Current Date

Search
Close this search box.
Search
Close this search box.

അതെ, പ്രതിഷേധം രാജ്യദ്രോഹമല്ല

അടുത്തിടെ രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ നിന്നും വ്യത്യസ്ത ഹൈക്കോടതികളില്‍ നിന്നും വരുന്ന വിധിന്യായങ്ങളും മുതിര്‍ന്ന ജഡ്ജിമാരുടെ നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് നേരിയ രീതിയിലെങ്കിലും ആത്മവിശ്വാസം നല്‍കുന്നവയാണ്.

ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നാണ് കഴിഞ്ഞയാഴ്ച സുപ്രീം കോടതി പരാമര്‍ശിച്ചിരുന്നത്. പ്രതിഷേധിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്നാണ് ഇന്ന് ഡല്‍ഹി ഹൈക്കോടതിയും വിധിപ്രസ്താവം നടത്തിയത്. രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ഡല്‍ഹി പൊലിസ് ചുമത്തിയ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ക്ക് ജാമ്യം നല്‍കിയ വിധിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.

പ്രതിഷേധം സംഘടിപ്പിക്കുന്നതും രാജ്യദ്രോഹ പ്രവര്‍ത്തനവും രണ്ടും രണ്ടാണെന്നും ഒന്നല്ലെന്നുമാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനൂപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ബെഞ്ച് ചൊവ്വാഴ്ച പ്രസ്താവിച്ചത്.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ വംശീയാതിക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ, ജെ.എന്‍.യു വിദ്യാര്‍ത്ഥിനികളായ നതാഷ നര്‍വാള്‍, ദേവാംഗന കലിത എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടല്‍.

‘വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള ഉത്കണ്ഡയി സംഭവിച്ച് പോകുന്ന തെറ്റിദ്ധാരണയാണിത്. ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവര്‍ത്തനവും രണ്ടും രണ്ടാണ്. ഇവ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. അത് രാജ്യദ്രോഹമായി തെറ്റിദ്ധരിക്കേണ്ടതില്ല. ഭീകരതയുടെ അടിസ്ഥാനപരമായ സ്വഭാവവും തീവ്രവാദ പ്രവര്‍ത്തനവും തിരിച്ചറിഞ്ഞാണ് യു.എ.പി.എ വകുപ്പ് ചുമത്തേണ്ടത്. എന്നാല്‍ സാധാരണ ക്രിമിനല്‍ കേസുകളില്‍ ഈ നിയമം പ്രയോഗിക്കാന്‍ കഴിയില്ല. ഇത്തരം സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ അത് ജനാധിപത്യത്തിന് വിഷമകരമായ ദിനമായിരിക്കും- ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഐ.പി.സിക്ക് (ഇന്ത്യന്‍ പീനല്‍ കോഡ്) കീഴിലുള്ള പരമ്പരാഗത കുറ്റകൃത്യങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ നടപടികള്‍ക്ക് തീവ്രവാദ നിയമം എന്ന പ്രയോഗം അനിശ്ചിതമായി പ്രയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന് അസിഫ് തന്‍ഹയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി പ്രസ്താവിച്ചത്.

പൗരത്വ പ്രക്ഷോഭത്തിന് പിന്നാലെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൊലിസ് പിന്തുണയോടെ അരങ്ങേറിയ മുസ്ലിം വിരുദ്ധ വംശീയാതിക്രമത്തിന് നേതൃത്വം നല്‍കി, ഗൂഢാലോചന നടത്തി എന്നിവയായിരുന്നു മൂവര്‍ക്കെതിരെയുമുള്ള കുറ്റം. യു.എ.പി.എ ചുമത്തിയായിരുന്നു അറസ്റ്റ്. ഡല്‍ഹി പൊലിസാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. 2020 മെയില്‍ അറസ്റ്റ് ചെയ്ത ഇവര്‍ ഒരു വര്‍ഷത്തോളമായി വിചാരണ തടവുകാരായി ജയിലിലായിരുന്നു. ഡല്‍ഹി പൊലിസും കേന്ദ്ര സര്‍ക്കാരും പകപോക്കല്‍ നടപടികളുടെ ഭാഗമായി വ്യാജ കേസുകളാണ് ചുമത്തിയത് എന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരായ കേസിലാണ് ‘സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നാല്‍ രാജ്യദ്രോഹക്കുറ്റമല്ല’ എന്ന് നേരത്തെ സുപ്രീം കോടതി നിരീക്ഷണം നടത്തിയിരുന്നത്. 1962ലെ കേദാര്‍നാഥ് വിധിന്യായം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കേസുകളെടുക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. വാക്‌സിന്‍ വിഷയത്തില്‍ കോടതിയുടെ ഇടപെടലും സര്‍ക്കാര്‍ കടുംപിടുത്തം ഉപേക്ഷിച്ചതും ഇതില്‍പ്പെട്ട മറ്റൊരു ഉദാഹരണമാണ്.

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സമര നായകര്‍ യു.എ.പി.എ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ട് വിവിധ കേസുകളില്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണ്. അത്തരക്കാര്‍ക്കെല്ലാം പ്രതീക്ഷ നല്‍കുന്നുണ്ട് ഇന്നത്തെ ഡല്‍ഹി ഹൈക്കോടതിയുടെ വിധിന്യായം. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കുറ്റം ചാര്‍ത്തിയ ഡല്‍ഹി പൊലിസിനെതിരെയുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വിധി.

ഇത്തരത്തില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിലും വിവിധ ഹൈക്കോടതികളിലും നേരിയ തോതിലെങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ കാണുന്നുണ്ട് എന്നാണ് മേല്‍പറഞ്ഞ വിധിന്യായങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ നമുക്ക് വ്യക്തമാവുക. കുറച്ച് വൈകിയാണെങ്കിലും കോടതികളും അനുബന്ധ സംവിധാനങ്ങളും കണ്ണ് തുറക്കാനും തെറ്റ് തിരുത്താനും തയാറാവുന്നത് ഫാഷിസ്റ്റുകള്‍ നാട് ഭരിക്കുന്ന രാജ്യത്ത് നഷ്ടപ്പെട്ടുപോകുന്ന ജനാധിപത്യ സ്വഭാവങ്ങള്‍ തിരിച്ച് പിടിക്കുന്നതിന് വലിയ മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.

Related Articles