Current Date

Search
Close this search box.
Search
Close this search box.

സുന്നി ഐക്യം: പ്രതീക്ഷ നല്‍കുമ്പോള്‍

കണ്‍മുമ്പിലുള്ള സത്യം അംഗീകരിച്ചു മാത്രമേ ആര്‍ക്കും മുന്നോട്ടു പോകാന്‍ കഴിയൂ. അങ്ങിനെയുള്ള ഒരു സത്യമാണ് മുസ്ലിം സംഘടനകള്‍. കേരളത്തിലേത് പോലെ ഇത്രയധികം സംഘടനകള്‍ മറ്റൊരു നാട്ടിലും ഉണ്ടെന്നു തോന്നുന്നില്ല. ഒരേ ആശയക്കാര്‍ തന്നെ പല സംഘങ്ങളായി പിരിയുന്ന അവസ്ഥ നാം കാണുന്നു. സംഘടനകള്‍ പിളരുക എന്നത് സാധ്യമാണ്. അതിനു കാരണവും കാണും. അധികം പിളര്‍പ്പും ആദര്‍ശം എന്നതിനേക്കാള്‍ മറ്റു പലതുമാണ്. കേരളത്തിലെ പ്രബല വിഭാഗമാണ് സമസ്തയുടെ ഇരു വിഭാഗങ്ങളും. എന്തോ ചില കാരണങ്ങളാല്‍ അവര്‍ രണ്ടായി. ആ വിയോജിപ്പിന്റെ ആദര്‍ശം ഇന്നും ആര്‍ക്കും പിടികിട്ടിയിട്ടില്ല.

ഒരു സംഘടന പിളര്‍ന്നാല്‍ ശേഷം സംഭവിക്കുക ഇരു വിഭാഗവും അവരുടെ ഊര്‍ജം പരസ്പരം ഉപയോഗിക്കും എന്നതാണ്. മുമ്പ് സലഫി സംഘടനകള്‍ പിളര്‍ന്നപ്പോഴും നാം അത് കണ്ടതാണ്. കേരളത്തിലെ ഇരു സുന്നി വിഭാഗങ്ങളും ഏകദേശം ഒരേ നിലപാട് സ്വീകരിക്കുന്നവരാണ്. ഒരേ മദ്ഹബും എന്നത് കൂടി ചേര്‍ത്ത് പറയണം. രണ്ടു കൂട്ടര്‍ക്കുമിടയില്‍ അത്ര വലിയ ആദര്‍ശ വിഷയം നമുക്ക് കണ്ടെത്താനും കഴിയില്ല.

അതിനിടയിലാണ് സമസ്തകള്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത കണ്ടത്. കേരള മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യം എന്നെ പറയാന്‍ കഴിയൂ. രണ്ടു വിഭാഗത്തിനും പരസ്പരമുള്ള എതിര്‍പ്പ് അവസാനിപ്പിച്ചു കൂടുതല്‍ ഗുണകരമായ കാര്യങ്ങളിലേക്ക് തിരിയാന്‍ കഴിയും എന്നുറപ്പാണ്. ഇരു സമസ്തകളും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മുഖ്യ വിഷയം മലബാറിലെ പള്ളി,മദ്‌റസകളുടെ ഉടമസ്ഥതയാണ്. ആ വിഷയത്തില്‍ ഇടക്കിടക്കുണ്ടാകുന്ന ബഹളം മാറ്റി വെച്ചാല്‍ മറ്റെല്ലാ കാര്യങ്ങളും കുഴപ്പമില്ലാതെ മുന്നോട്ടു പോകും. ഇരു സമസ്തകളെയും നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കയ്യിലെടുത്തിരിക്കുന്നു എന്ന് കൂടി ചേര്‍ത്ത് വായിക്കണം. മതം എന്നതിനേക്കാള്‍ പലപ്പോഴും ഈ വിഷയത്തെ കൂടുതല്‍ മോശമാക്കുന്നത് പുറത്തു നിന്നും കടന്നു വരുന്ന രാഷ്ട്രീയമാണ്. സുന്നത്ത്, ബിദ്അത്ത് പോലുള്ള വിഷയങ്ങളില്‍ ഇരു സമസ്തകള്‍ക്കിടയിലും കാര്യമായ പ്രശ്‌നങ്ങളില്ല. കര്‍മ്മ ശാസ്ത്രവും വിശ്വാസ സരണിയും ഇരു കൂട്ടരും ഒന്ന് തന്നെ പിന്തുടരുന്നു.

മുസ്ലിം സമുദായത്തിന്റെ ഊര്‍ജം അധികവും ചിലവഴിക്കുന്നത് രചനാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കല്ല. വാദപ്രതിവാദവും തര്‍ക്കങ്ങളും സജീവമായി തന്നെ നിലകൊള്ളുന്നു. വായിച്ചു മനസ്സിലാക്കുന്നതും കേട്ട് മനസ്സിലാക്കുന്നതും രണ്ട് രീതിയാണ്. വായിച്ചു മനസ്സിലാക്കിയാല്‍ അതിനു ആധികാരികത കൂടുതലാണ്. കേട്ട് മനസ്സിലാക്കിയാല്‍ അതിനു വൈകാരികത കൂടുതലും. അണികളെ വായിപ്പിക്കുക എന്നതിനേക്കാള്‍ കേള്‍പ്പിക്കുക എന്നതാണ് പലരും ചെയ്ത് വരുന്നത്. മുസ്ലിം സംഘടനയുടെ ശത്രു മറ്റൊരു മുസ്ലിം സംഘടനയാണ് എന്ന് പഠിപ്പിക്കുന്നതില്‍ പല നേതൃത്വവും വിജയിച്ചിരിക്കുന്നു. സമുദായത്തിന്റെ മൊത്തം ശത്രു പുറത്തു വായും പൊളിച്ചു നില്‍ക്കുന്ന കാലത്ത് അത് തിരിച്ചറിയാന്‍ വൈകുന്നത് ഏതു നിലക്കും സമുദായത്തിന് ദോഷം തന്നെയാണ്.

സമസ്തയുടെ യോജിപ്പ് എന്ത് കൊണ്ടും സമുദായത്തിന് അനുഗ്രഹമാകും. കൂടുതല്‍ മനുഷ്യ വിഭവങ്ങള്‍ സമുദായത്തിനും സമൂഹത്തിനും ഗുണകരമായ രീതിയില്‍ തിരിച്ചു വിടാന്‍ അതുകൊണ്ട് സാധിക്കും. കാലാകാലങ്ങളായി സംഘടനകളെ വീതം വെച്ചിരുന്നവര്‍ക്കു ഈ യോജിപ്പ് അത്ര നന്നായി തോന്നില്ല. അത് കൂടി ഓര്‍ത്താല്‍ ഈ സംരംഭം ഒരു അനുഭവമാകും.

Related Articles