Current Date

Search
Close this search box.
Search
Close this search box.

ബൈഡനെ യമന്‍ ഭരണകൂടത്തിന് വിശ്വസിക്കാമോ?

യമനില്‍ പുതിയ ഭരണകൂടം നിലവില്‍ വന്നിരിക്കുന്നു. അത്, കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ മധ്യസ്ഥതയിലുള്ള അധികാര കൈമാറ്റ ധാരണയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും, 24 അംഗ കാബിനറ്റുമാരുള്‍പ്പടുന്ന പുതിയ ഭരണകൂടം രാജ്യത്തെ അധികാരത്തില്‍ നിലയുറപ്പിക്കുകയാണ്. യമനിലെ ഉത്തര-ദക്ഷിണ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി മുഈന്‍ അബ്ദുല്‍ മലിക്കിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഓരോ മേഖലയിലില്‍ നിന്നും തുല്യ അംഗങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അത് ഹാദി പക്ഷക്കാരും വിഘടന വിഭാഗങ്ങളും തമ്മിലുള്ള അധികാര പോരാട്ടം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അപ്രകാരം എസ്.ടി.സിയില്‍നിന്ന് (Southern Transitional Council ) അഞ്ച് അംഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. സൗദി പിന്തുണയോടെ യമന്‍ ഭരണകൂടവും എസ്.ടി.സിയും തമ്മില്‍ 2019 നവംബറില്‍ സൈനിക സംഘട്ടനം അവസാനിപ്പിക്കുന്നതിന് ഒപ്പുവെച്ച റിയാദ് കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍ക്കാര്‍ ഇപ്പോള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റ മനസ്സായി പ്രവര്‍ത്തിക്കാനും ദരിദ്ര രാജ്യമായ യമന്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രാമുഖ്യം നല്‍കാനുമുള്ള പ്രസിഡന്റ ഹാദിയുടെ ആഹ്വാനത്തെ പ്രതീക്ഷയുടെ തിരിനാളമായി വിലയിരുത്താവുന്നതാണ്. യുദ്ധം ഉഴുതുമറിക്കുന്ന യമന്റെ ഭാവി അധികാരകളുടേതന്ന പോലെ ജനതയുടെയും കൈയിലാണ്. 2014ല്‍ ഹൂതി വിമതര്‍ തലസ്ഥാനമായ സന്‍ആയിലെ ഭരണത്തെ അട്ടിമറിച്ചതിനെ തുടര്‍ന്ന് ഭരണം പുന:സ്ഥാപിക്കുന്നതിന് സൗദി പിന്തുണയുള്ള വിഭാഗം 2015 മാര്‍ച്ചില്‍ രാജ്യത്ത് ഇടപെടല്‍ നടത്തിയതിന് ശേഷമാണ് രാജ്യത്ത് യുദ്ധാന്തരീക്ഷം രൂപപ്പെടുന്നതും രാജ്യം യുദ്ധത്തിലേക്ക് നീങ്ങുന്നതും. പ്രസിഡന്റ് ഹാദിയെ സൗദിയും 2017ല്‍ രൂപീകരിക്കപ്പെട്ട എസ്.ടി.സിയെ യു.എ.ഇയുമാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇവ രണ്ടും സൗദി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമാണ്.

രാജ്യത്തെ യുദ്ധം നിലവില്‍ 233000 പേരുടെ ജീവനെടുത്തതായി യു.എന്‍ ഒ.സി.എച്.എയുടെ (Office for the Coordination of Humanitarian Affasir) കണക്കുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല, അത് പട്ടിണിയും ആരോഗ്യ പ്രതിസന്ധിയും സൃഷ്ടിച്ചു. യമന്‍ 2021ല്‍ കൂടുതല്‍ മാനുഷിക ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന 2020 ഡിസംബറിന്റെ തുടക്കത്തില്‍ ഐ.ആര്‍.സി (International Rescue Committee) മുന്നറിയിപ്പ് നല്‍കിയിരുന്നു. 30 മില്യണ്‍ വരുന്ന യമന്‍ ജനസംഖ്യയില്‍ 80 ശതമാനം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സഹായം ആവശ്യമായിട്ടുള്ളവരാണെന്ന് യു.എന്‍ ചൂണ്ടിക്കാണിക്കുന്നു. 13.5 ശതമാനം യമനികള്‍ നിലവില്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. അതില്‍ 16500 പേര്‍ പട്ടിണിയില്‍ ജീവിക്കുന്നവരാണ്. കടുത്ത മാനുഷിക പ്രതിസന്ധി നേരിടുന്ന യമന് മുന്നില്‍ പുതിയ ഭരണകൂടത്തിന്റെ പ്രാപ്തമായ ഇടപെടല്‍ നിര്‍ണായകമാണ്. അതുപോലെ, അധികാരത്തിലേറാന്‍ പോകുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റ് തീരുമാനങ്ങളും നിര്‍ണായകമാണ്. പല തരത്തിലുള്ള വിലയിരുത്തലുകളും നടന്നുകൊണ്ടിരിക്കുമ്പോഴും ബൈഡന്‍ ഭരണകൂടം സ്വീകരിക്കുന്ന നിലപാട് യമന് എത്രമാത്രം അനുഗുണമാകുമെന്ന് കൃത്യമായി പ്രവചിക്കുക അസാധ്യമാണ്.

യു.എസ് പ്രസിഡന്റായി 2021 ജനുവരിയില്‍ അധികാരത്തിലേറുന്ന ജോ ബൈഡന്റെ രാഷ്ടീയ നിലപാട് ട്രംപില്‍ നിന്ന് എത്രമാത്രം ഭിന്നമാകുമെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. ഈയൊരു നിലപാട് യമനില്‍ എത്രത്തോളം പ്രതിഫലിക്കുമെന്നതും നിര്‍ണായകമാണ്. സൗദിയുടെ നേതൃത്വത്തിലുള്ള യമന്‍ യുദ്ധത്തിന് പിന്തുണ നല്‍കുന്നതില്‍ നിന്ന് യു.എസ് വിട്ടുനില്‍ക്കുമെന്നാണ് 2020 ഏപ്രിലില്‍ പുറത്തിറങ്ങിയ ഫോറിന്‍ അഫയേഴ്‌സ് മാസിക വിലയിരുത്തിയത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം മുന്‍ഗണനാ വിഷയമല്ലെന്നതാണ് അതിനുള്ള കാരണമായി പ്രസ്താവിക്കുന്നത്. യമന്‍-സിറിയന്‍ യുദ്ധ നിലപാടില്‍ പുന:പരിശോധന നടത്തുമെന്ന് ബൈഡന്‍ 2020 ജൂലൈ 21ന് പ്രഖ്യാപിച്ചിരുന്നു. സൗദിയുമായുള്ള ബന്ധവും, യമന്‍ യുദ്ധത്തിന് സൗദിക്ക് നല്‍കുന്ന പിന്തുണയും പുന:പരിശോധിക്കുമെന്നത് 2020 ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഒപ്പം, ആയുധങ്ങള്‍ വില്‍ക്കുന്നതിലും എണ്ണ വാങ്ങുന്നതിലും രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ കളഞ്ഞുകുളിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു.

ആയുധങ്ങള്‍ വില്‍ക്കുന്നതിനെയും, യമനിലെ സൈനിക സഖ്യത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെയും പൊതുവായി പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനൊപ്പമാണ് ബൈഡനുമുള്ളത്. യമന്‍ യുദ്ധത്തില്‍ ഇടപെടാന്‍ ബൈഡന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നതാണ് പൊതുവെ മനസ്സിലാക്കാന്‍ കഴിയുന്നത്. യമനില്‍ സൗദി നയിക്കുന്ന യുദ്ധത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് അമേരിക്ക അവസാനിപ്പിക്കുമെന്ന് ബൈഡന്‍ വിജയിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം റോ ഖന്ന വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി ഡെമോക്രാറ്റിക് പാര്‍ട്ടി സൗദിക്കും യു.എ.ഇക്കും ആയുധം വില്‍ക്കുന്നതിനെതരായി നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. സൗദി നേതൃത്വം നല്‍കുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ബൈഡന്‍ തീരുമാനമെടുത്തതായി റസ്‌പോണ്‍സിബിള്‍ സ്‌റ്റേറ്റ് ക്രാഫ്റ്റ് പത്രവും ചൂണ്ടിക്കാണിക്കുന്നു. അന്താരാഷ്ട്ര-അമേരിക്കന്‍ മനുഷ്യാവകാശ സംഘനടകളുടെ ഭാഗത്ത് നിന്നുള്ള ശക്തമായ വിമര്‍ശനവും സമ്മര്‍ദ്ദവുമാണ് ഇതിനുള്ള കാരണമായി ഉയര്‍ത്തുന്നത്. എന്നിരുന്നാലും, പ്രചരണ സമയത്ത് യമന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സന്നദ്ധമാണെന്ന ബൈഡന്റെ വാഗ്ദാനം യുദ്ധത്തിന് പരിസമാപ്തി കുറിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. കാരണം, യമന്‍ യുദ്ധത്തിന് പിന്തുണ നല്‍കിയത് ട്രംപിന്റെ ഭരണകാലത്ത് മാത്രമല്ല. ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന ട്രംപിന് മുമ്പുള്ള ഒബാമയുടെ കാലത്തും പിന്തുണ നല്‍കിയിരുന്നു.

Related Articles