Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധത്തിനായി ക്യൂ നില്‍ക്കുന്നവര്‍

സെപ്റ്റംബര്‍ 15നാണ് ഫലസ്തീനികളുടെ ചരിത്രത്തിനു മേല്‍ മറ്റൊരു ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് തുടക്കം കുറിച്ച് രണ്ട് പ്രമുഖ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചത്. ഓഗസ്റ്റ് 13നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തിനു മുന്നില്‍ കരാര്‍ പ്രഖ്യാപിക്കുന്നത്. അബ്രഹാം ഉടമ്പടി എന്ന പേരിലാണ് യു.എസ് കരാര്‍ മുന്നോട്ടുവെച്ചത്. പശ്ചിമേഷ്യയില്‍ സമാധാനം സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തിലാണ് കരാറില്‍ പങ്കാളികളായതെന്നാണ് യു.എ.ഇയും ബഹ്‌റൈനും ഇസ്രായേലുമായുള്ള ബന്ധം സാധാരണവത്കരിച്ചതിനെ ന്യായീകരിച്ചത്. യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കയുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസിന്റെ മുറ്റത്ത് വെച്ചാണ് കരാറില്‍ ഒപ്പിട്ട് ചരിത്രത്തില്‍ ഇടം പിടിച്ചത്.

കരാര്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചിട്ട് രണ്ട് മാസത്തിനടുത്താകുകയാണ്. ഇതിനിടയില്‍ നിരവധി സംഭവ വികാസങ്ങളാണ് കരാറിനെ ചുറ്റിപ്പറ്റി ഉരുതിരിഞ്ഞു വന്നത്. അറബ്-പശ്ചിമേഷ്യന്‍ രാജ്യങ്ങളെയെല്ലാം ഇതേ പാതയില്‍ ഇസ്രായേലുമായി ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതാണ് അമേരിക്കയുടെ അജണ്ട. ഇതിനായുള്ള തിരക്കഥ തയാറാക്കുന്നതിന്റെയും ചരടുവലിയുടെയും അണിയറ നീക്കങ്ങള്‍ സജീവമാണ്. ഈ പണിയാണ് അവര്‍ കഴിഞ്ഞ കുറേ നാളുകളായി ചെയ്തുകൊണ്ടിരിക്കുന്നതും. അങ്ങിനെയാണ് ആദ്യം യു.എ.ഇയെയും പിന്നീട് ബഹ്‌റൈനെയും കരാറില്‍ ഏര്‍പ്പെടുന്നതിലേക്ക് എത്തിച്ചത്.

Also read: ഇസ്രയേലിന്‍റെ ചതിയില്‍ അകപ്പെടാതിരിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നു

അറബ് രാഷ്ട്രങ്ങളെ തങ്ങളുടെ അച്ചുതണ്ടില്‍ ഉറപ്പിച്ചു നിര്‍ത്തി ഇറാനെ ഒറ്റപ്പെടുത്തുക എന്നതാണ് യു.എസ് ഇതിനു പിന്നില്‍ കാണുന്ന രാഷ്ട്രീയ ലാഭം. അമേരിക്കയുടെ എക്കാലത്തെയും ശത്രുവായിരുന്നു ഇറാന്‍. ട്രംപ് അധികാരത്തിലേറിയ ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത മറനീക്കി പുറത്തു വന്നു. പ്രത്യേകിച്ചും ഇറാന്‍ ആണവ കരാറില്‍ നിന്നും ട്രംപ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയതോടെ. ഇങ്ങിനെ ഇറാനെതിരെയുള്ള പടനീക്കത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളെ കരുവാക്കുകയാണ് യു.എസ് ചെയ്യുന്നത്. ഇതിനെ സാധൂകരിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് പശ്ചിമേഷ്യയിലെ പ്രമുഖ മാധ്യമങ്ങള്‍ കഴിഞ്ഞയാഴ്ചകളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയെ പ്രീതിപ്പെടുത്താനാണ് അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുള്ള ബന്ധം സാധാരണമാക്കിയതെന്നാണ് അതിലൊന്ന്. യു.എസിലെ റിപ്പബ്ലിക്കന്‍ നിയമസഭാംഗമായ ടെഡ് ക്രൂസ് ആണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. യു.എസിലെ യു.എ.ഇ,സൗദി അംബാസിഡര്‍മാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനെ അനുകൂലിക്കുന്ന വിഷയത്തില്‍ അറബ് രാജ്യങ്ങളോട് വ്യക്തത വരുത്താന്‍ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയായിരുന്നുവെന്നും ഇതാണ് യു.എ.ഇ,ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങളെ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ സമാധാനപ്രക്രിയയില്‍ സൗദി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Also read: വ്യക്തിത്വവും വിദ്യാഭ്യാസവും

ഇസ്രായേല്‍ കരാറിനെ ബഹുഭൂരിപക്ഷം അറബ്-യൂറോപ്യന്‍ രാജ്യങ്ങളും സ്വാഗതം ചെയ്തതില്‍ നിന്ന് തന്നെ ഇസ്രായേല്‍ ബന്ധത്തിനായി അടുത്ത രാജ്യവും ക്യൂവിലാണെന്ന് മനസ്സിലാക്കാം. കരാറിനെ ന്യായീകരിച്ചും യു.എ.ഇക്ക് പിന്തുണ നല്‍കിയും ഇറാനെതിരെ ശക്തമായി തുറന്നടിച്ചും സൗദി രാജാവ് തന്നെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒമാന്‍, സുഡാന്‍ അടക്കമുള്ള രാജ്യങ്ങളും യു.എസുമായി അണിയറ ചര്‍ച്ച നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഒരു അറബ് രാഷ്ട്രം കൂടി ഇസ്രായേലുമായി ഉടന്‍ കരാറിലേര്‍പ്പെടുമെന്ന് ഉന്നത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം അല്‍ അറബിയ്യ ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എന്നിലെ യു.എസ് അംബാസിഡര്‍ കെല്ലി ക്രാഫ്റ്റ് ആണ് രാജ്യത്തിന്റെ പേര് വ്യക്തമാക്കാതെ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അല്‍ അറബിയ്യക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Also read: നിരീശ്വരവാദത്തിന്റെ പുതിയതലങ്ങള്‍

ഈജിപ്ത്, ജോര്‍ദാന്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ മറ്റു അറബ് രാജ്യങ്ങളും ഈ ക്യൂവില്‍ കയറിപ്പറ്റാന്‍ തിക്കും തിരക്കും കൂട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ പശ്ചിമേഷ്യയില്‍ നിന്നും കാണാന്‍ കഴിയുന്നത്. അതിനായി വിവിധ പ്രലോഭനങ്ങളും ഓഫറുകളും നല്‍കി ടിക്കറ്റ് നല്‍കുന്ന ദൗത്യത്തിലാണ് അമേരിക്ക.

Related Articles