Current Date

Search
Close this search box.
Search
Close this search box.

പ്രതീക്ഷയുടെ പുല്‍നാമ്പുകള്‍

കഴിഞ്ഞ ദിവസം പുറത്തു വന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യന്‍ ജനത ആകാംക്ഷയോടെയും അതിലുപരി ആശങ്കയോടെയുമാണ് കാത്തിരുന്നത്. എന്നാല്‍ ഫലം പുറത്തു വന്നതോടെ ഇന്ത്യന്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തെല്ലൊരാശ്വാസം നല്‍കുന്ന ഫലമായിരുന്നു. ആശ്വാസം താല്‍ക്കാലികം മാത്രമാണോ അതോ സ്ഥിരതയുള്ളതാണോ എന്നറിയാന്‍ 2019 മെയ് വരെ കാത്തിരിക്കണം എന്നു ചുരുക്കം.

എങ്കിലും കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യയെന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഫാഷിസ്റ്റ്,ഏകാധിപത്യ ഭരണത്തിലേക്ക് തെളിച്ചുകൊണ്ടു പോകാനുള്ള തീവ്ര യത്‌നത്തിലായിരുന്നു മോദിയും അമിത്ഷായും. അതിലവര്‍ ഏറെക്കുറെ വിജയിച്ചു എന്നുറപ്പാക്കി സമാധാനത്തിലിരിക്കുന്ന സമയത്താണ് നിര്‍ണായകമായ ഈ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വരുന്നത്. മധ്യപ്രദേശ് ഒഴികെ നാല് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് നിലംതൊടാന്‍ കഴിഞ്ഞിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അവസാനും ബി.ജെ.പിക്കും മോദിക്കും സമ്മതിക്കേണ്ടി വന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന,നോട്ട് നിരോധനം,ജി.എസ്.ടി,ഇന്ധന വില വര്‍ധന തുടങ്ങി ജനങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിക്കുന്ന എല്ലാ പദ്ധതികളും കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മോദിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തു കഴിഞ്ഞിരുന്നു.

2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതു മുതല്‍ തന്നെ രാജ്യത്തെ മുസ്‌ലിം,ന്യൂനപക്ഷ,ദലിത്,പിന്നോക്ക സമുദായങ്ങളുടെ കഷ്ടതയും ആരംഭിച്ചു. പശുവിന്റെയും എരുമയുടെയും പേരില്‍ പച്ച മനുഷ്യരെ പെട്രോളൊഴിച്ച് കത്തിച്ചും കെട്ടിത്തൂക്കിയും കൂട്ടമായി മര്‍ദിച്ചും കൊലപ്പെടുത്തുന്നതിന്റെ പരമ്പര തന്നെയായിരുന്നു.

ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞതിന് വരെ മൃഗീയമായി പീഢിപ്പിക്കപ്പെട്ടു. അവസാനമായി ചത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ കൊണ്ടുവന്നിട്ട് മന:പൂര്‍വം കലാപത്തിന് കോപ്പുകൂട്ടുകയും ചെയ്തു. തങ്ങളുടെ പ്രത്യയശാസ്ത്രങ്ങളെ എതിര്‍ത്ത് സംസാരിക്കുന്നവരെയും എഴുതുന്നവരെയും മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും കൊലപ്പെടുത്തിയും സംഘ്പരിവാര്‍ അവരുടെ നായാട്ട് തുടര്‍ന്നു. എന്നിങ്ങനെ സാധാരണ ജനത്തിന് യാതൊരു ഉപകാരവുമില്ലാതെ കോര്‍പറേറ്റ് മുതലാളിമാരുടെ താല്‍പര്യ സംരക്ഷണത്തിനായി നിലകൊള്ളുകയായിരുന്നു എന്‍.ഡി.എ സര്‍ക്കാര്‍. മതവികാരം കത്തിച്ചു നിര്‍ത്തിയും പ്രകോപന,വിദ്വേഷ പ്രസംഗങ്ങളിലൂടെയും അവര്‍ അണികളെ കൈയിലെടുത്തു.

മുസ്ലിം നാമത്തിലുള്ള ചരിത്ര സ്മാരകങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയും ആരാധനാലയങ്ങള്‍ കൈയേറിയും അവര്‍ ഹിന്ദുക്കളുടെ സംരക്ഷകരാണെന്ന വേഷം കെട്ടി. അവസാനം ആര്‍ക്കു വേണ്ടിയാണോ നിലകൊള്ളുന്നത് എന്ന് വാദിച്ചവര്‍ അവരാല്‍ തന്നെ തുടച്ചു നീക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കാണാന്‍ സാധിച്ചത്. അഞ്ചു സംസ്ഥാനങ്ങളില്‍ നാലെണ്ണത്തിലും ജനസംഖ്യയില്‍ ഭൂരിപക്ഷവും ഹിന്ദു സമൂഹമാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ തന്നെ ഹിന്ദുസംരക്ഷകരെന്ന വ്യാജ വേഷം കെട്ടിയവരെ പുറംകാലുപയോഗിച്ച് ചവിട്ടിപുറത്താക്കി എന്നതാണ് ആശ്വാസ്യകരം. തകര്‍ച്ചയുടെ പാതയില്‍ നിന്നും പ്രതീക്ഷയോകി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തിരിച്ചുവരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. വരാനിരിക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യവും ഒരുമിച്ചു നിന്നാല്‍ ലഭിക്കുന്ന ഫലത്തിലേക്കുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം വെളിച്ചം വീശുന്നത്.

Related Articles