Current Date

Search
Close this search box.
Search
Close this search box.

സൂയസ് കനാല്‍ ബ്ലോക്ക്: പ്രതിസന്ധിയില്‍ ലോകം

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിഖ്യാതമായ ഈജിപ്തിലെ സൂയസ് കനാല്‍ പാതയില്‍ അപ്രതീക്ഷിതമായി ജപ്പാന്റെ ഉടമസ്ഥതയിലുള്ള ‘എവര്‍ ഗ്രീന്‍’ എന്ന പടുകൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങിയത്. ശക്തിയേറിയ കാറ്റ് മൂലം കപ്പലിന്റെ ഒരു വശം നിയന്ത്രണം വിട്ട് കനാലിന്റെ വശത്തെ മണ്‍കൂനകളില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.  400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ള ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകളിലൊന്നാണിത്. രണ്ടു ലക്ഷം ടണ്‍ ആണ് ഇതിന്റെ ഭാരം.

കപ്പല്‍ സ്തംഭിച്ചതുമൂലം കഴിഞ്ഞ നാലു ദിവസം കൊണ്ട് മൂവായിരം കോടി രൂപയുടെ ചരക്കുനീക്കമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ജപ്പാനിലെ ഷൂയി കിസെന്‍ കയ്ഷ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു കപ്പല്‍. കപ്പലിന്റെ അടിഭാഗം മണലില്‍ ആണ്ടുപോയ നിലയിലാണ്. അതിനാല്‍ തന്നെ കപ്പലിനുള്ളിലെ ചരക്കുകള്‍ നീക്കം ചെയ്ത് ഭാരം കുറക്കുക മാത്രമേ പോംവഴിയുളളൂ എന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ട്. വലിയ ബോട്ടുകള്‍ ഉപയോഗിച്ച് കപ്പല്‍ വലിച്ചു നീക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

മണല്‍തിട്ടയില്‍ ഇടിച്ചുതാഴ്ന്ന കപ്പലിന്റെ മുന്‍ഭാഗത്തു നിന്നും 20000 ക്യുബിക് മീറ്റര്‍ മണലും ചെളിയും ട്രഞ്ചിങിലൂടെ നീക്കം ചെയ്ത് കപ്പല്‍ നീക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. കപ്പലിന്റെ മുന്‍ഭാഗം കനാലിന്റെ ഒരു വശത്തും പിന്‍ഭാഗം മറുവശത്തും തട്ടി അസാധാരണമായ വിധം ബ്ലോക്ക് ആയി കിടക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സൂയസ് കനാലിന്റെ 150 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരം പ്രതിസന്ധി നേരിടുന്നത്. അതിനാല്‍ തന്നെ ഈ രക്ഷാപ്രവര്‍ത്തനത്തില്‍ സൂയസ് കനാല്‍ അധികൃതര്‍ക്കോ മറ്റു രാഷട്രങ്ങള്‍ക്കോ മുന്‍പരിചയമില്ല. എല്ലാവിധ സാങ്കേതിക സഹായങ്ങളും നല്‍കാമെന്ന് അറിയിച്ച് അമേരിക്കയും തുര്‍ക്കിയും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കപ്പല്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ ആഴ്ചകളെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത.്

പ്രതിസന്ധി നീളുന്നതോടെ ലോകത്താകമാനം ചരക്കുനീക്കത്തെ ഗണ്യമായി ബാധിക്കും. കയറ്റുമതി, ഇറക്കുമതി ചിലവ് കൂടും. അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിട്ടേക്കാം. വിവിധ രാഷ്ട്രങ്ങളിലേക്കുള്ള 200ലേറെ ചരക്കുകപ്പലുകളാണ് ഇത് മൂലം ഗതാഗതം തടസ്സപ്പെട്ട് കിടക്കുന്നത്. വഴിയില്‍ കുടുങ്ങിയ കപ്പലുകളിലെ ചരക്കുകള്‍ യഥാസ്ഥാനത്ത് എത്തുന്നത് വൈകും. വാഹനങ്ങള്‍,കന്നുകാലികള്‍, പഴയങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍ എന്നിവയെല്ലാം വിവിധ കപ്പലുകളിലുണ്ട്. ഇതില്‍ ഭക്ഷ്യവസ്തുക്കള്‍ കാലാവധി കഴിയാനും കേടുവരാനും സാധ്യതയുണ്ട്. ഇത് കനത്ത നഷ്ടമാണ് സംരംഭകര്‍ക്ക് ഉണ്ടാക്കുക. അത്യാവശ്യ കയറ്റുമതിക്കായി വ്യോമഗതാഗതത്തെ ആശ്രയിക്കേണ്ടി വരും. ഇത് ചിലവ് ഇരട്ടിയാക്കുകയും അവശ്യവസ്തുക്കളുടെയടക്കം വിലവര്‍ധനവിന് കാരണമാകുകയും ചെയ്‌തേക്കാം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണ നീക്കത്തെ ബാധിച്ചാല്‍ എണ്ണയുടെ വില വര്‍ധനവിനും ഇടയാക്കും. ഇതിനകം തന്നെ കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ശതമാനം നഷ്ടമാണ് ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ഇടിവ് സംഭവിച്ചത്.

അതേസമയം, സൂയസിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്കുള്ള ഏക ബദല്‍പാത പ്രതീക്ഷയുടെ മുനമ്പ് എന്നറിയപ്പെടുന്ന കേപ് ഓഫ് ഗുഡ്‌ഹോപ് വഴി നീങ്ങുക എന്നതാണ്. ദക്ഷിണാഫ്രിക്കയിലെ അറ്റ്‌ലാന്റിക് തീരം വഴിയുള്ള ഈ യാത്ര ഏറെ അപകടംപിടിച്ചതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കാരണം ആഫ്രിക്കന്‍ കടല്‍കൊള്ളക്കാരുടെ സങ്കേതമാണ് ഈ പാത. അതിനാല്‍ തന്നെ ചരക്കുകളുമായെത്തുന്ന കപ്പലുകളും ചരക്കും കൊള്ളയടിക്കാനും ജീവനക്കാരുടെ ജീവന് വരെ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. അതിനാല്‍ തന്നെ സൂയസ് കനാലിലെ കപ്പല്‍ കുരുക്ക് എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടത് ഇപ്പോള്‍ ലോകത്തിന്റെ മൊത്തം ആവശ്യമായി മാറിയിരിക്കുകയാണ്.

Related Articles