Current Date

Search
Close this search box.
Search
Close this search box.

കനലായി വീണ്ടും കശ്മീര്‍

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് രാജ്യമൊന്നടങ്കം. കശ്മീരില്‍ ഭീകരാക്രമണവും സൈനികര്‍ കൊല്ലപ്പെടുന്നതും പുതിയ വാര്‍ത്തയൊന്നുമല്ലെങ്കിലും ഇത്രയധികം പേര്‍ ഒന്നിച്ച് ഒരു ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നത് ആദ്യമായാണ് ഇതിന് മുമ്പ് 2016ല്‍ ഉറിയില്‍ നടന്ന ഭീകരാക്രമണമായിരുന്നു രാജ്യത്തെ ഇതുപോലെ നടുക്കിയിരുന്നത്. അന്ന് 19 സൈനികരായിരുന്നു കൊല്ലപ്പെട്ടത്. അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് തന്നെയാണ് പുല്‍വാമയിലെ ആക്രമണത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്തത്.

രാജ്യം അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ ആക്രമണം നടന്നതെന്നും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. 78 വാഹനങ്ങളിലായി 2500ലേറെ സൈനികവ്യൂഹം സഞ്ചരിക്കുന്നതിനിടക്ക് ഭീകരന്‍ അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളുമായി കടന്നുചെന്നത് എങ്ങിനെയെന്ന ചോദ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പദ്ധതിയാണോ എന്നും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാനില്ലെന്നും ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു എന്നാണ് സര്‍ക്കാരും പ്രതിപക്ഷവും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന ഇത്തരം ദുരൂഹതയുളവാക്കുന്ന ഭീകരാക്രമണങ്ങളുടെ ദുരിതം പേറുന്നത് നിരപരാധികളായ സൈനികരും അവരുടെ കുടുംബങ്ങളുമാണെന്നാണ് ജനങ്ങള്‍ ആവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരായ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം രാജ്യസുരക്ഷയെ ക്കുറിച്ച് വാചാലമാവുകയും പിന്നീട് ഇത്തരം ഭീകരവാദികളെ അടിച്ചമര്‍ത്താനുള്ള നടപടികളെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദ്യമുയരുന്നുണ്ട്.

ആക്രമണത്തിനു പിന്നാലെ സംഘര്‍ഷ ഭൂമിയായി മാറിയ കശ്മീരില്‍ വ്യാപകമായ ആക്രമണമാണ് അരങ്ങേറുന്നത്. കണ്ണില്‍ കണ്ടതെല്ലാം തീയിട്ട് നശിപ്പിക്കുകയാണ് ജനങ്ങള്‍. ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷമായി മാറുമെന്ന ഭയവും അധികൃതര്‍ക്കുണ്ട്. പൊലിസിന്റെ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ച് കശ്മീര്‍ തെരുവില്‍ അക്രമാസ്‌ക്തരായി അഴിഞ്ഞാടുകയാണ് ഒരു കൂട്ടം പ്രതിഷേധക്കാര്‍.

Related Articles