Current Date

Search
Close this search box.
Search
Close this search box.

‘ദി കശ്മീര്‍ ഫയല്‍സ്’: ഒളിച്ചു കടത്തുന്നത് മുസ്‌ലിം വിദ്വേഷം

‘കശ്മീര്‍ ഫയല്‍സ്’ എന്ന പേരില്‍ വിവേക് അഗ്നിഹോത്രി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹിന്ദി സിനിമ ഇപ്പോള്‍ ഇന്ത്യയില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണല്ലോ. മാര്‍ച്ച് 11നാണ് സിനിമ തിയേറ്ററുകളിലെത്തിയത്. 1989-90 കാലഘട്ടത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ നടത്തിയ പലായനത്തിന്റെ കഥ എന്നാണ് സിനിമയുടെ ഇതിവൃത്തമായി സംഘാടകര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ അനുഭവിച്ച വിവേചനമെന്ന പേരില്‍ സിനിമ മുഴുവന്‍ കടുത്ത മുസ്ലിം വിദ്വേഷവും വര്‍ഗ്ഗീയതയുമാണ് പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സിനിമയെ പ്രകീര്‍ത്തിച്ചും പിന്തുണച്ചും രംഗത്തെത്തിയവരെല്ലാം സംഘ്പരിവാര്‍, ആര്‍.എസ്.എസ് നേതാക്കളാണെന്നത് തന്നെയാണ് സിനിമ എത്രത്തോളം വിഷലിപ്തമാണെന്നും വര്‍ഗ്ഗീയ ഉള്ളടക്കമുള്ളതാണെന്നും നമുക്ക് മനസ്സിലാക്കിത്തരുന്നത്. സംഘ്പരിവാറിന്റെ ഗുഡ് ലിസ്റ്റില്‍ കയറുന്ന സിനിമകള്‍ ഒന്നുകില്‍ അപരമത വിദ്വേഷമോ അല്ലെങ്കില്‍ സംഘ്പരിവാറിനെ വെള്ളപൂശുന്നതോ ആയിരിക്കുമെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിച്ചതാണ്.

ഹിന്ദു ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വെള്ളുപൂശാനും മുസ്ലിംകളെ തീവ്രവാദികളാക്കി ചാപ്പ കുത്താനും സിനിമ ഉപയോഗിച്ചു എന്ന വിമര്‍ശനവുമുയരുന്നുണ്ട്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ പതിവു പേലെ സംഘ്പരിവാര്‍ ശക്തികളും ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയും സിനിമയുടെ പ്രചാരണവും പ്രൊമോഷനും ഏറ്റെടുത്തിരിക്കുകയാണ്. സിനിമക്ക് ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്. മാത്രമല്ല, സിനിമ എല്ലാവരും കാണണമെന്ന് രാജ്യത്തിന്റെ സാക്ഷാല്‍ പ്രധാനമന്ത്രി തന്നെയാണ് നേരിട്ടാവശ്യപ്പെട്ടിരിക്കുന്നത്. കശ്മീര്‍ ഫയല്‍സ് നല്ല സിനിമയാണെന്നും എല്ലാ എം.പിമാരും സിനിമ കാണണമെന്നും ഇതുപോലുള്ള സിനിമകള്‍ ഇനിയും ഉണ്ടാകണമെന്നുമാണ് വരേന്ദ്ര മോദി പറഞ്ഞത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പിന്തുണ തേടുകയും അദ്ദേഹത്തെ പൊന്നാട അണിയിക്കുന്നതിന്റെ ചിത്രങ്ങളും ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.

പിന്നാലെ സിനിമ കാണാന്‍ പൊലിസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാരും പ്രഖ്യാപിച്ചു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. എല്ലാ സത്യാന്വേഷികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കശ്മീര്‍ ഫയല്‍സ് എന്നാണ് അദ്ദേഹം പറഞ്ഞത്.

‘കശ്മീര്‍ ഫയല്‍സ്’ സിനിമ കാണാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പകുതി ദിവസം അവധി നല്‍കിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അവധിയെടുക്കുന്നവര്‍ മേലുദ്യോഗസ്ഥരെ അറിയിക്കുകയും അടുത്ത ദിവസം ടിക്കറ്റ് സമര്‍പ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, അസം കശ്മീരാക്കി മാറ്റില്ലെന്ന് ഇവിടുത്തെ മുസ്ലിംകള്‍ ഉറപ്പുതരണമെന്ന തീവ്ര വര്‍ഗ്ഗീയ പ്രസ്താവനയും നടത്തിയിരിക്കുകയാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. ഒരു സമുദായത്തെയൊന്നടങ്കം ഭീഷണിയുടെ മുനമ്പില്‍ നിര്‍ത്തുകയാണ് ഇതിലൂടെ മുഖ്യമന്ത്രി ചെയ്യുന്നത്.

സന്യാസിമാര്‍ക്ക് കശ്മീര്‍ ഫയല്‍സ് ചിത്രം കാണുന്നതിനായി ഇന്‍ഡോറില്‍ നിന്നുള്ള ബി.ജെ.പി നേതാവായ ദീപക് ജെയ്ന്‍ രണ്ട് തീയേറ്ററുകള്‍ മുഴുവന്‍ സീറ്റും ബുക്ക് ചെയ്തിരുന്നു. ചിത്രം കണ്ട ശേഷം കശ്മീര്‍ താഴ്വരയില്‍ തങ്ങള്‍ക്കായി സ്ഥലം അനുവദിച്ചാല്‍ വേദ സംസ്‌കാരം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ചെയ്യാമെന്ന് സന്യാസികള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതില്‍ നിന്നു തന്നെ ഏകദേശം കാര്യങ്ങള്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. മുസ്ലിം വിദ്വേഷം ടാക്‌സ് ഫ്രീയായി ഇന്ത്യയൊട്ടാകെ പ്രചരിപ്പിക്കുകയാണ് ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമയെന്ന് നമുക്ക് മനസ്സിലാകും.

അതേസമയം, സിനിമയെ വിമര്‍ശിച്ചും എതിര്‍ത്തും വിവിധ രാഷ്ട്രീയ-സാംസ്‌കാരിക-സിനിമ മേഖലകളിലുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. കശ്മീരിലെ നിഷ്പക്ഷ പണ്ഡിറ്റുകള്‍ സിനിമയെ എതിര്‍ത്തു. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവര്‍ തന്നെയാണ് ഇപ്പോള്‍ സിനിമക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നതെന്നാണ് അവര്‍ പ്രതികരിച്ചത്.

കേന്ദ്രസര്‍ക്കാര്‍ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും കശ്മീരി പണ്ഡിറ്റുകളുടെ വേദനകളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി പറഞ്ഞു. പഴയ മുറിവുകള്‍ ഉണക്കുന്നതിന് പകരം, രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാന്‍ ബോധപൂര്‍വ്വം കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ് ഈ സിനിമയിലൂടെയെന്നും മെഹബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. സിനിമ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles