History

അറബ് സയണിസം ; ചരിത്രത്തിന്റെ ആവര്‍ത്തനം

ഗസ്സക്കെതിരെ ഇസ്രയേല്‍ നടത്തിയ അവസാന യുദ്ധത്തില്‍ നിരവധി അറബ് രാഷ്ട്രങ്ങളും അവിടങ്ങളിലെ എഴുത്തുകാരും ഫലസ്തീനികള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം ഇസ്രയേലിന്റെ കൂടെ നിന്നത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. അറബികളുടെ ഈ പുതിയ നിലപാട് ‘അറബ് സയണിസം’ എന്ന പുതിയ പദത്തെ നമ്മുടെ സാഹിത്യത്തിന് സംഭാവന ചെയ്തിരിക്കുന്നു, ഫലസ്തീന്‍ മണ്ണില്‍ ഇസ്രയേലിന്റെ വിത്ത് പാകുന്നതിനും അതിനു കളമൊരുക്കുന്നതിലും പ്രധാന പങ്കുവഹിച്ച ക്രിസ്ത്യാനികളായ പാശ്ചാത്യന്‍ പ്രൊട്ടസ്റ്റന്റുകളെ സൂചിപ്പിക്കാന്‍ ‘ക്രൈസ്തവ സയണിസം’ എന്ന പദം നേരത്തെ തന്നെ പ്രയോഗിച്ച് വരാറുണ്ട്. ‘അറബ് സയണിസ’വും ‘ക്രൈസ്തവ സയണിസ’വും ഏറക്കുറെ ചേര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.

തികച്ചും അപ്രതീക്ഷിതമായ ‘അറബ് സയണിസ്റ്റ്’ നിലപാടില്‍ പലരും അങ്ങേയറ്റം അത്ഭുതം കൂറുകയുണ്ടായി, പലര്‍ക്കും അവരുടെ ബോധം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു! എന്നാല്‍ നാം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം, അറേബ്യയുടെ ചരിത്രത്തില്‍ നിരവധി ദേശീയ മുന്നേറ്റങ്ങളും പോരാട്ടങ്ങള്‍ളും പോരാളികള്‍ളും ഉണ്ടായിട്ടുണ്ടെങ്കില്‍, അതുപോലെ തന്നെ വഞ്ചനകളും ചതികളും ചരിത്രത്തില്‍ നിരവധി തവണ ആവര്‍ത്തിച്ചിട്ടുണ്ട്!

അബ്‌റഹത്തിന്റെ ആനപ്പട കഅ്ബയെ അക്രമിക്കാന്‍ വന്ന സന്ദര്‍ഭത്തില്‍ അറബികളെ കൂടെനിന്ന് ചതിച്ച അബൂ രിഗാലിന്റെ (ഖിസ്സുബ്‌നു മന്‍ബഹ് ഇബ്‌നു നബീതുബ്‌നു യഖ്ദം) നടപടിയാണ് അറബ് ചരിത്രത്തില്‍ ഏറെ കുപ്രസിദ്ധമായ വഞ്ചന. യെമനില്‍ നിന്നും മക്കയിലേക്കുള്ള അബ് റഹത്തിന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഒന്നിച്ചു നിന്ന അറബ് ജനതക്കിടയില്‍ ഭിന്നതയുണ്ടാക്കി അബൂ രിഗാല്‍ അബ്‌റഹത്തിന്റെ സൈന്യത്തിന് അവരുടെ മാര്‍ഗം എളുപ്പമാക്കി കൊടുത്തു. അങ്ങിനെ അവര്‍ മക്ക അധീനപ്പെടുത്തുകയും കഅ്ബക്കു നേരെ അക്രമണം അഴിച്ചു വിടുകയും ചെയ്തു.

അബൂ രിഗാലിന്റെ വഞ്ചന അറബ് ജനതക്കിടയില്‍ തലമുറകളായി ഇന്നും നിലനില്‍ക്കുന്നു. എത്രത്തോളമെന്നാല്‍, ഹജ്ജ് വേളയില്‍ മുസ്‌ലിംകള്‍ ജംറകളില്‍ കല്ലെറിയുന്നത് പോലെ ഇസ്‌ലാമിന്റെ ആഗമനം വരെ മക്കക്കും ത്വാഇഫിനും ഇടയിലുള്ള അബൂ രിഗാലിന്റെ ഖബറിടത്തിനു നേരെ കല്ലെറിയുന്നത് അറബികളുടെ പതിവായിരുന്നു, ചില സന്ദര്‍ഭങ്ങളില്‍ ഇപ്പോഴും അത് നടക്കുന്നുണ്ട്. അബൂ രിഗാലിന്റെ ഖബറിന്നു സമീപത്തു കൂടി പോകാന്‍ ഇടയായപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തെ ശപിക്കുകയും ഖബറിനു നേരെ കല്ലെറിഞ്ഞതായും കല്ലെറിയാന്‍ സ്വഹാബികളോട് കല്‍പ്പിച്ചതായും ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അറേബ്യന്‍ കവി ജരീറിന്റെ ഒരു കവിതയിലും ഉമര്‍(റ) ന്റെ ഒരു വാചകത്തിലും അബൂ രിഗാലിന്റെ ഖബറിന്നു നേരെ കല്ലെറിയുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കാണാനാകും.

ഇസ്‌ലാമിന്റെ ആഗമനത്തിനും, മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടതിനും ശേഷം രാഷ്ട്രീയ വഞ്ചനകള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. മദീനയുടെ സംരക്ഷണത്തിനും സുരക്ഷക്കും മുസ്‌ലിംകളോടൊപ്പം നില്‍ക്കാമെന്ന് പ്രവാചകനോടും വിശ്വാസി സമൂഹത്തോടും കരാറുണ്ടാക്കിയതിന് ശേഷം, ഖൈബറിലെ ജൂതന്മാര്‍ മക്കയിലെ ഖുറൈശികളോടൊപ്പം ചേര്‍ന്ന് നടത്തിയ വഞ്ചനകള്‍ ഉദാഹരണം. മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം നടത്താന്‍ ഖുറൈശികളെ ഖൈബറിലെ യഹൂദികള്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എന്നുമാത്രമല്ല, അതിനുവേണ്ട സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഖുറൈശികളോട് അവര്‍ പറയാറുണ്ടായിരുന്നു : ‘മുഹമ്മദിനെയും അദ്ദേഹത്തിന്റെ അനുയായികളെയും ഭൂമിയില്‍ നിന്നും പിഴുതെറിയുന്നത് വരെ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടാകും, മുഹമ്മദിന്റെ മതത്തേക്കാള്‍ നല്ലത് നിങ്ങളുടെ മതമാണ്, നിങ്ങളാണ് സത്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നവര്‍’.

ഹിജ്‌റ 5 ാം വര്‍ഷം നടന്ന ചരിത്ര പ്രസിദ്ധമായ ‘ഖന്‍ദഖ് യുദ്ധ’ത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ മുശ്‌രിക്കുകളോടൊപ്പം അവരും അണിനിരന്നു, മദീനക്കെതിരായ യുദ്ധത്തില്‍ ഖുറൈശീ സൈന്യത്തിന് വേണ്ട ഭക്ഷണ സാധനങ്ങള്‍ ഒരു വര്‍ഷത്തോളം ഒരുക്കി കൊടുത്തിരുന്നത് ഖൈബറിലെ ജൂതന്മാരായിരുന്നു. ബനൂ നദീര്‍ ഗോത്രത്തിലെ ചില ജൂത നേതാക്കന്മാരും ഈ യുദ്ധത്തില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു. വിശ്വാസി സമൂഹം ഒന്നടങ്കം കടുത്ത പരീക്ഷണം നേരിട്ട ഈ ഉപരോധ വേളയില്‍ ജൂത ഗോത്രമായ ബനൂ ഖുറൈളയുടെ നേതാവ് കഅ്ബുബ്‌നു അസദും പ്രവാചകനുമായുള്ള ഉടമ്പടി ലംഘിച്ച് ഖുറൈശീ സംഘത്തോടൊപ്പം ചേരുകയുണ്ടായി.

ജൂതര്‍ക്ക് പുറമെ, മദീനയില്‍ തന്നെയുള്ള കപടവിശ്വാസികളും ഈ ഘട്ടത്തില്‍ തനിസ്വരൂപം പുറത്തെടുക്കുകയുണ്ടായി. മദീനയെ പ്രതിരോധിക്കുന്നതിന് പകരം, ഉപരോധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെടാന്‍ പോകുകയാണെന്ന് പ്രചരിപ്പിച്ച് യുദ്ധത്തില്‍ നിന്നും അവര്‍ പിന്തിരിഞ്ഞു കളഞ്ഞു. ഇസ്‌ലാമിക രാഷ്ട്രത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തിയ അവര്‍ വിശ്വാസികളെ മദീനയില്‍ നിന്നും പുറംതള്ളുമെന്നും ഭീഷണി മുഴക്കി.

ക്രിസ്തു വര്‍ഷം 1099 ല്‍ കുരിശു യോദ്ധാക്കള്‍ അറബ് പൗരസ്ത്യ രാഷ്ട്രങ്ങള്‍ക്ക് നേരെ അക്രമണം അഴിച്ചു വിടുകയുണ്ടായി. ഖുദ്‌സ് കീഴടക്കിയ അവര്‍ എഴുപതിനായിരം തദ്ദേശീയരെ കൊന്നുകളഞ്ഞു, മസ്ജിദുല്‍ അഖ്‌സയെ ക്രിസ്തീയ ദേവാലയമായും അവരുടെ കുതിരകളുടെ ആലയമായും ആയുധപ്പുരയായും മാറ്റി! മുസ്‌ലിം സമുദായവുമായും ഇസ്‌ലാമിക രാഷ്ട്രവുമായുള്ള തങ്ങളുടെ കരാറുകള്‍ ലംഘിച്ച് കുരിശുയോദ്ധാക്കള്‍ക്കൊപ്പം ചേര്‍ന്ന് ചരിത്രപരമായ വഞ്ചനയാണ് ആ സന്ദര്‍ഭത്തില്‍ പൗരസ്ത്യ നാടുകളിലെ ക്രിസ്തീയ സമൂഹം അനുവര്‍ത്തിച്ചത്. കുരിശുയോദ്ധാക്കള്‍ ഖുദ്‌സ് കീഴടക്കിയ ഉടന്‍ സമീപ നാടുകളില്‍ നിന്നുള്ള ക്രിസ്തുമത വിശ്വാസികള്‍ ജറൂസലേമിലേക്ക് ഓടി വന്നതായും, മുസ്‌ലിംകളില്‍ നിന്നും ഖുദ്‌സ് പിടിച്ചടക്കിയ കുരിശു യോദ്ധാക്കളുടെ ധീരതയെ അവര്‍ വാഴ്ത്തിയതായും ചരിത്രകാരനായ മാക്‌സിമസ് മോന്റഡ് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

സ്വലാഹുദ്ധീന്‍ അയ്യൂബിയെ പോലുള്ള ഇസ്‌ലാമിക രാഷ്ട്ര നേതാക്കള്‍ കുരിശുയോദ്ധാക്കള്‍ക്കെതിരെ പോരാട്ടം നടത്തിക്കൊണ്ടിരിക്കെ, ഫാത്വിമി രാജവംശത്തിലെ ചിലര്‍ കുരിശു യോദ്ധാക്കള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഫാത്വിമി രാജ വംശത്തിലെ മന്ത്രിയായിരുന്ന ഷാവിറിന്റെ സഹായത്താലാണ് ഈജിപ്തിന്റെ പലഭാഗങ്ങളും കുരിശു യോദ്ധാക്കള്‍ പിടിച്ചെടുത്തത്. ഫാത്വിമി ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സ്വലാഹുദ്ധീന്‍ അയ്യൂബി ഖുദ്‌സിന്റെ മോചനത്തിന് ശ്രമിച്ചു കൊണ്ടിരിക്കെ തകര്‍ന്നടിഞ്ഞ ഫാത്വിമി രാജവംശത്തിന്റെ പിന്മുറക്കാര്‍ സ്വലാഹുദ്ദീന്‍ അയ്യൂബിക്കെതിരെ വീണ്ടും കുരിശുയോദ്ധാക്കള്‍ക്കൊപ്പം കൂടി. ഈ വഞ്ചനക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനും ഫാത്വിമകളുടെ അന്നത്തെ നേതാവുമായിരുന്ന ജൗഹര്‍ ഖിസ്വിയെ സ്വലാഹുദ്ധീന്‍ അയ്യൂബി വിചാരണ ചെയ്തു വധിശിക്ഷക്ക് വിധേയമാക്കുകയായിരുന്നു.

ക്രിസ്തു വര്‍ഷം 1256 ല്‍ താര്‍ത്താരികളുടെ ബഗ്ദാദ് അധിനിവേശത്തിന് കളമൊരുക്കിയതിന് പിന്നിലും മറ്റൊരു ചതിയുണ്ടായിരുന്നു. അബ്ബാസി മന്ത്രിയായിരുന്ന ഇബ്‌നുല്‍ അല്‍ഖമിയായിരുന്നു ചതിയിലൂടെ താര്‍ത്താരികളുടെ അധിനിവേശത്തിന് കളമൊരുക്കി കൊടുത്തത്. അറേബ്യന്‍ പൗരസ്ത്യ നാടുകള്‍ തകര്‍ത്തു തരിപ്പണമാക്കിയ താര്‍ത്താരികള്‍ ബഗ്ദാദിനെ പാടേ നശിപ്പിച്ച് അബ്ബാസി ഖിലാഫത്തിന് അന്ത്യം കുറിച്ചു, ചരിത്രത്തില്‍ സമാനതകളില്ലാത്ത രക്തം ചിന്തലും കൂട്ടക്കൊലകളുമാണ് താര്‍ത്താരികള്‍ അറബ് നാടുകളില്‍ നടത്തിയത്, ഖലീഫയുള്‍പ്പെടെ എട്ട് ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു, ബഗ്ദാദിലെ ചിന്താ-നാഗരിക കേന്ദ്രങ്ങള്‍ നാമാവശേഷമായി മാറി.

മുസ്‌ലിം സ്‌പെയിനിന്റെ അധഃപതനത്തിന് ശേഷം കുരിശു യുദ്ധം വീണ്ടും ആരംഭിച്ചു. പോര്‍ച്ചുഗീസുകാരനായ വാസ്‌കോഡ ഗാമയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പുതിയ കുരിശു യുദ്ധത്തിന്റെ ലക്ഷ്യം കച്ചവടത്തോടൊപ്പം പൗരസ്ത്യ ദേശങ്ങളുടെ ആധിപത്യം പിടിച്ചെടുക്കലും മുസ്‌ലിംകളുടെ ക്രിസ്തീയ വല്‍ക്കരണവുമായിരുന്നു. പൗരസ്ത്യ നാടുകളിലേക്കുള്ള യൂറോപ്യന്‍ അധിനിവേശത്തിന് പ്രതിരോധം തീര്‍ത്ത്, മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ പ്രദേശങ്ങളിലും പരന്ന് കടന്നിരുന്ന ഉസ്മാനിയന്‍ സാമ്രാജ്യത്തിനെതിരെ ആദ്യ പടപ്പുറപ്പാട് നടത്തിയത് പേര്‍ഷ്യക്കാരായ സ്വഫവികളായിരുന്നു. ഇസ്മാഈല്‍ സ്വഫവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പടപ്പുറപ്പാടിന് പോര്‍ച്ചുഗീസുകാരായ കുരിശു യോദ്ധാക്കളുടെ സര്‍വ്വ പിന്തുണയുമുണ്ടായിരുന്നു. ഇറാഖ് അക്രമിച്ച സ്വഫവികള്‍ ഉസ്മാനിയന്‍ സാമ്രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തികളും അക്രമിച്ചു. സ്വഫവികളെ സഹായിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് പുറമെ ബ്രിട്ടീഷുകാരും രംഗത്ത് വന്നു. ബ്രിട്ടീഷ്-പോര്‍ച്ചുഗീസ് സഹായത്തോടെ സ്വഫവികള്‍ നടത്തിയ അക്രമണങ്ങളാണ് യൂറോപ്പിലെ ഉസ്മാനികളുടെ ആധിപത്യം തകരുന്നതിന് വഴിവെച്ചത്. ബെല്‍ജിയം സ്വദേശിയായ ഒരു ഓറിയന്റിലിസ്റ്റ് ചരിത്രകാരന്‍ ഇങ്ങനെ എഴുതുകയുണ്ടായി : ‘സ്വഫവികള്‍ ഇല്ലായിരുന്നെങ്കില്‍ ബെല്‍ജിയംകാരും ഇന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു!’

1798 ല്‍ ഈജിപ്ത് അക്രമിച്ച നെപ്പോളിയന്‍ തന്റെ സൈന്യത്തില്‍ ഈജിപ്തില്‍ നിന്നുള്ള ആയിരം ന്യൂനപക്ഷ ക്രിസ്ത്യാനികളെ ചേര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പദ്ധതി വിജയിക്കുകയും ചെയ്തു. തദ്ദേശീയരായ രണ്ടായിരം ഖിബ്തി യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ഫ്രഞ്ചുകാര്‍ക്കായി. ഫ്രഞ്ച് സൈനിക വേഷം അണിഞ്ഞ ഈ യുവാക്കളായിരുന്നു ഈജിപ്തിലെ നഗര-ഗ്രാമ പ്രദേശങ്ങളില്‍ അക്രമണങ്ങള്‍ നടത്തിയതും ശൈഖുല്‍ അസ്ഹര്‍ അടക്കമുള്ള നിരവധി ഈജിപ്തുകാരെ പിടികൂടി തടവിലാക്കിയതും. ഫ്രഞ്ച് സൈന്യത്തോടൊപ്പം ചേര്‍ന്ന ക്രിസ്ത്യന്‍-ജൂത തദ്ദേശീയര്‍ മുസ്‌ലിംകള്‍ക്ക് നേരെ ക്രൂരമായ അതിക്രമങ്ങള്‍ അഴിച്ചുവിട്ടതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. മൂന്ന് ലക്ഷം ഈജിപ്തുകാരാണ് ഫ്രഞ്ച് അക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 1799 ല്‍ നെപ്പോളിയന്‍ ഗസ്സ കീഴടക്കിയ വേളയിലും ഈജിപ്തിലെ ക്രിസ്ത്യന്‍-ജൂത വിഭാഗങ്ങള്‍ വന്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതായും ചരിത്രകാരനായ ജബറൂതി രേഖപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ വിരുന്നൊരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും തെരുവുകളില്‍ ആര്‍പ്പുവിളിച്ചുമായിരുന്നു അവര്‍ സന്തോഷം പങ്കുവെച്ചതെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.

വഞ്ചനകളുടെയും ചതികളുടെയും നീച ചരിത്രം ഇതാണ്. എന്നാല്‍ ചരിത്രത്തിന്റെ അനിവാര്യത എന്നപോലെ, വഞ്ചനക്ക് നേതൃത്വം കൊടുത്തവര്‍ക്ക് തന്നെയായിരുന്നു ഒടുക്കം ഏറ്റം മോശം പരിതസ്ഥികളെ നേരിടേണ്ടി വന്നതും. ‘അറബ് സയണിസ്റ്റു’കളുടെ പ്രപിതാവ് അബൂ രിഗാല്‍ അബ്‌റഹത്തിന്റെ സൈന്യത്താല്‍ തന്നെ കഥകഴിക്കപ്പെട്ടു, ഇന്നും അദ്ദേഹത്തിന്റെ ഖബറിനു നേരെ ജനങ്ങള്‍ കല്ലെറിയുന്നു, എല്ലാ ചതിയന്മാര്‍ക്കും വഞ്ചകന്മാര്‍ക്കുമുള്ള മുന്നറിയപ്പായി അത് തുടരുകയും ചെയ്യും. അതേസമയം, മക്കയിലെ ദൈവിക ഭവനം ലോകത്തെ അന്ധകാരത്തില്‍ നിന്ന് മോചിപ്പിച്ച ദൈവിക മതത്തിന്റെ പ്രഭ ചൊരിയുന്ന കേന്ദ്രമായി നിലനില്‍ക്കുകയും ചെയ്യുന്നു.

ഖൈബറിലെ ബനൂ ഖുറൈളയും ബനൂ നദീറും മക്കാ മുശ്‌രിക്കുകളോടൊപ്പം തൂത്തെറിയപ്പെട്ടു. ഇസ്‌ലാമിക സമൂഹത്തിന്റെയും നാഗരികതയുടെയും വിജയം വിളംബരം ചെയ്ത് അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും വഞ്ചക സമൂഹത്തെ പുര്‍ണമായും തുടച്ചുനീക്കി. പേര്‍ഷ്യന്‍-റോമന്‍ നാഗരികതകളെ ഇസ്‌ലാമിക നാഗരികത അതിജയിച്ചു, പത്ത് നൂറ്റാണ്ടോളം ഈ സ്ഥതി തുടര്‍ന്നു. കപട വിശ്വാസം പുലര്‍ത്തിയവര്‍ക്ക് നരകത്തിന്റെ അടിത്തട്ടല്ലാതെ മറ്റൊന്നും ലഭിച്ചിട്ടുമില്ല.

താര്‍ത്താരികള്‍ക്കും കുരിശു യോദ്ധാക്കള്‍ക്കും വഴി ഒരുക്കി കൊടുത്തവരും പരാജയത്തിന്റെ കൈയ്പ്പുനീര്‍ കുടിച്ചു. യൂറോപ്യന്‍ ഇസ്‌ലാം ഇന്ന് പുതിയ മുന്നേറ്റം കാഴ്ച്ച വെക്കുമ്പോള്‍ കുരിശു യോദ്ധാക്കളുടെ പിന്മുറക്കാന്‍ അന്ധാളിച്ചു നില്‍ക്കുകയാണ്, ഇസ്‌ലാമിനെതിരായ കുരിശു യുദ്ധത്തിന് നേതൃത്വം കൊടുത്ത ചര്‍ച്ചുകള്‍ യൂറോപ്പില്‍ സൃഷ്ടിച്ച ആത്മീയ രാഹിത്യവും വിടവും ഇസ്‌ലാം ഇന്ന് നികത്തി കൊണ്ടിരിക്കുന്നു. എന്നാല്‍ താര്‍ത്താരികളോ, അവരു തന്നെ മുസ്‌ലിംകളായി മാറുകയായിരുന്നു. ഡമസ്‌കസില്‍ താര്‍ത്താരികളുടെ അധിനിവേശത്തിന് കുടപിടിച്ച അവിടത്തെ ക്രിസ്ത്യാനികള്‍ ക്രി.1260 ല്‍ തങ്ങളുടെ നീച പ്രവര്‍ത്തനത്തിന്റെ പരിണിതി സുല്‍ത്താന്‍ ഖിത്വ്‌സിന്റെ കരങ്ങളാല്‍ മനസ്സിലാക്കി. കുരിശു യോദ്ധാക്കളെയും പോര്‍ച്ചുഗീസുകാരെയും പ്രതിരോധിച്ച് ഉസ്മാനിയ്യ സാമ്രാജ്യം നൂറ്റാണ്ടുകള്‍ നിലനിന്നു, പൗരസ്ത്യ നാടുകളിലേക്കുള്ള പാശ്ചാത്യന്‍ അധിനിവേശം തടയുന്നതില്‍ ഉസ്മാനിയ്യ സാമ്രാജ്യം ദീര്‍ഘനാള്‍ വിജയിച്ചു, എന്നാല്‍ ഉസ്മാനിയ്യ സാമ്രാജ്യത്തെ തകര്‍ക്കാര്‍ ശത്രുക്കളൊടൊപ്പം നിന്നവര്‍ ചണ്ടികളായി ചരിത്രത്തില്‍ നിന്നും എന്നേ മാഞ്ഞുപോയിരുന്നു!

വഞ്ചകന്മാരുടെ പരിണതി എന്നും ഇതുതന്നെയാണ്, ഇസ്‌ലാമിക സമൂഹം ഉണര്‍ന്നെണീക്കുകയും അതിന്റെ ഗമനം തുടരുകയും ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ അത് വ്യക്തമാക്കിയതാണ്. ‘എന്നാല്‍ ആ പത വറ്റിപ്പോകുന്നു, ജനങ്ങള്‍ക്ക് ഉപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു’ (അര്‍റഅ്ദ് 17)

ദൈവിക ചര്യയുടെ ആവര്‍ത്തനം തന്നെയാണ് നാം ഇപ്പോള്‍ ഫലസ്തീനില്‍ കാണുന്നതും. ശത്രുക്കള്‍ അസംഖ്യമുണ്ടായിട്ടും ധീരമായ ചെറുത്ത് നില്‍പ്പ് വിജയം കണ്ടിരിക്കുന്നു, ജൂത ഭീകരതക്ക് പിന്തുണ നല്‍കിയ ‘അറബ് സയണിസ്റ്റു’കള്‍ നിന്ദ്യരും അപമാനിതരുമായിരിക്കുന്നു. കുരിശു യോദ്ധാക്കളോളം നാടും നഗങ്ങളും കീഴടക്കാന്‍ സയണിസ്റ്റു ശക്തികള്‍ക്കായിട്ടില്ല, എല്ലാവിധ വഞ്ചകന്മാരുടെയും ഒറ്റുകാരുടെയും സഹായമുണ്ടായിട്ടും കുരിശുയോദ്ധാക്കള്‍ക്ക് നീചമായ പരിണതിയാണ് ഉണ്ടായത്. ഫലസ്തീനിലെ ധീരമായ ചെറുത്തു നില്‍പ്പിനെതിരെ രംഗത്ത് വന്നിരിക്കുന്ന അറബികളടക്കമുള്ള എല്ലാ സയണിസ്റ്റ് ശക്തികളെയും കാത്തിരിക്കുന്നും അതു തന്നെയാണ്. ചരിത്ര ഗതിയില്‍ അല്ലാഹു നിശ്ചയിച്ച ചര്യയാണത്.

വിവ : ജലീസ് കോഡൂര്‍

Facebook Comments
Related Articles
Show More

ഡോ. മുഹമ്മദ് ഇമാറ

മുഹമ്മദ് ഇമാറഃ 1931 ഡിസംബര്‍ 8 ന് ഈജിപ്തില്‍ ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. 1965 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബി ഭാഷയിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ബിരുദവും 1970 ല്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1975 ല്‍ കെയ്‌റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച ഇമാറഃ കെയ്‌റോയിലെ അല്‍ അസ്ഹര്‍ ഇസ്‌ലാമിക ഗവേഷണ സമിതി അംഗവുമാണ്.
Close
Close