Current Date

Search
Close this search box.
Search
Close this search box.

പൊതുതെരഞ്ഞെടുപ്പിന് ശേഷം ലബനാനിൽ ആര് ജയിക്കും?

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ, ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലക്കും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം നഷ്ടമായി. ശീഈ പാർട്ടിയായ ഹിസ്ബുല്ലക്കും സഖ്യകക്ഷികൾക്കും രാജ്യത്തുടനീളം സീറ്റ് നഷ്ടപ്പെട്ടതായാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഫലങ്ങൾ കാണിക്കുന്നത്. 128 സീറ്റുള്ള ലബനാൻ പാർലമെന്റിൽ ഹിസ്ബുല്ലയെ അനുകൂലിക്കുന്ന സഖ്യത്തിന് 58 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ, ഭൂരിപക്ഷത്തിന് വേണ്ടത് 65 സീറ്റുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 71 സീറ്റുകളുണ്ടായിരുന്നു. രാജ്യത്തെ വലിയ ക്രിസ്ത്യൻ പാർലമെന്ററി ബ്ലോക്കല്ലാത്ത, ഹിസ്ബുല്ലയുടെ സഖ്യകക്ഷിയായ ഫ്രീ പാട്രിയോട്ടിക് മൂവ്‌മെന്റിന് (Free Patriotic Movement) 18 സീറ്റുകൾ നേടാനായി. സൗദിയുടെയും യു.എസിന്റെയും പിന്തുണയുള്ള ക്രിസ്ത്യൻ പാർട്ടിയായ ലബനീസ് ഫോഴ്‌സസിന് (Lebanese Forces) 20 സീറ്റുകൾ ലഭിച്ചു.

ഹിസ്ബുല്ലയുടെ മറ്റ് സഖ്യകക്ഷികളായ ആലിയയിലെ ദ്രൂസ് (അറേബ്യൻ വംശീയ വിഭാഗം) നേതാവ് തലാൽ അർസലാനും, ട്രിപളിയിലെ സുന്നീ നേതാവ് ഫൈസൽ കറാമിക്കും സീറ്റുകൾ നഷ്ടമായി. അതുപോലെ, ഹിസ്ബുല്ല പിന്തുണച്ച രണ്ട് സ്ഥാനാർഥികൾ പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രമായ ദക്ഷിണ ലബനാനിൽ പരാജയപ്പെട്ടു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളോട് മത്സരിച്ച് 16 പുതിയ സ്വതന്ത്രരാണ് പാർലമെന്റിലെത്തിയിരിക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 15 സീറ്റുകളാണ് അധികരിച്ചിരിക്കുന്നത്. കൂടാതെ, നിലവിലെ വ്യവസ്ഥയെയും പ്രബല രാഷ്ട്രീയ പാർട്ടികളെയും വിമർശിക്കുന്ന മറ്റ് ഒമ്പത് സ്ഥാനാർഥികളും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. കോടീശ്വരനായ ബിസിനസ്സുകാരൻ ഫുആദ് മഖ്‌സൂമിയും, ഒരുകാലത്ത് സ്വാധീനുമുണ്ടായിരുന്ന ക്രിസ്ത്യൻ കതാഇബ് പാർട്ടിയുടെ നാല് സ്ഥാനാർഥികളും അവരിൽ ഉൾപ്പെടുന്നു.

പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് രാജ്യത്തെ വലിയ സുന്നീ പാർട്ടിയായ ഫ്യൂച്ചർ മൂവ്‌മെന്റ് (Future Movement) ഭാഗഭാക്കാകാതെയുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വർഷാദ്യം മുൻ പ്രധാനമന്ത്രിയും ഫ്യൂച്ചർ മൂവ്‌മെന്റ് നേതാവുമായ സഅദ് ഹരീരി ലബനാൻ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ ഈ പൊതുതെരഞ്ഞെടുപ്പിനെ ബഹിഷ്‌കരിച്ചെങ്കിലും, ചില സഖ്യകക്ഷികൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പാർട്ടി വിടുകയും ചെയ്തു. ഹരീരി പിൻവാങ്ങിയത് മൂലമുണ്ടായ രാഷ്ട്രീയ ശൂന്യത ഹിസ്ബുല്ലയുടെ സഖ്യകക്ഷികൾക്ക് ബയ്‌റൂത്ത്, സിഡോൻ, ട്രിപളി, മറ്റ് പ്രധാന മണ്ഡലങ്ങളിൽ സ്വാധീനം വ്യാപിപിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് നിരീക്ഷകരും ചില ഹരീരി സഖ്യകക്ഷികളും ആശങ്കിക്കുന്നുണ്ട്. ഹരീരിയുടെ പ്രധാന ശക്തികേന്ദ്രമായ ബയ്‌റൂത്തിലെ രണ്ടാമത്തെ ജില്ലയിൽ, മൂന്ന് പ്രതിപക്ഷ സ്ഥാനാർഥികളാണ് വിജയം കൊയ്തത്. ബയ്‌റൂത്തിലെ സുന്നീ കേന്ദ്രത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ ഇബ്‌റാഹീം മുനൈമയാണ് വിജയിച്ചത്. ‘ഞങ്ങൾക്ക് സുന്നീ വോട്ടുകൾ മാത്രമല്ല ലഭിച്ചത്, ശീഈ, ക്രിസ്ത്യൻ, ദ്രൂസ് വിഭാഗങ്ങളുടെ വോട്ടുകൾ കൂടി ലഭിച്ചു. നഗരത്തിൽ സാമൂഹിക ഇടപെടലുകൾക്ക് ആളുകൾ പ്രാധാന്യം നൽകുന്നതാണിത് കാണിക്കുന്നത്’ -ഇബ്‌റാഹീം മുനൈമ തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചതാണിത്. വ്യത്യസ്ത വിഭാഗങ്ങളെ ഉൾകൊള്ളാൻ കഴിയുന്നവർക്ക് സമൂഹത്തിൽ ഇടമുണ്ടെന്ന് കുറിക്കുന്നതുകൂടിയാണ് മുനൈമയുടെ തെരഞ്ഞെടുപ്പ് വിജയം.

ഐ.എം.എഫ് ചർച്ചകൾ തുടരുന്നതിനും, തകർന്നുകൊണ്ടിരിക്കുന്ന ലബനാൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ സഹായകരമായ സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുമായി പുതിയ പാർലമെന്റിന് പ്രധാനമന്ത്രിയെ നിയമിക്കുകയും പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, പാർലമെന്റിന് സ്പീക്കറെ തെരഞ്ഞെടുക്കേണ്ടതുമുണ്ട്. 30 വർഷമായി സ്പീക്കർ പദവിയിൽ പ്രവർത്തിച്ച കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തിന്റെ പ്രസിഡന്റായ നബീൽ ബർറി സ്പീക്കറാകാനാണ് സാധ്യത. ജനസംഖ്യയുടെ മുക്കാൽ ഭാഗവും പട്ടിണിയിൽ കഴിയുന്ന രാജ്യത്തെ പുതിയ സർക്കാറിനെ ‘വാഴ്ത്താൻ’ കഴിയുമോ എന്നതാണ് തെരഞ്ഞെടുപ്പ് വിജയാനന്തരം നിരീക്ഷകർ ഉറ്റുനോക്കുന്നത്. അധികാരികളുടെ അഴിമതിയും അക്രമവും ഇനിയും തുടർക്കഥയായാൽ തെരഞ്ഞെടുപ്പ് വീണ്ടും പ്രഹസനമാകും.

Related Articles