Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റ് നല്‍കുന്ന പാഠങ്ങള്‍

ആസ്‌ത്രേലിയക്കാരനും തീവ്രവംശീയവാദിയുമായ 28കാരന്‍ നടത്തിയ കൂട്ടവെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ത്തകള്‍ തന്നെയാണ് അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

കൊലപാതകത്തെ എതിര്‍ത്തും അപലപിച്ചും ലോകരാഷ്ട്രങ്ങളും ലോകനേതാക്കളും രംഗത്തുവന്നു. അതോടൊപ്പം പതിവുപോലെ ഭീകരാക്രമണത്തെ ന്യായീകരിച്ചും ഒരു വിഭാഗം രംഗത്തു വന്നു, എന്തിനേറെ നമ്മുടെ കേരളത്തില്‍ പോലും പ്രമുഖ മതേതര പാര്‍ട്ടിയുടെ വക്താവ് കൊടുംക്രൂരതയെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

എന്നാല്‍ ഭീകരാക്രമണത്തിനു ശേഷം ലോകം മുഴുവന്‍ അത്ഭുതത്തോടെ വീക്ഷിച്ചത് ന്യൂസ്‌ലാന്റ് ജനതയും വിശിഷ്യ അവരുടെ പ്രധാനമന്ത്രിയും സ്വീകരിച്ച നയനിലപാടുകളായിരുന്നു. ഭീകരാക്രമണം നടന്ന ഉടന്‍ തന്നെ ന്യൂസ്‌ലാന്റ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസീന്ത ആര്‍ദെന്‍ സംഭവത്തെ ശക്തമായി അപലപിച്ചും ഭീകരപ്രവര്‍ത്തനമാണ് നടന്നതെന്നും വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. പിന്നീടങ്ങോട്ട് അവരുടെയും ന്യൂസ്‌ലാന്റ് ജനതയുടെയും പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും ലോകസമൂഹത്തിന് വേറിട്ട മാതൃക നല്‍കുന്നതായിരുന്നു.

മരിച്ചത് ഞങ്ങളുടെ സഹോദരികളും സഹോദരന്മാരുമാണെന്നായിരുന്നു ന്യൂസ്‌ലാന്റ് ജനത ഒന്നടങ്കം ആഹ്വാനം ചെയ്തത്. തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയ ജസീന്ത അവര്‍ക്ക് പിന്തുണ നല്‍കി തലയില്‍ തട്ടം ചുറ്റിയാണ് ആശ്വാസവാക്കുകള്‍ ചൊരിഞ്ഞത്.
കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ജസീന്ത ആദിവാസികളുടെ പരമ്പരാഗത വേഷമണിഞ്ഞായിരുന്നു എത്തിയത്. അന്ന് ഗര്‍ഭിണിയായിരുന്ന ജസീന്ത ന്യൂസ്‌ലാന്റ് ഗോത്ര ജനതയുടെ പ്രതിനിധിയാണ് താന്‍ എത്തിയത് എന്ന് മറ്റു രാജ്യങ്ങളോട് ഉദ്‌ഘോഷിക്കുകയായിരുന്നു.

ഭീകരാക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി അയല്‍വീടുകള്‍ സന്ദര്‍ശിച്ച ന്യൂസ്‌ലാന്റിലെ ഇതര മതസ്ഥര്‍ അവരെ കെട്ടിപ്പിടിച്ച് ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ടെന്നും ഇത് നിങ്ങളുടെ വീടാണെന്നും ഇവിടെ നിങ്ങള്‍ സുരക്ഷിതരാണെന്നും അറിയിക്കുകയും ചെയ്തു.
ന്യൂസ്‌ലാന്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രവും ലോകശ്രദ്ധ പിടിച്ചുപറ്റി. ന്യൂസ്‌ലാന്റിന്റെ ഔദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തില്‍ നിരനിരയായി നമസ്‌കരിക്കുന്നരുടെ ചിത്രമാണ് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അദ്ദേഹം ഷെയര്‍ ചെയ്തത്.

ഭീകരാക്രമണത്തിനു ശേഷം കൂടിയ പാര്‍ലമെന്റ് സമ്മേളനം വിശുദ്ധ ഖുര്‍ആന്റെ പാരായണത്തോടെയായിരുന്നു ആരംഭിച്ചത്. പിന്നീട് സഭയെ അഭിസംബോധന ചെയ്ത ജസീന്ത അസ്സലാമു അലൈക്കും എന്നു പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. ഇത്തരത്തില്‍ 21ാം നൂറ്റാണ്ടില്‍ ഇസ്‌ലാമോഫോബിയ അരങ്ങുവാഴുന്ന ലോകത്ത് സഹിഷ്ണുതയുടെയും മത സാഹോദര്യത്തിന്റെയും സഹവര്‍തിത്വത്തിന്റെയും ഉദാത്ത മാതൃക കാണിച്ച് വേറിട്ട് നില്‍ക്കുകയായിരുന്നു ജസീന്തയും ന്യൂസ്‌ലാന്റ് ജനതയും.

Related Articles