Current Date

Search
Close this search box.
Search
Close this search box.

പെഗാസസ് : ഡിജിറ്റൽ പൊളിറ്റിക്‌സ് നിർമിക്കുന്ന ആഖ്യാന രാഷ്ട്രീയം

ലോകത്തെ സാമൂഹ്യ-രാഷ്ട്രീയ-മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് പെഗാസസ് സ്പൈവെയർ നിരീക്ഷണത്തിലുണ്ടെന്ന് ഗാർഡിയനും വാഷിങ്ടൺ പോസ്റ്റും ഉൾപ്പെടെ പതിനഞ്ച് മാധ്യമ സ്ഥാപനങ്ങൾ ജൂലൈ 17ന് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പെഗാസസിനെ കുറിച്ച് തുടക്കത്തിൽ അറിയിക്കുന്നത് ആംനസ്റ്റി ഇന്റർനാഷണലും, പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനമായ ഫോർബിഡൻ സ്റ്റോറീസുമാണ്. ഇസ്രായേൽ സർവെലൻസ് കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പാണ് പെഗാസസ് സ്പൈവെയർ വിൽക്കുന്നത്. അതും രാഷ്ട്രങ്ങൾക്ക് മാത്രം. ഈ ചാര സോഫ്റ്റ്‌വെയർ വാങ്ങാൻ മെക്‌സികോ ചെലവഴിച്ചത് 453 കോടി രൂപയാണെന്ന്  പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നു. ജൂലൈ 17ലെ വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ പെഗാസസ് ചാര സോഫ്റ്റ്‌വെയർ 37 സ്മാർട്ട്ഫോണുകൾ ഹാക്ക് ചെയ്യാൻ ഉപയോഗപ്പെടുത്തിയതായും,  എൻ.എസ്.ഒ ഉപയോക്താക്കളുടെ താൽപര്യത്തിനനുസരിച്ച് 50000ത്തിലധികം നമ്പറുകൾ നിരീക്ഷിച്ചതായും  ഗാർഡിയന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ചോർന്നുകിട്ടിയ രേഖയിൽ പരാമർശിക്കുന്ന നമ്പറുകൾ മുഴുവനും ഹാക്ക് ചെയ്തുവെന്ന് പറയാൻ കഴിയില്ലെന്ന് ഗാർഡിയൻ പറയുന്നു. എന്നിരുന്നാലും, പട്ടികയിലുള്ള നമ്പറുകൾ രാഷ്ട്ര തലവന്റെയോ, പ്രധാനമന്ത്രിയുടെയോ, അറബ് രാഷ്ട്ര കുടുംബാംഗങ്ങളുടെയോ, മാധ്യമ-നയതന്ത്ര-രാഷ്ട്രീയ-സാമൂഹ്യ-ബിസിനസ്സ് രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയോ ഒക്കെയാണെന്ന് വാഷിങ്ടൺ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതുപോലെ, 2018ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട സൗദി കോളമിസ്റ്റ് ജമാൽ ഖഷോഗിയുമായി അടുത്ത ബന്ധമുള്ള രണ്ട് സ്ത്രീകളുടെ ഫോണിൽ പെഗാസസ് സ്പൈവെയർ ബാധിച്ചതായി ആംനസ്റ്റി സുരക്ഷാ ലാബിന്റെ ഫോറൻസിക് പരിശോധനയിൽ സൂചിപ്പിക്കുന്നതായി വാഷിങ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ജമാൽ ഖഷോഗി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷം പ്രതിശ്രുതവധുവായ ഹാതിസ് ചെങ്കിസിന്റെ ഫോണിൽ മാൽവെയർ ബാധിച്ചിരുന്നു. ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒ വികസിപ്പിച്ച നിരീക്ഷണ ഉപകരണമായ പെഗാസസ് സ്മാർട്ട്‌ഫോണിലെ നമ്പറുകൾ, പേരുകൾ, സന്ദേശങ്ങൾ ചോർത്തുകയും, ഈമെയിൽ, ഫേസ്ബുക്ക്, സ്‌കൈപ്പ്, വാട്സാപ്പ്, വൈബർ, ടെലഗ്രാം എന്നിവയിലുള്ള വിവരങ്ങൾ കവർന്നെടുക്കുകയുമാണ് ചെയ്യുന്നത്. ആരൊക്കെയാണ് ഈ ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അസർബൈജാൻ, ബഹ്റൈൻ, ഹംഗറി, ഇന്ത്യ, കസാക്കിസ്ഥാൻ, മെക്സിക്കോ, മൊറോക്കോ, റുവാണ്ട, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ പത്ത് രാഷ്ട്രങ്ങൾ അതിന്റെ ഭാഗമാണെന്ന് റിപ്പോർട്ട് പറയുന്നു. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിനെ തുടർന്ന് ശിക്ഷിക്കപ്പെട്ട മാധ്യമപ്രവർത്തകൻ ഉമർ റാദിയുടെ ഫോണിൽ പെഗാസസ് സോഫ്റ്റ്‌വെയർ മൊറോക്കൻ അധികൃതർ ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണൽ കഴിഞ്ഞ ജൂണിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഫ്രാൻസിലെ ലെ മൊണ്ടേ പത്ര റിപ്പോർട്ട് പ്രകാരം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഫോണും ലിസ്റ്റിലുണ്ടായിരുന്നതായി വ്യക്തമാകുന്നു. തുടർന്ന് ഫ്രാൻസ് അന്വേഷണം ആവശ്യപ്പെടുകയും, ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പാരിസിൽ വെച്ച് ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്‌ലോറൻസ് പാർലിയുമായി കൂടുക്കാഴ്ച നടത്തുകയും ചെയ്തിരിക്കുന്നു. ലബനാൻ ഭരണ പ്രതിസന്ധി, ഇറാൻ ആണവ നയതന്ത്രം എന്നിവ ചർച്ചചെയ്യുന്നതിനാണ് പാരിസ് സന്ദർശനമെന്നായിരുന്നു ഇസ്രായേലിന്റെ ഔദ്യോഗിക പ്രസ്താവന. ലോകത്തെ ചാര സോഫ്റ്റ്‌വെയർ ജനാധിപത്യ-സ്വാതന്ത്ര്യ തലത്തിൽ എങ്ങനെ ബാധിക്കുമെന്ന പരിഭ്രാന്ത്രിയെക്കാൾ രാഷ്ട്രീയക്കാരുടെ താൽപര്യ സംരക്ഷണമാണ് നിലവിലെ പരിതഃസ്ഥിതി വെളിപ്പെടുത്തുന്നത്. പെഗാസസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്, ഡിജിറ്റൽ രംഗം എങ്ങനെയാണ് രാഷ്ട്രീയ പ്രവർത്തനം സാധ്യമാക്കുന്നത് എന്നതാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ ഡിജിറ്റൽ രംഗത്ത് കൈവന്ന സ്വീകാര്യതയും സ്വാധീനവും, അവ തൊടുക്കുന്ന ഒളിയമ്പുകളും പൊതുജനം ആഴത്തിൽ മനസ്സിലാക്കുന്നുണ്ട്.

ഡിജിറ്റൽ യുഗത്തിൽ രാഷ്ട്രീയ മുതലെടുപ്പ് പ്രത്യക്ഷമായി സ്‌പൈവെയറുകളിലൂടെയാണെങ്കിൽ, പരോക്ഷമായി സമൂഹ മാധ്യമങ്ങളിലൂടെയാണ് നടക്കുന്നത്. സർക്കാറിനെ അട്ടിമറിച്ച തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദിന്റെ നടപടിയെ ട്വിറ്റർ ഏറ്റെടുത്തത് അതിനുള്ള ഒടുവിലത്തെ ഉദാഹരണമായി കാണാം. ഖൈസ് സഈദിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തുണ്ടെന്നത് വസ്തുതയാണ്. എന്നാൽ, തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ട്വിറ്ററിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അത് പ്രചരിക്കപ്പെടുന്നത് സൗദിയിൽ നിന്നും യു.എ.ഇയിൽ നിന്നുമാണ്. ജൂലൈ 24 ഞായറാഴ്ച പ്രസിഡന്റ് ഖൈസ് സഈദിന്റെ അപ്രതീക്ഷിത അട്ടിമറിയെ കുറിച്ചുള്ള വാർത്ത വന്നയുടനെയാണ് ‘ബ്രദർഹുഡിനെതിരെയുള്ള തുനീഷ്യൻ പ്രക്ഷോഭം’ എന്ന ഹാഷ്ടാഗ് ‘മുസ്‌ലിം ബ്രദർഹുഡി’നെ പരാമർശിച്ച് പ്രചരിക്കുന്നത്. അത്തരം പ്രചരണത്തിന് വേദിയാകുന്നത് സൗദിയും യു.എ.ഇയുമാണ്. പാർലമെന്റ് മരവിപ്പിക്കുകയും, പ്രധാനമന്ത്രിയെ പിരിച്ചുവിടുകയും ചെയ്ത ഖൈസ് സഈദിന്റെ നടപടിയെ വെള്ളപൂശുന്നത് ഡിജിറ്റൽ പൊളിറ്റിക്‌സ് നിർമിക്കുന്ന ആഖ്യാന രാഷ്ട്രീയമാണ്. ഇതിനെ സമൂഹ മാധ്യമങ്ങളിൽ രൂപപ്പെടുന്ന പൊതു അഭിപ്രായ പ്രകടനമായി കാണാൻ ഒരിക്കലും കഴിയില്ല.

6800 വ്യത്യസ്ത ട്വിറ്റർ അക്കൗണ്ടിൽനിന്നുള്ള 120000 ട്വീറ്റുകളിലെ ‘ബ്രദർഹുഡിനെതിരെയുള്ള തുനീഷ്യൻ പ്രക്ഷോഭം’ എന്ന ഹാഷ്ടാഗ് പരിശോധിക്കുമ്പോൾ, ഗൾഫ് കേന്ദ്രീകരിച്ചുള്ള സ്വാധീനശക്തികളുടെ ഇടപെടലുണ്ടെന്നത് വ്യക്തമാകുന്നു. തുനീഷ്യൻ പ്രസിഡന്റിന്റെ സർക്കാർ അട്ടിമറി മുസ്‌ലിം ബ്രദർഹുഡ് പോലെയുള്ള ഇസ്‌ലാമിക് പാർട്ടികൾക്കെതിരെ രാജ്യത്ത് നടക്കുന്ന നടപടിയായി ചിത്രീകരിക്കാനാണ് ഗൾഫ് രാഷ്ട്രങ്ങൾ ശ്രമിക്കുന്നത്. ഇത്തരത്തിൽ ഹാഷ്ടാഗ് ട്വീറ്റ് ചെയ്ത ഭൂരിപക്ഷം ഉപയോക്തക്കളുടെയും ലൊക്കേഷൻ സൗദിയോ യു.എ.ഇയോ ആണ്. ഹാഷ്ടാഗുകളിൽ വലിയ സ്വാധീനമായ അക്കൗണ്ടായ മുൻദിർ ശൈഖിന്റെ അക്കൗണ്ടിൽ, പുറത്താക്കിയ പ്രധാനമന്ത്രി ഹിഷാം മിശീശിയെ ‘ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഖാംനഈയെ സൗദി പൈശാചികമായാണ് ചിത്രീകരിക്കുന്നത്. യു.എ.ഇയുടെയും സൗദിയുടെയും പ്രാദേശിക-വിദേശ നയങ്ങളിൽ മുസ്‌ലിം ബ്രദർഹുഡ് വിരുദ്ധ നിലപാടുകൾ പ്രതിഫലിക്കുന്നത് കാണാവുന്നതാണ്. മിഡിൽ ഈസറ്റിലുടനീളം ഇസ്‌ലാമിസത്തെയും മുസ്‌ലിം ബ്രദർഹുഡിനെയും അടിച്ചമർത്തുന്നതിന് ആ രാഷ്ട്രങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ബ്രദർഹുഡിനെതിരായ പ്രക്ഷോഭം എന്ന ഹാഷ്ടാഗ് പ്രചരിക്കുമ്പോഴും തുനീഷ്യക്കാർക്കും ഈ അഭിപ്രായമില്ലെന്നത് സ്പഷ്ടമാണ്.

Related Articles