Current Date

Search
Close this search box.
Search
Close this search box.

ഗോള്‍വാള്‍ക്കറുടെ പേരിടലിന് പിന്നില്‍ ?

തിരുവനന്തപുരം ആക്കുളത്തുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ ക്യാംപസിന് ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ നാമദേയവുമായി ബന്ധപ്പെട്ട വിവാദമാണ് കേരളത്തില്‍ ഇപ്പോള്‍ ചൂടുപിടിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിന് സെന്ററുമായി ബന്ധപ്പെട്ട് നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനനാണ് ഇത്തരത്തില്‍ നാമകരണം പ്രഖ്യാപിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ കേരള സര്‍ക്കാരും പ്രതിപക്ഷ സംഘടനകളും മുഖ്യമന്ത്രിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പതിവുപോലെ പേരിടലിനെ ന്യായീകരിച്ചുകൊണ്ട് ബി.ജെ.പിയും സംഘപരിവാറും രംഗത്തിറങ്ങി.

‘ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ക്യാന്‍സര്‍ ആന്റ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്ന പേരാണ് മന്ത്രി പ്രഖ്യാപിച്ചത്. രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ ആചാര്യന്‍മാരില്‍ ഒരാളുടെ പേര് മുന്‍ പ്രധാനമന്ത്രിയും മതേതരത്വ ഇന്ത്യയിലെ പൊതുപ്രവര്‍ത്തകനുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുള്ള ഒരു സ്ഥാപനത്തിന് നല്‍കുന്നതിലെ അനൗചിത്യമാണ് എല്ലാവരും ചോദ്യം ചെയ്തത്. മാത്രമല്ല, ശാസ്ത്ര-ആരോഗ്യ- ഗവേഷണ രംഗത്ത് ഏതെങ്കിലും തരത്തിലുള്ള ബന്ധമോ സംഭാവനകളര്‍പ്പിക്കുകയോ ഒന്നും ചെയ്യാത്ത തീര്‍ത്തും വര്‍ഗ്ഗീയതയും ഫാഷിസവും മാത്രം പ്രോത്സാഹിപ്പിച്ച ഒരാളുടെ പേര് നല്‍കുന്നതിനോട് സാക്ഷര കേരളത്തിലെ ആര്‍ക്കും തന്നെ യോജിക്കാനാവില്ല.

വിവിധങ്ങളായ വിവാദ വിഷയങ്ങളില്‍ ഗോള്‍വാള്‍ക്കര്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. അതില്‍ ഏറെ പ്രശസ്തവും വിവാദവുമായ അദ്ദേഹത്തിന്റെ സിദ്ധാന്തമായിരുന്നു ‘ക്രോസ് ബ്രീഡിങ്്’. 1960 ഡിസംബര്‍ 17ന് ഗുജറാത്ത് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രഭാഷണത്തിലാണ് അന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് ആയിരുന്ന ഗോള്‍വാള്‍ക്കറിന്റെ വിവാദമായ പ്രസ്താവന നടന്നത്.

‘ഉത്തരേന്ത്യന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറി സ്ഥിരവാസമാക്കിയത്, അവിടുത്തെ മനുഷ്യരെ ഉദ്ധരിക്കുന്നതിനുവേണ്ടിയാണ്. നമ്പൂതിരി കുടുംബത്തിലെ ഇളയസന്താനങ്ങള്‍ക്ക്, നായര്‍ സ്ത്രീകളുമായുള്ള ‘സംബന്ധ’വ്യവസ്ഥയുണ്ടാക്കിയത്, സങ്കരപ്രജനനം(ക്രോസ് ബ്രീഡിംഗ്)
പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ്. എല്ലാ ജാതിയിലെയും സ്ത്രീകളുടെ ആദ്യസന്താനം നമ്പൂതിരിയുടേതായിരിക്കണമെന്ന ധീരമായൊരു നിയമവും അവരുണ്ടാക്കി. ഈ നിയമമനുസരിച്ച്, നമ്പൂതിരി സന്താനത്തെ പ്രസവിച്ചശേഷം മാത്രമേ, സ്ത്രീകള്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കുട്ടികളെ പ്രസവിക്കാവൂ. ഈ പരീക്ഷണം ഇന്ന് വ്യഭിചാരമെന്ന് ആക്ഷേപിക്കപ്പെടുമെങ്കിലും, യഥാര്‍ത്ഥത്തില്‍ അങ്ങനെയായിരുന്നില്ല..’ (ഈ പ്രസംഗം ആര്‍.എസ്.എസ്സിന്റെ ഇംഗ്ലീഷ് മുഖപത്രമായ ഓര്‍ഗനൈസറില്‍ (1961 ജനുവരി 2 പേജ് 5) പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, 2004 ല്‍ ഗോള്‍വാള്‍ക്കറുടെ ‘സമാഹൃതകൃതി’കള്‍ ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, ഈ ഭാഗം ഒഴിവാക്കുകയായിരുന്നു.
സംഘപരിവാര്‍ നിയന്ത്രിക്കുന്നവ ഉള്‍പ്പെടെ രാജ്യത്തെ മിക്കവാറും എല്ലാ ലൈബ്രറികളില്‍ നിന്നും ഓര്‍ഗനൈസറിന്റെ ഈ ലക്കം നീക്കം ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ കേരളത്തെ എക്കാലത്തും തങ്ങളുടെ ജന്മിത്വ-രാഷ്ട്രീയ വ്യവസ്ഥിതിക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയും നോക്കിക്കാണുകയും ചെയ്ത പരാമ്പര്യമുള്ളവരുടെ പേരില്‍ ഉന്നത ശാസ്ത്ര കേന്ദ്രം വരുന്നത് കേരളീയര്‍ക്ക് അംഗീകരിക്കാനാവില്ല. ഇതിന് ഒരു നിലക്കും അനുമതി ലഭിക്കില്ല എന്ന ഉത്തമ ബോധ്യത്താലാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം നിലകൊള്ളുന്ന സംസ്ഥാനത്തെ സര്‍ക്കാരിനോടോ സ്ഥാപന അധികൃതരോടോ ചര്‍ച്ച പോലും ചെയ്യാതെ തീര്‍ത്തും ഏകപക്ഷീയമായി പേരിടല്‍ പ്രഖ്യാപിച്ചത്. ശാസ്ത്ര-ആരോഗ്യ മേഖലയില്‍ ഉന്നത ഗവേഷണവും പഠനവും നടത്തുന്ന ഒരു സ്ഥാപനത്തിന് ഒരിക്കലും അംഗീകരിക്കാനാകാത്ത ആശയധാരയുള്ളയാളുകളുടെ പേരിലിടലിലൂടെ പലതിനെയും വെള്ളപൂശുകയും ഒളിച്ചുകടത്താനുമുള്ള ശ്രമത്തിലാണ് സംഘ്പരിവാറും കേന്ദ്രസര്‍ക്കാരും.

സംഘ്പരിവാറിന്റെ വംശീയതയോടും വര്‍ഗ്ഗീയതയോടും ഒരിക്കലും രാജിയാകാത്ത കേരളത്തിലെ പ്രബുദ്ധ ജനവും വിദ്യാര്‍ത്ഥികളും ഗവേഷകരും ഈ നടപടി ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ല. എന്ത് വിലകൊടുത്തും ഇത്തരം നുഴഞ്ഞുകയറ്റങ്ങള്‍ തടഞ്ഞുനിര്‍ത്താനും പ്രതിരോധിക്കാനും അവര്‍ മുന്നോട്ടു വരിക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ കക്ഷി-രാഷ്ട്രീയമോയ ജാതി-മത സാമുദായിക വേര്‍തിരിവൊന്നും അവരെ ബാധിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാറ്റുന്നത് വരെ ശക്തമായ പ്രതിഷേധവുമായി അവരെല്ലാം രംഗത്തുണ്ടാവുമെന്ന് തീര്‍ച്ചയാണ്.

Related Articles