Current Date

Search
Close this search box.
Search
Close this search box.

രഹസ്യമായി നടത്തുന്ന പരസ്യ കലാപം

പൗരത്വ ഭേദഗതി ബില്ലും അതിനെതിരെയുള്ള സമരങ്ങളുമാണ് കഴിഞ്ഞ മൂന്നാഴ്ചയോളമായി രാജ്യത്തുടനീളം അലയടിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനയെ അട്ടിമറിച്ചുകൊണ്ട് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ഭരണകൂടം നടത്തുന്ന നീക്കത്തിനെതിരെ അസാധാരണമായ രീതിയിലുള്ള സമരങ്ങളും പ്രക്ഷോഭങ്ങളുമാണ് രാജ്യത്തുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാജ്യതലസ്ഥാനത്തെ കേന്ദ്രീയ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും ബില്ലിനെതിരെ തെരുവിലിറങ്ങിയതോടെയാണ് സമരം കൂടുതല്‍ ശക്തിയാര്‍ജിച്ചതും ആഗോളതലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടതും. മോദി-ഷാ കൂട്ടുകെട്ടിലുള്ള ബി.ജെ.പി ഭരണകൂടം രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ മത-രാഷ്ട്രീയ-സാമുദായിക ഭേദമന്യേ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങുന്ന കാഴ്ച കണ്ട് വിറളിപൂണ്ട ഭരണാധികാരികള്‍ സരമത്തെ അടിച്ചമര്‍ത്താനാണ് തുടക്കം മുതല്‍ തന്നെ ശ്രമിച്ചത്. നേരത്തെ നടപ്പാക്കിയ മുത്വലാഖ് ബില്‍,കശ്മീര്‍,രാമക്ഷേത്ര നിര്‍മാണം എന്നിവയെപ്പോലെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പൗരത്വ ഭേദഗതി ബില്ലും നടപ്പാക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്.

എന്നാല്‍ ബില്ലിനെതിരെയും ഭരണഘടനയെ സംരക്ഷിക്കാനും രാജ്യത്തിന്റെ നിലനില്‍പ്പിനും ജനാധിപത്യം നിലനിര്‍ത്താനുമായി ഇന്ത്യയിലെയും ഇന്ത്യക്ക് പുറത്തെയും ജനാധിത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും പാര്‍ട്ടികളും സാമുദായിക സംഘടനകളും മാധ്യമ,കലാ,സാംസ്‌കാരിക,സിനിമ മേഖലയില്‍ നിന്നുള്ളവും എഴുത്തുകാരും ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി രംഗത്തു വരികയായിരുന്നു.

എന്നാല്‍ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങളെപ്പോലും ബി.ജെ.പി സര്‍ക്കാര്‍ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. ബി.ജെ.പി ഭരണകൂടം ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു പൊലിസിനെയും പ്രത്യേക സേനയെയും ഉപയോഗിച്ച് സമരത്തെ ക്രൂരമായി തല്ലിച്ചതച്ചത്. ഡല്‍ഹി ജാമിഅ മില്ലിയ്യ,അലീഗഢ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച പൊലിസ് നടപടി അന്തര്‍ദേശീയതലത്തില്‍ വരെ ചര്‍ച്ചയായി. ഇത് ഇന്ത്യക്കൊട്ടാകെ നാണക്കേടുണ്ടാക്കുകയും ചെയ്തു.

യു.പി,അസം,ത്രിപുര,ഗുജറാത്ത്,കര്‍ണാടക,ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെല്ലാം പ്രതിഷേധക്കാരെ ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുകയാണ് അവിടങ്ങളില്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തത്. ഇതില്‍ യു.പിയിലാണ് മൃഗീയമായ രീതിയില്‍ പൊലിസ് നരനായാട്ട് നടത്തിയത്. ഇന്റര്‍നെറ്റ് റദ്ദ് ചെയ്തും രാത്രിയില്‍ ലൈറ്റണച്ചും ഗ്രാമങ്ങളിലെ ഇലക്ട്രിസിറ്റി കട്ട് ചെയ്തും യു.പി പൊലിസും സംഘ്പരിവാര്‍ ഗുണ്ടകളും ചേര്‍ന്ന് നടത്തിയത് രഹസ്യമായ പരസ്യ കലാപം തന്നെയായിരുന്നു.

പ്രതിഷേധച്ചവര്‍ക്കിടയില്‍ മുസ്ലിംകളെ മാത്രം തെരഞ്ഞുപിടിച്ച് ക്രൂരമായി മര്‍ദിക്കുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ദേശീയ മാധ്യമങ്ങളടക്കം പുറത്തുവിട്ടിരുന്നു. സമരം അടിച്ചമര്‍ത്തി മുസ്ലിംകളെ ഭയപ്പെടുത്താനാണ് തുടക്കം മുതലേ യു.പിയിലെ യോഗി ആതിഥ്യനാഥിന്റെ ഭരണകൂടം ശ്രമിച്ചത്. സമരക്കാര്‍ക്കു നേരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് അടിവരയിടുന്നതായിരുന്നു പൊലിസിന്റെ പ്രവൃത്തികള്‍. സമരക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും യോഗി ഉത്തരവിട്ടും. അതും സമീപദിവസങ്ങളില്‍ അവര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.

അതിനിടെ മുസഫര്‍ നഗറില്‍ പൊലിസ് മുസ്ലിം പള്ളി അടിച്ചുതകര്‍ത്തു വര്‍ഗ്ഗീയകലാപത്തിന് കോപ്പുകൂട്ടാനും ശ്രമം നടത്തി. സമരങ്ങള്‍ നടക്കാത്ത സ്ഥലങ്ങളില്‍ വരെ പൊലീസ് അഴിഞ്ഞാടി. മുസ്ലിം ഭൂരിപക്ഷ ഗല്ലികള്‍ക്കകത്ത് അതിക്രമിച്ചുകടന്ന് സാമ്പത്തികമായി ശേഷിയുള്ളവരുടെ വീടുകള്‍ തെരഞ്ഞെടുപിടിച്ച് കൊള്ളയടിക്കുകയാണ് പൊലീസ് സംഘം ചെയ്തത്.

മുസ്ലിംകള്‍ പഠിക്കുന്ന നിരവധി സ്‌കൂളുകളും മദ്റസകളും അടിച്ചുതകര്‍ത്തു. രാത്രിയില്‍ തെരുവ് വിളക്ക് അണച്ച് വാഹനങ്ങള്‍ തകര്‍ത്തു. മുസ്ലിംകള്‍ നടത്തുന്ന കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. പൊലിസിനൊപ്പം സംഘ്പരിവാര്‍ പവര്‍ത്തകരും ആക്രമണത്തിന് കൂടെയുണ്ടായിരുന്നതായും മുസ്ലിം ചെറുപ്പക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും ഭരണകൂടം പ്രഖ്യാപിച്ചു. അതേസമയം, ഹിന്ദുക്കളുടെ ഒരു വീടുപോലും ആക്രമണത്തിന് ഇരയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മുസാഫര്‍ നഗറിലെ മുസ്ലിം പള്ളിയിലേക്ക് വിറകുകളും കത്തിയ ടയറുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ആക്രമണത്തിനിരയായി. പുരുഷന്മാരെ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചു. വീടുകള്‍ക്കുള്ളിലെ ഫര്‍ണിച്ചറും മറ്റ് ഗൃഹോപകരണങ്ങളും പോലിസ് നശിപ്പിച്ച വീഡിയോകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഇത്തരത്തില്‍ അതിക്രൂരമായ രീതിയില്‍ മൃഗീയമായാണ് യു.പിയിലെ ജനങ്ങളെ പൊലിസ് നേരിട്ടത്. കുടുംബങ്ങളെ ഒന്നടങ്കം വലിയ ലാത്തിയുപയോഗിച്ച് ആട്ടിപ്പായിക്കുകയാണ്. ഇതിനിടെ നിലത്തുവീഴുന്നവരെ ക്രൂരമായി കൂട്ടംകൂടി തല്ലിച്ചതക്കും. ഇരുപതിനോടുത്ത് പേരാണ് യു.പിയില്‍ മാത്രം പൊലിസിനാല്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത്തരത്തില്‍ നേരത്തെ മുസഫര്‍ നഗറിലും മറ്റും നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഹിന്ദു-മുസ്ലിം കലാപത്തിനാണ് പരസ്യമായി യോഗി ഭരണകൂടം ശ്രമം നടത്തുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്.

Related Articles