Current Date

Search
Close this search box.
Search
Close this search box.

ഈ ഐസ്‌ക്രീം പെട്ടെന്ന് അലിഞ്ഞുതീരില്ല

അമേരിക്കന്‍ കുത്തക കമ്പനിയായ യൂണിലിവറിന് കീഴിലുള്ള ബെന്‍ ആന്റ് ജെറീസ് ഐസ്‌ക്രീം ഇസ്രായേല്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ ഐസ്‌ക്രീമുകള്‍ വില്‍ക്കില്ലെന്ന പ്രഖ്യാപനം നടത്തി ആഴ്ചകള്‍ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഫലസ്തീന് ഒപ്പം നില്‍ക്കുന്ന നയപരമായ രാഷ്ട്രീയ തീരുമാനം കൂടിയാണ് ബെന്‍ ആന്റ് ജെറീസ് എടുത്തത്.

കമ്പനിയുടെ തീരുമാനം യൂറോപ്പിലും അമേരിക്കയിലും ഇസ്രായേലിലും വലിയ വാഗ്വാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. പലരെയും ഈ തീരുമാനം ചൊടിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഐസ്‌ക്രീം കമ്പനിയും മാതൃകമ്പനിയായ യൂണിലിവറും രണ്ട് തട്ടിലാണ്. ഐസ്‌ക്രീമിന്റെ മാതൃകമ്പനിയായ യൂണിലിവര്‍ ഈ നിലപാട് അംഗീകരിക്കാനാകില്ലെന്നാണ് പരസ്യമായി അറിയിച്ചത്. ബെന്‍ & ജെറിയുടെ നിലപാടിനെ പിന്തുണക്കരുതെന്ന് നേരത്തെ വിവിധ അമേരിക്കന്‍ ജൂത സംഘടനകള്‍ യൂണിലിവറിനോട് ആവശ്യപ്പെട്ടിരുന്നു.

54 വ്യത്യസ്ത ഫ്‌ളേവറുകളില്‍ പുറത്തിറക്കുന്ന കമ്പനിയുടെ ഐസ്‌ക്രീം യൂറോപ്പിലും യു.എസിലും ഏറെ പ്രസിദ്ധമാണ്. അറബ്-ഇസ്രായേല്‍ പാര്‍ലമെന്റംഗങ്ങള്‍ ബഹിഷ്‌കരണത്തെ പിന്തുണച്ച് രംഗത്തെത്തിയപ്പോള്‍ കമ്പനിയുടെ തീരുമാനം പുതിയ തരം തീവ്രവാദമാണെന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രതികരിച്ചത്. ഇത് ഇസ്രായേല്‍ വിരുദ്ധ നടപടിയാണെന്നാണ് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞത്.

ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പടപൊരുതുന്ന ഇസ്രായേല്‍ ബഹിഷ്‌കരണം മുഖ്യ അജണ്ടയായുള്ള ബോയ്കോട്ട്, ഡിവെസ്റ്റ്മെന്റ്, സാങ്ഷന്‍സ് (ബി.ഡി.എസ്) മൂവ്മെന്റിന്റെ അതേ തീരുമാനമാണ് ഇപ്പോള്‍ ഐസ്‌ക്രീം കമ്പനിയും എടുത്തിരിക്കുന്നത്. ഫലസ്തീന്‍ ഭൂമിയിലെ ഇസ്രായേല്‍ കുടിയേറ്റം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധവും സമാധാനത്തിന് തടസ്സവുമാണ് എന്നാണ് ബി.ഡി.എസ് അടക്കമുള്ള ഫലസ്തീന്‍ അനുകൂല പ്രസ്ഥാനങ്ങള്‍ നിരന്തരം ശബ്ദിക്കുന്നത്.

എന്നാല്‍, വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ബെന്‍ & ജെറിയുടെ തീരുമാനം വകവെക്കാതെ ഇസ്രായേലുമായി കച്ചവടം നടത്താന്‍ യൂണിലിവര്‍ പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണെന്നും ഏതെങ്കിലും തരത്തിലുള്ള വിവേചനമോ അസഹിഷ്ണുതയോ തള്ളിക്കളയുകയും ചെയ്യുന്നതായും യൂണിലിവര്‍ സി ഇ ഒ അലന്‍ ജോപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. യഹൂദവിരുദ്ധതയ്ക്ക് ഒരു സമൂഹത്തിലും സ്ഥാനമില്ല. ഞങ്ങള്‍ ഒരിക്കലും ബി ഡി എസ് മൂവ്മെന്റിന് പിന്തുണ അറിയിച്ചിട്ടില്ല, ആ നിലപാട് ഞങ്ങള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

യു.എസിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ വെര്‍മോന്റ് ആസ്ഥാനമായുള്ള ബെന്‍ ആന്റ് ജെറി കമ്പനി ജൂലൈ 19നാണ് ഇത്തരം തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രായേല്‍ അധിനിവേശ ഫലസ്തീന്‍ മേഖലകളില്‍ ഐസ്‌ക്രീം കച്ചവടം ചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് കമ്പനി അറിയിച്ചത്. ഐസ്‌ക്രീമിന് പുറമെ തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ പാലുത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. ബെന്നറ്റ് കോഹന്‍, ജെറി ഗ്രീന്‍ഫീല്‍ഡ് എന്നീ രണ്ട് അമേരിക്കക്കാരാണ് 1978ല്‍ കമ്പനിക്ക് തുടക്കമിട്ടത്. ആദ്യമായാണ് ഇത്തരത്തില്‍ ശക്തമായ രാഷ്ട്രീയ തീരുമാനം കൈകൊള്ളുന്നത്. 2000ല്‍ കമ്പനിയെ ബ്രിട്ടീഷ് ബഹുരാഷ്ട്ര ഭീമന്മാരായ യൂനിലിവര്‍ വാങ്ങുകയായിരുന്നു.

അതേസമയം, കമ്പനിയുടെ തീരുമാനം 90 ദിവസത്തിനകം മാറ്റിയില്ലെങ്കില്‍ പാരന്റിങ് കമ്പനിയായ യൂണിലിവറിലും ഇവരുടെ അനുബന്ധ കമ്പനികളിലും നിക്ഷേപവും കരാറുകളും അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനം രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന കമ്പനികളുടെ പട്ടികയിലേക്ക് യൂനിലിവറിനെയും ഉള്‍പ്പെടുത്തിയെന്നും ഫ്‌ളോറിഡ ഗവര്‍ണര്‍ പറഞ്ഞു.

സാമൂഹിക നീതിക്കു വേണ്ടി ശബ്ദിക്കുന്നതില്‍ നീണ്ട ചരിത്രമുള്ള കമ്പനിയാണ് ബെന്‍ & ജെറി. ‘ഞങ്ങളും അഭിമാനികളായ ജൂതരാണ്. ഞങ്ങളുടെ കമ്പനി അന്തര്‍ദേശീയമായി വികസിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങളുടെ ആദ്യത്തെ വിദേശ വിപണികളിലൊന്നായിരുന്നു ഇസ്രായേല്‍. എന്നാല്‍ യു.എസ് സര്‍ക്കാരിന്റെ ചില നയങ്ങളെ ഞങ്ങള്‍ എതിര്‍ത്തതുപോലെ, ഇസ്രായേലിനെ പിന്തുണയ്ക്കാനും അതിന്റെ ചില നയങ്ങളെ എതിര്‍ക്കാനും ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നുമാണ്’ കമ്പനിയുടെ സി.ഇ.ഒമാരായ ബെന്നറ്റ് കോഹനും, ജെറി ഗ്രീന്‍ഫീല്‍ഡും പറഞ്ഞത്.

ഇസ്രായേലിനോടുള്ള തങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് ഏറ്റവും അവസാനമായി കമ്പനി ഇസ്രായേലിനോട് അറിയിച്ചത്. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഫലസ്തീന്റെ ഭാഗത്ത് നിലയുറപ്പിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനുഷികമൂല്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന നട്ടെല്ലുള്ള നിലപാടാണ് ബ്രിട്ടീഷ് കമ്പനിയായ ബെന്‍ & ജെറി എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ഈ വിവാദം ഉടനൊന്നും അലിഞ്ഞുതീരുകയുമില്ല.

Related Articles