അംറ്(റ) പറയുന്നു: നബി(സ) അരുളി: ഒരു ന്യായാധിപൻ ചിന്തിച്ചശേഷം ഒരു വിധി നൽകി. ആ വിധി സത്യമായിരിക്കുകയും ചെയ്തു. എന്നാൽ അവന്ന് ഇരട്ടപ്രതിഫലമുണ്ട്. ഇനി ശരിക്ക് ചിന്തിച്ച ശേഷം തെറ്റായ വിധിയാണ് നൽകിയതെങ്കിലോ അവന് ഒരുപ്രതിഫലമുണ്ട്.
മുആവിയ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: പട്ടും പുലിത്തോലും നിങ്ങൾ വാഹനമാക്കരുത്. (ഇരിക്കാൻ ഉപയോഗിക്കരുത്).
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിക്കും. നിരസിച്ചവർ പ്രവേശിക്കുകയില്ല. അവർ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവർ?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. എന്റെ കൽപന ലംഘിച്ചവൻ നിരസിച്ചവനാണ്.
അബൂഹുറയ്റ (റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: '' ജടപിടിച്ച മുടിയുള്ള, പൊടിപുരണ്ട മേനിയുള്ള, കവാടങ്ങളിൽനിന്നും തള്ളിമാറ്റപ്പെടുന്ന എത്രയോ ആളുകളുണ്ട്; അല്ലാഹുവിനെ ആണയിട്ട് അവരെന്തെങ്കിലും പറഞ്ഞാൽ അല്ലാഹു ഉടനെയത് നടപ്പാക്കും".
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ മകനേ, നീ (ദാനധർമ്മങ്ങൾക്കായി) ചെലവഴിക്കുക, ഞാൻ നിനക്കു വേണ്ടി ചെലവഴിക്കും.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉന്നതനും അനുഗ്രഹദാതാവുമായ അല്ലാഹു പറഞ്ഞിരിക്കുന്നു: പങ്കാളികളുടെ പങ്കിനു ഒട്ടും ആവശ്യമില്ലാത്തവനാണ് ഞാൻ, ആരെങ്കിലും മറ്റുള്ളവരെ എന്നോട് പങ്ക് ചേർക്കുന്ന ഒരു പ്രവൃത്തി ചെയ്താൽ അവനേയും അവൻ്റെ പങ്കിനെയും ഞാൻ ഉപേക്ഷിക്കുന്നതാണ്.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞു: ആദമിന്റെ സന്തതികൾ കാലത്തെ ശകാരിക്കുന്നു. എന്നാൽ ഞാനാകുന്നു കാലം. എന്റെ കയ്യിലാകുന്നു രാവും പകലും.
അനസ്(റ) നിവേദനം: ഇസ് ലാമിൽ സംഖ്യ ഉടമ്പടി പാടില്ലെന്ന് നബി(സ) അരുളിയതായി താങ്കൾക്കറിയാമോ എന്നൊരാൾ ചോദിച്ചു. അനസ്(റ) പറഞ്ഞു: (അതു ഞാനെങ്ങനെ വിശ്വസിക്കും) നബി(സ) എന്റെ വീട്ടിൽ വെച്ചാണല്ലോ ഖുറൈശികളെയും അൻസാരികളെയും തമ്മിൽ സംഖ്യ ഉടമ്പടി ചെയ്യിച്ചത്.
കഅ്ബുബ്നു മാലിക്(റ) വിൽ നിന്ന് നിവേദനം: ആട്ടിൻപറ്റങ്ങളിലേക്ക് അഴിച്ചുവിട്ട വിശന്ന രണ്ട് ചെന്നായ്ക്കളുണ്ടാക്കുന്ന നാശത്തേക്കാൾ കൊടുംക്രൂരമാണ് സമ്പത്തിനോടും പ്രശസ്തിയോടുമുള്ള മനുഷ്യന്റെ അത്യാഗ്രഹം അവന്റെ ദീനിനോട് ചെയ്യുന്നത്.
അബൂഹുറയ്റ(റ) വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഇഹലോകം സത്യവിശ്വാസിയുടെ ബന്ധനാലയവും സത്യനിഷേധിയുടെ സ്വർഗ്ഗാരാമവുമാണ്.
അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: പരലോകത്തുവെച്ച് ആദ്യം വിധി കൽപ്പിക്കുക കൊലക്കുറ്റങ്ങളുടെ കാര്യത്തിലാണ്.
അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ മൂന്ന് പേർ ആയിരിക്കുമ്പോൾ രണ്ടാളുകൾ രഹസ്യസംഭാഷണം ചെയ്യരുത്-മൂന്നാമത്തെ വ്യക്തിയെ ഒഴിവാക്കിക്കൊണ്ട്.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു മനുഷ്യൻ ഒരു വാക്ക് പറയും. അതിന്റെ അനന്തരഫലം അവൻ ചിന്തിക്കുകയില്ല. അങ്ങനെ അതു മൂലം അവൻ നരകത്തിൽ പതിക്കും.
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറ്റവും നന്മ നിറഞ്ഞവർ അന്നമൂട്ടുന്നവരും സലാം മടക്കുന്നവരുമാണ്".
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറെ നല്ലവർ തന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നവരാണ്. ഞാൻ എന്റെ കുടുംബത്തോട് നന്നായി വർത്തിക്കുന്നവനാണ്" .
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ജാഹിലീ കാലത്ത് ഏറെ ഉത്കൃഷ്ടരായവർ ഇസ് ലാമിലും ഉത്കൃഷ്ടരാണ്; അവർ വിജ്ഞാനം ആർജിക്കുന്നുവെങ്കിൽ".
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറെ നല്ലവൻ ഏറ്റവും നല്ല സ്വഭാവക്കാരനാണ്".
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറെ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്" .
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറ്റവും ഉത്തമർ ഏറ്റവും നന്നായി കടം വീട്ടുന്നവരാണ്" .
അനസ് (റ) പറഞ്ഞു: ഒരു ദിവസം അല്ലാഹുവിന്റെ റസൂൽ ഞങ്ങളോടൊപ്പം നമസ്കരിച്ചു. നമസ്കാരം കഴിഞ്ഞപ്പോൾ ഞങ്ങളെ അഭിമുഖീകരിച്ച് ഇപ്രകാരം പറഞ്ഞു: "ഞാൻ നിങ്ങളുടെ ഇമാമാണ്. റുകൂഇലും സുജൂദിലും നിർത്തത്തിലും പിരിഞ്ഞുപോവുന്നതിലും നിങ്ങൾ എന്നെ മറികടക്കരുത്. മുന്നിൽനിന്നും പിന്നിൽനിന്നും ഞാൻ നിങ്ങളെ കാണുന്നുണ്ട് " .
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "സ്വഫ്ഫുകൾ നേരെയാക്കുക, തോളുകൾ ഒപ്പമാക്കുക, വിടവുകൾ നികത്തുക, സ്വഫ്ഫുകൾ ശരിയാക്കുന്ന കൈകളോട് സഹകരിക്കുക, പിശാചിനായി വിടവുകളുണ്ടാക്കരുത്. ആരാണോ സ്വഫ്ഫ് ചേർത്തത് അവനെ അല്ലാഹു ചേർത്തുപിടിക്കും, ആരെങ്കിലും സ്വഫ്ഫ് മുറിച്ചാൽ അവനുമായുള്ള ബന്ധം അല്ലാഹുവും മുറിക്കും".
ഇബ്നു അബ്ബാസിൽ നിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നിങ്ങളിൽ ഏറ്റവും ഉത്തമർ നമസ്കാരത്തിൽ തോളുകൾ ഏറെ മയമുള്ളവരാണ് ."
അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ മൂന്ന് പേർ ആയിരിക്കുമ്പോൾ രണ്ടാളുകൾ രഹസ്യസംഭാഷണം ചെയ്യരുത്-മൂന്നാമത്തെ വ്യക്തിയെ ഒഴിവാക്കിക്കൊണ്ട്.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: സമ്പന്നരേക്കാൾ അഞ്ഞൂറു വർഷം മുമ്പ് നിർദ്ധനർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. (ദരിദ്രരേക്കാൾ ധനവാന്മാർ ധാരാളം വിചാരണക്ക് വിധേയരാകേണ്ടി വരുന്നതു കൊണ്ട്) .
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളിൽ പരിപൂർണ്ണൻ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളിൽവെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. നിങ്ങളിലൊരാൾ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റുപോയി (താമസംവിനാ) അവിടെ തന്നെ മടങ്ങിവന്നാൽ അവൻ തന്നെയാണ് ആ ഇരിപ്പിടത്തിന് അർഹൻ.
അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: വാഹനത്തിൽ സഞ്ചരിക്കുന്നവൻ നടക്കുന്നവനും നടക്കുന്നവൻ ഇരിക്കുന്നവനും സലാം ചൊല്ലണം.
അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ചെറിയവർ വലിയവർക്കും നടക്കുന്നവർ ഇരിക്കുന്നവർക്കും ചെറിയസംഘം വലിയസംഘത്തിനും സലാം പറയണം.
അബൂസഈദുൽ ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ) അരുളി: പ്രായപൂർത്തിയെത്തിയ എല്ലാമനുഷ്യർക്കും വെള്ളിയാഴ്ച ദിവസം കുളി നിർബന്ധമാണ്.
അബൂ ഹുറൈറയില്‍ നിന്നും റിപ്പോര്‍ട്ട് : നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കു പുറമെ ഏറ്റവും കൂടുതല്‍ പുണ്യകരമായ നമസ്‌കാരമേതാണെന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. പ്രവാചകന്‍ (സ) പറഞ്ഞു : അര്‍ദ്ധരാത്രിയിലെ നമസ്കാരം.
പ്രവാചകന്‍ (സ) പറഞ്ഞു :'ആശൂറാഅ് ദിവസം (മുഹറം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും' .
അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ''റമദാന്‍ നോമ്പ് കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ്. ''
ആയിശ(റ) പറയുന്നു: അടുപ്പിൽ തീ കത്തിക്കാത്ത മാസങ്ങൾ ഞങ്ങൾക്ക് ഉണ്ടാവാറുണ്ട്. പച്ചവെള്ളവും കാരക്കയും ഞങ്ങൾ ഭക്ഷിക്കും. അല്പം മാംസം ലഭിച്ചാൽ ഒഴികെ.
ആയിശ(റ) പറയുന്നു: നബി(സ)യുടെ വിരിപ്പ് തോലും അതിൽ നിറച്ചതു ഈത്തപ്പനയുടെ ചകിരിയുമായിരുന്നു.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ധനം എന്നതു ഭൗതിക വിഭവത്തിന്റെ വർദ്ധനവല്ല. എന്നാൽ ധനം എന്നതു മനസ്സിന്റെ സംതൃപ്തിയാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ.
ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് താഴ് വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ് വരകൂടി ലഭിക്കുവാൻ അവൻ ആഗ്രഹിക്കും. മനുഷ്യന്റെ വയറ് നിറക്കാൻ മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും.
മിർദാസ് അസ്ലമി(റ) നിവേദനം: നബി(സ) അരുളി: നല്ലവരായ മനുഷ്യന്മാർ ആദ്യമാദ്യം മരണമടഞ്ഞുകൊണ്ടിരിക്കും. പിന്നീട് ബാർലിയുടെതുപോലെയുള്ള ഉമി മാത്രമാണ് അവശേഷിക്കുക. അല്ലെങ്കിൽ ഈത്തപ്പഴത്തിന്റെതു പോലെയുള്ള തൊലി അവശേഷിക്കും. അല്ലാഹു അവരെ ആദരിക്കുകയില്ല.
ഇത്ബാൻ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹു എന്നുപറഞ്ഞ ഏതൊരു മുസ് ലിമും പരലോകദിവസം വന്നെത്തുമ്പോൾ അല്ലാഹു അവന് നരകം ഹറാമാക്കാതിരിക്കുകയില്ല.
ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് താഴ്വര നിറയെ ധനം ഒരു മനുഷ്യന് ലഭിച്ചാലും മൂന്നാമതൊരു താഴ്വരകൂടി ലഭിക്കുവാൻ അവൻ ആഗ്രഹിക്കും. മനുഷ്യന്റെ വയറ് നിറക്കാൻ മണ്ണിനല്ലാതെ കഴിയുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: രണ്ടു കാര്യങ്ങളിൽ കിഴവന്റെ ഹൃദയം എപ്പോഴും നിലനിർത്തിക്കൊണ്ടേയിരിക്കും. ദുൻയാവിനോടുള്ള സ്നേഹം. ദീർഘായുസ്സിനുള്ള മോഹം.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അറുപതു വയസ്സുവരെ ആയുസ്സ് നീട്ടിയിട്ടു കൊടുത്ത ഒരാളുടെ തെറ്റിന്നുള്ള ഒഴികഴിവുകൾ അല്ലാഹു സ്വീകരിക്കുകയില്ല.
അബ്ദുല്ല(റ) നിവേദനം: നബി(സ) ചതുരത്തിലുള്ള ഒരു കള്ളിവരച്ചു. അതിന്റെ നടുവിലൂടെ ഒരു വരയും. ആ വര ചതുരക്കള്ളിയിൽ നിന്ന് പുറത്തേക്ക് കടന്നു നിന്നിരുന്നു. ഇവക്ക് പുറമെ നടുവിലുള്ള വരയിലേക്ക് എത്തുന്നവിധം കുറെ ചെറിയ വരകളും വരച്ചു. ശേഷം നബി(സ) അരുളി: ഇതാണ് (നടുവിലുള്ള നീണ്ട രേഖ) മനുഷ്യൻ ഇതാണ് - ചതുരത്തിലുള്ള ഈ വരയാണ് അവന്റെ ആയുസ്സ് അതവനെ വലയം ചെയ്തിരിക്കുന്നു. പുറത്തേക്ക് കവിഞ്ഞു നിൽക്കുന്നവര അവന്റെ വ്യാമോഹമാണ്. ഈ ചെറിയ വരകൾ ചില ആപത്തുകളാണ്. ആ ആപത്തുകളിൽ ഒന്നിൽ നിന്ന് അവൻ രക്ഷപ്പെട്ടാൽ മറ്റേത് അവനെ ബാധിക്കും. മറ്റേതിൽ നിന്ന് രക്ഷപ്പെട്ടാലോ അവനെ ഇതു ബാധിക്കും.
അബ്ദുല്ല(റ) നിവേദനം: നബി(സ) എന്റെ ചുമല് പിടിച്ച് കൊണ്ട് പറഞ്ഞു: നീ ഈ ദുൻയാവിൽ ഒരു അപരിചിതനെപ്പോലെയാകുക. അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെപ്പോലെ. ഇബ്നുഉമർ(റ) പറയാറുണ്ട്. നീ വൈകുന്നേരത്തിൽ പ്രവേശിച്ചാൽ പ്രഭാതത്തെയും പ്രഭാതത്തിൽ പ്രവേശിച്ചാൽ വൈകുന്നേരവും പ്രതീക്ഷിക്കരുത്. നിന്റെ ആരോഗ്യത്തിൽ നിന്റെ രോഗത്തിനുവേണ്ടി നീ സമ്പാദിക്കുക. നിന്റെ ജീവിതത്തിൽ നിന്റെ മരണത്തിനു വേണ്ടിയും.
ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: രണ്ട് മഹത്തായ അനുഗ്രഹങ്ങൾ. മിക്ക മനുഷ്യരും അതിൽ വഞ്ചിതരാണ്. ആരോഗ്യവും വിശ്രമവും.
അറഫാ ദിവസം
ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾചെയ്തു: അറഫാ ദിവസത്തേക്കാൾ കൂടുതലായി നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല.
ഇബ്നുഅബ്ബാസ്(റ) നിവേദനം: മക്കാവിജയ വേളയിൽ നബി(സ) അരുളി: നിശ്ചയം ഈ രാജ്യത്തെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. അവിടുത്തെ മരം മുറിക്കപ്പെടുവാനും വേട്ടമൃഗത്തെ ഓടിക്കുവാനും നഷ്ടപ്പെട്ട വസ്തു അതിന്റെ ഉടമസ്ഥൻ അല്ലാതെ എടുക്കുവാനും വിരോധിക്കപ്പെട്ടിരിക്കുന്നു.
നബി(സ) കൂടുതൽ പ്രാർത്ഥിച്ചിരുന്നത്
ശഹ്റി(റ)ൽ നിന്ന് നിവേദനം: ഉമ്മുസൽമ(റ) യോട് ഞാൻ ചോദിച്ചു: മുഅ്മിനുകളുടെ മാതാവേ! നബി(സ) നിങ്ങളുടെ അടുത്താകുമ്പോൾ അവിടുന്ന് കൂടുതൽ പ്രാർത്ഥിച്ചിരുന്നത് എന്തായിരുന്നു? അവർ പറഞ്ഞു: അവിടുത്തെ പ്രാർത്ഥനയിൽ കൂടുതലും ഇപ്രകാരമായിരുന്നു: ഹൃദയങ്ങൾ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവേ! എന്റെ ഹൃദയത്തെ നിന്റെ ദീനിൽ മാത്രം നീ നിലയുറപ്പിക്കേണമേ!
ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) ദുആ ഇരക്കുമ്പോൾ പറയാറുണ്ട്. അല്ലാഹുവേ! എന്റെ പ്രവൃത്തി മൂലമുണ്ടാകുന്ന നാശത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു.
അനസ്(റ) പറയുന്നു: നബി(സ) അരുളി: മുരുഭൂമിയിൽ വെച്ച് നഷ്ടപ്പെട്ട ഒട്ടകം ഒരാൾക്ക് തിരിച്ചുകിട്ടിയാൽ ഉണ്ടാകുന്നതിനേക്കാൾ സന്തോഷം അല്ലാഹുവിന് അവന്റെ ദാസൻ തൗബ ചെയ്യുമ്പോൾ ഉണ്ടാകുന്നതാണ്.
മാതാവിന്റെ നേർച്ച
ഇബ്നുഅബ്ബാസ്(റ) നിവേദനം: സഅ്ദ്ബ്നു ഉബാദ(റ) പറയുന്നു. എന്റെ മാതാവ് മരണപ്പെട്ടു. അവർക്ക് നേർച്ചയുണ്ടായിരുന്നു. അതു ഞാൻ നിർവ്വഹിക്കുന്നതിനെക്കുറിച്ച് നബി(സ)യോട് മതവിധി അന്വേഷിച്ചു. അവിടുന്ന് അരുളി: നീ അവർക്ക് വേണ്ടി അതു വീട്ടുക.
ഏഴ് മഹാപാപങ്ങൾ
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ഏഴ് മഹാപാപങ്ങളെ വർജ്ജിക്കുവീൻ. അനുചരന്മാർ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി. അല്ലാഹുവിൽ പങ്കു ചേർക്കൽ, മാരണം, നിരപരാധിയെ വധിക്കൽ, പലിശ തിന്നൽ, അനാഥയുടെ ധനം ഭക്ഷിക്കൽ, യുദ്ധത്തിൽ പിന്തിരിഞ്ഞോടൽ, പതിവ്രതകളും ശുദ്ധഹൃദയരുമായ സത്യവിശ്വാസിനികളുടെ പേരിൽ അപരാധം പറയൽ എന്നിവയാണവ.
പ്രാർത്ഥന
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഓരോ നബിക്കും ഉത്തരം ലഭിക്കുന്ന പ്രാർത്ഥനയുണ്ട്. അതു അദ്ദേഹം പ്രാർത്ഥിക്കും. എന്റെ പ്രാർത്ഥന പരലോകത്ത് എന്റെ സമുദായത്തിന് ശഫാഅത്തു ലഭിക്കുവാൻ വേണ്ടി ഞാൻ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.
ആയിശ(റ) നിവേദനം: നബി(സ) എങ്ങനെയാണ് തൽബിയ്യത്തു ചൊല്ലിയത് എന്നതിനെ സംബന്ധിച്ച് ഞാൻ കൂടുതൽ അറിവുള്ളവളാണ്. "ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക. ലബ്ബൈക്കലാ ശരീക്കലക്ക ലബ്ബൈക്ക്. ഇന്നൽ ഹംദ വന്നിഅ്മതലക്ക".
ഇബ്നുഉമറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ദിക്റ് ചൊല്ലാതെ നിങ്ങൾ അധികം സംസാരിക്കരുത്. ദിക്റ് ചൊല്ലാതെയുള്ള അധിക സംസാരം ഹൃദയത്തെ കഠിനമാക്കും. കഠിനഹൃദയനാണ് ജനങ്ങളിൽവെച്ച് അല്ലാഹുവിനോട് ഏറ്റവും അകന്നവൻ.
ഉമർ (റ) പറയുന്നു: അദ്ദേഹം ഹജ്ജ് വേളയിൽ ഹജറുൽ അസ് വദിനടുത്തുവന്ന് അതിനെ ചുംബിച്ചുകൊണ്ട് പറഞ്ഞു. നീ വെറും ഒരു കല്ല് മാത്രമാണ്. ആർക്കും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ നിനക്ക് സാധ്യമല്ല. ആ യാഥാർത്ഥ്യം ഞാൻ ശരിക്കും അറിയുന്നു. പ്രവാചകൻ നിന്നെ ചുംബിക്കുന്നത് കണ്ടിരുന്നില്ലെങ്കിൽ നിന്നെ ഞാൻ ചുംബിക്കുമായിരുന്നില്ല.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: പള്ളിയിൽ വെച്ച് വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാൽ നിങ്ങൾ പ്രാർത്ഥിക്കണം. നിന്റെ കച്ചവടത്തിൽ അല്ലാഹു ലാഭം നൽകാതിരിക്കട്ടെ. അപ്രകാരം തന്നെ കളഞ്ഞുപോയ സാധനം പള്ളിയിൽവെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങൾ പ്രാർത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞത് ഞാൻ കേട്ടു. നഷ്ടപ്പെട്ടുപോയ സാധനം പള്ളിയിൽവെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാൽ അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കണം. കാരണം, പള്ളികൾ ഇതിനു വേണ്ടി നിർമ്മിക്കപ്പെട്ടതല്ല.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിൽപെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു വരും. കാറ്റ് കണ്ടാൽ നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷതേടുകയും വേണം.
നബി(സ) പറഞ്ഞു: "ഒരു മുസ്‌ലിം ഒരു ചെടി നടുകയോ കൃഷി ചെയ്യുകയോ ചെയ്തിട്ട് അതിൽ നിന്ന് പക്ഷികളോ മൃഗങ്ങളോ മനുഷ്യരോ വല്ലതും ഭക്ഷിച്ചാൽ അത് അവന് സ്വദഖ (ദാനധർമം) യാണ്."
അബൂമർസദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു: നിങ്ങൾ ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുകയോ അതിൻമുകളിൽ ഇരിക്കുകയോ ചെയ്യരുത്.
ജാബിറി(റ)ൽ നിന്ന് നിവേദനം: ഖബർ ചെത്തിത്തേക്കുന്നതും അതിന്റെമേൽ ഇരിക്കുന്നതും അതിന്റെ മേൽ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും നബി(സ) നിരോധിച്ചിരിക്കുന്നു.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു: കഅബത്തെ തവാഫു ചെയ്യുന്നതു, അതിൽ നിങ്ങൾ സംസാരിക്കുന്നുവെന്നുള്ളതൊഴിച്ചാൽ നമസ്ക്കാരം പോലെയാകുന്നു; അതിൽ സംസാരിക്കുന്നതാരോ, അയാൾ നല്ലതല്ലാതെ മറ്റൊന്നും സംസാരിക്കാതിരിക്കട്ടെ.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാർ പൊട്ടിയാൽ അത് ശരിയാക്കാതെ മറ്റേ ചെരുപ്പിൽ മാത്രം നടക്കരുത്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ)യെ ഞാൻ സംസം വെളളം കുടിപ്പിച്ചു. അവിടുന്നു നിന്ന് കൊണ്ടാണ് അത് കുടിച്ചത്.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: പ്രവാചകനോട് അൽ അഖ്റഅ ചോദിച്ചു, അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഹജ്ജു ആണ്ടുതോറും വേണമോ? അതോ ഒരിക്കൽ മാത്രമോ? അവിടുന്ന് പറഞ്ഞു, ഒരിക്കൽ മാത്രം: കൂടുതൽ ഒരുവൻ ചെയ്യുന്നതു ഐച്ഛികമാണ്.
അലി(റ)യിൽ നിന്ന് നിവേദനം: സ്ത്രീ തലമുടി കളയുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു.
ജാബിറി(റ)ൽ നിന്ന് നിവേദനം: കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കൽ നബി(സ) നിരോധിച്ചിരിക്കുന്നു .
അബൂജൂഹൈഫ(റ) നിവേദനം: നബി(സ) അരുളി: ഞാനൊരിക്കലും ചാരിയിരുന്നു കൊണ്ട് ഭക്ഷിക്കുകയില്ല.
അബൂഅയ്യൂബ്(റ) പറയുന്നു: നബി(സ)അരുളി: മൂന്ന് ദിവസത്തിലധികം ഒരാൾ തന്റെ സഹോദരനുമായി പിണങ്ങി നിൽക്കുവാൻ പാടില്ല. അവർ രണ്ടു പേരും കണ്ടുമുട്ടും. ഇവൻ അവനിൽ നിന്ന് മുഖം തിരിച്ചുകളയും. അവൻ ഇവനിൽ നിന്നും. അവർ രണ്ടുപേരിൽ ആദ്യം സലാം ആരംഭിക്കുന്നവനാണ് ഉത്തമൻ.
അബ്ദുല്ല(റ) പറയുന്നു: നല്ല വർത്തമാനം പരിശുദ്ധ ഖുർആനാണ്. ഏറ്റവും നല്ല വഴി മുഹമ്മദിന്റെ വഴിയും.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല, പിന്നെയോ കോപമുണ്ടാകുമ്പോൾ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തൻ.
അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരുടെ കൂടെ പുറപ്പെട്ടു. അവരുടെ കൂടെ ഉമ്മുസുലൈമും ഉണ്ടായിരുന്നു. നബി(സ)പറഞ്ഞു: അല്ലയോ അൻജശ! നിനക്ക് നാശം. സാവധാനം നീ വാഹനം ഓടിക്കുക. പളുങ്കുപാത്രങ്ങളോട് നീ സൗമ്യത കാണിക്കുക.
അനസ്(റ) നിവേദനം: നബി(സ) ഞങ്ങളുമായി ഇടകലർന്നുകൊണ്ട് ജീവിച്ചിരുന്നു. ചിലപ്പോൾ അവിടുന്ന് എന്റെ കൊച്ചു സഹോദരനോട് ചോദിക്കും. അബൂഉമൈർ! നിന്റെ കുരുവി എങ്ങനെയുണ്ട്?
ആയിശ(റ) പറയുന്നു: നബി(സ)അരുളി: ജിബ്രീൽ എന്നോട് അയൽവാസിക്ക് നന്മചെയ്യുവാൻ ഉപദേശിച്ചുകൊണ്ടിരുന്നു. അനന്തരസ്വത്തിൽ അവനെ പങ്കാളിയാക്കുവാൻ നിർദ്ദേശമോ എന്ന് ഞാൻ വിചാരിക്കുന്നതുവരെ.
അബൂസഫ് യാൻ അബ്ദുല്ലയിൽ നിന്ന്: റസൂൽ(സ) പ്രസ്താവിച്ചു: സദ് വൃത്തിയോടൊപ്പം ദീർഘായുസ് ലഭിച്ചിട്ടുള്ളവനാണ് മഹോന്നതൻ.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. ധർമ്മം ധനത്തെ കുറക്കുകയില്ല. ആർക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവൻ ഉയർത്തുകതന്നെ ചെയ്യും.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. ധർമ്മം ധനത്തെ കുറക്കുകയില്ല. ആർക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവൻ ഉയർത്തുകതന്നെ ചെയ്യും.
സൗബാനി(റ)ൽ നിന്ന്: റസൂൽ തിരുമേനി(സ) പറയുന്നത് ഞാൻ കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാൽ അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയർത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും.
സ്വഭാവഗുണങ്ങൾ
അമ്മാറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ഒരു വ്യക്തിയുടെ നമസ്കാരം നീളലും ഖുത്തുബ ചുരുങ്ങലും തന്റെ വിജ്ഞാനത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് നിങ്ങൾ നമസ്കാരം ദീർഘിപ്പിക്കുകയും ഖുത്തുബ ചുരുക്കുകയും ചെയ്യുക.
സ്വഭാവഗുണങ്ങൾ
ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) യുടെ വാക്കുകൾ ശ്രോതാക്കൾക്ക് ഗ്രാഹ്യമാകുംവിധം സ്പഷ്ടമായിരുന്നു.
അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു: നിങ്ങളാരും നിന്നുകൊണ്ട് കുടിക്കരുത്. വല്ലവനും മറന്ന് കുടിച്ചെങ്കിലോ? അവൻ അത് ഛർദ്ദിച്ചുകൊള്ളട്ടെ.
അബൂഖതാദ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങളെ കുടിപ്പിക്കുന്നവൻ അവരിൽ അവസാനമാണ് കുടിക്കേണ്ടത്.
അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടർച്ചയായി മുഹമ്മദിന്റെ കുടുംബം വയർ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും.
ഖുർആനും സുന്നത്തും മുറുകെ പിടിക്കൽ
സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ഹറാമ് അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ് മുസ് ലിംകളില്‍ ഏറ്റവും വലിയ പാപി.
ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നബി(സ) ഒരിക്കൽ എന്നെ ആലിംഗനം ചെയ്തിട്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ! ഇവന്ന് നീ ഖുർആനിക ജ്ഞാനം നൽകേണമേ.
അബൂതൂഫൈൽ(റ) നിവേദനം: അലി(റ) അരുളി: ജനങ്ങളോട് അവർക്ക് മനസ്സിലാകുന്ന ശൈലിയിൽ നിങ്ങൾ സംസാരിക്കുവിൻ, അല്ലാഹുവും അവൻറെ ദൂതനും കളവാക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിൻറെ അടയാളങ്ങളാകുന്നു.
ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യൻ തൻറെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിൻറെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാൽ അതവനു ഒരു ദാനധർമ്മമാണ്.
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാൽ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താൽ ലംഘിക്കുക, 3. വിശ്വസിച്ചാൽ ചതിക്കുക.
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സർവ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവൻ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല.
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല.
അബ്ദുല്ലാഹിബ്നുൽ അംറ്(റ) നിവേദനം: ഒരു മനുഷ്യൻ തിരുമേനി(സ) യോട് ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ലാമിക കർമ്മമേതാണ്? നബി(സ) അരുളി: ഭക്ഷണം നൽകലും പരിചിതർക്കും അപരിചിതർക്കും സലാം പറയലും. (ബുഖാരി )
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സർവ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവൻ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി )
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തൻറെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. ( ബുഖാരി )
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: ഇസ്‌ലാമിന്റെ നടപടികളിൽ ഏതാണ് ഉത്തമമെന്ന് ഒരാൾ ചോദിച്ചു. തിരുമേനി(സ) അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവർക്കും പരിചയമില്ലാത്തവർക്കും സലാം പറയലും.
ആഇശ (റ) നിവേദനം: നബി (സ) അരുളി: നിങ്ങളിൽ ആരും തന്നെ എന്റെ ആത്മാവ് ചീത്തയായി എന്നു പറയരുത്. എന്നാൽ എന്റെ മനസ്സ് കഠിനമായി എന്ന് പറഞ്ഞുകൊള്ളട്ടെ
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ്.
അബൂഹുറൈറയിൽ നിന്ന്: ഒരടിമ കാര്യമായി ഗൗനിക്കാതെ അല്ലാഹുവിന് ഇഷ്ടമുള്ള ഒരു വാക്ക് പറയുന്നു. അതുമൂലം അല്ലാഹു അവന്റെ സ്ഥാനങ്ങൾ ഉയർത്തും.
റസൂൽ (സ) പറഞ്ഞു: “ജനങ്ങളിൽ അല്ലാഹുവിന് ഏറെ പ്രിയങ്കരരായ ചില ആളുകളുണ്ട്!' സ്വഹാബികൾ ചോദിച്ചു: “പ്രവാചകരേ, അവർ ആരാണ്?' അവിടുന്നു പറഞ്ഞു: “ഖുർആന്റെ ആളുകളാണവർ. അവരാണ് അല്ലാഹുവിന്റെ പ്രത്യേകക്കാർ!. (നസാഇ)
റസൂൽ തിരുമേനി (സ) : പറഞ്ഞു: വിശ്വസ്ത തയില്ലാത്തവന് ഈമാനില്ല; കരാർ പാലിക്കാത്തവന് ദീനുമില്ല