Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിന്റെ ആരോഗ്യപാഠങ്ങള്‍

wash-hand.jpg

ആന്തരികവും ബാഹ്യവുമായി അടിമകളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ എണ്ണിക്കണക്കാക്കാനാവില്ല. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാകില്ല. (ഇബ്‌റാഹീം:34)ഇബ്‌നു അബ്ബാസ് നിവേദനം: രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധികം ആളുകളും അശ്രദ്ധരാണ്, ആരോഗ്യവും ഒഴിവ് വേളയുമാണവ. (ബൂഖാരി)

അടിമകള്‍ക്ക് മേല്‍ അല്ലാഹു ചെയ്ത വലിയ അനുഗ്രഹമായിട്ടാണ് ആരോഗ്യത്തെ ഇസ്‌ലാം കാണുന്നത്. ഈമാന്‍ എന്ന അനുഗ്രഹം കഴിഞ്ഞാല്‍ ഏറ്റവും മുഖ്യമായ അനുഗ്രഹമാണത്. നബി (സ) പറഞ്ഞു: വിശ്വാസ ദാര്‍ഢ്യതക്ക് ശേഷം, നല്ല ആരോഗ്യത്തേക്കാള്‍ മെച്ചമായ മറ്റൊന്ന് ആര്‍ക്കും ലഭിച്ചിട്ടില്ല. നഷ്ടപ്പെടുമ്പോളാണ് അതിന്റെ വിലയറിയുക. ‘ആരോഗ്യമൂള്ളവരുടെ തലയിലെ കിരീടമാണ് ആരോഗ്യം, രോഗിക്ക് മാത്രമേ അത് കാണാനാകൂ’ എന്നൊരു അറബി പഴമൊഴിയുണ്ട്. ആരോഗ്യത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി ഇസ്‌ലാം എടുത്ത നിലപാടുകള്‍ക്ക് മറ്റു മതങ്ങളിലൊന്നും തുല്യത കാണാനാവില്ല. ആരോഗ്യ നിര്‍ദേശക തത്വങ്ങളും സംരക്ഷണ മാര്‍ഗങ്ങളും ഇസ്‌ലാം നിയമത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സത്യവിശ്വാസിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ദൈവത്തിന് ആരാധന അര്‍പ്പിക്കാനും തനിക്കും കുടുംബത്തിനും സമൂഹത്തിനും വേണ്ടുന്ന സല്‍കര്‍മങ്ങളില്‍ നിരതരാകാനുള്ള ശക്തി അതിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ. അതിലൂടെ മാത്രമേ ഭൗതിക പുരോഗതിക്കായി യത്‌നിക്കാനാവുകയുള്ളൂ. ശക്തിയുള്ള വിശ്വാസിയെ നബി(സ) പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ‘ബലഹീനനായ വിശ്വാസിയേക്കാള്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളതും ഉത്തമമായതും ശക്തനായ വിശ്വാസിയാണ്, എല്ലാത്തിലും നന്മയുണ്ട്’. (ഹദീസ്). ദൈവ വിശ്വാസത്തിന്റെ ശക്തിയും മാനസികവും ശാരീരികവുമായ ശക്തിയും അതിന്റെ സംരക്ഷണവും ഈ ഹദീസില്‍ തിരുമേനി(സ) ഉദ്ദേശിച്ചിട്ടുണ്ട്.

അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ആരോഗ്യം. നബി(സ) അരുളി: അന്ത്യനാളില്‍ ദാസന്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുക ‘നിനക്ക് ഞാന്‍ ശാരീരിക ആരോഗ്യം പ്രധാനം ചെയ്തില്ലേ? തണുത്ത വെള്ളം കുടിക്കാന്‍ തന്നില്ലേ?’ എന്നതായിരിക്കും. (തിര്‍മിദീ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം). നബി(സ) അരുളി: അഞ്ച് കാര്യങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെടാതെ ഒരു അടിമയും നാളെ കാല് നീക്കിവെക്കുകയില്ല, തന്റെ ആയുസ്സ് ഏതില്‍ വിനിയോഗിച്ചു? അറിവ് കൊണ്ട് എന്ത് അനുഷ്ഠിച്ചു? സമ്പത്ത് എവിടെ നിന്നും സമ്പാദിച്ചു, എവിടെ ചെലവഴിച്ചു? ശരീരം എന്ത് കാര്യത്തില്‍ പരീക്ഷിച്ചു? (തിര്‍മിദി)
ചികിത്സിച്ചും മരുന്ന് കഴിച്ചും ആവതോടു കൂടി നിലകൊള്ളണമെന്നത് നബി(സ)യുടെ കല്‍പനയാണ്. ഉസാമ ബിന്‍ ശരീക്(റ) നിവേദനം ചെയ്യുന്നു: ഞാന്‍ നബി (സ) അടുത്ത് പോയി. തലയില്‍ പക്ഷികളുണ്ടെന്നത് പോലെ (നിശ്ചലം) അനുയായികള്‍ അവിടെ ഇരിക്കുന്നുണ്ട്. സലാം പറഞ്ഞു കൊണ്ട് ഞാന്‍ അവിടെ ഇരുന്നു. അവിടുന്നും ഇവിടുന്നും ബദുക്കള്‍ (അപരിഷ്‌കൃതരായ അറബികള്‍) വന്നുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ചികിത്സിച്ചോട്ടേ? അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ചികിത്സിച്ചു കൊള്ളുക. വാര്‍ധക്യം എന്ന ഒരു രോഗമല്ലാതെ, മരുന്നില്ലാത്ത ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല. (ഹദീസ്)

ആരോഗ്യം വലിയ പരിഗണന അര്‍ഹിക്കുന്ന കാര്യമായതു കൊണ്ടാണ് ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളും ചികിത്സാ രീതികളും രോഗപ്രതിരോധവും ഇസ്‌ലാം പഠിപ്പിച്ചു തന്നത്. മരുന്നും ചികിത്സയും കൊണ്ട് മാത്രമല്ല ആരോഗ്യമെന്ന അനുഗ്രഹത്തെ സംരക്ഷിക്കേണ്ടത്. ആരോഗ്യ സംരക്ഷണത്തിനായി വൈദ്യന്മാര്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടതും, ആരോഗ്യം നിലനിര്‍ത്താനും നന്നാക്കാനുമുതകുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടതും സത്യവിശ്വാസിക്ക് അത്യന്താപേക്ഷിതമാണ്. ചികിത്സയേക്കാള്‍ നല്ലത് സുരക്ഷയാണ്.

ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ് വൃത്തി. ഇസ്‌ലാമില്‍ അത് ആരാധനയും പുണ്യകര്‍മവുമാണ്. നബി (സ) പറഞ്ഞു: ‘വൃത്തി ഈമാനിലേക്ക് ക്ഷണിക്കുന്നു, ഈമാന്‍ തന്റെ ചങ്ങാതിയോടൊപ്പം സ്വര്‍ഗത്തിലുമാണ്.’ (ഹദീസ്)

മാത്രമല്ല നിര്‍ബന്ധ ബാധ്യതകളില്‍ ഒന്നാണ് വൃത്തി. ഇസ്‌ലാമിക ശരീഅത്തിന്റെ ഗ്രന്ഥങ്ങളുടെ ആദ്യത്തെ അധ്യായം ‘ത്വഹാറ’ അഥവാ വൃത്തി എന്നതാണ്. ഇസ്‌ലാമിക കര്‍മ വിജ്ഞാനീയങ്ങളില്‍ നിന്നും ഒരു മുസ്‌ലിമിന് ആദ്യം പഠിക്കാനുള്ളത് അതാണ്. കാരണം നിത്യാരാധനയായ നിസ്‌കാരത്തിന്റെ താക്കോലാണത്. ‘വുദു ചെയ്യാത്തവന് നിസ്‌കാരനില്ല’. (ഇബ്‌നു മാജഃ)

ശരീരവും വസ്ത്രവും നമസ്‌കരിക്കുന്ന സ്ഥലവും അഴുക്കുകളില്‍ നിന്നും മുക്തവുമല്ലെങ്കില്‍ നിസ്‌കാരം ശരിയാവുകയില്ല. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണി വരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക. (അല്‍മാഇദ: 6)

ശാരീരിക ആരോഗ്യ സംരക്ഷണ കാര്യങ്ങളെ വരച്ചു കാണിക്കുന്ന പാഠങ്ങള്‍ ഖുര്‍ആനിലും ഹദീസിലും എമ്പാടും വന്നിട്ടുണ്ട്. ഉദാ: നഖം വെട്ടല്‍, മുടിയുടെ വൃത്തി, പല്ല് തേക്കല്‍ അങ്ങിനെ പലതും. അബൂ ബക്ര്‍(റ) നിവേദനം: റസൂല്‍(സ) പറഞ്ഞു: പല്ല് തേക്കല്‍ വായയുടെ വൃത്തിയും രക്ഷിതാവിന് തൃപ്തിയുമാണ്. (നസാഈ)
ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തുക്കളും മറ്റും ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. നീന്തല്‍, അമ്പെയ്ത്ത്, കുതിര സവാരി തുടങ്ങിയ പരിശീലനങ്ങള്‍ നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അലസത വെടിഞ്ഞ് പണിയെടുക്കാനും ചലനാത്മത ജീവിതം നയിക്കാനും ഉദ്‌ബോധിപ്പിച്ചപ്പോഴും, ചെറുതാണെങ്കിലും ഏറ്റവും മെച്ചമായ കര്‍മം നിത്യതയുള്ളതാവണമെന്നുള്ള നബി(സ) ഉദ്‌ബോധനം ആവതാകാത്തത് ആചരിക്കേണ്ടതില്ല എന്ന ആരോഗ്യ പാഠത്തെ പരിഗണിച്ചു കൊണ്ടുള്ളതാണ്. ‘ചെറുതാണെങ്കിലും നിത്യം ചെയ്യുന്നതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമായത്’ (ഹദീസ്)

അനാവശ്യമായി ഉറക്കൊഴിക്കുന്നതും വിശ്രമമില്ലാതെ പണിയെടുക്കുന്നതും ആരാധനക്കാണെങ്കില്‍ പോലും ഇസ്‌ലാം അനുവദിക്കുന്നില്ല. രാത്രി ഉറങ്ങാതെ നിസ്‌കരിക്കാന്‍ തീരുമാനിച്ച ഒരു അനുയായിയോട്, വിടാതെ നോമ്പനുഷ്ഠിക്കാന്‍ തീരുമാനിച്ച മറ്റൊരാളോട്, സ്ത്രീ സംസര്‍ഗമില്ലാതെ വൈരാഗ്യ ജീവിതം നയിക്കാന്‍ തീരുമാനിച്ച മൂന്നാമനോട് നബി(സ) വിയോജിക്കുന്നതും വിരോധിക്കുന്നതും ഹദീസിലുണ്ട്. നബി(സ) അവരോട് പറഞ്ഞു: ‘അറിയുക, അല്ലാഹുവാണ, ഞാന്‍ നിങ്ങളേക്കാള്‍ അല്ലാഹുവിനെ ഭയക്കുന്നവനും തഖ്‌വയുള്ളവനുമാണ്. എന്നിട്ടും ഞാന്‍ നോമ്പെടുക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യുന്നു, നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു, വിവാഹം കഴിക്കുന്നു അതിനാല്‍ എന്റെ ചര്യ വിട്ടുപോന്നവന്‍ എന്നില്‍ പെട്ടവനല്ല’ (ഹദീസ്)

രോഗവാഹകരായ കീടങ്ങള്‍ വന്ന് വീഴാതെ പാത്രങ്ങള്‍ മൂടിവെയ്ക്കണമെന്ന് തിരു നബി(സ) അരുളിയിരിക്കുന്നു. ‘പാത്രം മൂടി വെയ്ക്കുക, വെള്ളപ്പാത്രം അടച്ചുകെട്ടി വെക്കുക’ (ഹദീസ്)
പാനീയത്തില്‍ ശ്വസോച്ഛാസം ചെയ്യരുത്. ‘നിങ്ങള്‍ വെള്ളം കുടിക്കുമ്പോള്‍ വെള്ളത്തില്‍ ശ്വാസം വിടരുത്’ (ഹദീസ്)

കാരണം നിശ്വാസ വായുവില്‍ ആരോഗ്യത്തിന് ഹാനികരമായവ ഉണ്ടാകും. മൂന്നിറക്കായി വെള്ളം കുടിക്കാനും ഓരോ തവണയും പാത്രത്തിന് വെളിയിലേയ്ക്ക് ശ്വാസം വിടാനും, ആര്‍ത്തിയും അമിത ഭോജനവും ഒഴിവാക്കാനും ആമാശയത്തില്‍ ഭക്ഷണമുണ്ടായിരിക്കെ വീണ്ടും ഭക്ഷണം കഴിക്കരുതെന്നും തിരു നബി(സ) ഉണര്‍ത്തിയിട്ടുണ്ട്. ‘വയറിനേക്കാള്‍ മോശമായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. നട്ടെല്ല് നേരെ നിര്‍ത്താന്‍ കഴിയുന്ന ഭക്ഷണമേ അവന് വേണ്ടതുള്ളൂ. അത് പോരെങ്കില്‍ മൂന്നിലൊന്ന് ഭക്ഷണത്തിന്, മൂന്നിലൊന്ന് വെള്ളത്തിന്, മൂന്നിലൊന്ന് വായുവിന്’ (ഹദീസ്)

ഭക്ഷണം കഴിച്ചാലുടനെ ഉറങ്ങരുതെന്ന് നബി(സ) നിര്‍ദേശിച്ചിട്ടുണ്ട്. അത് ദഹനശേഷിയെ പ്രതികൂലമായി ബാധിക്കും, ശ്വാസതടസ്സം ഉണ്ടാക്കും. ‘അല്ലാഹുവിനെ സ്മരിച്ചു കൊണ്ടും നിസ്‌കാരം കൊണ്ടും നിങ്ങളുടെ ഭക്ഷണത്തെ ഉരുക്കുക, ഭക്ഷണാനന്തരം ഉറങ്ങരുത്, നിങ്ങളുടെ ഹൃദയങ്ങള്‍ അശ്രദ്ധമായിപ്പോകും’ (ഹദീസ്)
അല്ലാഹു പറയുന്നു: ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (അഅ്‌റാഫ് 31). ‘നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും. (അല്‍ബഖറ: 195)

അതിനാല്‍ ഈ അനുഗ്രഹം സംരക്ഷിക്കേണ്ടതും, പാഴാകാതെ സംരക്ഷിക്കേണ്ടതും മുസ്‌ലിമിന് വാജിബാണ്. അല്ലാത്തവരെ ശിക്ഷിക്കുകയെന്നത് അല്ലാഹുവിന്റെ മാറ്റമില്ലാതെ നടപടിക്രമമാണ്. ‘തനിക്ക് അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന് വിപരീതം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.’

Related Articles