Current Date

Search
Close this search box.
Search
Close this search box.

കളി കൊണ്ട് മാത്രമല്ല, നിലപാട് കൊണ്ടും അതിശയിപ്പിച്ച് മൊറോക്കോ

ചൊവ്വാഴ്ച രാത്രി ദോഹയിലെ എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം ലോകകപ്പ് ചരിത്രത്തിലെ പുതുപിറവികള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ലോകകപ്പില്‍ ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എന്ന ചരിത്രമാണ് ഒന്നാമതായി വടക്കന്‍ ആഫ്രിക്കന്‍ അറബ് രാജ്യമായ മൊറോക്ക സ്വന്തമാക്കിയത്. അതും മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനിനെ തകര്‍ത്ത്. അറബ് വംശജര്‍ ഭൂരിഭാഗമുള്ള മൊറോക്ക നിലവില്‍ ഗ്രൂപ്പ് ഘട്ടവും പ്രീ ക്വാര്‍ട്ടറും കടന്ന് മുന്നേറുന്ന ഖത്തര്‍ ലോകകപ്പിലെ ഏക മുസ്ലിം രാഷ്ട്രം കൂടിയാണ്.

തങ്ങളുടെ കഴിഞ്ഞ രണ്ട് വിജയങ്ങളും അവര്‍ സമര്‍പ്പിച്ചത് ഇസ്രായേലിന്റെ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന ഫലസ്തീന്‍ ജനതക്കുവേണ്ടിയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മൊറോക്കോയെ കൂടാതെ നേരത്തെ തുനീഷ്യന്‍ താരങ്ങളും ഖത്തര്‍ ലോകകപ്പില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഡെന്മാര്‍ക്ക്-തുനീഷ്യ മത്സരത്തിലും മൊറോക്കോ-ബെല്‍ജിയം മത്സരത്തിലും ഗ്യാലറിയില്‍ നിന്നും ഫ്രീ ഫലസ്തീന്‍ എന്ന വലിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. കളിയുടെ 48ാം മിനിറ്റിലായിരുന്നു ഇത്. ഇസ്രായേല്‍ ഫലസ്തീന്‍ മണ്ണില്‍ അധിനിവേശം നടത്തി ഫലസ്തീനികളെ സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കിയ 1948 എന്ന വര്‍ഷത്തെ സൂചിപ്പിക്കാനായിരുന്നു അത്.

അറ്റ്‌ലാന്റിക്, മെഡിറ്ററേനിയന്‍ സമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന മൊറോക്കോ വടക്കന്‍ ആഫ്രിക്കയിലെ ഏറ്റവും പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ്. അവസാന എട്ടില്‍ ഇടംപിടിക്കുമെന്ന് വലിയ പ്രതീക്ഷയില്ലാതിരുന്ന ‘അറ്റ്‌ലസ് ലയണ്‍സിന്’ ഇത് അഭൂതപൂര്‍വമായ നേട്ടമായിരുന്നു. അതിനാല്‍ തന്നെ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും അറബ് രാഷ്ട്രങ്ങളുടെയും പ്രതിനിധിയായിരുന്നു മൊറോക്കോ. അറബ് ആരാധകരും ആഫ്രിക്കന്‍ ആരാധകരും വിജയാരവങ്ങളുമായി മൊറോക്കോക്കൊപ്പം കൂടി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും അദ്ദേഹത്തിന്റെ പിതാവും മൊറോക്കോക്ക് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയതും ഇതിന് തെളിവാണ്.

ചൊവ്വാഴ്ച രാത്രി തുടങ്ങിയ ആഘോഷം മൊറോക്കോയിലം റാബതിലും കാസബ്ലാങ്കയിലും ബുധനാഴ്ച പുലരും വരെ നീണ്ടു. ഖത്തറിലുള്ള മൊറോക്കോക്കാരും പുലര്‍ച്ചെ വരെ പാട്ടും നൃത്തവുമായി ആഘോഷതിമിര്‍പ്പിലായിരുന്നു. നാട്ടിലേക്ക് മടങ്ങാതെ ഖത്തറില്‍ തന്നെ നില്‍ക്കാനായിരുന്നു അവരുടെ ടീം അവര്‍ക്ക് നല്‍കിയ ആ സമ്മാനം.

തലസ്ഥാനമായ റാബത്തില്‍ മത്സരം കാണാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ നേരത്തെ തന്നെ ഒരുക്കിയിരുന്നു. ദേശീയ ടീം ജഴ്സി ധരിച്ചും പതാകകള്‍ വീശിയും ഷാളും തലപ്പാവും ധരിച്ച് മൊറോക്കക്കാര്‍ പ്രതീക്ഷയുടെയും ശുഭാപ്തിവിശ്വാസത്തിന്റെയും വികാരത്തോടെയാണ് കളി കാണാനെത്തിയിരുന്നത്. എന്നാല്‍ ടൈം ബ്രേക്കറും കഴിഞ്ഞ് ടീം വിജയാരവം കുറിച്ചതോടെ മൊറോക്കന്‍ ജനത ഒന്നാകെ തുള്ളിച്ചാടി. മൊറോക്കോ രാജാവായ മുഹമ്മദ് ആറാമന്‍ മൊറോക്കന്‍ പതാകയുമായി ആഘോഷിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

മൊറോക്കോയിലെ എല്ലാ നഗരങ്ങളിലും പ്രദേശങ്ങളിലും ആഘോഷം അരങ്ങേറി. അവിടുത്തെ ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനുകളെല്ലാം ഇതിനായി സമര്‍പ്പിച്ചു. ‘സ്പെയിന്‍ പോയി, ആരാണ് അടുത്തത്’ എന്ന മുദ്രാവാക്യങ്ങളായിരുന്നു രാജ്യത്തുടനീളം മുഴങ്ങിക്കേട്ടത്.

ആഫ്രിക്കന്‍-അറബ് രാഷ്ട്രങ്ങളുടെ ഫുട്‌ബോള്‍ എന്ന വികാരമെല്ലാം ഞെഞ്ചേറ്റിയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടാന്‍ ഈ കൊച്ചു സംഘം മുന്നോട്ട് കുതിക്കുക. ഈ രാജ്യങ്ങളെയെല്ലാം മൊറോക്കന്‍ പതാകയുടെ കീഴില്‍ ഒന്നിപ്പിച്ചു എന്നതും മൊറോക്കോക്ക് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പ്രത്യേകതയാണ്.

Related Articles