Current Date

Search
Close this search box.
Search
Close this search box.

ബഹിരാകാശ രംഗത്ത് മേലൊപ്പ് ചാര്‍ത്താന്‍ അറബ് ലോകവും

ബഹിരാകാശ പര്യവേഷണ രംഗത്ത് അറബ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സംഭാവനകള്‍ ഏറെ പിറകിലായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പിന്നോക്കവും യുദ്ധക്കെടുതിയടക്കമുള്ള പലവിധ കാരണങ്ങളുമാകാം അതിനുപിന്നില്‍. എന്നാല്‍ ഈ ഒരു വിടവ് നികത്താന്‍ ബഹിരാകാശ മേഖലയില്‍ തങ്ങളുടേതായ കൈയൊപ്പ് ചാര്‍ത്താന്‍ ഒരുങ്ങിയിരിക്കുകയാണ് യു.എ.ഇ.

അറബ് ലോകത്ത് നിന്നുമുള്ള ആദ്യത്തെ ചൊവ്വാ പര്യവേഷണ ദൗത്യത്തിനാണ് തിങ്കളാഴ്ച പുലര്‍ച്ചെ യു.എ.ഇ തുടക്കമിട്ടിരിക്കുന്നത്. യു.എ.ഇക്കു പുറമേ അറബ് ലോകവും ഏറെ പ്രതീക്ഷയോടെയും അനുഭാവത്തോടെയുമാണ് യു.എ.ഇയുടെ ഈ ദൗത്യത്തെ നോക്കിക്കാണുന്നത്.

രാജ്യത്തിന്റെ ശാസ്ത്രീയവും സാങ്കേതികവുമായ കഴിവുകള്‍ വികസിപ്പിക്കാനും അവുവഴി സമ്പദ് വ്യവസ്ഥയുടെ പ്രധാന മാര്‍ഗങ്ങളില്‍ ഒന്നായ എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നത് കൂടി ദൗത്യത്തിന് പിന്നിലെ ലക്ഷ്യങ്ങളിലൊന്നാണ്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില അടിക്കടി കുറയുന്നതും പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധ ഭീതിയും സംഘര്‍ഷവും ഏറ്റവും ഒടുവിലായി സംഹാര താണ്ഡവമാടുന്ന കോവിഡ് വൈറസുമെല്ലാം മറ്റേതൊരു രാജ്യത്തെ പോലെ യു.എ.ഇയുടെ സമ്പദ് വ്യവസ്ഥയെയും തകിടം മറിച്ചു. വരുമാന രംഗത്തെ പ്രധാന മാര്‍ഗ്ഗമായിരുന്ന ടൂറിസം വ്യവസായവും കോവിഡ് വന്നതോടെ നിലച്ചു. ഈ പ്രത്യേക കാലാവസ്ഥയിലാണ് ബഹിരാകാശത്തേക്ക് കണ്ണും നട്ട് യു.എ.ഇയും ചൊവ്വാ ദൗത്യത്തിന് തുടക്കം കുറിച്ചത്.

ജപ്പാനിലെ തനേഗാഷിമയില്‍ നിന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ പേടകം വിക്ഷേപിച്ചത്. അല്‍ അമല്‍ അഥവാ ഹോപ്പ് എന്നാണ് ഈ പര്യവേഷണ ദൗത്യത്തിന് യു.എ.ഇ നല്‍കിയ പേര്. മണിക്കൂറില്‍ 1,21,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് 493 ദശലക്ഷം കിലോമീറ്റര്‍ താണ്ടിയാണ് ഇത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. അടുത്ത വര്‍ഷം ആദ്യത്തിലാണ് ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതായി കണക്കുകൂട്ടുന്നത്. ഒരു ചൊവ്വാവര്‍ഷം (687 ദിവസം) ഹോപ്പ് ചൊവ്വയെ വലയം വെക്കും. ചുവന്ന ഗ്രഹത്തിന്റെ സമ്പൂര്‍ണചിത്രം പേടകം പകര്‍ത്തും. ചൊവ്വയിലെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും കുറിച്ച് പഠനവും നടത്തും.

ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ ദൗത്യത്തിനായി അറബ് ഭാഷയില്‍ കൗണ്ട്ഡൗണ്‍ നടന്നതിനും കഴിഞ്ഞ ദിവസം ലോകം സാക്ഷിയായി. കഴിഞ്ഞ അഞ്ചു വര്‍ഷമായി യു.എ.ഇ ഈ ദൗത്യത്തിന് പിന്നില്‍ തീവ്രപ്രയത്നത്തിലായിരുന്നു. ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററില്‍ വെച്ചാണ് ഇതിന്റെ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. യു.എ.ഇ രാഷ്ട്ര രൂപീകരണത്തിന്റെ 50ാം വാര്‍ഷിക വേളയായ 2020ല്‍ ഇതിലൂടെ രാജ്യത്തിനും ലോകത്തിനും സമ്മാനം നല്‍കുക എന്നാണ് യു.എ.ഇയുടെ സ്വപ്നം.

നേരത്തെ വികസിത രാജ്യങ്ങളുടെയും അമേരിക്കയുടെയും കുത്തകയായിരുന്നു ബഹിരാകാശ ദൗത്യങ്ങളും വ്യോമയാന-മിസൈല്‍ പരീക്ഷണങ്ങളും. എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണം കൂടിയാണ് യു.എ.ഇയും തങ്ങളുടെ ചൊവ്വാപര്യവേഷണത്തിന് സമാരംഭം കുറിച്ചത്. പേടകം ലക്ഷ്യസ്ഥാനത്തെത്തുന്നതോടെ യു.എ.ഇയുടെയും അറബ് മേഖലയുടെയും ബഹിരാകാശ മേഖലയില്‍ പുതിയ നാഴികക്കല്ലാകും അത് സൃഷ്ടിക്കുക എന്നതില്‍ സംശയമില്ല.

Related Articles