Current Date

Search
Close this search box.
Search
Close this search box.

സ്വയം അപഹാസ്യരാകുന്ന രണ്ട് നേതാക്കള്‍

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഇതിനോടകം തന്നെ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായിക്കഴിഞ്ഞു. ഇന്ത്യയുടെ വികസനനേട്ടത്തിന്റെയോ പുരോഗതിയുടെ പേരില്‍ ആയിരുന്നില്ല അവയൊന്നും. വികസനത്തിന്റെ കാര്യത്തില്‍ സംഘ്പരിവാറും ബി.ജെ.പിയും ഇന്ത്യക്ക് മുന്നില്‍ നിരന്തരം അവതരിപ്പിക്കുന്ന ഒന്നായിരുന്നു ഗുജറാത്ത് മോഡല്‍ വികസനം എന്നത്. എന്നാല്‍ അവയെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്ന കാഴ്ചയായിരുന്നു കഴിഞ്ഞയാഴ്ചകളില്‍ കാണാന്‍ സാധിച്ചത്. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അഹ്മദാബാദില്‍ ചേരികള്‍ മറക്കാന്‍ വേണ്ടി കോടികള്‍ ചിലവിട്ടാണ് മതില്‍ നിര്‍മിച്ചത്. മാത്രമല്ല, ട്രംപിന് സ്വീകരണം നല്‍കുന്ന വേദിക്ക് സമീപത്തു നിന്നും തെരുവുകളില്‍ കഴിയുന്നതും ചേരികളില്‍ വസിക്കുന്നവരുമായ നിരവധി പേരെയാണ് ഒഴിപ്പിച്ചത്. ഇതെല്ലാം 12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയും തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യന്‍ പ്രധാനമന്ത്രി പദവും കൈകാര്യം ചെയ്ത മോദിയുടെ സ്വന്തം നാട്ടിലാണ് എന്നതാണ് വിരോധാഭാസം. ഗുജറാത്ത് വികസന മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നായിരുന്നു ബി.ജെ.പിയുടെ അവകാശ വാദം.

തിങ്കളാഴ്ച രാവിലെ ഗുജറാത്തിലെത്തിയ ട്രംപ് കേവലം മൂന്ന് മണിക്കൂര്‍ മാത്രമാണ് അവിടെ ചിലവിട്ടത്. അതിനായി 85 കോടിയോളം രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചിലവഴിച്ചത്. മൊത്തം ചിലവ് നോക്കുമ്പോള്‍ ഗുജറാത്ത് വാര്‍ഷിക ബജറ്റിന്റെ 1.5 ശതമാനം വരുമിത്. ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷക്കു വേണ്ടി മാത്രമാണ് ഇതില്‍ മഹാഭൂരിഭാഗവും ചിലവിട്ടത്. വിമാനത്താവളത്തില്‍ നിന്നും അഹ്മദാബാദിലെ പട്ടേല്‍ സ്റ്റേഡിയം വരെ റോഡ് ഷോ നടത്തുന്നതിന് വേണ്ടി ട്രംപിന്റെ യു.എസിലെ അതിസുരക്ഷ വാഹനങ്ങളാണ് എത്തിച്ചത്. വഴിയിലുടനീളം വിവിധ കലാരൂപങ്ങളും പുഷ്പാര്‍ച്ചനയും ബാന്റ് മേളവും ഉണ്ടായിരുന്നു. ട്രംപിന്റെയും മോദിയുടെയും സുരക്ഷ ജീവനക്കാര്‍ക്ക് പുറമേ 12000 പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചത്. 30 കോടിയോളം രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഹ്മദാബാദ് സ്റ്റേഡിയത്തില്‍ ചിലവഴിച്ചത്.

Also read: അമേരിക്കൻ ഫസ്റ്റ് V/S മേക് ഇൻ ഇന്ത്യ

രാജ്യത്ത് കഴിഞ്ഞ മൂന്നു മാസത്തിനടുത്തായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങള്‍ ഒന്നടങ്കം തെരുവുകളിലും ഗ്രാമങ്ങളിലും ക്യാംപസുകളിലും പ്രക്ഷോഭ സമരങ്ങള്‍ തീര്‍ക്കുന്നതിനിടെയാണ് ലോകത്തെ ഏറ്റവും പഴയ ഡെമോക്രാറ്റിക് രാജ്യത്തിന്റെ പ്രഥമ പൗരന്‍ രാജ്യത്ത് അതിഥിയായി എത്തുന്നത്. എന്നാല്‍ പൗരത്വ നിയമത്തെക്കുറിച്ചോ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ചോ ഒന്നും ഉരിയാടാനോ ചര്‍ച്ച ചെയ്യാനോ ട്രംപ് തയാറായിട്ടില്ല. മോദി മന:പൂര്‍വം ഇക്കാര്യങ്ങളെല്ലാം ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും സ്വീകരണ പ്രസംഗങ്ങളില്‍ നിന്നും മറച്ചു പിടിക്കുകയും ചെയ്തു. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെയും ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നു വന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ചടങ്ങ് പ്രതിപക്ഷവും ബഹിഷ്‌കരിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച ഗുജറാത്തില്‍ വിമാനമിറങ്ങിയ ട്രംപ് നേരെ പോയത് സബര്‍മതി ആശ്രമത്തിലേക്കായിരുന്നു. അവിടെ ഗാന്ധിജിയുടെ ചിത്രത്തില്‍ ഹരാര്‍പ്പണം നടത്തുകയും ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുകയും ചെയ്ത ട്രംപ് സന്ദര്‍ശക പുസ്തകത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ല. മോദിക്ക് നന്ദി പറയുക മാത്രമാണ് ചെയ്തത്. തുടര്‍ന്ന് അഹ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച നമസ്‌തേ ട്രംപ് പരിപാടിയില്‍ മോദിയെ പുകഴ്ത്തി സംസാരിക്കുക മാത്രമാണ് ട്രംപ് ചെയ്തത്. ലോക മാധ്യമങ്ങളടക്കം നിരന്തരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളെക്കുറിച്ചോ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചോ സൂചിപ്പിക്കാന്‍ പോലും ട്രംപ് തയാറായില്ല. ഇതിലൂടെ ലോകത്തിനു മുന്‍പില്‍ വീണ്ടും അപഹാസ്യരായിത്തീരുകയാണ് ട്രംപും മോദിയും. ഭരണ നേതൃത്വത്തില്‍ പല വിഷയങ്ങളിലും സമാന ചിന്താഗതിയും നിലപാടുമുള്ള ഇരു നേതാക്കളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നതിലും അര്‍ത്ഥമില്ല.

Related Articles