Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ നൂറ്റാണ്ടിലെ കരാര്‍

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ തന്നെ ട്രംപ് ഉയര്‍ത്തിപ്പിടിച്ച പ്രധാനപ്പെട്ട പ്രചാരണങ്ങളില്‍ ഒന്നായിരുന്നു നൂറ്റാണ്ടിലെ കരാര്‍ എന്നു വിളിക്കപ്പെടുന്ന പശ്ചിമേഷ്യന്‍ സമാധാന പദ്ധതി. ഫലസ്തീനികളുടെ രാഷ്ട്ര രൂപീകരണം പൂര്‍ണമായും റദ്ദ് ചെയ്യുന്ന ഇസ്രായേലിന്റെ അജണ്ട നടപ്പിലാക്കാന്‍ സഹായകമാവുന്ന തരത്തിലാണ് ഈ പദ്ധതി ട്രംപ് തയാറാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായി ചേര്‍ന്നാണ് ട്രംപ് പ്ലാന്‍ അവതരിപ്പിച്ചത്. ട്രംപ് ഭരണകൂടം വര്‍ഷങ്ങളായി തയാറെടുത്താണ് 181 പേജുള്ള കരാര്‍ ഉണ്ടാക്കിയത്. കരാറിലൂടെ നേരത്തെ ട്രംപ് പ്രഖ്യാപിച്ച ഇസ്രായേലിന്റെ തലസ്ഥമായി ജറൂസലേമിനെ ഔദ്യോഗികമായി അംഗീകരിച്ചു.
കഴിഞ്ഞ ദിവസം പുറത്തുവിട്ട പദ്ധതിയുടെ രേഖകളില്‍ ഇസ്രായേലിന്റെയും ഭാവി ഫലസ്തീന്റെയും എന്ന പേരില്‍ ഭൂപടവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയെ ആദ്യം മുതലേ തള്ളിപ്പറഞ്ഞ് ഫലസ്തീന്‍ രംഗത്തെത്തിയിരുന്നു. ഫലസ്തീന്‍ അതോറിറ്റിയും ഹമാസും ഫതഹുമെല്ലാം കരാറിനെതിരെ രൂക്ഷ വിമര്‍ശനമാണുന്നയിച്ചത്.

ഫലസ്തീനികളുടെ മണ്ണില്‍ ഇസ്രായേല്‍ അനധികൃതമായി കുടിയേറിയ സ്ഥലങ്ങളെല്ലാം ഇസ്രായേലിന്റെ അടച്ചുകെട്ടിയ ഭൂപ്രദേശമായിട്ടാണ് ഭൂപടത്തില്‍ കണക്കാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ 15 പ്രദേശങ്ങള്‍ മാപ്പില്‍ കാണാം. ഫലസ്തീനിലെ പ്രധാന റോഡുകളും പാലങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. മസ്ജിദുല്‍ അഖ്‌സയില്‍ തല്‍സ്ഥിതി തുടരുമെന്നും എല്ലാ മുസ്ലിംകള്‍ക്കും സമാധാനപരമായി അഖ്‌സയില്‍ സന്ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യാമെന്നും കരാറില്‍ പറയുന്നു. ഫലസ്തീന്‍ മാപ്പില്‍ നിബന്ധനകള്‍ക്ക് വിധേയം എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ മാപ്പില്‍ ‘ദി സ്റ്റേറ്റ് ഓഫ് ഇസ്രായേല്‍’ എന്നാണ് തലക്കെട്ട്. സ്വന്തം നാട്ടില്‍ നിന്ന് ഇസ്രായേലികളോ ഫലസ്തീനികളോ പുറത്തുപോകേണ്ടി വരില്ലെന്ന് ട്രംപ് പറയുന്നുണ്ട്. എന്നാല്‍ ഫലസ്തീന് മുന്നില്‍ വെക്കുന്ന അവസാന അവസരമാണിതെന്നും ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്.

ദ്വിരാഷ്ട്ര സങ്കല്‍പത്തെ തത്വത്തില്‍ അംഗീകരിച്ചാണ് ട്രംപ് കരാര്‍ പ്രഖ്യാപിച്ചത്. ഇസ്രായേലിനെ ഫലസ്തീന്‍ ജൂതരാഷ്ട്രമായി അംഗീകരിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. മൂന്നു തവണ തെരഞ്ഞെടുപ്പ് നടന്നിട്ടും കേവല ഭൂരിപക്ഷം നേടാനാകാതെ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നെതന്യാഹുവിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടിയാണ് ട്രംപ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്നാണ് പൊതുവെയുള്ള വിമര്‍ശനം. മാത്രവുമല്ല അഴിമതിക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട നെതന്യാഹുവിനെ വെള്ളപൂശാന്‍ വേണ്ടി കൂടിയാണ് ട്രംപ് തിരക്കിട്ട് ഇപ്പോള്‍ സമാധാന പദ്ധതി തയാറാക്കിയത് എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്. അറബ് രാജ്യങ്ങളും ലോക നേതാക്കളും കരാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കരാര്‍ ഏകപക്ഷീയവും ഫലസ്തീനികളുടെ അവകാശങ്ങള്‍ റദ്ദാക്കുന്നതും ഇസ്രായേല്‍ അധിനിവേശം സാധൂകരിക്കുന്നതാണെന്നും യു.എന്നും അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിച്ചിട്ടുമുണ്ട്.

Related Articles