Current Date

Search
Close this search box.
Search
Close this search box.

ലോകം മാതൃകയാക്കേണ്ട രക്ഷാദൗത്യം

വടക്കന്‍ തായ്‌ലാന്റിലെ താംലുവാങ്ങ് ഗുഹയില്‍ അകപ്പെട്ട 12 കൗമാര ഫുട്‌ബോള്‍ താരങ്ങളും അവരുടെ കോച്ചും ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ചകള്‍.
14 ദിവസം നീണ്ട അതിസാഹസികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഗുഹയില്‍ അകപ്പെട്ട 13 പേരെയും വിജയകരമായി തന്നെ പുറത്തെത്തിച്ചതില്‍ തായ്‌ലാന്റ് ദുരന്ത നിവാരണ സേന കൈയടി അര്‍ഹിക്കുന്നുണ്ട്.

ചൊവ്വാഴ്ച അവസാനത്തെ കുട്ടിയെയും തായ് നേവി സീല്‍സ് പുറത്തെത്തിച്ചതോടെയാണ് 18 ദിവസത്തെ ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമായത്. ഇതിനിടെ രക്ഷാദൗത്യത്തിലേര്‍പ്പെട്ട ഒരു തായ് മുങ്ങല്‍ വിദഗ്ദന്‍ മരണത്തിന് കീഴടങ്ങിയതും ലോകം സങ്കടത്തോടെയാണ് ശ്രവിച്ചത്.

1000ത്തിലധികം രക്ഷാപ്രവര്‍ത്തകരാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് കൂരിരുട്ട് മാത്രം കൂട്ടായുള്ള ഗുഹാ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വിവിധ രാജ്യങ്ങള്‍ തായ്‌ലന്റിന് സഹായവും പിന്തുണയുമായി ഒപ്പം നിന്നു. അകമഴിഞ്ഞ പ്രാര്‍ത്ഥനയുമായി തായ് ജനതക്കൊപ്പം ലോകത്തിലെ മനസ്സാക്ഷി വറ്റാത്ത മനസ്സുകളുമുണ്ടായിരുന്നു. മാസങ്ങള്‍ എടുക്കുമെന്ന് കരുതിയ രക്ഷാ ദൗത്യമാണ് ആധുനിക ടെക്‌നോളജിയും മനക്കരുത്തും കൂടിച്ചേര്‍ന്നതോടെ രക്ഷാ ദൗത്യം അനായാസകരമായി പൂര്‍ത്തിയാവുകയായിരുന്നു.

ഒരാള്‍ക്ക് കഷ്ടിച്ച് നുഴഞ്ഞു നീങ്ങാന്‍ മാത്രം വലുപ്പമുള്ള ദ്വാരത്തിലൂടെ ഗുഹക്കുള്ളിലെ ചെളിയും വെള്ളവും വകഞ്ഞുമാറ്റിയാണ് സംഘം കുട്ടികളെ പുറത്തെത്തിച്ചത്. മറ്റു രാജ്യങ്ങളിലെ സഹായം വല്ലാതെ ആശ്രയിക്കാതെ തായ് നേവി സര്‍വീസിനു തന്നെ രക്ഷാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുവെന്നതും മാതൃകാപരമാണ്.

ജൂണ്‍ 23നായിരുന്നു വടക്കന്‍ തായ്‌ലാന്റിലെ മ്യാന്മര്‍ അതിര്‍ത്തിക്കടുത്ത വിനോദസഞ്ചാര മേഖലയായ ദോയി നാങ് നോണ്‍ പര്‍വത മേഖലയിലെ താംലുവാങ്ങ് ഗുഹയില്‍ അകപ്പെട്ടത്. ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കോച്ച് ഇകപോള്‍ ചാന്‍ടവോങ്ങും സാഹസിക യാത്ര നടത്താം എന്നു തീരുമാനിച്ചാണ് ഗുഹക്കകത്ത് കയറിയത്. എന്നാല്‍ പിന്നീട് പെയ്ത കനത്ത മഴയു വെള്ളപ്പൊക്കവും മൂലം ഗുഹക്കകത്ത് വെള്ളം നിറയുകയും ഗുഹാകവാടം അടയുകയുമായിരുന്നു.
തുടര്‍ന്ന് ഫോറസ്റ്റ് ഗാര്‍ഡാണ് പുറത്ത് കുട്ടികളുടെ സൈക്കിളും ബാഗും കണ്ട് അധികൃതരെ വിവരമറിയിച്ചത്.

ജൂണ്‍ 24ന് തുടങ്ങിയ രക്ഷാ പ്രവര്‍ത്തനാണ് ജൂലൈ 10ന് പരിസമാപ്തിയിലെത്തിയത്.
സമീപകാലത്തിനിടെ ലോകം കണ്ട ഏറ്റവും ദുഷ്‌കരമായ രക്ഷാദൗത്യമാണ് തായ് നേവി സീല്‍സ് സുന്ദരമായി പൂര്‍ത്തിയാക്കിയത്. പുറത്തെത്തിച്ച കുട്ടികളില്‍ ആര്‍ക്കും കാര്യമായ പരുക്കോ മറ്റു അപായങ്ങളോ പിടികൂടിയിട്ടില്ല. തായ് ജനതയുടെയും സര്‍ക്കാര്‍ സേവനങ്ങളുടെയും സന്നദ്ധ സംഘടന പ്രവര്‍കരും മറ്റു വളന്റിയര്‍മാരും കൈമെയ് മറന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനവും ലോകത്തിന് തന്നെ മാതൃകയാണ്.

Related Articles