History

അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ ചരിത്രം

ഫാതിമീ ഖലീഫ അല്‍ മുഇസ്സ് ഈജിപ്ത് പിടിച്ചെടുക്കാനായി, സേനാ മേധാവി ജൗഹര്‍ എന്ന സിസിലിക്കാരനെ അയച്ചു. ഹി. 358/ എ. ഡി. 969 ല്‍, അദ്ദേഹം അവിടെ കൈറൊ നഗരവും അല്‍ അസ്ഹര്‍ പള്ളിയും സ്ഥാപിച്ചു. ഏകദേശം, രണ്ടു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയായ അസ്ഹര്‍, ഹി. 361 റമദാന്‍ 7/ 22 ജൂണ്‍ 972 ന്നാണ്, നമസ്‌കാരത്തിന്നായി തുറന്നു കൊടുത്തത്. അന്ന് മുതല്‍, മുസ്‌ലിം ലോകത്തെ ഏറ്റവും പ്രശാസ്തമായ പള്ളിയും, മത – മതേതര വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പഴക്കമുള്ള സര്‍വകലാശാലയുമായി തീരുകയായിരുന്നു അത്.

പള്ളിക്ക് ഈ പേര്‍ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. കൈറോവിന്റെ സ്ഥാപന വേളയില്‍, അതിന്നു ചുറ്റും ആഢംഭര രമ്യഹര്‍മ്യങ്ങളുണ്ടായിരുന്നുവെന്നും അത് കൊണ്ടാണ് ഈ പേര്‍ നല്‍കിയതെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. അകത്ത് നടക്കുന്ന വിദ്യാഭ്യാസം കാരണം, അത് വലിയ സ്ഥാനം ആര്‍ജ്ജിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നതിനാലാണ് അങ്ങനെ പേരിട്ടതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. പ്രവാചക പുത്രി ഫാത്വിമ സഹ്‌റയെ അനുസ്മരിക്കാനാണങ്ങനെ ചെയ്തതെന്ന് മൂന്നാമതൊരു വിഭാഗം. ഈ അവസാനം പറഞ്ഞതിന്നാണ് ഏറ്റവും സാധ്യത. കാരണം, ഫാത്വിമികള്‍ ആ പേര്‍ സ്വീകരിച്ചത് തന്നെ, ഫാത്വിമ സഹ്‌റയെ അനുസ്മരിക്കാനാണല്ലോ.

സ്ഥാപിച്ചു മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍, അല്‍ അസ്ഹര്‍, വിദ്യാഭ്യാസ പരവും പണ്ഡിതോചിതവുമായ അതിന്റെ സ്വഭാവം ആര്‍ജ്ജിക്കാന്‍ തുടങ്ങി. ഹി. 365/ ഒക്ടൊ. 975 ല്‍, അല്‍ മുഇസ്സിന്റെ ഭരണ കാലത്തായിരുന്നു, ചീഫ് ജസ്റ്റീസ് അബുല്‍ ഹസന്‍ അലി ബിന്‍ അല്‍ നു’അമാന്‍ അല്‍ ഖൈറവാനി, അല്‍ അസ്ഹറിന്റെ മുറ്റത്തെ കസേരയില്‍ ഇരുന്നു കൊണ്ട്, ‘ അല്‍ ഇഖ്ത്വിസ്വാര്‍’ – ഇമാം അബൂഹനീഫയുടെ ഒരു കര്‍മശാസ്ത്ര കൃതി – വായിച്ചത്. വലിയൊരു സദസ്സിന്റെ സാന്നിധ്യത്തിലായിരുന്നു അത്. ചീഫ് ജസ്റ്റീസ് എന്ന പേര്‍ ആദ്യമായി ലഭിച്ചത് ഇദ്ദേഹത്തിന്നായിരുന്നുവത്രെ. അല്‍ അസ്ഹറില്‍ നടന്ന ആദ്യ ചര്‍ച്ചാ ക്ലാസ്സ് ഇതായിരുന്നു.

ഈ ക്ലാസ്സുകള്‍ മതപരമായിരുന്നുവെങ്കിലും, അവക്ക് രാഷ്ട്രീയമായ സൂക്ഷ്മ ഗുണങ്ങളുമുണ്ടായിരുന്നുവെന്നതാണ് വസ്തുത. അസീസ് ബില്ലയുടെ കാലത്ത്, വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതിയുണ്ടായി. അല്‍ മുഇസ്സിന്റെയും പിന്നീട് അല്‍ അസീസിന്റെയും മന്ത്രിയായിരുന്ന ജേക്കബ് ബിന്‍ കില്ലീസ് (Jacob ibn Killis) തന്റെ അല്‍ രിസാലതുല്‍ അസീസിയ്യ വായിച്ചു.  37 നിയമ വിദഗ്ദ്ധരെ നിയമിച്ചു കൊണ്ട്, പിന്നീട് അദ്ദേഹം പഠന രംഗത്ത് പുരോഗതിയുണ്ടാക്കി. അവര്‍ക്ക് മാസ വേതനവും അല്‍ അസ്ഹറിന്നടുത്ത് കോര്‍ട്ടേഴ്‌സും അദ്ദേഹം നല്‍കിയിരുന്നു.

ഫാത്വിമി കാലത്ത്, ബൗദ്ധിക ജീവിതത്തിന്റെ ഒരു അടിസ്ഥാനഭാഗമായിരുന്നു അല്‍ അസ്ഹര്‍. സാധാരണ ക്ലാസ്സുകള്‍ക്ക് പുറമെ, സ്ത്രീകള്‍ക്കായുള്ള ധാര്‍മിക ക്ലാസ്സുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഏകദേശം രണ്ടു നൂറ്റാണ്ടുകളോളം, ന്യാധിപന്മാര്‍, അക്കൌണ്ടന്റ്, ചീഫ് ടാക്‌സ് കളക്റ്റര്‍ എന്നിവരുടെ ആസ്ഥാനം കൂടിയായിരുന്നു അല്‍ അസ്ഹര്‍.

അയ്യൂബി ഭരണകാലത്ത്, ഏകദേശം ഒരു നൂറ്റാണ്ടോളം, സര്‍വകലാശാല എന്ന നിലയിലോ, പള്ളി എന്ന നിലയിലോ ഉള്ള പ്രവര്‍ത്തനം, അല്‍ അസ്ഹറിന്ന് നഷ്ടമായിരുന്നുവെങ്കിലും, അതിന്റെ മതപരവും ഭാഷാപരവുമായ സ്വഭാവം അത് പുലര്‍ത്തിയിരുന്നു. മംലൂക്കുകളുടെ കാലത്ത് (ഹി. 648 – 922/ എ. ഡി. 1250 – 1517) മുഗളന്മാരുടെ മധേഷ്യാ ആക്രമണവും അന്തലുസിന്റെ മുസ്‌ലിം ഭരണത്തിന്റെ ശുഷ്‌കവും കാരണമായി, അല്‍ അസ്ഹറിന്നു പുതിയ ഉത്തരവാദിത്തങ്ങള്‍ വന്നു ചേരുകയായിരുന്നു.    സ്വന്തം നാടുകളില്‍ നിന്നും, ബലാല്‍ക്കാരം പുറത്താക്കപ്പെട്ട പണ്ഡിതന്മാരുടെ ഏക അഭയ കേന്ദ്രമായി കഴിഞ്ഞിരുന്നു അത്. ഹി. 8, 9 / എ. ഡി. 14, 15 നൂറ്റാണ്ടുകളില്‍, അല്‍ അസ്ഹറിനെ അതിന്റെ ഔന്നത്യത്തിലെത്തിക്കുന്നതില്‍ ഈ പണ്ഡിതന്മാരുടെ സഹായമുണ്ടായിരുന്നു.

പ്രകൃതി ശാസ്ത്ര രംഗത്തും അല്‍ അസ്ഹര്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ചില അസ്ഹര്‍ പണ്ഡിതന്മാര്‍, വൈദ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, ഭൂമി ശാസ്ത്രം, ചരിത്രം എന്നിവ അഭ്യസിച്ചിരുന്നു. രാഷ്ട്രീയവും ബൌദ്ധികവുമായ പതനത്തിന്റെയും നിശ്ചലതയുടെയും കാലത്തു പോലും, ഈ ശാസ്ത്രങ്ങളുടെ പുരോഗതിക്കു വേണ്ടി, ഇവര്‍ കഠിനാദ്ധ്വാനം നടത്തിയിരുന്നു. ഓട്ടോമന്‍ കാലത്ത്, അല്‍ അസ്ഹര്‍, സാമ്പത്തികമായി സ്വതന്ത്രമായിരുന്നു. പണ്ഡിതന്മാര്‍ക്ക് തങ്ങളുടെ പഠനമേഖലയും പഠന സാമഗ്രികളും സ്വതന്ത്രമായി തെരഞ്ഞെടുക്കാന്‍, അവിടത്തെ വഖ്ഫ് സ്വത്തുകള്‍ കഴിവേകി. ഒട്ടോമന്‍ കാര്‍, അല്‍ അസ്ഹറിന്റെ മുഖ്യ ഇമാം പദവിയില്‍, തങ്ങളില്‍ നിന്നാരെയും നിയമിച്ചില്ലെന്നത് എടുത്തു പറയേണ്ടതാണ്. ഈ ഉന്നത സ്ഥാനം, തികച്ചും, ഈജിപ്തുകാര്‍ക്ക് വേണ്ടി ഒഴിച്ചു നിറുത്തിയതായിരുന്നു.

ഹി. 12113/ ജൂലൈ 1789 ല്‍, നെപ്പോളിയന്‍ ഈജിപ്ത് കീഴടക്കി. സമകാലീന മുസ്‌ലിം ലോകത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലയായി, അദ്ദേഹം അതിനെ അംഗീകരിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. സെ. ഹെലീനയില്‍, നാടുകടത്തപ്പെട്ടു കഴിയുമ്പോള്‍, പാരീസിലെ സര്‍ബോണി(Surbonne)ന്റെ പ്രതിരൂപമാണ് അല്‍ അസ്ഹര്‍ എന്ന് അദ്ദേഹം തന്റെ ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ ഉന്നതരും ജനനായകരുമായായിരുന്നു അസ്ഹര്‍ പണ്ഡിതന്മാരെ അദ്ദേഹം വീക്ഷിച്ചിരുന്നത്. ആദ്യമായി, കൈറൊവില്‍ പാദമൂന്നിയപ്പോള്‍, തലസ്ഥാനം ഭരിക്കാന്‍ അദ്ദേഹം ഒരു പ്രത്യേക കൗണ്‍സിലിന്ന് രൂപം നല്‍കുകയുണ്ടായി. അക്കാലത്തെ അല്‍ അസ്ഹര്‍ മുഖ്യ ഇമാം ശൈഖ് അബ്ദുല്ല ശര്‍ഖാവിയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ പ്രമുഖ പണ്ഡിതന്മാരടങ്ങിയതായിരുന്നു കൗണ്‍സില്‍.
ഫ്രഞ്ച് കുടിയേറ്റ വിരുദ്ധരുടെ ഒരു സംഗമ സ്ഥാനവും വിപ്‌ളവ ആസ്ഥാനവും കൂടിയായിരുന്നു അല്‍ അസ്ഹര്‍. ശൈഖ് മുഹമ്മദ് സാദാത്തിന്റെ നേതൃത്വത്തില്‍, ഒരു പ്രത്യേക വിപ്‌ളവ കമ്മിറ്റിക്ക് രൂപം നല്‍കപ്പെടുകയുണ്ടായി. ഫ്രഞ്ചുകാര്‍ക്കെതിരായ വിപ്‌ളവം പരാജയപ്പെട്ടതോടെ, അവിടെ പഠനം തുടരുക അസാധ്യമാണെന്ന് കണ്ട മുഖ്യ ഇമാമും മറ്റു പണ്ഡിതന്മാരും പള്ളി അടച്ചു പൂട്ടുകയായിരുന്നു. അല്‍ അസ്ഹറിന്റെ സുദീര്‍ഘ ചരിത്രത്തില്‍, അത് അടച്ചു പൂട്ടപ്പെട്ടത് ഈ സമയത്ത് മാത്രമാണ്. മൂന്നു വര്‍ഷം കഴിഞ്ഞു ഫ്രഞ്ചുകാരെ ഒഴിച്ചു മാറ്റിയതോടെ, അല്‍ അസ്ഹര്‍ പൂര്‍വ സ്ഥിതി പ്രാപിക്കുകയും അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സ്വീകരിക്കുകയും ചെയ്തു.

ഹി. 1220/ എ. ഡി. 1805 ല്‍, മുഹമ്മദലിയുടെ കാലത്ത്, ഒരു ആധുനിക സ്‌റ്റേറ്റ് കെട്ടിപ്പടുക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചു. പ്രസ്തുത ലക്ഷ്യ സാഫല്യത്തില്‍ സുപ്രധാനമായ പങ്കാണ് അല്‍ അസ്ഹര്‍ വഹിച്ചത്.  അല്‍ അസ്ഹര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് യൂറോപ്പിലേക്ക് സ്‌കോളര്‍ഷിപ്പ് അയച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം. ഈജിപ്തിലെ, ആധുനിക നവോത്ഥാനത്തിന്റെ ധ്വജവാഹകരില്‍ മുന്നൊടികളായി വര്‍ത്തിച്ചത് ഈ പണ്ഡിതന്മാരായിരുന്നു. ഒറാബി(Orabi) വിപ്‌ളവ നേതാക്കളടക്കമുള്ള ഭൂരിപക്ഷം ഉന്നത വ്യക്തികളും അല്‍ അസ്ഹര്‍ സന്തതികളാണ്.

1919 ലെ, വിപ്‌ളവ നേതാവ് സഅദ് സഗലൂല്‍ അടക്കമുള്ള ഉന്നതരുടെ സ്ഥിതിയും തഥൈവ. ഉദാഹരണമായി, ശൈഖ് മുഹമ്മദ് അബ്ദു, മന്‍ഫലൂത്വി എന്നിവര്‍ അല്‍ അസ്ഹര്‍ ബിരുദ ധാരികളാണ്. മുസ്‌ലിം പണ്ഡിതന്മാരും െ്രെകസ്തവ പുരോഹിതരും, അല്‍ അസ്ഹറിന്റെ പോര്‍ട്ടിക്കോവില്‍ സമ്മേളിച്ച്, അല്‍ അസ്ഹറിന്റെ പ്രസംഗ പീഠത്തില്‍ നിന്ന് ജനങ്ങളെ സംബോധന ചെയ്തതാണ് ഏറ്റവും സുപ്രധാന സംഭവം.

അവലംബം : onislam.net

വിവ : കെ.എ. ഖാദര്‍ ഫൈസി

Facebook Comments

കെ.എ ഖാദര്‍ ഫൈസി

1959 ല്‍ മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ ജനനം. പിതാവ് കോര്‍മ്മത്ത് ശംസുദ്ദീന്‍ മുസ്‌ലിയാര്‍. മാതാവ് സൈനബ. ഒതുക്കുങ്ങല്‍ ഉഹ്‌യാഉസ്സുന്ന അറബിക് കോളേജ്, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസ കരസ്ഥമാക്കി. ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, എം. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ. സി. മുഹമ്മദ് മൗലവി പാങ്ങ് തുടങ്ങിയവര്‍ ഗുരുനാഥാക്കന്മാരാണ്.

വളര്‍ന്നതും പഠിച്ചതും എല്ലാ യാഥാസ്ഥിക സുന്നി പശ്ചാത്തലത്തിലായിരുന്നുവെങ്കിലും ഖാദിര്‍ ഫൈസി പഠിക്കുമ്പോള്‍ തന്നെ പുരോഗമനാശയക്കാരനായിരുന്നു. 25 വര്‍ഷത്തോളം തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഇലാഹിയ്യയില്‍ പ്രിന്‍സിപ്പളായും വാണിമേല്‍ ദാറുല്‍ ഹുദ അറബിക് കോളേജ് പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker