Current Date

Search
Close this search box.
Search
Close this search box.

ഒരുമാസം പിന്നിടുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം; ആര് ജയിച്ചു?

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരുമാസം പിന്നിടുകയാണ്. ഫെബ്രുവരി 24നാണ് ‘പ്രത്യേക സൈനിക നടപടി’ക്ക് ആഹ്വാനം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിന്‍ അയല്‍രാജ്യമായ യുക്രെയ്നോട് യുദ്ധം പ്രഖ്യാപിച്ചത്. യുക്രെയ്നിന്റെ സൈനികവത്കരണം തടയാനും, വ്ളാദമിര്‍ പുടിന്‍ കാണുന്ന ‘അപകടകരമായ ദേശീയവാദികളെ’ ശുദ്ധീകരിക്കാനും വേണ്ടിയാണ് റഷ്യ സൈനിക നീക്കത്തിന് തുനിഞ്ഞത്. ഈ മാസാദ്യം, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും തുര്‍ക്കി തുറമുഖ പട്ടണമായ അന്റാലിയയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുര്‍ക്കി വിദേശകാര്യ മന്ത്രി കാവുസൊഗ്ലുവും പങ്കെടുത്തിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ കാര്യമായ ഫലം കണ്ടിരുന്നില്ല. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി സമാധാനം സ്ഥാപിക്കുന്നതിന് ആവര്‍ത്തിച്ച് അഭ്യര്‍ഥിക്കുകയും, അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് തയാറാവാണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

ഏകദേശം ഒരു മാസത്തെ യുദ്ധത്തിന് ശേഷം യുക്രെയ്നും റഷ്യയും വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മാവ്ലെറ്റ് കാവുസൊഗ്ലു കഴിഞ്ഞ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. റഷ്യക്കും യുക്രെയ്‌നുമിടയില്‍ മധ്യസ്ഥ ശ്രമത്തിന് തുടക്കം മുതല്‍ക്കെ തുര്‍ക്കി മുന്നോട്ടുവന്നിരുന്നു. യുക്രെയ്നിന്റെ ന്യൂട്രാലിറ്റി, നിരായുധീകരണം, സുരക്ഷാ ഉറപ്പ്, നാസിവത്കരണം തടയുക, യുക്രയ്നില്‍ റഷ്യന്‍ ഭാഷ ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കുക, 2014ല്‍ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ത്ത ക്രീമിയയുടെ അവസ്ഥ, ഡോണ്‍ബാസ് മേഖലയില്‍നിന്ന് വേര്‍പ്പെട്ട റിപ്പബ്ലിക്കുകളുടെ അവസ്ഥ എന്നിവ സംബന്ധിച്ച് ഇരുരാഷ്ട്രങ്ങളും ചര്‍ച്ച നടത്തിയതായി ഹുര്‍റിയത്ത് ദിനപ്പത്രവുമായുള്ള അഭിമുഖത്തില്‍ തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ വക്താവ് ഇബ്റാഹീം കാലിന്‍ പറഞ്ഞു. രാവും പകലും സമാധാന ശ്രമത്തിന് തുര്‍ക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കാവുസൊഗ്ലു കഴിഞ്ഞ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. റഷ്യയുമായും യുക്രെയ്നുമായുള്ള ബന്ധത്തില്‍ നിന്ന് തുര്‍ക്കി പിന്മാറില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ആവര്‍ത്തിച്ചിരുന്നു. റഷ്യക്കെതിരെ തുര്‍ക്കി ഉപരോധം ഏര്‍പ്പെടുത്തുകയോ വ്യോമാതിര്‍ത്തി അടക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, കരിങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന തുര്‍ക്കി കടലിടുക്ക് (Turkish Straits) അടച്ചിട്ടുണ്ട്. ഇത് തുറമുഖത്തേക്ക് മടങ്ങുന്നവരൊഴികെ റഷ്യന്‍ യുദ്ധക്കപ്പലുകളുടെ പ്രവേശനത്തെ ബാധിക്കുന്നതാണ്.

അതേസമയം, റഷ്യക്കെതിരെ ഉപരോധ നടപടികളുമായി രാഷ്ട്രങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. ഇപ്പോള്‍, റഷ്യന്‍ ഊര്‍ജ സ്രോതസ്സുകള്‍ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി യൂറോപിലെ സമ്പന്ന രാഷ്ട്രമായ ജര്‍മനി ഖത്തറുമായി ദീര്‍ഘകാല ഊര്‍ജ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഖത്തര്‍, യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്തെ എല്‍.എന്‍.ജി (liquefied natural gas) ഇറക്കുമതി കുറയ്ക്കുന്നതിനുള്ള ആലോചനയിലാണ് ജര്‍മന്‍ ധനകാര്യ മന്ത്രി റോബര്‍ട്ട് ഹാബെക്. കഴിഞ്ഞ ഞായറാഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഹാബെകുമായി കൂടിക്കാഴ്ച നടത്തുകയും, ഊര്‍ജ മേഖലയുള്‍പ്പെടെ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി എമറേറ്റ് കോര്‍ട്ട് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രകൃതിവാതകം പ്രധാനമായി കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഖത്തര്‍. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന്, ബാല്‍ട്ടിക് കടല്‍ വഴി റഷ്യന്‍ പ്രകൃതി വാതകം നേരിട്ട് ജര്‍മനിയിലെത്തുന്നതിന് രൂപകല്‍പന ചെയ്ത ‘നോര്‍ഡ് സ്ട്രീം 2 വാതക പൈപ്പ്‌ലൈന്‍ പദ്ധതി’ ജര്‍മനി നിര്‍ത്തിവെച്ചു. ജര്‍മനിയിലേക്ക് ഏറ്റവും കൂടുതല്‍ വാതകം വിതരണം ചെയ്തിരുന്നത് റഷ്യയായിരുന്നു. ജര്‍മനിയുടെ പുകതി എല്‍.എന്‍.ജി ഇറക്കുമതിയും റഷ്യയില്‍ നിന്നായിരുന്നു.

റഷ്യന്‍-യുക്രെയ്ന്‍ നയതന്ത്രജ്ഞര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി ഇതുവരെ കൈവരിച്ചിട്ടില്ല. രാഷ്ട്രങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അന്യോന്യം സ്വീകാര്യമാകുന്നില്ലെന്നതാണ് കാരണം. യുക്രയ്ന്‍ അധിനിവേശം റഷ്യ ആരംഭിച്ചത് മുതല്‍ 3.3 മില്യണ്‍ ആളുകള്‍ രാജ്യം വിടുകയും, 6.5 മില്യണ്‍ പേര്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കുകയും ചെയ്തു. രണ്ടാം ലോക യുദ്ധത്തിന് ശേഷം യൂറോപില്‍ അതിവേഗം കുതിക്കുന്ന അഭയാര്‍ഥി പ്രശ്‌നമായി മാറുകയാണിത്. അഭയാര്‍ഥികളില്‍ രണ്ട് മില്യണിലധികം പേര്‍ പോളണ്ടിലേക്കാണ് കുടിയേറിയിരിക്കുന്നത്. മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വെള്ളിയാഴ്ച പോളണ്ടിലേക്ക് പുറപ്പെടുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌നെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ ബ്രസല്‍സില്‍ നാറ്റോ സഖ്യകക്ഷികളുമായും, ജി-7 നേതാക്കളുമായും, യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ബൈഡന്റെ പോളണ്ട് സന്ദര്‍ശനം. വെടനിര്‍ത്തലിനുള്ള വിവിധങ്ങളായ ശ്രമങ്ങളുണ്ടാകുമ്പോഴും റഷ്യ കുതറി മാറുകയാണെന്ന നിരീക്ഷണം പ്രശ്‌നത്തിന്റെ സങ്കീര്‍ണതയാണ് തുറന്നുവെക്കുന്നത്. ഇരുവശത്തും നഷ്ടങ്ങളുടെയും മരണങ്ങളുടെയും കണക്കുകള്‍ മാത്രമാണ് പങ്കുവെക്കപ്പെടുന്നത്. ഒന്നാം യുദ്ധത്തിനും രണ്ടാം യുദ്ധത്തിനും ശേഷം പുതിയൊരു യുദ്ധത്തില്‍ ആര് ജയിച്ചുവെന്നത് വന്‍ശക്തി രാഷ്ട്രങ്ങള്‍ തന്നെ തീരുമാനിക്കട്ടെ!

Related Articles