Editors Desk

പീഡന ദുരിതത്തിലേറി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

തീരാത്ത ദുരന്തത്തിന്റെ കയത്തിലാണ് ഇന്നും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍. സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ അവരെ പുറം ലോകത്തെത്തിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി അവര്‍ കൂടുതല്‍ വന്നു ചേര്‍ന്നു. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ന്യായം പറഞ്ഞാണ് അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. അതെ സമയം കൊടിയ പീഡനം കാരണമാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍ പുറം ലോകത്ത് എത്തിപ്പെട്ടതും.

റോഹിങ്ക്യന്‍ ജനതയെ നൂറ്റാണ്ടിലെ വലിയ അഭയാര്‍ത്ഥി ദുരന്തങ്ങളില്‍ ഒന്നായാണ് ഐക്യരാഷ്ട്ര സഭ പോലും കാണുന്നത്. ഭരണകൂടത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും പിന്തുണയില്‍ നടന്ന കൂട്ടക്കൊലയും ശേഷമുണ്ടായ അഭയാര്‍ത്ഥി പ്രവാഹവും ലോകം ഞെട്ടലോടെ കണ്ടുനിന്നു. ഏകദേശം ഏഴു ലക്ഷം റോഹിങ്ക്യന്‍ മുസ്ലിം ജനതയാണ് അന്ന് രാജ്യം വിട്ടത്. അതില്‍ ഏറിയ പങ്കും ബംഗ്ലാദേശില്‍ തന്നെയാണ് ജീവിക്കുന്നത്. ഏകദേശം നാല്‍പതിനായിരം പേര് ഇന്ത്യയിലും എത്തിയിട്ടുണ്ട് എന്നാണ് കണക്ക്. ഇപ്പോഴും മ്യാന്‍മറിലെ സ്ഥിതിഗതികള്‍ സാധാരണ നില പ്രാപിച്ചിട്ടില്ല. അതെ സമയം തന്നെ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള വ്യഗ്രതയിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍. അതിലും ഭേദം ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളെ കൊല്ലുന്നതാണ് എന്നാണു റോഹിങ്ക്യന്‍ ജനത പ്രതികരിച്ചത്.

ഇന്ത്യയില്‍ നിന്നും പോകുന്നവര്‍ ഇപ്പോള്‍ ബംഗ്ലാദേശിലേക്കാണ് തിരിച്ചു പോകുന്നത്. അവിടെ ഇന്ത്യയേക്കാള്‍ സുരക്ഷിതം എന്നാണ് തിരിച്ചു പോയവര്‍ പറയുന്നത്. ഇന്ത്യയില്‍ തങ്ങളെ എല്ലായ്‌പ്പോഴും ഒരു ഭീകര കണ്ണുകൊണ്ടാണ് അധികാരികള്‍ നോക്കിയിരുന്നത്. ക്യാംപുകളില്‍ എപ്പോഴും പോലീസും ബന്ധപ്പെട്ടവരും കയറി ഇറങ്ങി കൊണ്ടിരിക്കും. ഒരു ഭീകര അന്തരീക്ഷം സൃഷ്ടിക്കുക എന്നത് അവരുടെ ഒരു നിലപാടാണ്. കശ്മീരില്‍ നിന്നും മടങ്ങി പോയ ഒരാള്‍ പറയുന്നത് ‘തിരിച്ചു പോയില്ലെങ്കില്‍ കൊന്നു കളയുമെന്ന് വരെ ഫാസിസ്റ്റുകളുടെ ഭാഗത്തു നിന്നും ഭീഷണി ഉണ്ടായി’ എന്നാണ്.

തങ്ങളുടേതല്ലാത്ത കാരണത്താലാണ് ഒരു ജനത നാട് വിടേണ്ടി വന്നത്. ഒരു ജനതയുടെ മതം നോക്കി അവസ്ഥ നിര്‍ണയിക്കുക എന്നത് ജനാധിപത്യ വിരുദ്ധമാണ്. കേട്ടുകേള്‍വിയില്ലാത്ത പീഡനമാണ് അവര്‍ അനുഭവിക്കുന്നത്. മ്യാന്മര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് നാട്ടില്‍ അവര്‍ക്ക് നിര്‍ഭയമായ സാഹചര്യവും പരിസരവും ഒരുക്കുക എന്നതാണ് മേഖലയിലെ വന്‍ ശക്തി എന്ന നിലയില്‍ ഇന്ത്യ ചെയ്യേണ്ടിയിരുന്നത്. അതെ സമയം ഇരകളെ തീയിലേക്ക് തന്നെ തിരിച്ചയക്കുക എന്ന മോശം നിലപാടാണ് നമ്മുടെ സര്‍ക്കാര്‍ ചെയ്യുന്നതും. പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിലും അവിടുത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു എന്നതാണ് അവര്‍ക്കു പൗരത്വം നല്‍കാനുള്ള ബില്ലിന് പിറകില്‍ എന്നാണ് സര്‍ക്കാര്‍ ഭാഷ്യം, അതെ സമയം റോഹിങ്കന്‍ ജനതയുടെ കാര്യത്തില്‍ ഉള്ള സൗകര്യം പോലും ഇല്ലാതാക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ ചെയ്യുന്നതും.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മാന്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പലരും രംഗത്തു വന്നിരുന്നു. പല സകാത്ത് കമ്മിറ്റികളും മുന്നോട്ടു വന്നെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നുള്ള എതിര്‍പ്പ് മൂലം ഒന്നും നടന്നില്ല. വര്‍ഷങ്ങളായി ക്യാംപുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ സ്‌കൂളുകളില്‍ പോകാന്‍ കഴിയുന്നില്ല. ക്യാമ്പുകളുടെ പുറത്തു പോകാന്‍ കഴിയില്ല എന്നതിനാല്‍ മാന്യമായി ജോലി ചെയ്തു ജീവിക്കാനും കഴിയില്ല. അതെ സമയം തന്നെ ഏതു സമയത്തും പുറത്താക്കാനുള്ള സാധ്യതയും കൂടി വരുന്നു.

ബംഗ്ലാദേശ് – മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇപ്പോഴും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ജീവിക്കുന്നു. ഐക്യരാഷ്ട്ര സഭ നേരിട്ട് തന്നെയാണ് അവിടെ കാര്യങ്ങള്‍ നടത്തുന്നതും. ഇന്ത്യയില്‍ നിന്നും പലവിധ ഭീഷണി മൂലം പുറത്തു പോകുന്ന അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ തമ്പടിക്കേണ്ടി വരുന്നു. ആധുനിക കാലത്തും ജനതകള്‍ പാലായനം ചെയ്യുന്നു എന്നത് ദുരന്തമാണ്. ജനിച്ചു വളര്‍ന്ന നാട്ടില്‍ ജീവിക്കാന്‍ കഴിയാതെ മറ്റുള്ളവരുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വരിക എന്നത് അതിലും വലിയ ദുരന്തം. വിഭജന കാലത്തു അഭയാര്‍ത്ഥികളുടെ ചരിത്രം നേരിട്ടു അറിഞ്ഞവരാണ് നാം അത് കൊണ്ട് തന്നെ അതിന്റെ വിഷമവും നമുക്കറിയാം. പീഡിപ്പിക്കപ്പെടുന്ന മതങ്ങള്‍ക്ക് നിയമമുണ്ടാക്കി എന്നതാണ് നാം ചെയ്ത വലിയ കാര്യം. അതും ചില മതങ്ങള്‍ക്ക് മാത്രം. അതെ സമയം ചില മതക്കാരെ പീഡിപ്പിക്കാന്‍ വേണ്ടി കൂട്ട് നില്‍ക്കുന്നു എന്നതും നമ്മുടെ നാട്ടിലാണ് നടക്കുന്നത് എന്നത് മറ്റൊരു ദുരന്തമാണ്. വാസ്തവത്തില്‍ നിയമം ഉണ്ടാവേണ്ടിയിരുന്നത് പീഡിപ്പിക്കപ്പെടുന്ന മനുഷ്യര്‍ക്കാണ്. അപ്പോള്‍ ഒരു കരച്ചിലും നമ്മുടെ കാതുകള്‍ കേള്‍ക്കാതെ പോകില്ല.

Facebook Comments
Show More

Related Articles

Close
Close