Current Date

Search
Close this search box.
Search
Close this search box.

ഇത് മാടമ്പി രാഷ്ട്രീയം

പാലക്കാട് നഗരസഭ കെട്ടിടത്തിന് മുകളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കാവി പതാകയും ജയ്ശ്രീറാം ഫഌക്‌സും ഉയര്‍ത്തുകയും പിന്നാലെ മറുപടിയെന്നോണം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതും കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. അതേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് കഴിഞ്ഞ ദിവസം കാസര്‍കോഡ് ചീമേനിയില്‍ എസ്.കെ.എസ്.എസ്.എഫിന്റെ പതാക നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ചത് എന്നതാണ് പുതിയ ചര്‍ച്ചാവിഷയം.

എസ്.കെ.എസ്.എസ്.എഫിന്റെ പതാക ദിനമായ ഡിസംബര്‍ 27ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തിയതിന്റെ ഭാഗമായാണ് ചീമേനിക്ക് സമീപം ചാനടുക്കത്ത് പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയത്. എന്നാല്‍ ഇവിടെ നിങ്ങളുടെ പതാക ഉയര്‍ത്തേണ്ടെന്നും പതാകയും കൊണ്ട് ഇങ്ങോട്ട് വരേണ്ടെന്നും തിട്ടൂരം പറഞ്ഞ് ഒരു കൂട്ടം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. സമസ്ത പ്രവര്‍ത്തകരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തി പതാക അഴിപ്പിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

‘ഇവിടെ നിങ്ങളുടെ ഒരു കളിയും നടക്കില്ല, കൊടിമരം അടക്കം എടുത്തുകൊണ്ട് പോകാനും’ അവര്‍ ഭീഷണിപ്പെടുത്തുന്നത് വീഡിയോവില്‍ കാണാം. ‘നമ്മുടെ ശരിക്കുമുള്ള രീതി ഇങ്ങനെയല്ല, നിങ്ങളുടെ പൂര്‍വീകരോട് ചോദിച്ചാല്‍ മതി ഇവിടുത്തെ അനുഭവം. അവരെ ഇങ്ങനെ നടത്താന്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ല, പിന്നെയല്ലേ നീ…’ എന്നിങ്ങനെ പോകുന്നു ഭീഷണി.

മതസംഘടനയുടെ കൊടിയാണിതെന്നും പതാക ദിനത്തിന്റെ ഭാഗമായി ഉയര്‍ത്തിയതാണെന്നും പറഞ്ഞപ്പോള്‍ അതെല്ലാം മദ്‌റസയുടെ മുന്നില്‍ ഉയര്‍ത്തിയാല്‍ മതിയെന്നാണ് ഡിഫി പ്രവര്‍ത്തകരുടെ കല്‍പ്പന. അതായത് തങ്ങള്‍ക്കിഷ്ടമല്ലാത്ത ഒരു പതാകയും പോസ്റ്ററും ഇവിടെ ഉയര്‍ത്തേണ്ട എന്നാണ് പുരോഗമ വിപ്ലവ പ്രസ്ഥാനമെന്ന് ഊറ്റം കൊള്ളുന്ന ഡി.വൈ.എഫ്.ഐ തിട്ടൂരം പറയുന്നത്. ഇവിടെ നിങ്ങളുടെ പതാക ഉയര്‍ത്താന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ലെന്നും മുന്‍കാലങ്ങളിലും അങ്ങിനെയാണ് ഇവിടെ ചെയ്തതെന്നുമാണ് പ്രവര്‍ത്തകര്‍ പറഞ്ഞുവെക്കുന്നത്. ഒരു ഭാഗത്ത് സംഘ്പരിവാറിനെതിരെ ശക്തിയുക്തം എതിര്‍ത്ത് എല്ലാവരുടെയും കൈയടി വാങ്ങുകയും മറുഭാഗത്ത് അതേ സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് ആശയങ്ങള്‍ നടപ്പാക്കുകയും ചെയ്യുകയാണ് നവോത്ഥാന പ്രസ്ഥാനമായ ഡിഫി.

സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ധിക്കാര-ഫാഷിസ്റ്റ് നടപടികള്‍ കേരളത്തില്‍ പുതിയ സംഭവമൊന്നുമല്ല. കേരളത്തില്‍ എസ്.എഫ്.ഐ അടക്കിവാഴുന്ന ക്യാമ്പസുകളില്‍ ഇത് സ്ഥിരം കാഴ്ചയാണ്. തങ്ങളുടേതല്ലാത്ത ഒരു പതാകയും ഇതുവരെ ഉയര്‍ത്താന്‍ അനുവദിക്കാത്ത ഒട്ടേറെ ക്യാംപസുകള്‍ കേരളത്തില്‍ ഇപ്പോഴുമുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പതാക ഉയര്‍ത്തിയതിന്റെ പേരിലും നോട്ടീസ് വിതരണം ചെയ്തതിന്റെ പേരിലും ക്രൂരമായ മര്‍ദനങ്ങളും വധഭീഷണിയും അടക്കം നേരിട്ടുണ്ട് കേരളത്തിലെ എസ്.എഫ്.ഐ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍. എന്തിനേറെ പറയുന്നു, ഇടതുമുന്നണിയുടെ ഭാഗമായ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ വരെ ഇവര്‍ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിമരം നശിപ്പിക്കുന്നതും തകര്‍ക്കുന്നതുമായ വീഡിയോകളും വാര്‍ത്തകളുമെല്ലാം കേരളം ഒട്ടേറെ തവണ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. കേരള വിദ്യാര്‍ത്ഥി രാഷ്ട്രീയം അടക്കിവാഴുന്നത് തങ്ങളാണെന്നും ക്യാംപസുകളില്‍ തങ്ങള്‍ക്കെതിരെ വിമത സ്വരം ഉയര്‍ത്താന്‍ ആരും വരേണ്ടതില്ലെന്നുമുള്ള ഫാഷിസ്റ്റ് നിലപാടാണ് എക്കാലത്തും എസ്.എഫ്.ഐ സ്വീകരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ അവരുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയില്‍ നിന്നും ഇത്തരം നടപടികള്‍ ഉണ്ടായതില്‍ അത്ഭുതം ഉളവാകേണ്ടതില്ല.

സംഭവത്തിനെതിരെ കഴിഞ്ഞ ദിവസം വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഡി.വൈ.എഫ്.ഐ പതാക ഭീഷണിപ്പെടുത്തി അഴിപ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പറഞ്ഞിരുന്നു. നിരവധി കാലങ്ങളായി സമാധാനപരമായി പ്രദേശത്ത് സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ മാന്യമല്ലാത്ത രീതിയില്‍ ഇതിനെ കൈകാര്യം ചെയ്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പതാക അഴിപ്പിച്ച അതേസ്ഥലത്തുവെച്ച് തന്നെ തിങ്കളാഴ്ച വീണ്ടും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തി. പൊലിസുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പ്രവര്‍ത്തകര്‍ കൊടി നാട്ടിയത്. കഴിഞ്ഞ ദിവസം കാസര്‍കോടുണ്ടായ രാഷ്ട്രീയ കൊലപാതകത്തിന്റെ പേരുപറഞ്ഞായിരുന്നു കഴിഞ്ഞ ദിവസത്തെ തര്‍ക്കത്തിന്റെ തുടക്കം. രാഷ്ട്രീയ കൊലപാതകം ആരുടെ ഭാഗത്ത് നിന്നായാലും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയാത്ത ഒന്നാണ് മനുഷ്യജീവന്‍ വെച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. അത് എതിര്‍ക്കപ്പെടേണ്ടതാണ് എന്നതില്‍ സംശയമില്ല, എന്നാല്‍ അതിന്റെ പേരു പറഞ്ഞ് സംഘടന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല.

Related Articles