Current Date

Search
Close this search box.
Search
Close this search box.

തബ്‌ലീഗ് സമ്മേളനം വിവാദമാക്കിയവര്‍ ഗുരുദാം സംഗമം കണ്ടില്ല

2020 മാര്‍ച്ച് അവസാന വാരത്തിലാണ് കോവിഡ് 19 അതിവേഗം പടര്‍ന്നുപിടിക്കുന്നതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ബുദ്ധിമുട്ടിലായി. ഇന്ത്യയുടെ പിറവിക്ക് ശേഷം ചരിത്രത്തിലാദ്യമായിട്ടാണ് രാജ്യത്ത് ഇത്തരം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. രാജ്യം മുഴുവന്‍ ഒന്നടങ്കം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് നിരോധിച്ചു. ജില്ല വിട്ട് യാത്ര ചെയ്യണമെങ്കില്‍ പൊലിസിന്റെ അനുമതി വാങ്ങണം. ഇതിനായി സത്യവാങ്മൂലം സമര്‍പ്പിക്കണം. ട്രെയിന്‍,വിമാന,റോഡ് ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. അവശ്യവസ്തുക്കളുടെ കടകള്‍ ഒഴികെ എല്ലാം അടച്ചു. ഇത്തരത്തില്‍ പൗരന്മാര്‍ ഒന്നടങ്കം ബുദ്ധിമുട്ടിലായി. കോവിഡ് പകര്‍ച്ചവ്യാധിയെ പിടിച്ചുകെട്ടുന്നതിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ വിദഗ്ധാഭിപ്രായപ്രകാരം ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്. ലോകത്തെ മറ്റു രാജ്യങ്ങളിലും സമാനമായ രീതിയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഈ സമയത്തായിരുന്നു രാജ്യതലസ്ഥാനത്ത് തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനം നടന്നത്. അയല്‍രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്ത പരിപാടിയായിരുന്നു ഇത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മറ്റുളളവരെ പോലെ ഇവരും തിരിച്ച് നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രയാസപ്പെട്ടു. ഈ സമയത്ത് ഡല്‍ഹി നിസാമുദ്ദീനിലെ മര്‍കസില്‍ ഒരുമിച്ചു കൂടിയ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായും വര്‍ഗ്ഗീയമായിട്ടുമാണ് ഇന്ത്യയിലെ ഭരണകൂടവും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും പ്രതികരിച്ചത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി നിസാമുദ്ദീനിലെ മര്‍കസ് മാറിയെന്നും ഇവിടെ നിന്നാണ് വൈറസ് പ്രചരിക്കുന്നതെന്നും മാധ്യമങ്ങള്‍ പടച്ചുവിട്ടു. തബ്‌ലീഗ് കോവിഡ് എന്ന പുതിയ വകഭേദം വരെ പറഞ്ഞുണ്ടാക്കി. രാജ്യത്തെ മുഴുവവന്‍ തബ്‌ലീഗ് പ്രവര്‍ത്തകരെയും കോവിഡ് വാഹകര്‍ എന്ന രൂപത്തിലാണ് ആളുകള്‍ കൈകാര്യം ചെയ്തത്. കാവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നിരവധി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്തി. മാനസികമായി ഇതെല്ലാം അവര്‍ക്ക് വലിയ ആഘാതമാണുണ്ടാക്കിയത്. വിമാന സര്‍വീസും ട്രെയിന്‍ സര്‍വീസും നിര്‍ത്തിയതോടെ നിസാമൂദ്ദീനില്‍ അകപ്പെട്ടു എന്നതാണ് ഇവര്‍ ചെയ്ത ഏക കുറ്റം. രാജ്യത്ത് വലിയ വിവാദമുണ്ടായ ഈ സംഭവം ഒടുവില്‍ സുപ്രീംകോടതി വരെയെത്തിയിരുന്നു.

എന്നാല്‍ ഇതിന് സമാനമായ, അല്ലെങ്കില്‍ അതിനേക്കാള്‍ വലിയ രീതിയിലുളള ഒരു മതസമ്മേളനം അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടക്കുകയുണ്ടായി. യു.പിയിലെ ഗുരുദാം മന്ദിറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ നഗ്നമായി ലംഘിക്കപ്പെടുകയും വളരെ ലാഘവത്തോടെയുമാണ് സമ്മേളനം നടത്തിയതെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 13നാണ് പ്രദാപ്ഗറിനു സമീപം മംഗദില്‍ വെച്ച് ജഗദ്ഗുരു ക്രിപാലു പരിഷത് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. 14000ല്‍ അധികം ഭക്തരാണ് ഇവിടെ പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തത്. യു.പിയില്‍ മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഇവര്‍ കാറ്റില്‍പറത്തുകയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം വരവില്‍ വലിയ രീതിയിലുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം നിലവിലുണ്ടായിരുന്നു. ഇതാണ് സംഘാടകര്‍ പരസ്യമായി ലംഘിച്ചത്.

മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍, ശരീരോഷ്മാവ് പരിശോധന എന്നിവയൊന്നും ആശ്രമത്തില്‍ പാലിക്കപ്പെട്ടിരുന്നില്ല. കോവിഡ് ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും മതിയായ ചികിത്സയും നല്‍കിയില്ല. പോസിറ്റീവ് ആയവരോട് ഉടന്‍ ആശ്രമം വിട്ടുപോകാന്‍ നിര്‍ദേശിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഉത്തര്‍പ്രദേശിലുടനീളം കോവിഡ് കേസുകള്‍ ദിനേന വര്‍ധിച്ചു വരികയാണ്. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതിനകം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 8750 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. കോവിഡ് വാക്‌സിനേഷന്‍ പ്രക്രിയ തുടരുമ്പോഴും യു.പിയില്‍ കോവിഡ് കേസുകള്‍ മാറ്റമില്ലാതെ ഉയരുകയാണ്. മൂന്ന് ലക്ഷത്തിലധികം പേര്‍ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ പ്രധാനമന്ത്രി യു.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ തബ്‌ലീഗ് പ്രവര്‍ത്തകരേക്കാള്‍ ഇരട്ടിയിലധികം പേര്‍ ഒത്തുകൂടിയിട്ടും അതില്‍ തന്നെ നൂറുകണക്കിന് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിട്ടും ഇത് വാര്‍ത്തയാക്കാനോ ആഘോഷിക്കാനോ ഒരു മീഡിയയും രംഗത്തു വന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാക്കളും പ്രസ്താവനയുമായി രംഗത്തെത്തിയില്ല. ഒരു ചാനലും അന്തി ചര്‍ച്ച നടത്തിയില്ല. ഗുരുദാം ആശ്രമം അധികൃതര്‍ക്കെതിരെ കേസെടുക്കാനോ നടപടി സ്വീകരിക്കാനോ യു.പി സര്‍ക്കാരോ പൊലിസോ മറ്റു അധികൃതരോ തയാറായില്ല. കാരണം പകല്‍പോലെ വ്യക്തമാണ്, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളാണ് ഇതിന് പിന്നില്‍ എന്നുള്ളത് തന്നെ. പ്രതിസ്ഥാനത്ത് ഒരു പ്രത്യേക മതവിഭാഗം വരുമ്പോള്‍ മാത്രം സടകുടന്നെഴുന്നേല്‍ക്കുന്നവരെല്ലാം ഇപ്പോള്‍ ഉറക്കം നടിക്കുകയാണ്.

Related Articles