Current Date

Search
Close this search box.
Search
Close this search box.

മുഖം രക്ഷിച്ച് തടി കാക്കുന്ന തുനീഷ്യന്‍ പ്രസിഡന്റ്

അധികാരത്തെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ തുനീഷ്യയില്‍ സജീവമാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയിലെ പ്രസിഡന്റ് ഖൈസ് സഈദിന്റെ നടപടിയാണ് പ്രധാന ചര്‍ച്ചാ വിഷയം. രാജ്യത്തെ പരമോന്നത നീതിന്യായ സമിതിയെ പ്രസിഡന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചിരിക്കുന്നു. രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏതാനും ചില സംവിധാനങ്ങളിലൊന്നാണിത്. ആ സംവിധാനത്തിലാണിപ്പോള്‍ തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ് കൈവെച്ചിരിക്കുന്നത്. തനിക്കെതിരെ തിരിയുന്ന ജുഡീഷ്യറിയുടെ മാസങ്ങളായുള്ള ശക്തമായ വിമര്‍ശനങ്ങളെ മറികടക്കാന്‍ മറ്റെന്ത് വഴിയുണ്ട്! എന്നാല്‍, പ്രസിഡന്റ് ഖൈസ് സഈദിന് പറയാനുള്ളത്, ഇത് അഴിമതിയും ജുഡീഷ്യറിയില്‍ രാഷ്ട്രീയ ശത്രുക്കള്‍ നുഴഞ്ഞുകയറുകയും ചെയ്തത് മൂലമാണെന്നാണ്. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നിയന്ത്രിക്കാന്‍ കഴിയുന്ന പരമോന്നത നീതിന്യായ സമിതിയെ പിരിച്ചുവിട്ടാല്‍ വിമര്‍ശിക്കാനും, ചോദ്യം ചെയ്യാനും ആരുമുണ്ടാകില്ലെന്നാണ് പ്രസിഡന്റ് മനസ്സിലാക്കുന്നത്. എന്നാല്‍, 2011ലെ ജനാധിപത്യത്തിലേക്കുള്ള മടക്കം സമയത്തിന്റെ പ്രശ്‌നമാണെന്ന് പ്രസിഡന്റ് തിരിച്ചറിയുന്നില്ല.

ഖൈസ് സഈദിന്റെ നീക്കത്തിനെതിരായി വലിയ വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. 2021 ജൂലൈ 25ന് പ്രധാനമന്ത്രിയെ പുറത്താക്കുകയും, പാര്‍ലമെന്റ് നിര്‍ത്തിവെക്കുകയും, സര്‍ക്കാറിനെ പിരിച്ചുവിടുകയും ചെയ്തത് മുതല്‍ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. എന്നിരുന്നാലും, അധികാരം സ്ഥിരപ്പെടുത്താനുള്ള തത്രപ്പാടിലാണ് പ്രസിഡന്റ് ഖൈസ് സഈദ്. സമിതിയെ പിരുച്ചുവിട്ടത് നിയമവിരുദ്ധമാണെന്നും, ജഡ്ജിമാരെ പ്രസിഡന്റിന്റെ നിര്‍ദേശത്തിന് കീഴില്‍ കൊണ്ടുവരുകയാണെന്നും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ മേധാവി യൂസുഫ് ബൂസഖിര്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ നിശ്ശബ്ദരായിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഞായറാഴ്ചയിലെ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് രണ്ട് ജുഡീഷ്യല്‍ സംഘടനകള്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് അപലപിച്ചിരുന്നു. ജുഡീഷ്യറിയുടെ ‘രാഷ്ട്രീയ ശുദ്ധികലശ’ത്തിന്റെ ഭാഗമാണെന്നാണ് യങ് മജിസ്‌ട്രേറ്റ് അസോസിയേഷന്റെ പ്രതികരണം. അതേസമയം, സഈദ് എല്ലാ അധികാരങ്ങളും തന്റെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് ജഡ്ജസ് അസോസിയേഷന്‍ വ്യക്തമാക്കി. ഉന്നത ജൂഡീഷ്യല്‍ സമിതിയെ പിരുച്ചുവിടാനുള്ള തീരുമാനം ബോഡി തള്ളിക്കളയുകയും, ജഡ്ജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തതായി അന്നഹ്ദ പാര്‍ട്ടി നേതാവും പാര്‍ലമെന്റ് സ്പീക്കറുമായിരുന്ന റാശിദ് ഗന്നൂശി പ്രസ്താവനയില്‍ അറിയിച്ചു. അത്വയ്യാര്‍, ജുംഹൂരി, തകത്തുല്‍ തുടങ്ങിയ പാര്‍ട്ടികള്‍ നടപടിയെ തള്ളി സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഖൈസ് സഈദ് ഒരടി പിന്നോട്ടുവെക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

2021 ജൂലൈയിലെ അട്ടിമറിക്ക് ശേഷം ഉത്തരവിലൂടെ ഭരണം നിലനിര്‍ത്തുന്ന ഖൈസ് സഈദ് 2011ലെ വിപ്ലവം കൊണ്ടുവന്ന ജനാധിപത്യവും, സ്വാതന്ത്ര്യവും, അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുമെന്ന് ഒരുവശത്ത് പ്രഖ്യാപിച്ചിരന്നു. മറുവശത്ത്, 2014ലെ ജനാധിപത്യ ഭരണഘടനയെ ജനഹിതപരിശോധനക്ക് വിധേയമാക്കുന്നതിന് മുമ്പ് തിരുത്തിയെഴുതുമെന്ന് വ്യക്തമാക്കുന്നു. രാജ്യത്ത് അട്ടിമറി നടന്നിട്ടില്ലെന്നാണ് അദ്ദേഹം ഇപ്പോഴും വാദിക്കുന്നത്. പക്ഷേ, വിയോജിപ്പിന്റെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഭരണാധികാരികള്‍ എക്കാലത്തും തുടര്‍ന്നുപോരുന്ന നയ നിപലപാട് തന്നെയാണ് ഇവിടെയും ഖൈസ് സഈദ് സ്വീകരിക്കുന്നത്. ‘മുഖം രക്ഷിച്ച് തടി കാക്കുന്ന’ നയമാണ് അധികാരികള്‍ എക്കാലത്തും കൈകൊള്ളാറുള്ളത്.

Related Articles