Current Date

Search
Close this search box.
Search
Close this search box.

ത്രിപുരയിലെ സംഘ്പരിവാര്‍ കാടത്തം

കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയിലെ ന്യൂനപക്ഷമായ മുസ്ലിംകള്‍ക്കുനേരെ സംഘ്പരിവാര്‍ ആക്രമികള്‍ മുസ്ലിം വിരുദ്ധ കലാപം രൂക്ഷമായാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു എന്ന കാരണം പറഞ്ഞ് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ത്രിപുരയിലെ മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ തീവ്ര ഹിന്ദുത്വ സംഘടനകളും സംഘ്പരിവാര്‍ ഗുണ്ടകളും വര്‍ഗ്ഗീയ കലാപം അഴിച്ചുവിട്ടത്.

മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളില്‍ വീടുകളും മസ്ജിദുകളും തീയിട്ടും കൈയേറിയും വിശുദ്ധ ഗ്രന്ഥങ്ങള്‍ കത്തിച്ചും മുസ്ലിംകളുടെ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിച്ചും മറ്റു സ്ഥാപനങ്ങള്‍ ആക്രമിച്ചും കലാപം നിര്‍ബാധം തുടരുകയാണ്. നൂറുകണക്കിന് വരുന്ന സംഘ്പരിവാര്‍ അണികള്‍ കൂട്ടമായെത്തിയാണ് കലാപത്തിന് ആഹ്വാനം ചെയ്യുന്നത്.

വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി)ബജ്‌റംഗ്ദള്‍, ആര്‍.എസ്.എസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വാളുകളും മാരകായുധങ്ങളുമായാണ് കലാപകാരികള്‍ ഇരച്ചെത്തിയത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകോപനം സൃഷ്ടിച്ചുകൊണ്ടുള്ള റാലികളില്‍ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങളും വിദ്വേഷവുമാണ് ആളിക്കത്തിക്കുന്നത്.

ബിഷര്‍ഗഡ്, നറോറ, സിപാഹിജാല,കലംചെറ,ഉനകോട്ടി, ധര്‍മനഗര്‍, റോവ ബസാര്‍ പടിഞ്ഞാറന്‍ ത്രിപുരയിലെ കൃഷ്ണനഗര്‍,അഗര്‍ത്തല എന്നീ മേഖലകളിലാണ് ആക്രമികള്‍ അഴിഞ്ഞാടിയത്. ഇവിടങ്ങളിലെല്ലാം ആക്രമികള്‍ കണ്‍മുന്നില്‍ കണ്ട മുസ്ലിം പള്ളികളും വീടുകളും കടകളും തീവെച്ച് നശിപ്പിച്ചു. ഇവിടുത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും അതിക്രമങ്ങളുണ്ടായി, കൈയേറ്റം ചെയ്തു. കൈയില്‍ കിട്ടിയ സാധനങ്ങളെല്ലാമെടുത്ത് പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുകയായിരുന്നു ഇവിടങ്ങളില്‍ താമസിക്കുന്നവരെല്ലാം.

ബി.ജെ.പി നേതൃത്വം നല്‍കുന്ന ബിപ്ലബ് കുമാര്‍ ദേവിന്റെ കീഴിലുള്ള സര്‍ക്കാരും പൊലിസും സംഘ്പരിവാറിന്റെ ഈ നരനായാട്ടിന് മൗനാനുവാദവും രഹസ്യപിന്തുണയും നല്‍കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കലാപാഹ്വാനങ്ങളും വര്‍ഗ്ഗീയ ലഹളകളും കണ്ടിട്ടും കാണാത്ത പോലെ നിസ്സംഗ മനോഭാവം നടിക്കുകയാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും. സമാനമായ മൗനമാണ് മുഖ്യധാര ദേശീയ മാധ്യമങ്ങളും പ്രതിപക്ഷ നേതാക്കളും സ്വീകരിച്ചത് എന്നും ഭീതിജനിപ്പിക്കുന്നതാണ്. ബി.ബി.സിയും അല്‍ജസീറയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവിട്ടിട്ടും ‘ദേശസ്‌നേഹം’ മാത്രം പറഞ്ഞുനടക്കുന്ന ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും അന്തിച്ചര്‍ച്ച നടത്തുകയോ സംഭവം അറിഞ്ഞതായി നടിക്കുകയോ ചെയ്തിട്ടില്ല.

ഏതാനും വരുന്ന സംഘപരിവാര്‍ വിരുദ്ധ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മാത്രമാണ് ത്രിപുരയിലെ സംഭവവികാസങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ ആക്രമണവും അവസാനിച്ച ശേഷമാണ് ധര്‍മനഗര്‍ ജില്ലയില്‍ പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. ഒടുവിലായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂര്‍ എം.പിയും ത്രിപുര വിഷയത്തില്‍ പ്രതിഷേധിച്ചതാണ് ആകെയുള്ള പ്രതികരണം.

1971ലെ യുദ്ധാനന്തരം നിരവധി ബംഗ്ലാദേശികള്‍ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. ഇന്ത്യ വിഭജന സമയത്ത് നിരവധി മുസ്ലിംകള്‍ ബംഗ്ലാദേശിലേക്കും കുടിയേറിയിട്ടുണ്ട്. അതിനാല്‍ തന്നെ ബംഗ്ലാദേശില്‍ നിന്നുള്ളവരും മുസ്‌ലിംകളും ഇന്ത്യ വിരുദ്ധരും തീവ്രവാദികളുമാണെന്ന പൊതുബോധം വളര്‍ത്താനാണ് നൂറ്റാണ്ടുകളായി സംഘ്പരിവാര്‍ സംഘടനകള്‍ പരിശ്രമിക്കുന്നത്. ബംഗാളി സംസാരിക്കുന്നവരെയും കുടിയേറ്റക്കാരെയും ആ കണ്ണുകളിലൂടെയാണ് അവര്‍ നോക്കിക്കണ്ടത്. എല്ലാത്തിനെയും മതത്തിന്റെ കണ്ണുകളിലൂടെ മാത്രം നോക്കിക്കാണുന്ന കാവിഭീകരത പടര്‍ന്നുപിടിച്ചതിന്റെ പ്രതിഫലനമാണിവിടെ കണ്ടത്.

വിദ്വേഷവും വെറുപ്പും വര്‍ഗ്ഗീയതയും ആളിക്കത്തിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ഇതിനകം തന്നെ രാജ്യത്ത് വിജയംകണ്ട രാഷ്ട്രീയ തന്ത്രമാണ് ബി.ജെ.പി ഇവിടെയും സ്വീകരിക്കുന്നത്. കൈ നനയാതെ മീന്‍ പിടിക്കാനുള്ള തന്ത്രം അവര്‍ക്ക് അത്രക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനായി ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും വ്യാജ വാര്‍ത്തകളും സൃഷ്ടിച്ച് വികാരഭരിതരായ അണികളെ ആവേശം കൊള്ളിക്കുകയാണ് സംഘ് നേതൃത്വം. ഇതിനായി തങ്ങളുടെ ചൊല്‍പ്പടിക്ക് നിക്കുന്ന ഭൂപരിപക്ഷം മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും അവര്‍ തന്ത്രപൂര്‍വം ഉപയോഗിച്ചു വരികയാണ്.

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ത്രിപുരയില്‍ ജീവിക്കുന്നു എന്നതാണ് മുസ്‌ലിംകള്‍ ചെയ്ത തെറ്റ്. അതിനാല്‍ തന്നെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഒരു പങ്ക് ഇവര്‍ക്കും ഉണ്ട് എന്ന പൊതുബോധം സംഘ് അണികള്‍ക്കിടയില്‍ കുത്തിവെക്കുന്നതില്‍ ഹിന്ദുത്വ ശക്തികള്‍ വിജയിച്ചു എന്നാണ് ത്രിപുര കലാപം നമ്മോട് പറയുന്നത്. പ്രതികരിക്കേണ്ട പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും മതേതരത്വത്തില്‍ വിശ്വസിക്കുന്ന പൊതുജനങ്ങളും മതേതര സംഘടനകളും പ്രസ്ഥാനങ്ങളും സാംസ്‌കാരിക നായകന്‍മാരുമെല്ലാം അപകടകരമായ മൗനം ഇനിയും തുടര്‍ന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പുറംലോകം പോലും അറിയാത്ത അവസ്ഥയിലാകും ചെന്നവസാനിക്കുക.

 

????വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles