Current Date

Search
Close this search box.
Search
Close this search box.

ആരാധന സ്വാതന്ത്ര്യത്തില്‍ കോടതികളും ഇടപെടുമ്പോള്‍

സംഘ്പരിവാര്‍ കാലത്ത് ന്യൂനപക്ഷങ്ങളുടെ സകല അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഓരോന്നായി എടുത്തുകളയാനുള്ള നടപടികളാണ് ദിനംപ്രതി രാജ്യത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധന സ്വാതന്ത്ര്യവും മതപ്രബോധന സ്വാതന്ത്ര്യവും ഇഷ്ടമുള്ളത് കഴിക്കാനുള്ള അവകാശത്തിനുമേലെല്ലാം ഓരോന്നായി അറുത്തുമാറ്റുകയാണ് സംഘ്പരിവാര്‍. ഇതിനായി ഭരണകൂടവും നിയമപാലകരും ഉദ്യോഗസ്ഥ വൃന്ദവും സംഘ് അണികളോടൊപ്പം ‘ആത്മാര്‍ത്ഥമായി’ തന്നെ നിലകൊള്ളുന്നുണ്ട്. ജനാധിപത്യ രാജ്യത്ത് അവസാന പ്രതീക്ഷയായി കരുതുന്ന ജുഡീഷ്യറിയും പലപ്പോഴായും ഇതിന് അനുകൂലമായ നിലപാടുകള്‍ കൈകൊള്ളുമ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ നാം നിസ്സഹായരാകുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ നിന്നും ഗുജറാത്തില്‍ നിന്നുമെല്ലാം ഇതിന് സമാനമായ ധാരാളം വാര്‍ത്തകളും സംഭവങ്ങളും പുറത്തുവന്നത് നാം കണ്ടതാണ്. ലഖ്‌നൗവിലെ ലുലു മാളില്‍ വെച്ച് ഒരു വിഭാഗം ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കുകയും തുടര്‍ന്ന് അതിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവരികയും നമസ്‌കാരത്തിന് അനുമതിയുണ്ടെങ്കില്‍ തങ്ങള്‍ ഹനുമാന്‍ ചാലിസ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു കൂട്ടരെയും പൊലിസ് അറസ്റ്റ് ചെയ്യുകയും സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ എവിടെയും മതപരമായ ചടങ്ങുകള്‍ അനുവദിക്കില്ലെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. മാള്‍ അധികൃതരും മാളില്‍ മതചടങ്ങുകള്‍ പാടില്ലെന്ന ബോര്‍ഡും വെച്ചും.

കര്‍ണാടകയിലെ റെയില്‍വേ സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ വെച്ച് നമസ്‌കാരം നിര്‍വഹിച്ചതിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്തുവരികയും നമസ്‌കരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. സമാനമായി ഗുരൂഗ്രാമിലും ഡല്‍ഹിയിലും പൊതുസ്ഥലത്ത് വെച്ച് ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നതിനെതിരെയും ഇത്തരം സംഘടനകള്‍ രംഗത്തുവരികയും പൊലിസ് കാവലില്‍ ജുമുഅ നടത്തേണ്ട അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്ന ഇടങ്ങളുമുണ്ട്. ഉത്തരേന്ത്യയിലെ ഓരോ പള്ളികളിലായി ആരാധന നടത്തുന്നത് തടയാനുള്ള കാരണം തേടിയിറങ്ങിയിരിക്കുകയാണ് സംഘ്പരിവാറിനൊപ്പം ഭരണകൂടവും ഉദ്യോഗസ്ഥരും.

അതേസമയം, ഇത്തരം സ്ഥലങ്ങളിലെല്ലാം പൊതു ഇടങ്ങളില്‍ വളരെ പരസ്യമായി തന്നെ ഹിന്ദു മതാചാര ചടങ്ങുകളും ഉത്സവ-ആഘോഷ പരിപാടികളും ഘോഷയാത്രകളുമെല്ലാം നടക്കാറുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഇവയെല്ലാം പൊലിസിന്റെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണയിലും ആശീര്‍വാദത്തോടെയുമാണ് നടക്കുന്നത്.

ഒടുവിലായി സംഘ്പരിവാറിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് ശക്തി പകരുന്ന തരത്തിലുള്ള ഒരു ഉത്തരവാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയും പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങളും പ്രാര്‍ഥനാ ഹാളുകളും അടച്ചുപൂട്ടണമെന്നാണ് വെള്ളിയാഴ്ച ഹൈക്കോടതി പ്രസ്താവിച്ചത്. അനുമതിയില്ലാത്തവക്കെതിരെ നടപടി എടുക്കണമെന്നും ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് കോടതിയുടെ ഉത്തരവ്.

ഉചിതമായ അപേക്ഷകളില്‍ മാത്രമേ പുതിയ ആരാധനാലയങ്ങള്‍ക്കും പ്രാര്‍ഥനാ ഹാളുകള്‍ക്കും അനുമതി നല്‍കാവൂ എന്നും അപേക്ഷ പരിഗണിക്കുമ്പോള്‍ സമാന ആരാധനാലയങ്ങള്‍ തമ്മിലുള്ള അകലം മാനദണ്ഡമാക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കണം. അപൂര്‍വങ്ങളില്‍ അപൂര്‍വം കേസുകളില്‍ മാത്രമേ കെട്ടിടങ്ങള്‍ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നല്‍കാവൂ. പോലീസിന്റെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളില്‍ അനുമതി നല്‍കാന്‍ പാടുള്ളൂയെന്നുമെല്ലാം ഹൈക്കോടതി ഉത്തരവിലുണ്ട്.

മതവിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിവിടെയെല്ലാം കാണുന്നത്. മിക്കയിടങ്ങളിലും പള്ളികള്‍ക്ക് നിലവില്‍ തന്നെ പല കാരണങ്ങളാല്‍ അധികൃതരില്‍ നിന്നും അനുമതി ലഭിക്കുന്നില്ല. പ്രാര്‍ത്ഥന ഹാളുകള്‍ക്ക് അനുമതി ലഭിക്കുന്നുണ്ടെങ്കിലും അവിടെ ജുമുഅ-ജമാഅത്തുകള്‍ നടത്താനും സാധിക്കാറില്ല. വലിയ നഗരങ്ങളിലും മാളുകളിലും എത്തിപ്പെടുന്ന യാത്രക്കാരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഉപകാരപ്രദമാണ് ഇത്തരം പള്ളികളും പ്രാര്‍ത്ഥന ഹാളുകളും. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും കുടിവെള്ളത്തിനും വിശ്രമത്തിനും ഫ്രഷ് ആവാനുമെല്ലാം എല്ലാവരും ഇവയെയാണ് ആശ്രയിക്കുന്നത്. ചിലയിടങ്ങളില്‍ മത-ജാതി ഭേദമന്യേ ഇവയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. അതിനാല്‍ തന്നെ പുതിയ ഹൈക്കോടതി ഉത്തരവിലൂടെ ഇത്തരം അവസരങ്ങളും സ്വതന്ത്രമായും നിര്‍ഭയത്വത്തോടെയും ആരാധനകള്‍ നിര്‍വഹിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശം ലംഘിക്കപ്പെടുമോ എന്ന ആശങ്ക എല്ലാ മതവിശ്വാസികളിലും ഉണ്ടാകും. ഈ ആശങ്ക ദൂരീകരിക്കേണ്ട സര്‍ക്കാരും കോടതികളും ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ ഇതര സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രതിസന്ധി നമ്മുടെ കേരളത്തിലും ഉണ്ടായേക്കും.

Related Articles