Editors Desk

ഗാന്ധിജിയെ അവർ ഇനിയും കൊന്നു കൊണ്ടിരിക്കും

ഗാന്ധിജിയെ കൊന്നു എന്നതാണ് സംഘ പരിവാര്‍ ചെയ്ത മഹാ വിഡ്ഢിത്തങ്ങളില്‍ ഒന്ന്. ദേശീയതയുടെയും ദേശ സ്‌നേഹത്തിന്റെയും കുത്തക അവകാശപ്പെടുന്നവര്‍ തന്നെ രാഷ്ട്ര പിതാവിന്റെ ഘാതകരായി എന്നത് സംഘ പരിവാറിനെ എന്നും വേട്ടയാടും. മുസ്‌ലിംകള്‍ക്കു പ്രാധാന്യം നല്‍കുന്നു എന്നതാണ് കൊലയുടെ കാരണമായി ഗോഡ്സെ പറഞ്ഞത്. എന്ത് കൊണ്ട് സംഘ് പരിവാര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരവും മറ്റൊന്നല്ല. ഇന്ത്യയിലെ മുസ്‌ലിം കൃസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഇല്ലാതായാല്‍ സംഘ പരിവാറിന്റെ പ്രസക്തിയും അവസാനിക്കും. ഒരു കാര്യത്തില്‍ അവര്‍ക്കു തെറ്റ് പറ്റി. കൊല്ലപ്പെട്ട ഗാന്ധി കൂടുതല്‍ കരുത്തനായി. അത് കൊണ്ട് തന്നെ ഗാന്ധിജിയെ ഓര്‍ക്കുമ്പോഴും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സംഘ പരിവാര്‍ പ്രതി സ്ഥാനത്തു വരും.

ചരിത്രം തിരുത്താന്‍ എളുപ്പമാണ്. ആടിനെ പട്ടിയാക്കുന്ന പ്രവണത ഏറ്റവും കൂടുതല്‍ ഉപകരിക്കുക ചരിത്രത്തെ മാറ്റുന്ന കാര്യത്തിലാണ്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഒരു പരിധിവരെ അതാണ് നടക്കുന്നത്. അടുത്ത തലമുറയ്ക്ക് ഒരു പക്ഷെ ഗാന്ധിജിയെ എങ്ങിനെയാണ് കൈമാറ്റം ചെയ്യപ്പെടുക എന്നത് പ്രസക്തമാണ് . ഗുജറാത്തിലെ ഒരു സ്‌കൂള്‍ ചോദ്യപ്പേപ്പറില്‍ ഗാന്ധിജി എങ്ങിനെയാണ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യം കേവലം യാദൃശ്ചികതയായി കാണാന്‍ കഴിയില്ല എന്നുറപ്പാണ്. അത് ചിലരുടെ മനസ്സിലിരിപ്പ് പുറത്തു കൊണ്ട് വരുന്നതാണ്. ഒരിക്കല്‍ വെടിവെച്ചു കൊന്ന ഗാന്ധിജിയെ എല്ലാ കൊല്ലവും വീണ്ടും വെടിവെച്ചു കൊല്ലുക എന്നതും ഒരു പ്രതീകാത്മക നടപടിയായി മാത്രമേ കാണാന്‍ കഴിയൂ.

ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘ പരിവാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതും ചിത്രത്തിലാണ്. ഇന്ത്യന്‍ ചരിത്രം വേണ്ട പോലെയല്ല പരിചയപ്പെടുത്തുന്നത് എന്നിടത്താണ് അവരുള്ളത്. ഇന്ത്യന്‍ ശാസ്ത്രവും വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന പരാതി അവര്‍ ഉന്നയിക്കുന്നു. വാജ്പേയ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ അവര്‍ പണി തുടങ്ങിയിട്ടുണ്ട്. മനോഹര്‍ ജോഷിയെ പോലുള്ള ഒരാളെ മാനവ വികസന വകുപ്പ് ഏല്‍പ്പിച്ചിടത്തു നിന്നും തന്നെ അത് തുടങ്ങുന്നു. ഒന്നാം മോഡി സര്‍ക്കാര്‍ കാലത്തു തന്നെ ഈ പ്രവര്‍ത്തനം കാര്യമായി നടന്നു കാണണം. രണ്ടാം മോഡി കാലത്തു അത് ശക്തിപ്പെടുക എന്നതു ഒരു സാധാരണ കാര്യം മാത്രം. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ നാമിപ്പോള്‍ ഒരു സംഘ് പരിവാര്‍ നേതാവിനെയും കാണുന്നില്ല. നമ്മുടെ വരും തലമുറ ഈ രീതിയിലാകും സ്വാതന്ത്ര സമര ചരിത്രം പഠിപ്പിക്കുക എന്ന് പറയാനും കഴിയില്ല.

ആധുനിക ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ രണ്ടു പേരെ വെറുക്കാന്‍ സംഘ പരിവാറിന് കാരണമുണ്ട്. ഒന്ന് ഗാന്ധിജി തന്നെ മറ്റൊന്ന് നെഹ്രുവും. സ്വാതന്ത്ര ഇന്ത്യക്കു ഒരു മതേതര ഭരണ ഘടന ഉണ്ടായി എന്നിടത്തു നിന്നും നെഹ്രുവിനോടുള്ള വെറുപ്പ് തുടങ്ങുന്നു. ഗാന്ധിജിയോടുള്ള വെറുപ്പിന് കാരണം മുകളില്‍ പറഞ്ഞതും . അത് കൊണ്ട് തന്നെയാണ് കിട്ടുന്ന അവസരങ്ങളില്‍ ഇവര്‍ ഈ രണ്ടു പേരെയും ഇകഴ്ത്താന്‍ ശ്രമിക്കുന്നതും. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്ന മോഹന്‍ ഭാഗത്തിന്റെ പ്രയോഗം വിശാല അര്‍ത്ഥത്തില്‍ ഉള്ളതായി തോന്നുന്നില്ല. ഇന്ത്യയില്‍ ജനിച്ചവരെയും ഇന്ത്യയില്‍ ജീവിക്കുന്നവരെയും ഉദ്ദേശിച്ചാണ് അത് പറഞ്ഞതെങ്കില്‍ അത് നല്ല കാര്യമാണ്. ഹിന്ദുക്കള്‍ മാത്രമേ ഇന്ത്യയില്‍ ജീവിക്കേണ്ടൂ എന്നതാണ് ആ പ്രസ്താവനയുടെ ഉദ്ദേശമായി നമുക്ക് വായിക്കാന്‍ കഴിയുന്നത്. സംഘ് പരിവാര്‍ ഉദ്ദേശിക്കുന്ന ഹിന്ദുവായി എല്ലാവരും മാറണമെന്ന് കൂടി അതിനു അര്‍ഥം നല്‍കാം. സംഘ പരിവാറിന്റെ ഭാവനയിലെ ഹിന്ദുവും ഗാന്ധിജിയിലെ ഹിന്ദുവും തീര്‍ത്തും ഭിന്നമാണ്. രണ്ടു പേരും രാം എന്ന് പറഞ്ഞിട്ടുണ്ട്. ഒരു റാം നീതിയുടെ പര്യായമായമാണ്. അതാണ് ഗാന്ധിജി പറഞ്ഞത്. മറ്റൊരു റാം ഫാസിസത്തിന്റെ രൂപമാണ്. അങ്ങിനെ ഒരു റാമിനെ ചരിത്രത്തിനു പരിചയമില്ല എന്ന് കൂടി ചേര്‍ത്ത് പറയണം.

അത് കൊണ്ട് ഗാന്ധിജിയെ അവര്‍ ഇനിയും കൊന്നു കൊണ്ടിരിക്കും. തന്റെ തോക്കു തട്ടിപ്പറിച്ചു സ്വയം വെടിവെച്ച ഗാന്ധിജിയെ തടയാന്‍ ശ്രമിച്ച നല്ലവനായി ചരിത്രം ഗോഡ്സെയെ വാഴ്ത്തും . അത് കൊണ്ട് തന്നെ ഗാന്ധിജി ആത്മത്യ ചെയ്തു എന്നത് ഒറ്റപ്പെട്ട സംഭവമായി കാണരുത് . അതൊരു അസുഖത്തിന്റെ തുടക്കമാണ്. നാം ജാഗ്രത കാണിച്ചില്ലെങ്കില്‍ അതൊരു മഹാമാരിയായി മാറാന്‍ സാധ്യത കൂടുതലാണ്.

Facebook Comments
Related Articles
Show More
Close
Close