Editors Desk

ദുരന്തഭൂമിയിൽ നിന്ന് ചെവിയോർക്കുമ്പോൾ

2020ന്റെ തുടക്കം ലോകം വലിയ പരീക്ഷണങ്ങളിലേക്ക് വാതിൽ തുറക്കുകയായിരുന്നു. ഒന്നിനുപുറകെ മറ്റൊന്നായി ആ വാതിൽ തുറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക തലത്തിൽ കൊറോണ വൈറസ് പ്രതിസന്ധി ഉച്ഛിയിലെത്തുകയും, ലോകത്തെ തീവ്രമായി പ്രഹരിച്ചുകൊണ്ടിരിക്കുകയുമാണ്. മരണ കണക്കുകൾ ദിനംപ്രതിയെന്നോളം വർധിച്ചുവരുന്നു. നിലവിൽ 728013 പേർ മരിച്ചുകഴിഞ്ഞു. ഇന്ത്യയെ മുൻനിർത്തി കണക്കുകൾ പരിശോധിക്കുമ്പോൾ 44386 പേരാണ് രോ​ഗബാധയെ തുടർന്ന് മരിച്ചത്. ഇനിയും അവസാനിക്കാത്ത കണക്കുകൾക്ക് ലോകം സാക്ഷിയാകേണ്ടി വരുമെന്ന് ഇന്ത്യയിലെ കഴിഞ്ഞ 24 മണിക്കൂറിലെ 1007 കോവിഡ് മരണങ്ങൾ ജനതയെ ഒരിക്കൽക്കൂടി ഓർമപ്പെടുത്തി. കൊറോണ വൈറസിനൊപ്പം പാറിപറന്നുകൊണ്ടിരുന്ന പ്രതിസന്ധിയായിരുന്നു ഉത്തരേന്ത്യൻ കൃഷിയിടങ്ങളിലെ വെട്ടുകിളി ആക്രമണം. 27 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ആക്രമണമായി ഇത് വിലയിരുത്തപ്പെട്ടു. ഒരുകൂട്ടം വെട്ടുകളികൾക്ക് ഏക്കർ കണക്കിന് കൃഷിയിടം മണിക്കൂറിനിടയിൽ നാശോന്മുഖമാക്കി തീർക്കാൻ കഴിയുന്നു. ഉത്തരേന്ത്യയിൽ രണ്ട് ലക്ഷം ഹെക്ടറിൽ കൃഷിനാശമുണ്ടായി. ആറ് ലക്ഷം ഹെക്ടർ വരെ ഇത് വ്യാപിക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പുൽചാടി ​ഗവേഷണ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് പുറമെ ഉത്തർപ്രദേശിലേക്കും വെട്ടുകിളി ആക്രമണം വ്യാപിക്കുകയായിരുന്നു.

കേരളത്തിലേക്ക് വരുമ്പോൾ, പെയ്തിറങ്ങുന്ന കാലവർഷം ഒരിക്കൽക്കൂടി പ്രളയക്കെടുതിയിലേക്ക് തള്ളിവിടുമോയെന്നതാണ് ആശങ്ക. ആശങ്ക അസ്ഥാനത്തല്ലെന്നതാണ് മൂന്നാറിലെ രാജമല പെട്ടിമുടി ഉരുൾപൊട്ടൽ വിളിച്ചോതുന്നത്. ഏറ്റവും അവസാനമായി ആറ് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. നയ്ക്കമാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയങ്ങൾക്ക് ശേഷം പുന:സൃഷ്ടിക്കപ്പെട്ട കേരളം വീണ്ടും പുന:സൃഷ്ടിക്കപ്പെടേണ്ടതായി വരുമോ?

ഈയിടെ കരിപ്പൂർ വിമാനത്താവളത്തിലെ വിമാന തകർച്ച ആഘാതത്തിന് മേൽ മറ്റൊരു ആ​ഘാതമായിരുന്നു. 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റെൺവെയിൽ നിന്ന് തെന്നിമാറി തകരുകയായിരുന്നു. അപകടത്തിൽ നാല് കുട്ടികളുൾപ്പടെ 18 പേർ മരിക്കുകയും ചെയ്തു. നിലവിൽ 115 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. നിലക്കാതെ വന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെ എങ്ങനെ നാം സ്വീകരിക്കുന്നുവെന്നതാണ് പ്രസക്തമായിട്ടുള്ളത്. ദുരന്തങ്ങൾക്ക് മുമ്പിൽ ജീവിതത്തെ അടിയറവെച്ച് സ്തംഭിച്ചുനിൽക്കുകയാണോ വേണ്ടത്? അതല്ല, പ്രതീക്ഷ അങ്കുരിക്കുന്ന ശുഭാപ്തിപൂർണമായ ജീവിതത്തെ മുന്നിൽ കാണുകയാണോ വേണ്ടത്?

Also read: പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരങ്ങളും

വിശ്വാസികളെ അല്ലാഹുവിന്റെ പ്രവാചകൻ പ്രതീക്ഷ നൽകുന്ന വിശ്വാസത്തിലേക്കാണ് ക്ഷണിക്കുന്നത്. പ്രവാചകൻ(സ) പറഞ്ഞു: ജനങ്ങൾ നശിച്ചുപോയി എന്ന് ഒരുവൻ പറഞ്ഞാൽ അവൻ ആ മനുഷ്യരെയല്ലാം നശിപ്പിച്ചുകളഞ്ഞു. വിശ്വാസം കൈമുതലാക്കിയ വിഭാ​ഗം പ്രതീക്ഷയൊടപ്പം ജീവിക്കുന്നവരായിരിക്കും. അവരുടെ ജീവിതത്തിന് വ്യത്യസ്തങ്ങളായ അർഥം മറ്റുള്ളവർക്ക് ദർശിക്കാനും കഴിയുന്നതാണ്. അറബി ഭാഷയിലെ പ്രസിദ്ധമായ പഴഞ്ചൊല്ലാണ് ഹുനൈനിന്റെ കാലുറയുമായി മടങ്ങി എന്നത്. നിരാശയെ സൂചിപ്പിക്കാനാണ് ഈ പഴഞ്ചൊല്ല് ഉപയോ​ഗിക്കാറുള്ളത്. പഴഞ്ചില്ലിന് പശ്ചാത്തലമായ സംഭവമിതാണ്; ഇറാഖിലെ പ്രസിദ്ധനായ ചെരുപ്പുകുത്തിയായിരുന്നു ഹുനൈൻ. അദ്ദേഹത്തിന്റെ കടയുടെ ഒരു വശത്തിലൂടെ ​ഗ്രാമീണനായ ഒരു മനുഷ്യൻ ഒട്ടകപുറത്ത് സഞ്ചരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന കാലുറ ​ഗ്രാമീണന് ഇഷ്ടപ്പെട്ടു. ​ഗ്രാമീണൻ തന്റെ ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി കടയിലേക്ക് പ്രവേശിച്ചു. ​ഗ്രാമീണന് കാലുറ ഇഷ്ടപ്പെട്ടുവെങ്കിലും വിലയിൽ യോജിക്കാനായില്ല. വളരെയധികം സമയം വിലപേശി നോക്കിയെങ്കിലും ഇഷ്ടവിലക്ക് ലഭിച്ചില്ല. തന്റെ ഇത്രയധികം സമയം കളഞ്ഞ ​ഗ്രാമീണനോട് ഹുനൈന് ദേഷ്യം തോന്നി. അങ്ങനെ, ​ഇടവഴിയിലൂടെ സഞ്ചരിച്ച് ​ഹുനൈൻ ​ഗ്രാമീണനായ മനുഷ്യന്റെ മുമ്പിൽ കൊണ്ടുപോയി ഒരു കാലുറയിട്ടു. ശേഷം മാറിനിൽക്കുകയും ചെയ്തു. ​ഗ്രാമീണൻ ഒട്ടകപ്പുറത്ത് നിന്ന് താഴെയിറങ്ങി നോക്കിയപ്പോൾ താൻ വാങ്ങാൻ ആ​ഗ്രഹിച്ച അതേ കാലുറ. പക്ഷേ, ഒന്നുമാത്രം ലഭിച്ചിട്ട് എന്തുകാര്യം! അയാൾ അത് ഉപേക്ഷിക്കുകയും യാത്ര തുടരുകയും ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ​ഗ്രാമീണൻ രണ്ടാമത്തെ കാലുറയും കാണുകയാണ്. ഇടവഴിയിലൂടെ സഞ്ചരിച്ച് ഹുനൈൻ രണ്ടാമത്തെ കാലുറയും ​ഗ്രാമീണന് മുമ്പിൽ ഇടുകയായിരുന്നു. ഈ സമയം, ​ഗ്രാമീണൻ തന്റെ ഒട്ടകത്തെ അവിടെ നിർത്തി ആദ്യം കണ്ട കാലുറയെടുക്കാൻ പുറപ്പെട്ടു. ആ കാലുറയുമായി തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന് ഒട്ടകം നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. അങ്ങനെ ​ഗ്രാമീണൻ ഹുനൈനിന്റെ കാലുറയുമായി നിരാശയോട് വീട്ടിലേക്ക് മടങ്ങിയെന്നതാണ് പഴഞ്ചൊല്ലിന് പിന്നിലെ കഥ. ​ഗ്രാമീണൻ ഏറ്റുവാങ്ങിയത് പോലെ നഷ്ടം ഏറ്റുവാങ്ങി നിരാശയോടെ വീട്ടിലേക്ക് മടങ്ങാനാണോ നാമും ആ​ഗ്രഹിക്കുന്നത്?

അല്ലാഹു വിശ്വാസികളോട് പറയുന്നു: നിങ്ങൾ ദുർബലരാവുകയോ ദു:ഖിക്കുകയോ ചെയ്യരുത്. നിങ്ങൾ വിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതന്മാർ. (ആലുഇംറാൻ: 139) വിശ്വാസം കൈമുതലാക്കിയവർക്ക് നിരാശയോടെ വീട്ടിലേക്ക് മടങ്ങേണ്ടി വരുകയില്ല! വിശുദ്ധ ഖുർആൻ പറയുന്നു: ഒടുവിൽ നാം അവരുടെ മേൽ പ്രളയമയച്ചു. വെട്ടുകിളികളെ വിട്ടു. കീടങ്ങളെ വിട്ടു. തവളകളെ പെരുപ്പിച്ചു. ചോര വർഷിക്കുകയും ചെയ്തു. ഈ ദൃഷ്ടാന്തങ്ങളത്രയും വെവ്വേറെത്തന്നെ കാണിച്ചുകൊടുത്തു. പക്ഷേ, അവർ ​ഗർവിഷ്ഠരായി നടന്നു. മഹാപാപികളായിരുന്നു അവർ. (അൽഅഅ്റാഫ്: 132) ദുരന്തങ്ങളായും, അപകടങ്ങളായും, രോ​ഗങ്ങളായും നമ്മിലേക്ക് വിപത്തുകളെ ആരാണ് അയക്കുന്നത്? മരണത്തിനും ജീവിതത്തിനുമിടയിലെ ഇടത്താവളത്തിൽ മനുഷ്യൻ എങ്ങനെ ഇടപെടൽ സാധ്യമാക്കുന്നുവെന്നതാണ് അല്ലാഹു നിരീക്ഷിക്കുന്നത്. ഇവയെല്ലാം വിശ്വാസികളെ പരീക്ഷിക്കുവാനോ അക്രമികളെ ശിക്ഷിക്കുവാനോ വേണ്ടിയാണ്. ഇത്തരം പ്രതിസന്ധികളെ മുന്നിൽ കാണുന്ന യഥാർഥ വിശ്വാസി തിരിച്ചറിയുന്നത്, വിശ്വാസികളുടെ വിശ്വാസത്തെ പരീക്ഷിക്കുവാനും, അക്രമകാരികളുടെ ചെയ്തികൾക്ക് ഈ ലോകത്ത് തന്നെ ശിക്ഷയിറക്കാനും വേണ്ടിയാണെന്നതാണ്.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker