Editors Desk

കേരളത്തിലും മനുഷ്യജീവന് വിലയില്ലാതാകുന്നുവോ ?

ഒരു വനിതാ പോലീസുകാരിയെ മറ്റൊരു പോലീസുകാരന്‍ തീകൊളുത്തി കൊല്ലുക. കേരളത്തിന് പുറത്താണ് ഈ വാര്‍ത്തയെങ്കില്‍ നമുക്ക് അതിശയോക്തിക്ക് വകയില്ല. കാരണം അതിലും ക്രൂരമായ പലതും നാം അവിടങ്ങളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നു. പക്ഷെ കേരളം ഒരു പടി എന്തിലും മുന്നിലാണ് എന്ന് നാം കരുതിയിരുന്നു. നമ്മുടെ സാമൂഹിക അവസ്ഥ മറ്റുള്ളവരില്‍ നിന്നും മേലെയാണ്. അത് കൊണ്ട് തന്നെ സാംസ്‌കാരികമായും നാം ഉന്നതി സ്വയം കരുതിയിരുന്നു. നമ്മുടെ വിദ്യാഭ്യാസ രംഗവും നാള്‍ക്കുനാള്‍ ഉന്നതി പ്രാപിക്കുന്നു. എന്നിട്ടും നമ്മുടെ മനസ്സുകള്‍ എങ്ങിനെ താഴോട്ടു പോകുന്നു എന്നതിന് നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ല.

ഭര്‍ത്താവും കുട്ടികളുമുള്ള ഒരു കുടുംബിനിയെ വിവാഹം കഴിക്കണം എന്നതില്‍ ഉണ്ടായ നിരാശയാണ് പ്രതിയെ ഈ ക്രൂരതയിലേക്കു കൊണ്ടുചെന്നെത്തിച്ചത് എന്നാണു ലഭിക്കുന്ന വിവരം. പ്രതിയുമായി കൊല്ലപ്പെട്ട പോലീസുകാരിക്ക് നല്ല സൗഹൃദ ബന്ധമായിരുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നു. തികച്ചും ആസൂത്രിതമായിരുന്നു കൊലപാതകം എന്നാണു മനസ്സിലാക്കാന്‍ കഴിയുന്നതും. അടുത്ത കാലത്തായി പ്രേമവും പ്രേമ നൈരാശ്യവും ഒരുപാട് ക്രൂരതകള്‍ക്ക് കാരണമായിട്ടുണ്ട്. എന്ത് കൊണ്ട് കേരളം ഈ രീതിയിലേക്ക് മാറി പോകുന്നു എന്നത് അടിയന്തിരമായി സമൂഹം ഉത്തരം കണ്ടെത്തണം.

തന്റെ അടിപൊളി ജീവിതത്തിനു മക്കള്‍ തടസ്സമാണ് എന്ന കണ്ടത്തെലില്‍ നൊന്ത് പ്രസവിച്ച മക്കളെ സ്വകരങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്ന അമ്മമാരുടെ കഥകള്‍ നാം കേട്ടതാണ്. സ്വന്തം പെണ്മക്കളിലും സഹോദരിമാരിലും കാമപൂര്‍ത്തി കണ്ടെത്തുന്നവരുടെ കഥകളും പറഞ്ഞു കേള്‍ക്കുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് തന്നെ. അറിവും വിവരവും ഒരു വഴിക്കു മുന്നേറുമ്പോള്‍ സമൂഹത്തിന്റെ മാനസിക വികലത മറ്റൊരു വഴിക്കു മുന്നേറുന്നു. തന്റെ കാര്യം താന്‍ തന്നെ തീരുമാനിക്കുക എന്നിടത്താണ് കാര്യങ്ങള്‍ വന്നു നില്‍ക്കുന്നത്. നല്ല സമൂഹത്തിലും വ്യക്തികളിലും ആഗ്രഹങ്ങള്‍ക്ക് പോലും ഒരു അതിരുണ്ട്. ഇച്ഛകള്‍ക്കു മുകളില്‍ മനസ്സിന് കടിഞ്ഞാണ്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അത്തരം ഒരു അവസ്ഥ നിലവില്‍ വരിക. ഭൂമിയിലെ ഒന്നാമത്തെ കൊല നടത്തിയ ആദം സന്തതിയെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതും അത് തന്നയാണ്. മനസ്സുകളുടെ മേല്‍ മനുഷ്യന് നിയന്ത്രണം നഷ്ടമാകുമ്പോള്‍ പിന്നെ അതൊരു ദുരന്തമാണ്.

ധാര്‍മിക സദാചാര മൂല്യങ്ങള്‍ ഇല്ലാതായാല്‍ പിന്നെ ഈ കേള്‍ക്കുന്നതൊക്കെ നിത്യ സംഭവമാകും. നാട്ടില്‍ ക്രമസമാധാനം പാലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കേണ്ട പോലീസുകാരന്‍ തന്നെയാണ് പ്രതി എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍ സംഭവത്തിന്റെ കൂടുതല്‍ ദുരന്തവും വ്യാപ്തിയും മനസ്സിലാവും. നമ്മുടെ നാട്ടില്‍ മനുഷ്യാവകാശ ലംഘനത്തില്‍ പോലീസിന്റെ പങ്ക് എന്നും വലുതായി പറയാറുണ്ട്. ക്രിമിനലുകളെ ഇല്ലാതാക്കാന്‍ പ്രതിജ്ഞാ ബദ്ധരായ പോലീസ് തന്നെ ക്രിമിനല്‍ വല്‍ക്കരിക്കപ്പെടുന്നു എന്നത് ആരെയാണ് ഭയപ്പെടുത്താതിരിക്കുക. അത് കൊണ്ട് തന്നെ നാം കൂടുതല്‍ ജാഗ്രത കൈക്കൊള്ളണം. ഈ ക്രിമിനല്‍ മനസ്സുള്ളവരില്‍ നിന്നും നമുക്ക് എന്താണ് പ്രതീക്ഷിക്കാന്‍ കഴിയുക. ഇത്തരം പ്രവണതകള്‍ ഇല്ലാതാവാന്‍ അടിത്തട്ടില്‍ തന്നെ ചികിത്സ ആവശ്യമാണ്. വ്യക്തികള്‍ക്കും സമൂഹത്തിനും അത് ആവശ്യമാണ്. അതില്‍ നാം കാണിക്കുന്ന നിസ്സംഗത കൂടുതല്‍ ദുരന്തങ്ങളെ വിളിച്ചു വരുത്തും എന്നുറപ്പാണ്. അത് കൊണ്ടാണ് മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു എന്ന് ഖുര്‍ആന്‍ പറഞ്ഞതും. ഒറ്റപ്പെട്ടു പോകാന്‍ എല്ലാവരും മത്സരിക്കുന്ന കാലത്ത് സമൂഹത്തിലേക്ക് ഇറങ്ങി വന്നു മനസ്സിനെ നന്നാക്കി തീര്‍ക്കാന്‍ ആര്‍ ശ്രമിക്കുന്നുവോ അവര്‍ക്ക് മാത്രമേ ഇത്തരം പൈശാചികതയെ എതിര്‍ക്കാന്‍ സാധിക്കൂ.

Facebook Comments
Related Articles
Close
Close