് പരിമിതമായ ആയുസ്സ് മാത്രമെയുള്ളൂ. നിങ്ങള്‍ അല്ലാഹുവിന്റെ പാശം മുറുകെപ്പിടിച്ചു ഐക്യത്തോടെ മുന്നേറുക. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്ത പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും.’ നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: ‘അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.’ അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍(അന്നൂര്‍: 55). ‘വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും’.(മുഹമ്മദ്;7)

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

Facebook Comments
Related Articles
Show More

Leave a Reply

Your email address will not be published.

Close
Close