Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദുല്‍ ഗസ്സാലി മനസ്സിലാക്കിയതാണ് അടിസ്ഥാന കാരണം

പ്രബോധകന്റെ മനോവ്യഥകള്‍ എന്ന പുസ്തകം  ഉസ്താദ് മുഹമ്മദുല്‍ ഗസ്സാലി എഴുതുന്നത്‌  1983 ലാണ്. ഇന്ന് നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകമല്ല അന്നുണ്ടായിരുന്നത്. പ്രസ്തുത പുസ്തകത്തിന്റെ ആറാം അധ്യായത്തില്‍ വ്യാജ പ്രതിബന്ധങ്ങള്‍ എന്ന തലക്കെട്ടില്‍ യൂറോപ്പ് എന്ത് കൊണ്ട് ഇസ്ലാമിനെ ശത്രുപക്ഷത്തു കാണുന്നു എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

“ കുരിശു യുദ്ധക്കാരും പാശ്ചാത്യ രാഷ്ട്രീയക്കാരുമാണ് ഇസ്ലാമിക അദ്ധ്യാപനങ്ങളെ വിരൂപമാക്കിയത്…നിങ്ങളാണ് യുദ്ധം പ്രഖ്യാപിച്ചത് , നിങ്ങളാണ് ശത്രുത തുടങ്ങി വെച്ചത് എന്നായിരുന്നു അവര്‍ സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നത്. യൂറോപ്യന്‍ സ്ത്രീകള്‍ അവരുടെ കുട്ടികളെ തുര്‍ക്കി വരുന്നേ എന്ന് പറഞ്ഞു ഭയപ്പെടുത്തിയിരുന്നു”. ഈ രീതിയില്‍ വളര്‍ന്ന ഒരു തലമുറ ഇസ്ലാമിനെ എങ്ങിനെ കാണാന്‍ ശ്രമിക്കും എന്ന ചോദ്യമാണ് ഗ്രന്ഥ കര്‍ത്താവ് ഉന്നയിക്കുന്നത്.
ഇത്തരം ആരോപണങ്ങളെ നേരിടുന്നതില്‍ ഇസ്ലാമിക ലോകം വളരെ വലിയ അവധാനത കാണിച്ചു. അവര്‍ അപ്പോള്‍ അവര്‍ക്കിടയില്‍ തര്‍ക്കിച്ചു കൊണ്ടിരിക്കയായിരുന്നു എന്ന് ഗസാലി ഓര്‍ത്തെടുക്കുന്നു.

അന്നും ഇന്നും മൂന്നു സംഗതികളിലാണ് യൂറോപ്പ് ഇസ്ലാമിനെ മാറ്റി നിര്‍ത്തിയത് എന്നാണു ഉസ്താദ് ഗസാലി പറയാന്‍ ശ്രമിക്കുന്നത്.
– ഇസ്ലാമിലെ വിധി വിളക്കുകളുടെ കാര്‍ക്കശ്യം.
– പലിശ നിരോധം.
– സ്ത്രീ കുടുംബ വ്യവസ്ഥ എന്നിവയോടുള്ള ഇസ്ലാമിന്റെ നിലപാട്.

Also read: പരോപകാരം പ്രധാനം; പക്ഷെ നന്ദി പ്രതീക്ഷിക്കരുത്

വിശ്വാസവും പ്രവര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് മറ്റു മതങ്ങളില്‍ നിന്നും ഇസ്ലാമിനെ മാറ്റി നിര്‍ത്താന്‍ യൂറോപ്പ് നിബന്ധിതമാകുന്നത്. അവര്‍ക്ക് പരിചിതമായ മതത്തില്‍ പുരോഹിതര്‍ മാറ്റം വരുത്തുന്നത് പോലെ ഇസ്ലാമിലെ വിധി വിലക്കുകള്‍ മാറ്റാന്‍ ആര്‍ക്കും മതം അനുവാദം നല്‍കിയിട്ടില്ല എന്നത് ഒരു മോശം കാര്യമായി യൂറോപ്പ് കരുതുന്നു. ഏകനായ സര്‍വ്വശക്തനായ ദൈവം എന്നതിനെ യൂറോപ്പ് ആ രീതിയില്‍ അംഗീകരിക്കാന്‍ തയ്യാറല്ല. ദൈവത്തിനു പരിധി നിശ്ചയിക്കാന്‍ കഴിയുന്ന മതങ്ങള്‍ക്ക് യൂറോപ്യന്‍ മണ്ണില്‍ എന്നും സ്വാഗതമാണ്. ഫ്രാന്‍സിലെ മുസ്ലിംകളെ വിമര്‍ശിക്കുന്ന കൂട്ടത്തില്‍ അവരുടെ ഭക്ഷണത്തിലെ “ ഹറാം ഹലാല്‍” നിലപാട് ഒരു കാരണമായി എന്നത് ഒരു പുതിയ കണ്ടെത്തലായി കരുതേണ്ടതില്ല.

പലിശ നിരോധനം പുതിയ കണ്ടെത്തലല്ല. തൌറാത്തും ഇഞ്ചീലും അത് വിലക്കിയിട്ടുണ്ട്. പക്ഷെ ആ വിലക്കുകളെ ഇന്നത്തെ മതം അതിജീവിച്ചിരിക്കുന്നു. ഇസ്ലാം ഇപ്പോഴും പലിശയെ വിലക്കപ്പെട്ടതായി കണക്കാക്കുന്നു. ലോക സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നത്‌ പലിശയാണ്. പലിശ രഹിതമായ ഒരു സാമ്പത്തിക ക്രമത്തെ കുറിച്ച് കുറച്ചെങ്കിലും സംസാരിക്കാന്‍ മുന്നോട്ട് വരുന്നത് ഇസ്ലാം മാത്രമാണ്. അത് കൊണ്ട് തന്നെ ഇസ്ലാമിനെ തങ്ങളുടെ മണ്ണില്‍ കൂടുതല്‍ ഇടം നല്‍കുന്നത് ഒട്ടകത്തിനു സ്ഥലം കൊടുത്ത പോലെയാകുമെന്നു യൂറോപ്പ് വിശ്വസിക്കുന്നു .

മൂന്നാമത്തെ കാരണം സ്ത്രീയും കുടുംബവുമാണ്. സ്ത്രീക്ക് പരിഗണന നല്‍കാത്ത ദര്‍ശനമാണ് ഇസ്ലാം എന്ന പല്ലവി അത് കൊണ്ട് തന്നെ അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. “ ഇസ്ലാം സ്ത്രീയെ അവമതിക്കുകയും അവളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നു “ എന്ന് പറയാനും യൂറോപ്പിന് മടിയില്ല. സ്ത്രീയുടെ അധികാരത്തെ ഇസ്ലാം ചോദ്യം ചെയ്തു എന്ന ആരോപണവും പടിഞ്ഞാറ് ഉന്നയിക്കുന്നു. സ്ത്രീയെ മനുഷ്യരായി പോലും കാണാത്ത ഒരു കാലത്താണ് ഇസ്ലാം സ്ത്രീയുടെ സ്ഥാനത്തെ കുറിച്ച് സംസാരിച്ചത്. അവര്‍ ഇസ്ലാമിലെ സ്ത്രീയെ തിരഞ്ഞത് ഐ എസ്  ഐ എസിന്റെ ക്യാമ്പുകളിലാണ്.

ചുരുക്കത്തില്‍ ഇസ്ലാമിനെ എതിര്‍ക്കാന്‍ അവര്‍ക്ക് കാരണമുണ്ട്. ആ കാരണത്തിനു അവര്‍ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. ആധുനിക ഇസ്ലാമിക ലോകത്ത് ആ കാരണങ്ങളെ വസ്തുതാപരമായി തന്നെ വിശകലനം ചെയ്യാന്‍ കഴിയുന്ന കൂട്ടങ്ങള്‍ രൂപം കൊണ്ടു.. പഴയത് പോലെ നുണ പ്രചരണം കൊണ്ട് ഇസ്ലാമിനെ മാറ്റി നിര്‍ത്താന്‍ കഴിയാത്ത അവസ്ഥ വന്നു. ഇതെന്തു കൊണ്ട് എന്ന ചിന്ത അവരെ അലോസരപ്പെടുത്തി. താര്‍ത്താരികളുടെ മുസ്ലിം ലോകത്തേക്കുള്ള കടന്നു കയറ്റവും പിന്നീട് നടമാടിയ രക്തപ്പുഴകളും കണ്ടു വിലപിച്ച പ്രശസ്ത പണ്ഡിതന്‍ ഇബ്നു കസീര്‍ “ ഞാന്‍ ഈ കാലത്ത് ജനിക്കാതിരുന്നെങ്കില്‍ “ എന്ന് വിലപിച്ച സംഭവം മുഹമ്മദുല്‍ ഗസാലി പുസ്തകത്തില്‍ ഒരിടത്ത് ഓര്‍ക്കുന്നുണ്ട്. അതെ സമയം ആധുനിക മുസ്ലിം പണ്ഡിതര്‍ വിലപിക്കാനല്ല പകരം വഴികള്‍ തേടാനാണ് സമുദായത്തെ ഓര്‍മ്മപ്പെടുത്തിയത്‌. അത് കൊണ്ട് തന്നെ ആധുനിക ഇസ്ലാമിക മുന്നേറ്റങ്ങളെ ഭീകരതയുടെയും തീവ്രതയുടെയും പേരിലാണ് പടിഞ്ഞാറ് നേരിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

Also read: ഇസ് ലാമുമായോ മുസ് ലിംകളുമായോ ഒരേറ്റുമുട്ടൽ അജണ്ടയിലില്ല- മാക്രോൺ

ശത്രുവില്ലാത്ത ഒരു ലോകത്തെ കുറിച്ചല്ല ഇസ്ലാം സംസാരിക്കുന്നത്. സത്യത്തിനെതിരെ അസത്യം എന്നത് എക്കാലത്തെയും രീതിയാണ്. ഏറ്റവും നല്ല കാലം എന്ന് പ്രവാചകന്‍ പറഞ്ഞ കാലത്തും ശത്രു സജീവമായിരുന്നു എന്ന് നാം ഓര്‍ക്കണം. മക്കയിലെയും മദീനയിലെയും ആരോപണങ്ങളെ പ്രവാചകന്‍ സ്വന്തം ജീവിതം കൊണ്ടാണ് പ്രതിരോധിച്ചത്. യൂറോപ്പ് ഉയര്‍ത്തി വിടുന്ന നുണ പ്രചാരണത്തില്‍ ഇസ്ലാം എന്നെ തകര്‍ന്നു പോകണമായിരുന്നു. പക്ഷെ അവര്‍ക്ക് ഇസ്ലാം ഒരു അനുഭവമായി തീര്‍ന്നിരിക്കുന്നു. പ്രബോധന രംഗത്ത്‌ ഇസ്ലാമിനെ വെല്ലാന്‍ കഴിയുന്ന ഒന്നും ആരുടെ കയ്യിലുമില്ല. ആ കുറവ് നികത്താന്‍ അവര്‍ കണ്ട രീതിയാണ് പ്രവാചക നിന്ദ്യ. അതിന്റെ പേരില്‍ ഉണ്ടാകാന്‍ ഇടയുള്ള എല്ലാ പ്രതിരോധവും ഇസ്ലാമിന്റെ പേരില്‍ വരവ് വെക്കാനും അവര്‍ക്ക് കഴിയുന്നു.
മാക്രോണിന്റെ കുമ്പസാരം ഒരു രക്ഷപ്പെടല്‍ മാത്രം. മുസ്ലിം ലോകത്തെ പ്രതിഷേധം തടയാന്‍ കഴിയാത്ത രൂപത്തിലേക്ക് വളര്‍ന്നിരിക്കുന്നു. അപ്പോഴും പ്രവാചകന്റെ കാര്‍ട്ടൂണ്‍ freedom of expression ന്റെ ഭാഗമായി അദ്ദേഹം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. Radical Islam ഇസ്ലാമിന്റെ തന്നെ ശത്രുവാണ് എന്നും അദ്ദേഹം പറയാന്‍ ശ്രമിക്കുന്നു. നാല് പതിറ്റാണ്ട് മുമ്പ് ഉസ്താദ് മുഹമ്മദുല്‍ ഗസ്സാലി മനസ്സിലാക്കിയ അടിസ്ഥാന കാരണങ്ങള്‍ തന്നെയാണ് ഇന്നും യൂറോപ്പിനെ നയിക്കുന്നത് എന്ന് മനസ്സിലാക്കാം.

Related Articles