Current Date

Search
Close this search box.
Search
Close this search box.

പ്രതിസന്ധി കാലത്തെ റമദാന്‍

ലോകം ഇന്നുവരെ കണ്ടില്ലാത്ത ഭയാനകമായ സ്ഥിതിവിശേഷങ്ങള്‍ക്കിടയിലേക്കാണ് ഈ വര്‍ഷത്തെ പുണ്യറമദാന്‍ കടന്നു വന്നത്. ആശങ്കകള്‍ക്കിടെ കടന്നുവന്ന റമദാനിനെ ഇരുകൈയും നീട്ടിയാണ് ലോക മുസ്ലിം സമൂഹം എതിരേറ്റത്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി കൊറോണ എന്ന വൈറസിനെ നേരിടാനായി വിവിധ തലത്തിലുള്ള നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുകയാണ്. വിശ്വാസി സമൂഹത്തിന് റമദാന്‍ നല്‍കുന്ന ആത്മവിശുദ്ധിയും സന്തോഷവും ചെറിയ കാര്യമല്ല. ആത്മസംസ്‌കരണത്തിനും പാപമോചനത്തിനും ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ വേണ്ടിയുമെല്ലാമാണ് അവര്‍ ഈ മാസത്തെ വിനിയോഗിക്കാറുള്ളത്. അതില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തുന്ന ഒന്നാണ് മസ്ജിദുകള്‍.

അഞ്ച് നേരം പള്ളിയില്‍ ജമാഅത്തായി നമസ്‌കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും തറാവീഹ് നമസ്‌കാരങ്ങളില്‍ ഏര്‍പ്പെട്ടും അവസാനത്തെ ദിനരാത്രങ്ങളില്‍ പള്ളികളില്‍ ഭജനമിരുന്നും ഇഫ്താര്‍ സംഗമങള്‍ നടത്തിയും ഫിത്വര്‍ സകാത്ത് വിതരണം ചെയ്തും റമദാന്‍ മാസത്തെ വിശ്വാസി സമൂഹം വിശുദ്ധിയുടെയും സഹാനുഭൂതിയുടെയും ആഘോഷമാക്കി മാറ്റും. എന്നാല്‍ ഇത്തവണ ആ മസ്ജിദുകളെല്ലാം അടച്ചിടണമെന്ന നിര്‍ദേശം തെല്ലൊന്നുമല്ല വിശ്വാസി സമൂഹത്തെ വേദനിപ്പിച്ചത്. എങ്കിലും മതം പഠിപ്പിച്ച മാതൃകകളും നിര്‍ദേശങ്ങളും മാനദണ്ഡമാക്കി വിശുദ്ധ മാസത്തെ പുണ്യങ്ങള്‍ തേടിപ്പിടിക്കുന്നതില്‍ അമാന്തം കാട്ടാതെ വര്‍ധിത ശക്തിയോടെ മുന്നോട്ടു പോകുകയാണ് വിശ്വാസി സമൂഹം. വീടുകളില്‍ വെച്ച് ജമാഅത്തായി നമസ്‌കരിച്ചും ധാനധര്‍മങ്ങള്‍ നല്‍കിയും കുടുംബബന്ധങ്ങളും അയല്‍വാസി ബന്ധങ്ങളും ശക്തിപ്പെടുത്തിയും മുന്നേറുകയാണവര്‍. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള മാനസിക കരുത്ത് തങ്ങള്‍ക്ക് നല്‍കി കരുത്തേകാനും ഈ ഭൂമുഖത്തു നിന്നും മാരകമായ പകര്‍ച്ചവ്യാധികളെ തുടച്ചുനീക്കാനും അവര്‍ വിശുദ്ധ റമദാനില്‍ പ്രപഞ്ചനാഥനോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.

കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രയാസമനുഭവിക്കുന്ന തങ്ങളുടെ സഹോദരി-സഹോദരങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ റമദാനിനെ ഉപയോഗപ്പെടുത്തുന്നു. നോമ്പ് തുറക്കാനോ നോല്‍ക്കാനോ വേണ്ട ഭക്ഷണം പോലും കിട്ടാത്ത തങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. വിശക്കുന്നവന്റെ വേദന അറിയുന്നതിലൂടെ നാട്ടിലെ വിശപ്പകറ്റാനും അവര്‍ നേതൃത്വം നല്‍കുന്നു. ആവശ്യക്കാരായ ആളുകള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയും അശരണരെയും അഗഥികളെയും സഹായിച്ചും പുണ്യമാസത്തെ പ്രതിസന്ധി കാലത്തും ആഹ്ലാദചിത്തരായി ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് ലോകത്താകമാനമുള്ള മുസ്ലിം സമൂഹം.
റമദാനിന്റെ പകലിരവുകളില്‍ നിനച്ചിരിക്കാതെ ഉദാത്ത മാതൃകകാണിക്കുന്നവരാന്‍ വേണ്ടി പ്രയത്‌നിക്കുകയാണവര്‍.

Related Articles