Current Date

Search
Close this search box.
Search
Close this search box.

സമരം പൊളിക്കാന്‍ കുതന്ത്രം മെനയുന്ന സംഘ്പരിവാര്‍

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇടംപിടിച്ച ഐതിഹാസിക സമരമായി മാറിയിരിക്കുകയാണ് കഴിഞ്ഞ ഒന്നര മാസത്തോളമായി തലസ്ഥാന നഗരിയില്‍ കര്‍ഷക സമൂഹം നടത്തുന്ന സമരം. കേന്ദ്ര സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ഷകദ്രോഹ നയങ്ങള്‍ പിന്‍വലിക്കുക, പുതിയ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയുക, കര്‍ഷക ബില്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മരം കോച്ചുന്ന മഞ്ഞിലും തണുപ്പത്തും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതിനോടകം പത്തിലധികം തവണ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും ഒന്നും പൂര്‍ണാര്‍ത്ഥത്തില്‍ വിജയിച്ചില്ല. പൂര്‍ണമായ വിട്ടുവീഴ്ചക്ക് ഇരു കൂട്ടരും തയാറാവത്തതാണ് ചര്‍ച്ച അലസാനുള്ള പ്രധാന കാരണം. കര്‍ഷകദ്രോഹ നയങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചേ പറ്റൂ എന്ന പിടിവാശിയിലാണ് കര്‍ഷകര്‍. പുതിയ നിയമം പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണവര്‍. എന്നാല്‍ നിയമങ്ങളില്‍ ചില അയവ് വരുത്താമെന്നും പരിഷ്‌കരിക്കാമെന്നും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഇത്തരത്തില്‍ തലസ്ഥാന നഗരിയിലും ഡല്‍ഹിയോട് അതിര്‍ത്തി പങ്കിടുന്ന മേഖലകളിലുമെല്ലാം സമരം നാള്‍ക്കുനാള്‍ ശക്തിയാര്‍ജിക്കുകയാണ്. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ കര്‍ഷകര്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സൈനികര്‍ നടത്തുന്ന പരേഡിന് സമാനമായി ട്രാക്ടര്‍ പരേഡ് നടത്താനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ട്രാക്ടറുകള്‍ പരേഡില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ ഇതിന് അനുമതി നല്‍കില്ലെന്ന ശാഠ്യത്തിലാണ് കേന്ദ്രസര്‍ക്കാരും ഡല്‍ഹി പോലീസും. ക്രമസമാധാനപ്രശ്‌നമില്ലെങ്കില്‍ പരേഡ് നടത്താമെന്നാണ് കോടതി പറഞ്ഞത്. പതിവുപോലെ സമരം അവസാനിക്കാത്തതിനാല്‍ സമരം പൊളിക്കാനുള്ള എല്ലാവിധ കുതന്ത്രങ്ങളും പയറ്റുകയാണ് സംഘ്പരിവാര്‍ ശക്തികള്‍. സമരം ചെയ്യുന്ന കര്‍ഷക നേതാക്കളെ വെടിവെച്ചുകൊല്ലാന്‍ പദ്ധതിയിട്ടുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നാലു നേതാക്കളെ കൊലപ്പെടുത്തി റിപ്പബ്ലിക് ദിനത്തിലെ റാലി തടയിടുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ഇത് കര്‍ഷകര്‍ ചേര്‍ന്ന് തടയുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹി- സിംഗു അതിര്‍ത്തിയില്‍ വെച്ച് കര്‍ഷക നേതാക്കളെ ആക്രമിക്കാന്‍ ഒരു സംഘം പദ്ധതിയിടുകയും ഉടന്‍ തന്നെ കര്‍ഷകര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലിസിന് കൈമാറുകയും ചെയ്യുകയായിരുന്നു. സംഭവം പൊലിസിന്റെ അറിവോടെയാണെന്നും കര്‍ഷക സമരം വഴിതെറ്റിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് പിടികൂടിയ അക്രമി മാധ്യമങ്ങളോട് പറഞ്ഞത്. നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളാണ് പിടികൂടിയ അക്രമി പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത്. റിപ്പബ്ലിക് ദിനത്തില്‍ റാലി നടക്കുമ്പോള്‍ പിന്തിരിഞ്ഞു പോകാന്‍ പൊലിസ് ആദ്യം മുന്നറിയിപ്പ് നല്‍കും. എന്നിട്ടും അവര്‍ പിന്തിരിഞ്ഞു പോയില്ലെങ്കില്‍ കാല്‍മുട്ടിന് താഴെ വെടിവെക്കും.

കര്‍ഷകരുടെ കൈയില്‍ തോക്കുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കര്‍ഷകരുടെ ഇടയില്‍ നിന്നും പൊലിസിനു നേരെ വെടിവെക്കുമെന്നും ഇതിനായി പത്തംഗ സംഘത്തെ നിയോഗിച്ചതായും അറസ്റ്റ് ചെയ്യപ്പെട്ട അക്രമി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തില്‍ ജനകീയ സമരത്തെ തോക്കും വെടിവെപ്പുമായി ചോരയില്‍ മുക്കിക്കൊല്ലുക എന്നത് സംഘ്പരിവാറിന്റെ സ്ഥിരം അജണ്ടയാണ്. അതിനായി അവര്‍ തയാറാക്കിയ സംഘം സമരത്തില്‍ വിദഗ്ധമായി നുഴഞ്ഞുകയറുകയും ചെയ്യും. എന്നാല്‍ അതിനുള്ള ശ്രമമാണ് കര്‍ഷകര്‍ വെളിച്ചത്തുകൊണ്ടുവന്നത്. മുന്‍പ് സി.എ.എ വിരുദ്ധ സമരത്തിലും ഇത്തരത്തില്‍ സംഘ്പരിവാറിന്റെ രഹസ്യ അജണ്ടകള്‍ നാം കണ്ടതാണ്. എന്നാല്‍ സിഖ് സമുദായം നേതൃത്വം നല്‍കുന്ന ഈ സമരത്തിന് മുന്‍പില്‍ ഒരു വിധത്തിലുള്ള കുതന്ത്രങ്ങളും വിലപ്പോവില്ലെന്നാണ് കഴിഞ്ഞ ഒന്നര മാസമായി നാം കാണുന്നത്. അത് തന്നെയാണ് ഈ സമരത്തിന്റെ കരുത്തും ഇഛാശക്തിയും.

Related Articles