Current Date

Search
Close this search box.
Search
Close this search box.

കണ്ണില്ലാത്ത ക്രൂരതയും ‘സെലക്ടീവ്’ പ്രതിഷേധങ്ങളും

സ്തനങ്ങള്‍ രണ്ടും അറുത്തെടുത്തു, ലൈംഗികവയവം കുത്തികീറി, കഴുത്ത് അറ്റ് തൂങ്ങിയ നിലയില്‍, നെഞ്ചില്‍ ആഴത്തില്‍ മുറിവ്, ശരീരത്തിലാകമാനം വെട്ടും കുത്തുമേറ്റ പാട്്…. പറഞ്ഞു വരുന്നത് രാജ്യതലസ്ഥാനത്തിന്റെ ഒത്തനടുക്ക് ജനങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സിവില്‍ പൊലിസ് ഉദ്യോഗസ്ഥ അനുഭവിച്ച അതിക്രൂര ബലാത്സംഗത്തെക്കുറിച്ചാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സോഷ്യല്‍ മീഡിയകളിലൂടെയാണ് പൊതുജനം ഈ ഒരു നടുക്കമുള്ള വാര്‍ത്ത കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യുന്നതും. കൊല്ലപ്പെട്ടത് തന്റെ സ്വപ്‌നങ്ങളിലേക്ക് കാലെടുത്ത് വെച്ച 21കാരി.

ഇരയായ റാബിയ സെയ്ഫിയെന്ന യുവതിയുടെ ബന്ധുക്കള്‍ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ഓഗസ്റ്റ് 26നാണ് ദുരൂഹാവസ്ഥില്‍ റാബിയയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നത്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ വനിത സംഘടനകളോ മനുഷ്യാവകാശ-ആക്റ്റിവിസ്റ്റ് പ്രവര്‍ത്തകരോ ഒന്നും തന്നെ ഈ സംഭവമറിഞ്ഞിട്ടില്ല.

രാജ്യതലസ്ഥാനത്തെ നിയമപാലകര്‍ക്കുള്ളില്‍ തന്നെ ഇത്തരമൊരു സംഭവം നടന്നിട്ടും പുറംലോകമറിയാതെ പോയത് എന്തുകൊണ്ടെന്നും ഇതിന് പിന്നിലെ പ്രതികളെ വെളിച്ചത്തുകൊണ്ടുവരാത്തതിനെപ്പറ്റിയുമാണ് സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ അതിലൂടെയും കാര്യമായ പുരോഗതി ഉണ്ടായതായി നമുക്ക് കാണാന്‍ പറ്റുന്നില്ല. ആക്രമണത്തിന്റെ വിശദാംശങ്ങളും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. പ്രതികള്‍ സസുഖം രാജ്യത്ത് വാഴുകയുമാണ്.

ദല്‍ഹി ലജ്പത് നഗര്‍ ജില്ല മജിസ്‌ട്രേറ്റ് ഓഫീസില്‍ പുതുതായി ജോലിക്ക് കയറിയ സിവില്‍ ഡിഫന്‍സ് ഓഫീസര്‍ ആയിരുന്നു റാബിയ. ഏറെ മോഹിച്ച ജോലി ലഭിച്ചിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ. ഓഗസ്റ്റ് 26ന് മകളുടെ മിസ്‌കോള്‍ ഉണ്ടായിരുന്നുവെന്നും തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇതിന് പിന്നാലെ തിരച്ചില്‍ ആരംഭിച്ച തങ്ങള്‍ക്ക് മകളുടെ മൃതദേഹമാണ് ലഭിച്ചതെന്നും റാബിയയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഓഫീസില്‍ നടക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ട് നേരത്തെ റാബിയ ആരോപണമുന്നയിക്കുകയും ഇത്തരം തെറ്റിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേരത്തെ റാബിയയെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. പിന്നാലെ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവ് പറയുന്നത്. നാലിലേറെ പേര്‍ ചേര്‍ന്നാണ് തന്റെ മകളെ പിച്ചിച്ചീന്തിയതെന്നും അവര്‍ പറയുന്നുണ്ട്.

ഓഗസ്റ്റ് 27ന് ഫരീദാബാദിനടുത്ത സൂരജ്കുണ്ഡില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂടെ ജോലി ചെയ്യുന്ന പൊലിസുകാര്‍ റാബിയയെ പിടിച്ചുകൊണ്ടുപോയെന്നും പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും തനിക്കും ഭീഷണിയുണ്ടെന്നുമാണ് കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക വെളിപ്പെടുത്തിയത്. തുടര്‍ന്ന് പരാതി നല്‍കാനായി പൊലിസ് സ്റ്റേഷനില്‍ പോയ മാതാവിനോട് പൊലിസ് ഉദ്യോഗസ്ഥര്‍ മുഖം തിരിക്കുകയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് മടക്കിയയക്കുകയായിരുന്നു.

നിസാമുദ്ദീന്‍ എന്നയാള്‍ റാബിയയെ രഹസ്യമായി വിവാഹം ചെയ്തിട്ടുണ്ടെന്നും ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം ഇദ്ദേഹമാണ് റാബിയയെ കൊലപ്പെടുത്തിയതെന്നുമാണ് പൊലിസ് കെട്ടിച്ചമച്ച കഥ. നിസാമുദ്ദീന്‍ എന്നയാളെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് പൊലിസ് പറയുന്നത്. എന്നാല്‍ ഇത് തീര്‍ത്തും കള്ളക്കഥയാണെന്നും പൊലിസ് മെനഞ്ഞ കെട്ടുകഥയാണെന്നുമാണ് റാബിയയുടെ ബന്ധുക്കള്‍ പറയുന്നത്.

ഒരു മനുഷ്യശരീരത്തിനു താങ്ങാന്‍ പറ്റുന്നതിനും അപ്പുറം വേദന സഹിച്ചാണ് റാബിയ രക്തസാക്ഷിയായത്. നിയമവ്യവസ്ഥിതിയുടെ ഭാഗമായി നില്‍ക്കുന്ന ഉദ്യോഗസ്ഥയ്ക്ക് തന്നെ ഇത്തരം നീചമായ അനുഭവം നേരിടേണ്ടി വന്നെങ്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഫാഷിസ്റ്റ്- സവര്‍ണ്ണാധിപത്യ സര്‍ക്കാരിന് കീഴില്‍ എത്രത്തോളം നീതി ലഭിക്കും എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. അഴിമതിയുടെ പണാധിപത്യത്തിന്റെ കൂത്തരങ്ങായി തീര്‍ന്ന ഈ രാജ്യത്തു നിന്നും ഇനിയും നീതിയുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.

നിര്‍ഭയ കേസിനേക്കാള്‍ മാരകമായ കുറ്റകൃത്യമായിട്ട് കൂടി ഇന്ത്യയിലെ സകലമാന മാധ്യമങ്ങളും നിയമസംവിധാനങ്ങളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഈ ക്രൂരതക്ക് നേരെ കണ്ണടക്കുമ്പോള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അധികാര സ്വാധീനം വളരെ വ്യക്തമാണ്. യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഏത് വൃത്തികെട്ട രാഷ്ട്രീയ ഇടപെലുകളും അധികാര ദുര്‍വിനിയോഗവും നടത്തുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലും ഡല്‍ഹി പൊലിസിലുമൊന്നും ആദ്യത്തെ സംഭവമല്ല. അതിനാല്‍ തന്നെ റാബിയയുടെ കേസും നജീബ് തിരോധാനം പോലെ വെള്ളത്തില്‍ വരച്ച വര പോലെ ശൂന്യതയിലേക്ക് നീങ്ങും. ഒരമ്മക്ക് മകളെ നഷ്ടപ്പെട്ടതിലപ്പുറം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും ഉദ്യോഗ തലത്തിലും പെണ്‍കുട്ടികള്‍ക്കും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കും നിലനില്‍പ്പില്ല എന്നു കൂടിയാണ് ഈ സംഭവം നമ്മോട് പറയുന്നത്.

Related Articles