Current Date

Search
Close this search box.
Search
Close this search box.

സ്വന്തം നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്നവർ!

സ്വന്തം നാടായ ഇറാഖിലേക്ക് 430 പേരാണ് ബെലറൂസിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച തിരിച്ചെത്തിയത്. അധികമാളുകൾക്കും ബെലറൂസിൽ നിൽക്കാനായിരുന്നു ആഗ്രഹം. പോളണ്ടിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ഇപ്പോഴും ചിലർ ബെലറൂസിൽ തുടരുന്നുണ്ട്. ഏതാനും മാസങ്ങളായി ബെലറൂസ്-പോളണ്ട് അതിർത്തിയിൽ സംഘർഷമാണെങ്കിലും യൂറോപ്യൻ യൂണിയനിലേക്ക് പ്രവേശിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് അവരെ അവിടെ പിടിച്ചുനിർത്തുന്നത്. സംഘർഷഭരിതമായ സാഹചര്യത്തിൽ മിൻസ്‌കിൽ നിന്ന് തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാൻ ഇറാഖ് ഭരണകൂടം വിമാനം അനുവദിച്ചത് അറിഞ്ഞപ്പോൾ, അവരുടെ ആദ്യ പ്രതികരണം ‘വേണ്ടാ’ എന്നായിരുന്നുവെന്ന് നാട്ടിലെത്തിയ ഇറാഖുകാരൻ ആസാദ് പറഞ്ഞുവെക്കുന്നുണ്ട്. ബെലറൂസിലേക്കുള്ള യാത്രക്ക് പണം കണ്ടെത്തുന്നതിന് വീട് വിൽക്കുന്നതുൾപ്പെടെ വിവിധ മാർഗങ്ങൾ അവലംബിച്ചവർക്ക് തിരിച്ച് നാട്ടിലേക്ക് മടങ്ങുകയെന്നത് അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല, രാജ്യത്തെ സാഹചര്യം പ്രതിസന്ധിയെ അതിജീവിച്ചിട്ടില്ലെന്ന യാഥാർഥ്യമാണ് അവരെ നാട്ടിലേക്ക് തിരിച്ചുവരാതിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇറാഖിലെ കുർദുകളുടെയും, ചില യസീദികളുടെയും കേന്ദ്രമായ ‘കുർദ് മേഖല’യിൽ, രാജ്യത്തെ താരതമ്യം ചെയ്യുമ്പോൾ കുറച്ചെങ്കിലും സുരക്ഷിതത്വവും സമൃദ്ധിയും അനുഭവിക്കുന്നുണ്ടെങ്കിലും ഉയർന്ന തൊഴിലില്ലായ്മയും, അഴിമതിയും പ്രധാന പ്രശ്‌നങ്ങളാണ്. ഐ.എസ്.ഐ.എസ് സായുധ സംഘം നശിപ്പിച്ച മേഖല പുനർനിർമിക്കാൻ കുർദ്, യസീദി വിഭാഗങ്ങൾ കഷ്ടപ്പെടുകയാണ്. ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്തിയ 430 പേരും, ഏതാനും മാസങ്ങൾക്ക് മുമ്പ് യൂറോപിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചതിനെക്കാൾ വലിയ ശൂന്യതയിലാണ്. സർക്കാറിന്റെ പിന്തുണയില്ലാതെ അവരിൽ പലരും നിരാശയിലുമാണ്. പോളണ്ട്-ബെലറൂസ് അതിർത്തിയിൽ കുടിങ്ങിയവരുടെ എണ്ണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും, ഇറാഖ്, സിറിയ, യമൻ എന്നിവടങ്ങളിൽ നിന്നാണ് അധികപേരും. അതിർത്തിയിലെ സംഘർഷാവസ്ഥ മൂലം രാജ്യത്തേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമ്പോൾ, ഞങ്ങൾ തിരിച്ചെത്തുന്നത് നരക തല്യമായ ഭൂമിയിലേക്കാണെന്ന യാഥാർഥ്യം അഭയാർഥികളെ അഭയാർഥികളായി പിടിച്ചുനിർത്തുകയാണ്.

പോളണ്ടിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹത്തോടെ പോളണ്ട്-ബെലറൂസ് അതിർത്തിയിൽ ആയിരക്കണക്കിന് അഭയാർഥികൾ കൂടിനിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സാഹചര്യം സങ്കീർണമാകുന്നത്. ബെലറൂസ് അതിർത്തി സേനയും പോളണ്ട് സേനയും തമ്മിലെ പോരാട്ടത്തിൽ രണ്ട് ഇറാഖ് കുർദുകൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെടുകയും, മറ്റ് ചിലർ മരവിപ്പിക്കുന്ന തണുപ്പിൽ കഴിയുകയുമാണ്. അവശ്യവസ്തുക്കളുടെ വിതരണം മേഖലയിൽ കുറവുമാണ്. കുടിയേറ്റക്കാരെയും അഭയാർഥികളെയും താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് ബെലറൂസ് സർക്കാർ മാറ്റുന്നുവെങ്കിലും ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്ന് നിശ്ചയമില്ല. തന്റെ ഭരണകൂടത്തിനെതിരെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഉപരോധത്തിനെതിരെ, കുടിയേറ്റക്കാരെയും അഭയാർഥികളെയും ആയുധമായി ഉപയോഗപ്പെടുത്തി പ്രസിഡന്റ് അലക്സാണ്ടർ ലുകഷങ്കോ പ്രതികാരം ചെയ്യുകയാണെന്ന് യൂറോപ്യൻ രാഷ്ട്രങ്ങൾ കുറ്റപ്പെടുത്തുന്നുണ്ട്. ഇത്തരം ആക്ഷേപങ്ങൾക്കല്ല, അഭയാർഥി വിഷയവുമായി ബന്ധപ്പെട്ട് പൊതുവായ നയ രൂപീകരണത്തിനാണ് യൂറോപ്യൻ യൂണിയൻ മുതിരേണ്ടത്. യൂറോപ്യൻ യൂണിയന്റെ അതിർത്തികളിൽ അഭയാർഥികളുടെ എണ്ണം വർധിക്കുമ്പോഴെല്ലാം ബ്രസൽസിൽ ചൂടേറിയ ചർച്ച നടക്കാറുണ്ട്. അഭയം നൽകുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയന് പൊതുവായ വ്യവസ്ഥയുണ്ടായിട്ടും ഏകീകൃതമായ രീതിയിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ഇ.യു നേതാക്കൾ ഭിന്നതയിലാണെന്നതാണ് പ്രധാന പ്രശ്നം.

‘നമ്മുടെ പ്രശ്‌നങ്ങൾക്ക് ഇതര രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തുകയും, യാഥാർഥ്യത്തെ അവഗണിക്കുകയും ചെയ്ത് ഒരു അഭയാർഥി പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് നാം വെപ്രാളപ്പെട്ട് പോകുന്നത് തുടരുകയാണ്. എന്നാൽ, ഏകീകൃതമായ രീതിയിൽ പൊതുവായ അഭയാർഥി നയം പ്രായോഗികവത്കരിക്കാൻ യൂറോപ്യൻ രാഷ്ട്രങ്ങൾ തയാറാകേണ്ടതുണ്ട്. ബെലറൂസ് ഭരണകൂടം ചെയ്യുന്നത് ക്രൂരമാണ്. എന്നാൽ, ഇ.യു അംഗരാഷ്ട്രങ്ങൾക്ക് പൊതുവായ അഭയാർഥി നയമെന്ന തീരുമാനത്തിലെത്താൻ കിഴിയാതെ വരുമ്പോൾ, അഭയാർഥി സംവിധാനത്തെ പുറമെയുളള രാഷ്ട്രങ്ങളുമായി ബന്ധപ്പെടുത്താൻ കിഴിയേണ്ടതുണ്ട്. മറ്റ് രാഷ്ട്രങ്ങൾക്ക് എളുപ്പത്തിൽ പ്രയോജനം നേടാനാകും’ -ഇത് യൂറോപ്യൻ പാർലമെന്റിലെ ഡച്ച് അംഗം സോഫി അൽജസീറയോട് പ്രതികരിച്ചതാണ്. പോളണ്ടിന്റെയും ബെലറൂസിന്റെയും അതിർത്തിയിൽ കുടുങ്ങിയവരെ ഇരുരാഷ്ട്രങ്ങൾക്ക് വേണ്ടാത്ത സാഹചര്യത്തിൽ, നിലവിലെ പ്രശ്നത്തിന് പരിഹാരമാണ് യൂറോപ്യൻ പാർലമെന്റ് ഡച്ച് അംഗം മുന്നോട്ടുവെക്കുന്നത്. ബെലറൂസിന് ചുറ്റുമുള്ള മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, പോളണ്ട് മുന്നോട്ടുവെക്കുന്നതുപോലെ, അതിർത്തിയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുക, മതിൽ പണിയാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുക എന്നിവ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുകയാണ് ചെയ്യുക.

Related Articles