Current Date

Search
Close this search box.
Search
Close this search box.

മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച പ്രളയ കാലം

സോഷ്യല്‍ മീഡിയ കാലത്തു ലോകം കൂടുതല്‍ വിശാലമാകണമായിരുന്നു. അതിനു വിപരീതമായി ലോകവും മനുഷ്യരും കൂടുതല്‍ കുടുസ്സായി എന്നതാണ് അനുഭവം. ജാതി മത വ്യത്യാസമില്ലാതെ ആരാധനാലയങ്ങള്‍ മനുഷ്യര്‍ക്ക് മുന്നില്‍ തുറന്ന അനുഭവമാണ് ഈ ദുരിത കാലത്തിനു പറയാനുള്ളത്.

ഇസ്ലാം അനുഭവിച്ചാല്‍ മാത്രമാണ് പൂര്‍ണമായി മനസ്സിലാവുക. ഇസ്ലാം പലര്‍ക്കും ഒരു അനുഭവമല്ല പകരം ചില തെറ്റായ വിവരവും വിവരണവും മാത്രമാണ്. ആ തെറ്റായ ധാരണകള്‍ ഒരു വിഭാഗം അവരുടെ പാര്‍ട്ടിയും സംഘടനയും വളര്‍ത്താന്‍ ഉപയോഗിക്കുന്ന കാലത്ത് സംഭവിച്ച പ്രളയമെന്ന ദുരന്തം ചില സമയത്ത് പ്രതീക്ഷയും നല്‍കുന്നുണ്ട്.

ജനങ്ങളുമായി കൂടി ചേര്‍ന്ന് ജീവിക്കുക എന്നതാണ് നല്ല വിശ്വാസിയുടെ സ്വഭാവം. ജനങ്ങളുമായി കൂടി കലരുകയും അവരില്‍ നിന്നും സംഭവിക്കുന്ന ബുദ്ധിമുട്ടുകളെ സ്ഥൈര്യത്തോടെ നേരിടുകയും ചെയ്യുന്നവരെ കുറിച്ച് പ്രവാചകന്‍ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്. ഇസ്‌ലാം ആരാധനാലയങ്ങളില്‍ ജീവിക്കേണ്ട ദര്‍ശനമല്ല. അത് മനുഷ്യര്‍ക്കിടയില്‍ ജീവിക്കണം. അങ്ങിനെ മതം സമൂഹത്തില്‍ ജീവിക്കുന്നില്ല എന്നതാണ് പല തെറ്റിദ്ധാരണകള്‍ക്കും കാരണം.

പ്രവാചക കാലത്തു ഇസ്ലാമിനെ കുറിച്ച എതിരാളികളുടെ ആരോപണങ്ങള്‍ക്ക് മറുപടിയായിരുന്നു പ്രവാചക ജീവിതം. അപ്പോള്‍ പല തെറ്റിദ്ധാരണകളും ഉടലെടുക്കുക്കുന്നതു അറിവില്ലായ്മയില്‍ നിന്നാണ്.

അവിചാരിതമായി ഒരു ദുരന്തത്തില്‍ പരസ്പരം അടുക്കാന്‍ സാധിച്ചു എന്നത് പലരുടെയും ധാരണകള്‍ മാറ്റാന്‍ പര്യാപ്തമായിരിക്കുന്നു. ജനലും വാതിലും തുറക്കാന്‍ തയ്യാറാകാത്ത വീടിനെ കുറിച്ച് നാം ദുരൂഹം എന്ന് പറയും. അങ്ങിനെ ഒരു ദുരൂഹതയിലാണ് മതങ്ങള്‍ ജീവിക്കുന്നത്. മതം നമ്മുടെ നാട്ടില്‍ ഉള്ളില്‍ മാത്രം ജീവിക്കുന്നു. പുറം ലോകവുമായി അത് ബന്ധം സ്ഥാപിക്കാറില്ല.

മതം ആരാധനകളോടൊപ്പം ഊന്നിപ്പറയുന്ന ഒന്നാണ് സാമൂഹിക ജീവിതവും. ഖുര്‍ആന്‍ സാമൂഹിക ജീവിതത്തെ കുറിച്ച് പറഞ്ഞത് അനവധി തവണയാണ്. അതിന്റെ ഭാഗമാണ് മതത്തിന്റെ കാരുണ്യ മുഖം. പരലോക മോക്ഷമാണ് ഇസ്ലാം പറയുന്ന ആത്യന്തിക ലക്ഷ്യം. അതിലേക്കുള്ള വഴികളില്‍ പ്രമുഖമാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍. അത് ജനത്തിന് നേരില്‍ ബോധ്യമാവും. വിശ്വാസിയുടെ ജീവിതമാണ് വിശ്വാസിയുടെ സന്ദേശം.

ഇസ്ലാമിനെ കുറിച്ച് പലരും പരത്താനാഗ്രഹിക്കുന്ന ധാരണകള്‍ മുസ്ലിംകളുടെ ജീവിതം കൊണ്ട് തിരുത്താന്‍ കഴിയണം. അതിനുള്ള മാര്‍ഗമായി ഈ ദുരന്തം മാറി എന്നത് ഒരു നല്ല കാര്യം തന്നെ. തങ്ങളുടെ സംഘടന വളര്‍ത്താന്‍ മറ്റുള്ളവരെ മോശമാക്കിയാല്‍ മാത്രമാണ് സാധിക്കുക എന്നത് നല്ല കാര്യമല്ല. ഞാന്‍ നല്ലവനെന്നു എന്റെ ജീവിതം കൊണ്ട് തെളിയിക്കണം. അതാണ് പ്രവാചകന്‍ ചെയ്തത്. തനിക്കു നേരെയുള്ള ആരോപണം മറ്റുള്ളവരുടെ കുറ്റം എടുത്തു പറഞ്ഞു കൊണ്ടല്ല പ്രവാചകന്‍ നേരിട്ടത്. പകരം ‘ ഞാന്‍ നിങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി ജീവിക്കുന്നവനല്ലേ’ എന്നതായിരുന്നു അവിടുത്തെ പ്രതികരണം.

ഇസ്ലാമിനെ കുറിച്ച് ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ എന്റെ കൂടെ ജീവിക്കുന്ന മുസ്ലിംകള്‍ ഇങ്ങനെയല്ല എന്ന് സമൂഹം പറയുന്ന അവസ്ഥയിലേക്ക് സമൂഹവുമായുള്ള വിശ്വാസികളുടെ ബന്ധം ശക്തമാക്കണം. അങ്ങാടിയിലൂടെ നടക്കുന്നവന്‍ എന്നാണു പ്രവാചകനെ കുറിച്ച് എതിരാളികള്‍ പറഞ്ഞ ഒരാരോപണം. പ്രവാചകരുടെ പിന്‍ഗാമികള്‍ പിന്നെ എങ്ങിനെയാണ് പള്ളിയില്‍ കുടുങ്ങി പോയത്. ഇസ്ലാം പഠിക്കുകയും അറിയുകയും ചെയ്തവര്‍ പള്ളിയിലേക്ക് നീങ്ങുകയും ഇസ്ലാമിന്റെ പേരില്‍ ജീവിക്കുന്നവര്‍ സമൂഹത്തില്‍ ബാക്കിയാവുകയും ചെയ്തു എന്നതും ഈ തെറ്റിദ്ധാരണക്കു ഒരു കാരണമാണ്.

എന്തായാലും വിശ്വാസങ്ങളെ അടുത്തറിയാന്‍ ഈ പ്രളയകാലം നല്‍കിയ അനുഭവം വലുതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന സൗഹൃദം ഇനിയും പുഷ്പ്പിക്കട്ടെ എന്നതാകണം നല്ല മനുഷ്യരുടെ നിലപാട്. അത് കൊണ്ടാണ് ആരോ പറഞ്ഞു വെച്ചത് ‘ഒരു നന്മയും ബാക്കിയാക്കാതെ ഒരു ദുരന്തവും കടന്നു പോകുന്നില്ലെന്ന്’.

Related Articles