Current Date

Search
Close this search box.
Search
Close this search box.

നോട്ടിന് ക്യൂ നിന്നവരും ഓക്‌സിജന് ക്യൂ നില്‍ക്കുന്നവരും

കോവിഡിന്റെ രണ്ടാം വരവും പ്രതിസന്ധിയും ലോകമെമ്പാടുമുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി ലോകമൊന്നടങ്കം ആശങ്കയോടെയും നിസ്സഹായതയോടെയും ഉറ്റു നോക്കുന്നത് ഇന്ത്യയിലേക്ക് തന്നെയാണ്. കോവിഡ് കേസുകളും മരണങ്ങളും ഇന്ത്യയില്‍ കൊടുങ്കാറ്റ് പോലെയാണ് ആഞ്ഞടിക്കുന്നത്. എന്നാല്‍ ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലവും ഓക്‌സിജന്‍ ലഭിക്കാതെയും മരണസംഖ്യ അടിക്കടി വര്‍ധിക്കുന്ന ദാരുണമായ സംഭവമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ എല്ലാ ദിവസവും ഉയര്‍ത്തിക്കാട്ടുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പോലും വാഹനങ്ങള്‍ ലഭിക്കാത്തത് മൂലം തലയില്‍ ചുമന്നും മോട്ടോര്‍ സൈക്കിളിന് പിന്നില്‍ വെച്ചും മൃതശരീരങ്ങള്‍ കൊണ്ടുപോകുന്ന അതിഭയാനകമായ കാഴ്ച ലോകം മുഴുവന്‍ കാണുകയാണ്. മഹാരാഷ്ട്രയില്‍ ഒരു ആംബുലന്‍സില്‍ 22 മൃതദേഹങ്ങള്‍ കുത്തിനിറച്ച് കൊണ്ടുപോയതും ഇതിന്റെ നേര്‍ ചിത്രമാണ്. സ്വന്തം ഭാര്യയുടെ, ഭര്‍ത്താവിന്റെ, പിഞ്ചുകുഞ്ഞിന്റെ, അഛന്റെ, അമ്മയുടെ മൃതദേഹങ്ങള്‍ മരിച്ചിട്ടും അടക്കം ചെയ്യാനാകാതെ സങ്കടപ്പെട്ടു നില്‍ക്കുന്ന മുഖങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം കടുത്ത ഓക്‌സിജന്‍ ക്ഷാമം മൂലം ദുരിതമനുഭവിക്കുകയാണ്. ഓക്‌സിജന്‍ ലഭിക്കാതെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും മുന്നില്‍ പിടഞ്ഞു മരിക്കുന്നത് നോക്കി നില്‍ക്കുകയാണ് ഈ ഹതഭാഗ്യര്‍. ഡല്‍ഹി, ഉത്തര്‍പ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവിക്കുന്നത്. ഇവിടങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് പുറത്ത് ആളുകള്‍ കോവിഡ് രോഗികളുമായി ക്യൂ നില്‍ക്കുകയാണ്. ഒരു ഭാഗത്ത് രോഗികളെ കൊണ്ട് ആംബുലന്‍സ് ക്യൂ നില്‍ക്കുമ്പോള്‍ മറുഭാഗത്ത് മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. പലയിടങ്ങളിലും ഉറ്റവര്‍ പോലും മൃതദേഹം ഏറ്റെടുക്കുന്നില്ല. ബന്ധുക്കള്‍ കൈയൊഴിഞ്ഞ അനാഥ മൃതദേഹങ്ങള്‍ മറുഭാഗത്ത്. ശ്മാനശനങ്ങളില്‍ ദഹിപ്പിക്കാനായി ഊഴം കാത്തുള്ള ക്യൂ. രാവിലെ ഊഴം കാത്ത് നില്‍ക്കുന്നവര്‍ക്ക് അര്‍ധരാത്രിയായിട്ടും അടക്കം ചെയ്യാന്‍ കഴിയുന്നില്ല.

ഇതിനെല്ലാം പരിഹാരം കാണേണ്ട കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിനു പകരം പ്രഹസന നാടകങ്ങള്‍ കളിക്കുകയാണ്. ആരോഗ്യ മേഖലയിലെ ഈ ശോചനീയാവസ്ഥ മൂലം ഇന്ത്യ മറ്റു രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ നാണം കെട്ട് തലതാഴ്ത്തി നില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തതിനാല്‍ തന്നെ സുപ്രീം കോടതിയും ഡല്‍ഹി ഹൈക്കോടതിയുമെല്ലാമാണ് ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. ഏതു വിധേനയും ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കണമെന്നാണ് കോടതികള്‍ കേന്ദ്രത്തിന് കര്‍ശന നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ ഇന്ത്യന്‍ സൈന്യവും നിരവധി വിദേശ രാഷ്ട്രങ്ങളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധി ടാങ്കര്‍ ഓക്‌സിജന്‍ എത്തിയിട്ടും ക്ഷാമം പരിഹരിക്കപ്പെട്ടിട്ടില്ല.

ഓക്‌സിജന് വേണ്ടി ആശുപത്രിക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനതയും 2016ല്‍ നോട്ട് നിരോധന സമയത്ത് ബാങ്കിന് മുന്നില്‍ കണ്ട നീണ്ട ക്യൂവും തമ്മില്‍ ഒട്ടേറെ സമാനതകളുണ്ട്. രണ്ടും ജീവിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. രണ്ടും അധികൃതരുടെയും ഭരണകൂടത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലമായിരുന്നു. രണ്ടും കാര്യമായി ബാധിച്ചത് സാധാരണക്കാരായ ദരിദ്ര വിഭാഗങ്ങളെയാണ്. അതിനാല്‍ തന്നെ നീണ്ടു നിവര്‍ന്നു കിടക്കുന്ന ക്യൂ ഇന്ത്യന്‍ ജനതക്ക് വലിയ പാഠമാണ്. ഇത്തരം ദുരനുഭവങ്ങളില്‍ നിന്നും ഇനിയെങ്കിലും പാഠം ഉള്‍കൊള്ളണമെന്ന വലിയ ചൂണ്ടുവിരലാണത്.

Related Articles