Current Date

Search
Close this search box.
Search
Close this search box.

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

കോവിഡ് ഇന്ത്യയില്‍ ജനജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2020 മാര്‍ച്ചില്‍ രാജ്യമൊട്ടുക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ജനതയുടെ നിത്യജീവിതവും കടുത്ത പ്രതിസന്ധിയിലേക്കായിരുന്നു എടുത്തെറിയപ്പെട്ടത്. ലോക്ക്ഡൗണ്‍ വന്നതോടെ ഇന്ത്യയിലെ ബഹുഭൂരിപക്ഷവും ജോലി ചെയ്യുന്ന കൂലിവേലയെ സാരമായി ബാധിച്ചു. 90 ശതമാനം ആളുകളും ജോലിയും കൂലിയുമില്ലാതെ വീടുകളില്‍ കഴിഞ്ഞു. മിക്ക കുടുംബങ്ങളും പട്ടിണിയിലേക്ക് കൂപ്പുകുത്തി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും സാധാരണക്കാര്‍ വിവിധ സംരഭങ്ങളെയും സേവനങ്ങളെയും ആശ്രയിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ലോക്ക് ഡൗണില്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതോടെ സമ്പാദ്യവും നിലച്ചു. നിര്‍മാണ മേഖലയില്‍ ജോലിയെടുക്കുന്ന ഉത്തരേന്ത്യന്‍ തൊഴില്‍ സമൂഹങ്ങളും കടുത്ത ദുരിതത്തിലായി.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി 10 മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ ഘട്ടം ഘട്ടമായി നടപ്പാക്കി വരികയായിരുന്നു. മിക്ക സംസ്ഥാനങ്ങളിലും ജനജീവിതം സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് എല്ലാ മേഖലയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അധികചിലവാണെങ്കിലും ജീവിതം തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിനിടെ എല്ലാവരും ഇതിനോടെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു. കിട്ടിയ ജോലിയും ശമ്പളവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിനിടെയാണ് സാധാരണ ജനവിഭാഗത്തിന് പിന്നില്‍ നിന്ന് കുത്തുമായി ഇന്ധന വിലവര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ ‘കൈനീട്ടം’ ലഭിക്കുന്നത്. പെട്രോള്‍-ഡീസല്‍ വിലനിര്‍ണയാധികാരം പെട്രോളിയം കമ്പനികള്‍ക്ക് തീറെഴുതിയ അന്ന് മുതല്‍ തുടങ്ങിയതാണ് വില വര്‍ധനവ്. വല്ലപ്പോഴും മാത്രം പേരിന് വില കുറച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പെട്രോളിന് മാത്രം വര്‍ധിച്ചത് 35ഓളം രൂപയാണ്. പത്ത് വര്‍ഷം മുന്‍പ് പെട്രോളിന് അന്‍പത് രൂപയുണ്ടായിരുന്നത് ഇപ്പോള്‍ ഇരട്ടിയായി വര്‍ധിച്ച് 100 രൂപയിലെത്തി നില്‍ക്കുകയാണ്. ഇതേ നിലക്ക് മുന്നോട്ട് പോകുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷമാകുമ്പോഴേക്കും പെട്രോള്‍ വില 200 കടക്കുമെന്നര്‍ത്ഥം.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ ഇന്ധ വില ക്രമാതീതമായി ഉയരുന്നത് ഇന്ത്യയില്‍ മാത്രമാണെന്ന് നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്ന ഒന്നാണ്. ക്രൂഡ് ഓയില്‍ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലെത്തുമ്പോഴും ഇന്ധന വില മേല്‍പോട്ടാണുയരുന്നത്. ഇന്ത്യയുടെ അയല്‍രാഷ്ട്രങ്ങളില്‍ എല്ലാം ഇന്ത്യയെക്കാളും മുപ്പതും നാല്‍പ്പതും രൂപ വരെ കുറവാണ് പെട്രോളിനും ഡീസലിനും ഈടാക്കുന്നത്. പാകിസ്താനില്‍ കഴിഞ്ഞയാഴ്ച പെട്രോളിന് 51 രൂപയും ഡീസലിന് 53 രൂപയുമാണ് വില. ഇതേസമയം ഇന്ത്യയില്‍ പെട്രോളിന് 92 രൂപയും ഡീസലന് 87 രൂപയുമാണ്. ചൈന, ഭൂട്ടാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലും സമാനമായ രീതിയിലാണ് ഇന്ധന വില. തുടര്‍ച്ചയായ 14ാം ദിവസമാണ് ഇന്ത്യയില്‍ വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ധന വിലയുടെ പകുതിയും നികുതി ഇനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നതാണ് വിലവര്‍ധനവിന്റെ പ്രധാന കാരണം. കേന്ദ്രസര്‍ക്കാന്‍ അടിക്കടി നികുതി വര്‍ധിപ്പിക്കുന്നതും ഈ ഇരുട്ടടിക്ക് പ്രധാന കാരണമാണ്. മറ്റൊന്ന് വിലനിര്‍ണയിക്കാനുള്ള അധികാരം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കിയതിനാലാണ്. യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുന്നത്. ഇതോടെ പിന്നെ കമ്പനികള്‍ തോന്നുംപോലെ വില കൂട്ടുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ നിന്നും മികച്ച വരുമാനമാണ് ഇതിലൂടെ കുത്തക കമ്പനികള്‍ക്ക് ലഭിക്കുക. അതിനാല്‍ തന്നെ ഇന്ത്യയിലെ സാധാരണക്കാരുടെയടക്കം നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറിയ പെട്രോളിന് വില കൂട്ടിയാലും ഉപഭോഗത്തിന് കുറവ് വരില്ല എന്ന കണക്കുകൂട്ടലിലാണ് കമ്പനികള്‍.

ഇതിനു പുറമെ പാചകവാതകത്തിനും സമാനമായ രീതിയിലാണ് വില വര്‍ധിക്കുന്നത്. കഴിഞ്ഞയാഴ്ച ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. കേരളത്തില്‍ സിലിണ്ടറിന് 778 രൂപയിലെത്തിനില്‍ക്കുകയാണ്. പെട്രോള്‍ വില ഇന്ത്യയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുന്ന സമയത്താണ് ഗ്യാസ് സിലിണ്ടറിനും വില വര്‍ധിക്കുന്നത്. മാത്രവുമല്ല, നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇവ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും കാരണമാകും. കോവിഡ് ഭീതിയില്‍ നിന്നും ഇനിയും മുക്തമാകാത്ത ഇന്ത്യന്‍ സാമ്പത്തിക രംഗം പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നതിന്റെ സൂചനകളാണ് ഇവ കാണിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ഓട്ടോ-ടാക്‌സി-ബസ് നിരക്കുകളും വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ നിരക്കുകളും വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ലോക്ക് ഡൗണ്‍ മൂലം ജോലിയും ശമ്പളുവില്ലാതെ പ്രയാസപ്പെട്ട ജനത പതിയെ ജീവിതത്തിലേക്ക് തിരിച്ചുകയറാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അധികാരികളുടെ ഭാഗത്ത് നിന്നും മുതുകത്തുള്ള ചവിട്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കാര്യമായ പ്രതിഷേധവും പ്രതികരണവും ഉയരാത്തതിനാല്‍ മാറിചിന്തിപ്പിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നുമില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സാംസ്‌കാരിക-സാമുദായിക-തൊഴിലാളി സംഘടനകളുമെല്ലാം ഒറ്റവരി പ്രസ്താവനയിലൂടെയും വാര്‍ത്തസമ്മേളനങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പേരിനൊരു പ്രതിഷേധ പ്രകടനവും നടത്തി തടിതപ്പുകയാണ് ചെയ്യുന്നത്. വേണ്ടവിധത്തിലുള്ള മാധ്യമശ്രദ്ധയും ഈ വിഷയത്തില്‍ കിട്ടുന്നില്ല. ഇതാണ് സര്‍ക്കാരുകള്‍ക്കും അധികാരികള്‍ക്കും ഊര്‍ജമാകുന്നതും. സര്‍ക്കാരിന്റെ ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള ജനകീയ പ്രക്ഷോഭങ്ങളോ ഉപരോധങ്ങളോ ബഹിഷ്‌കരണമോ അടക്കം ജനങ്ങള്‍ ഒറ്റക്കെട്ടായി ഐക്യത്തോടെ തെരുവില്‍ ഇറങ്ങിയെങ്കില്‍ മാത്രമേ ഈ കൊളള തടയാനാകൂ. അതില്ലാത്തിടത്തോളം കാലം അധികാരികള്‍ ഇത്തരം ജനദ്രോഹ നടപടികളുമായി ബഹുദൂരം മുന്നോട്ടു പോകുക തന്നെ ചെയ്യും.

Related Articles