Editors Desk

സംഘ്പരിവാര്‍ ആള്‍ക്കൂട്ടക്കൊലപാതകം രണ്ടാം ഭാഗം

രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷം അരങ്ങേറിയതിനേക്കാള്‍ ഭീകരമായ രൂപത്തിലാണ് രണ്ടാം മോദി ഭരണത്തിനു കീഴിലെ സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ മുന്നോട്ട് കുതിക്കുന്നത്. കഴിഞ്ഞ 18ാം തീയതി ജാര്‍ഖണ്ഡിലെ ഖര്‍സവാന്‍ ജില്ലയില്‍ 24കാരനായ തബ്‌രീസ് അന്‍സാരിയെ പോസ്റ്റില്‍ കെട്ടിയിട്ട് നിഷ്‌കരുണം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയതാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ സംഭവം.

മോഷ്ടാവാണെന്നാരോപിച്ച് തബ്‌രീസിനെ 18 മണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിടുകയും ആക്രമികള്‍ നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം,ജയ് ഹനുമാന്‍’ എന്നു വിളിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അനന്‍സാരിയെ അവസാനം അതിഗുരുതരാവസ്ഥയില്‍ 22നാണ് ആശപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അന്ന് തന്നെ അന്‍സാരി മരണത്തിനു കീഴടങ്ങി.

പേര് ചോദിച്ചതിനു ശേഷമാണ് സംഘ്പരിവാര്‍ ഗുണ്ടകള്‍ മര്‍ദനം ആരംഭിച്ചത്. ഇതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇടാനും അവര്‍ മറന്നില്ല. സംഭവത്തിനു പിന്നാലെ ഇതിന്റെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഒരു വീഡിയോവില്‍ അദ്ദേഹത്തിന്റെ പേര് ചോദിച്ചുകൊണ്ട് ആക്രമി വടിയെടുത്ത് നിരന്തരം തലക്കും മുഖത്തും അടിക്കുന്നത് വ്യക്തമാണ്. ഇത് കണ്ടുകൊണ്ട് ഒരു കൂട്ടമാളുകള്‍ ചുറ്റും പ്രതികരിക്കാതെ നോക്കിനില്‍ക്കുന്നതും വീഡിയോവില്‍ കാണാം. ഞാനൊരു മുസ്ലിമാണ് ഞാന്‍ മോഷ്ടിക്കില്ല എന്നും തന്റെ മാതാവാണ് സത്യമെന്നും യുവാവ് ആക്രമികളോട് കരഞ്ഞു പറഞ്ഞെങ്കിലും ഇത് ചെവികൊള്ളാന്‍ അവര്‍ തയാറാകുന്നില്ല എന്നും വീഡിയോവില്‍ കാണാം. മറ്റൊരു വീഡിയോവില്‍ അവന്‍സാരിയെ നിര്‍ബന്ധിപ്പിച്ച് ‘ജയ് ശ്രീറാം,ജയ് ഹനുമാന്‍’ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നുതും കാണാം. പൂനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന തബ്രീസ് വിവാഹം കഴിക്കാനും ചെറിയപെരുന്നാള്‍ ആഘോഷിക്കാനുമായിരുന്നു നാട്ടിലെത്തിയിരുന്നത്. 18ന് ഒരു സംഘമാളുകള്‍ തബ്‌രീസിനെക്കൂട്ടിക്കൊണ്ടു പോയെന്നും അതിനു ശേഷമാണ് ഈ വാര്‍ത്ത പുറത്തു വരുന്നതെന്നുമാണ് യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത്.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടക്കൊല നിത്യസംഭവമായി മാറിയതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പാര്‍ലമെന്റിലും സോഷ്യല്‍ മീഡിയയിലും സോഷ്യല്‍ മീഡിയക്ക് പുറത്തും നടക്കുന്നത്. ജാര്‍ഖണ്ഡ് കശാപ്പുശാലയാണെന്നാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ലോക്‌സഭയില്‍ പറഞ്ഞത്. ദലിതരും മുസ്‌ലിംകളും ജാര്‍ഖഢില്‍ ആഴ്ചതോറും കൊല്ലപ്പെടുകയാണെന്നും അവിടെ അതിക്രമങ്ങളുടെ കേന്ദ്രമായി മാറിയെന്നുമാണ് അദ്ദേഹം വിമര്‍ശിച്ചത്. മുസ്‌ലിം വിരുദ്ധ മനോഭാവം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകം അവസാനിക്കില്ലെന്നും മുസ്‌ലിംകള്‍ തീവ്രവാദികളും ദേശവിരുദ്ധരും പശുവിനെ കൊല്ലുന്നവരുമാണെന്ന മനോഭാവം സൃഷ്ടിക്കുന്നതില്‍ സംഘ്പരിവാര്‍ വിജയിച്ചെന്നും അസദുദ്ദീന്‍ ഉവൈസി എം.പിയും പ്രതികരിച്ചു.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനത്തെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തു വന്നു. മുസ്‌ലിം എം.പിമാര്‍ പാര്‍ലമെന്റിനകത്ത് സംഘ്പരിവാര്‍ ആക്രമണങ്ങള്‍ക്കെതിരെ വാചാലമാകുന്നു, പാര്‍ലമെന്റിന് പുറത്ത് മുസ്‌ലിംകള്‍ ആക്രമണങ്ങള്‍ക്കിരയാവുന്നുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. സംഭവത്തില്‍ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ മൗനമാണ് ആക്രമണത്തെക്കാള്‍ വലിയ ഭീതിയുണര്‍ത്തുന്നതെന്നും വിമര്‍ശനമുയുരുന്നു.

നീതി പാലകരുടെ ഇടപെടല്‍ മൂലം നിയമവും ഈ കൊലയാളികള്‍ക്ക് അനുകൂലമായി വിധി എഴുതും എന്നത് ഉറപ്പാണ്. പതിവുപോലെ കുറ്റവാളികളെ നിസ്സാരക്കുറ്റം ചുമത്തി വെറുതെ വിടുന്ന സ്ഥിതിവിശേഷമാണ് ഈ സംഭവത്തിലും ഉണ്ടാവുക എന്നതിലും സംശയമില്ല.

Facebook Comments
Related Articles
Show More

Check Also

Close
Close
Close