Editors Desk

ഓണക്കാലത്ത് മലയാളി കുടിച്ചത്‌

എല്ലാ ഓണക്കാലത്തും വാര്‍ത്താമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്ന ഒന്നാണ് മലയാളികള്‍ കുടിച്ചു തീര്‍ത്തതിന്റെ കണക്ക്. ഈ മാസം ഓണനാളിലെ എട്ടു ദിവസം മലയാളികള്‍ കുടിച്ചത് 487 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ കുടിച്ചു തീര്‍ത്തതിന്റെ കണക്കിലെ വ്യതിയാനം മാത്രമാണ് ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യാറുള്ളത്. പതിവു തെറ്റിക്കാതെ അത് എല്ലാ വര്‍ഷവും ഗണ്യമായ രീതിയില്‍ വര്‍ധിക്കുകയാണുണ്ടാവാറ്.

എന്നാല്‍ മലയാളികളുടെ മദ്യപാനാസക്തി എന്തുകൊണ്ട് വര്‍ധിക്കുന്നുവെന്നോ അത് തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചോ ആരും തന്നെ കാര്യമായി ചര്‍ച്ച ചെയ്യുകയോ ചിന്തിക്കുകയോ ചെയ്യാറില്ല. എല്ലാ ആഘോഷവേളകളിലും മലയാളികള്‍ കുടിച്ചു ഉന്മാദിക്കാറുണ്ട്. എന്നാല്‍ ഓണത്തിന് ഇതിന്റെ അളവ് ഇരട്ടിയായി വര്‍ധിക്കുന്നു എന്നു മാത്രം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും ഉയര്‍ന്ന ചിന്ത,ജീവിത രീതി എന്നിവയിലും മുന്നിട്ട് നില്‍ക്കുന്ന മലയാളികള്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ അതിലേറെ മുന്നിലാണെന്നാണ് പോയ വര്‍ഷത്തെ കണക്കുകളെല്ലാം നമ്മോട് പറയുന്നത്.

ഇതുവഴി ബീവറേജ് കോര്‍പറേഷനും സര്‍ക്കാരിനും ലാഭമുണ്ടാകുന്നു എന്നതിനാല്‍ സര്‍ക്കാര്‍ ഇതിനെതിരെ കാര്യമായി ഒന്നും ചെയ്യില്ല. മദ്യകുപ്പിയുടെ പുറത്ത് എഴുതുന്ന മുന്നറിയിപ്പിലൊതുങ്ങുന്നു എല്ലാം. ബാറുകള്‍ അടച്ചു പൂട്ടിയിട്ടും ബീവറേജ് ഔട്ട്‌ലെറ്റുകള്‍ കുറച്ചിട്ടും പുതിയതിന് അനുമതി നല്‍കുന്നത് കുറിച്ചിട്ടുമൊന്നും മദ്യപാനം നേരിയ ശതമാനം പോലും കുറയുന്നില്ല എന്നതതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, കൗമാര പ്രായക്കാരുടെയും യുവാക്കളുടെയും മദ്യപാനം വര്‍ഷാവര്‍ഷം ഗണ്യമായി വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും നാം നിസ്സാരമായി തള്ളിക്കളയേണ്ട സംഗതിയല്ല. പലരും ഓണം പോലുള്ള ആഘോഷനാളുകളില്‍ ഇത്തരം ദുശ്ശീലങ്ങള്‍ ആരംഭിക്കുകയും പിന്നീട് അതിന് അടിമപ്പെടുകയുമാണ് ചെയ്യുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ മലയാളികളുടെ ഓണാഘോഷത്തിലെ ഒരു അവിഭാജ്യ ഘടകമായി ഇന്ന് മദ്യപാനം മാറിക്കഴിഞ്ഞു. അങ്ങിനെ കരുതുന്നതില്‍ മലയാളികള്‍ക്ക് തെല്ലും അഭിമാനക്കുറവുമില്ല. ഇത്തരത്തില്‍ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ സിനിമക്കും സോഷ്യല്‍ മീഡിയകള്‍ക്കും വലിയ ഒരളവില്‍ പങ്കുണ്ടെന്നതും നിഷേധിക്കാന്‍ കഴിയില്ല.

മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും മത,സാമൂഹിക,സാംസ്‌കാരിക സംഘടനകളും കാലങ്ങളായി ഇതിനെതിരെ പട പൊരുതുന്നുണ്ടെങ്കിലും കാര്യമായ ഒരു വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്കാകുന്നില്ല. അതിന് അത്തരം ആളുകള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല എന്നത് തന്നെയാണ് പ്രധാന കാരണം. രാഷ്ട്രീയ-മത-സമുദായ വ്യത്യാസം മറന്ന് മദ്യമെന്ന വിപത്തിനെതിരെ ഒറ്റക്കെട്ടായി പോരാടിയാല്‍ മാത്രമേ ഒരളവോളമെങ്കിലും ഇത് കുറക്കാന്‍ സാധിക്കൂ. കുടുംബങ്ങള്‍ക്കാണ് ഇതില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുക. മാതാപിതാക്കളുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാതൃകയാക്കിയാണ് ഇന്നത്തെ പുതിയ തലമുറയും മദ്യത്തിന് പിന്നാലെ പോകുന്നത്.

ഇന്ന് നാട്ടില്‍ നടക്കുന്ന മിക്ക ദുരന്തവാര്‍ത്തകള്‍ക്കും പിന്നില്‍ മദ്യത്തിന് വലിയ പങ്കുണ്ട്. നിരവധി കുടുംബങ്ങളാണ് മദ്യത്തിന്റെ പേരില്‍ തകര്‍ന്നടിഞ്ഞു വീഴുന്നത്. അതിനാല്‍ തന്നെ സമൂഹത്തിന്റെ വളര്‍ച്ചക്കും കുടുംബ ബന്ധങ്ങളുടെ വളര്‍ച്ചക്കും മദ്യം വലിയ അളവില്‍ വിലങ്ങുതടിയാവുന്നുണ്ട്. ഇത് തടയണമെങ്കില്‍ കുടുംബത്തിന്റെ താഴെ തട്ടില്‍ നിന്നും വ്യക്തിസംസ്‌കരണവും ഉത്തമ കുടുംബ മാതൃകയും സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. അതിനായി എല്ലാ സാമൂഹിക ഘടകങ്ങളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മദ്യമെന്ന മഹാവിപത്തിനെ നേരിയ അളവിലെങ്കിലും മാറ്റി നിര്‍ത്താന്‍ മലയാളിക്കാവൂ.

Facebook Comments
Related Articles
Close
Close