Current Date

Search
Close this search box.
Search
Close this search box.

തുർക്കി, അറബ് വസന്താനന്തരം

ജീഹാൻ നുജൈമിന്റെ 2013ലെ ഡോക്യുമെന്ററിയായ ‘ദി സ്‌ക്വയറി’ലെ താരങ്ങളിലൊരാളാണ് അഹ്മദ് ഹസൻ. ഒരുപാട് കാലം ഈജിപ്തിന്റെ അധികാര കേന്ദ്രങ്ങളിൽ അള്ളിപിടിച്ചിരുന്ന ഹുസ്‌നി മുബാറക്കിനെ 2011ൽ അധികാരത്തിൽ നിന്ന് പുറത്താക്കുകയും, തുടർന്ന് വിപ്ലവം വീര്യം ചോരാതെ മുന്നോട്ടുപോവുകയും ചെയ്ത ഒരു വിഭാഗം ഈജിപ്ഷ്യൻ സാമൂഹ്യപ്രവർത്തകരെ പിന്തുടർന്നുകൊണ്ടുള്ളതാണ് ആ ചിത്രം. മൂന്ന് എമ്മി അവാർഡുകൾ നേടിയ ചിത്രം ഓസ്‌കാർ അവാർഡിന് നിർദേശിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, ദി സക്വയർ പുറത്തിറങ്ങിയതിന് ശേഷം അഹ്മദ് ഹസന്റെ ജീവിതം കൂടുതൽ സങ്കീർണതകളും പ്രതിസന്ധികളും നിറഞ്ഞതായി മാറുകയായിരുന്നു.

നിർമാണ കമ്പനികൾ അഹ്മദ് ഹസനെ വിളിക്കാതിരുന്നതിനാൽ ഛായഗ്രാഹകൻ, ചലച്ചിത്രകാരൻ എന്നീ നിലകളിൽ അദ്ദേഹത്തിന് ജോലി ഇല്ലാതായി. ഭീഷണികൾ നേരിട്ട് സിനിമാ രംഗത്ത് നിന്ന് വിടവാങ്ങാൻ നിർബന്ധിതനായി. പരിഹാസങ്ങൾക്ക് പാത്രമായികൊണ്ടല്ലാതെ തെരിവിലൂടെ ക്യാമറയുമായി സഞ്ചരിക്കാനാവുമായിരുന്നില്ല. മിക്ക സുഹൃത്തുക്കളും ജയിലിലടക്കപ്പെടുന്നു, ചിലർ മരിക്കുന്നു. ജയിലിൽ നിന്ന് താൻ ഒരു സെന്റിമീറ്റർ അകലെയാണെന്ന് തോന്നിയപ്പോഴാണ് നാടുവിടുന്നതെന്ന് അദ്ദേഹം ഓർക്കുന്നു. അങ്ങനെ 2018ൽ ഹസൻ രക്ഷപ്പെടാനുള്ള അവസരങ്ങൾ തേടിയാണ് തുർക്കിയിലെത്തുന്നത്. ‘നിങ്ങൾക്ക് തുർക്കി തെരുവുകളിലൂടെ ക്യാമറയുമായി നടക്കാം. യഥാർഥത്തിൽ അത് മനോഹരമാണ്. ഇവിടെ ഞാൻ സഞ്ചരിക്കുന്നു, സ്വാതന്ത്ര്യം അനുഭവിക്കുന്നു. ഇവിടെ ഭരണകൂടമുണ്ടെന്ന തോന്നലുണ്ട്. ഇവിടെ പൊലീസുണ്ട്. പക്ഷേ ഞങ്ങൾ ഭയക്കുന്നില്ല. അവർ ഈജിപ്തിലേത് പോലെയല്ലെന്നതാണ് കാരണം. അതുപോലെ ഇവിടെ നിയമമുള്ളതായി അനഭവപ്പെടുന്നു’ -അഹ്മദ് ഹസൻ അൽജസീറയോട് പറഞ്ഞ വാക്കുകളാണിത്. ഇത് അഹ്മദ് ഹസൻ എന്ന വ്യക്തിയുടെ ജീവിതം മാത്രമല്ല. അറബ് വസന്താനന്തരം നാടുവിടേണ്ടി വന്ന ഒരുപാട് ജീവതങ്ങളുടെ തുടർക്കഥയാണ്.

അറബ് ലോകത്ത് നിന്നുള്ള രാഷ്ട്രീയ പ്രമുഖർ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെ കേന്ദ്രമാണിപ്പോൾ തുർക്കി. ഒപ്പം നാല് മില്യൺ അഭയാർഥികളും തുർക്കി മണ്ണിനെ പുൽകിയിരിക്കുന്നു. അഭയാർഥികളായി വന്നെത്തുന്നവരിൽ അധികവും സിറിയക്കാരാണ്. തുർക്കിയുടെ തെക്കൻ നഗരമായ ഗാസിയെൻടെപ്പിൽ അഞ്ച് ലക്ഷത്തിലധികം സിറിയൻ അഭയാർഥികളാണ് അധിവസിക്കുന്നത്. കടാതെ, ഏഴ് ലക്ഷം ഇറാഖികളുടെ അഭയകേന്ദ്രമായി തുർക്കി മാറിയിരിക്കുന്നു. മുർസിയുടെ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടി മുൻ വക്താവ് ഹംസ സൗബ, ഈജിപ്ഷ്യൻ ലിബറൽ പരിഷ്‌കരണവാദിയും രാഷ്ട്രീയപ്രവർത്തകനുമായ അയ്ൻ നൂർ എന്നിവർ തുർക്കിയിൽ താമസമാക്കിയവരാണ്. ലിബിയ, യമൻ, സിറിയ എന്നിവടങ്ങളിൽ നിന്ന് നാടുവിടേണ്ടിവന്നവർ മീഡിയ ഔട്ട്‌ലെറ്റുകൾ, ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ, സേവനകേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ സ്ഥാപിച്ച് തുർക്കിയുടെ ഭാഗമാകുന്നു. സിറിയയിലെ മുഴുവൻ പാർട്ടികളുടെയും അവകാശ ലംഘനങ്ങൾ റിപ്പോർട്ടുചെയ്യുന്ന, നിഷ്പക്ഷമായി പ്രവർത്തിക്കുന്ന സംഘടനയായ സിറിയ ഫോർ ട്രൂത്ത് ആൻഡ് ജസ്റ്റിസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബസ്സാം അൽ അഹ്മദ് 2012 സിറിയിൽ നിന്ന് തുർക്കിയിലേക്ക് കുടിയേറിയ വ്യക്തികളിൽ ഉൾപ്പെടുന്നു.

തുർക്കി അറബ് വസന്താനന്തരം എങ്ങനെയാണ് അറബികളുടെ കേന്ദ്രമായിത്തീരുന്നത്? തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും, അദ്ദേഹത്തിന്റെ ജസ്റ്റിസ് ആൻഡ് ഡവലപ്‌മെന്റ് പാർട്ടിയും 2002ൽ അധികാരത്തിന്റെ ഭാഗമായത് മുതൽ സ്വീകരിച്ച നയങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു അവസരം സാധ്യമാകുന്നത്. അഥവാ തുർക്കിയുടെ സ്വാധീനവും, മികച്ച നയതന്ത്രത്തിലൂടെ രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും, നിക്ഷേപ-വിദ്യാഭ്യാസ പദ്ധതികൾ എന്നിവ വിപുലീകരിക്കുന്നതിന്റെയും അടസ്ഥാനത്തിലാണ് തുർക്കി ഇത്തരമൊരു മൃതു സമീപനം സ്വീകരിക്കുന്നത്. ശേഷമാണ് അറബ് വസന്ത വീഴ്ചയിൽ നിന്ന് ജനം തുർക്കിയെ ലക്ഷ്യംവെച്ച് ഉയർത്തെഴുന്നേൽക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് പരന്നൊഴുകിയ അറബ് വസന്ത പ്രക്ഷോഭങ്ങളിൽ പലതും അക്രമത്തിലേക്കും അടിച്ചമർത്തലിലേക്കും നീങ്ങിയതിനാൽ അറബ് ദേശത്തുനിന്ന് നാടുവിടേണ്ടിവന്നവരുടെ പ്രധാന കേന്ദ്രമായി തുർക്കി മാറുകയായിരുന്നു.

അറബ് വസന്തത്തെ വലിയ അർഥത്തിൽ പിന്തുണച്ച രാഷ്ട്രമാണ് തുർക്കി. സിറിയൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിനെ ശക്തമായി എതിർക്കുകയും, ഈജിപ്തിലെ ബ്രദർഹുഡ് ബന്ധമുള്ള മുഹമ്മദ് മുർസി ഭരണത്തെ പിന്തുണക്കുകയും ചെയ്യുന്ന നിലപാടാണ് തുർക്കി കൈകൊള്ളുന്നത്. മുസ്‌ലിം ബ്രദർഹുഡിന്റെയും സുപ്രധാനമായ അഭയകേന്ദ്രമാണ് തുർക്കി. സൈനിക അട്ടിമറിയിലൂടെ മുഹമ്മദ് മുർസിയെ അധികാര ഭ്രഷ്ടനാക്കുകയും, അബ്ദുൽ ഫത്താഹ് അൽ സീസി 2013ൽ പ്രസിഡന്റാവുകയും ചെയ്തതിന് ശേഷം പ്രത്യേകിച്ചും. എല്ലാ അർഥത്തിലും നല്ല അന്തരീക്ഷം പ്രധാനം ചെയ്യുന്ന രാഷ്ട്രമായി തുർക്കിയെ അറബികൾ സ്വീകരിക്കുകയാണ്. വരുംകാലങ്ങളിൽ തുർക്കിയിലെ ഈ അറബ് സാന്നിധ്യം അറബ് രാഷ്ട്രീയത്തിൽ തുർക്കിക്ക് വലിയ മുന്നേറ്റം സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.

സ്വാതന്ത്ര്യം, ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തി, ഏകാധിപതികളായ ഹുസ്‌നി മുബാറക്കിനെതിരായി, മുഅമ്മർ ഖദ്ദാഫിക്കെതിരായി, സൈനുൽ ആബിദീൻ ബിൻ അലിക്കെതിരായി അറബ് നാടുകളിൽ നിന്ന് വിപ്ലവ വസന്തം ലോകത്തിന് അനുഭവിക്കാൻ കഴിയുകയായിരുന്നു. അറബ് വസന്തത്തിന് തുടക്കമിടുന്നത് 2010 ഡിസംബർ പത്തിനാണ്. ഇപ്പോൾ, പത്ത് വർഷം അടയാളപ്പെടുത്തുമ്പോൾ വസന്തമില്ലാതായി, ദുരിതം അനുഭവിക്കേണ്ടിവരുന്ന ജീവതങ്ങളുടെ ചിത്രമാണ് ലോകത്തിന് മുന്നിലുള്ളത്. വസന്തത്തിനപ്പുറമുള്ള ദുരിത കാലത്ത് രാഷ്ട്രങ്ങൾ സാമൂഹിക-സാമ്പത്തിക-രാഷ്ടീയ പ്രതിസന്ധി നേരിടുകയാണ്. ജനം ജീവന് ഭീഷണി മുന്നിൽ കാണുകയും ചെയ്യുന്നു. എല്ലാം വിട്ടെറിഞ്ഞ് തുർക്കിയുടെ ഭാഗമായ അറബ് ജനത, പുതിയൊരു സാംസ്‌കാരിക-രാഷ്ട്രീയ മാറ്റത്തിന് നാന്ദിക്കുറിച്ചതായി അറബ് വസന്തത്തെ മുൻനിർത്തി വിലയിരുത്താവുന്നതാണ്.

Related Articles