Editors Desk

തല്ലിക്കെടുത്തും തോറും ആളിപ്പടരുകയല്ലേ ?

രാജ്യത്തൊട്ടാകെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ അലയടിച്ചു കൊണ്ടിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് ഊര്‍ജം നല്‍കിയത് കേന്ദ്ര സര്‍വകലാശാലകളിലെ ചുറുചുറുക്കള്ള യൗവ്വനമായിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്ര സര്‍വകലാശാലകളായ ജെ.എന്‍.യു,ജാമിഅ മില്ലിയ്യ,ഡല്‍ഹി സര്‍വകലാശാല,അലീഗഢ് മുസ്ലിം സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇതില്‍ നിസ്തുലമായ പങ്കുണ്ട്. ഇതോടെ വിറളി പൂണ്ട കേന്ദ്രസര്‍ക്കാരും സംഘ്പരിവാര്‍ കേന്ദ്രങ്ങളും സമരങ്ങള്‍ ശക്തമായി അടിച്ചമര്‍ത്താനാണ് തുടക്കം മുതലേ ശ്രമിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ജെ.എന്‍.യുവിലും ജാമിഅ മില്ലിയ്യ ക്യാംപസിലും പൊലിസ് നടത്തിയ നരനായാട്ട്.

പൗരത്വ ബില്ലിനെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ജാമിഅ മില്ലിയ്യ ക്യാംപസില്‍ പൊലിസ് തോക്കും ലാത്തിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചത്. പൊലിസിന്റെ കൂടെ മുഖം മറച്ച് സംഘ്പരിവാര്‍ ഗുണ്ടകളും ക്യാംപസിനകത്ത് അഴിഞ്ഞാടി. പെണ്‍കുട്ടികളെയടക്കം ആണ്‍ പൊലിസുകാര്‍ ക്രൂരമായി വലിച്ചിഴക്കുകയും തല്ലിച്ചതക്കുകയും ചെയ്തു. ഈ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുകയും വിഷയം അന്തര്‍ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു. ഈ സമരത്തിലൂടെയാണ് മലയാളികളായ അയിഷ റെന്നയും ലദീദ ഫര്‍സാനയും ഉയര്‍ന്നു വന്നതും ദേശീയ ശ്രദ്ധ നേടിയതും.

എന്നാല്‍ ഇതിനു ശേഷം പൗരത്വ നിയമത്തിനെതിരെയുള്ള അലയൊലികള്‍ രാജ്യത്തെ വിവിധ ക്യാംപസുകളും വിവിധ സംസ്ഥാനങ്ങളും രാജ്യത്തിന് പുറത്തും വിദ്യാര്‍ത്ഥി,യുവജന സമൂഹം ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. യു.എസ്,ലണ്ടന്‍,ജര്‍മനി എന്നിവിടങ്ങളില്‍ വരെ ജനങ്ങള്‍ ഇന്ത്യയിലെ ഭരണഘടന ലംഘന വ്യവസ്ഥക്കെതിരെ തെരുവിലിറങ്ങി. പ്രക്ഷോഭത്തിന്റെ കനല്‍ നാള്‍ക്കുനാള്‍ കത്തിയാളുന്ന കാഴ്ചയാണ് പിന്നീടുള്ള നാളുകളില്‍ കണ്ടത്. നാനാവിധ ജാതി-മതസ്ഥരായ ജനങ്ങള്‍ തെരുലിലിറങ്ങിയപ്പോഴും സമരത്തിലേര്‍പ്പെടുന്നവരെ പതിവുപോലെ ഒരു പ്രത്യേക മതവിഭാഗക്കാരും തീവ്രവാദികളും രാജ്യവിരുദ്ധരുമാക്കി ചിത്രീകരിക്കാനാണ് സംഘ്പരിവാര്‍ ഭരണകൂടവും അവരുടെ അണികളും ശ്രമിച്ചത്. എന്നാല്‍ ഇത്തരം ശ്രമങ്ങളെയെല്ലാം ചെറുത്തുതോല്‍പിച്ച ജനത സമാധാനപരമായ രീതിയില്‍ രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടു പോകുകയായിരുന്നു. തോക്കിനും കല്ലിനും പകരം റോസാപൂ കൊണ്ടാണ് ദല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ പൊലിസിനു നേരെ സമരം ചെയ്തത്. ആസാദി,ഇങ്ക്വിലാബ് മുദ്രാവാക്യങ്ങളുടെ സര്‍ഗ്ഗാത്മക താളങ്ങളായിരുന്നു പിന്നീട് എങ്ങും കാണാന്‍ സാധിച്ചത്. ഇതിനു പിന്നാലെ യു.പിയിലും സമരത്തിന്റെ മറവില്‍ മുസ്ലിം വംശഹത്യ നടത്താനാണ് യോഗി ഭരണകൂടം ശ്രമിച്ചത്.

എന്നാല്‍ ഇത്തരം ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിട്ടും അതേ വഴി തന്നെയാണ് സംഘ്പരിവാര്‍ വീണ്ടും സ്വീകരിക്കുന്നത് എന്നതാണ് നാം കാണുന്നത്. ഇതിന്റെ നേര്‍കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ഹോസ്റ്റലില്‍ കണ്ടത്. നൂറുകണക്കിന് വരുന്ന എ.ബി.വി.പി ഗുണ്ടകള്‍ ചേര്‍ന്ന് മുഖം മറച്ച് ഹോസ്റ്റലിനുള്ളില്‍ അതിക്രമിച്ചു കയറുകയും കണ്ണില്‍ കണ്ടവരെയെല്ലാം ഇരുമ്പ് ദണ്ഡും മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. രാത്രി മുഖം മറച്ചെത്തിയ ആക്രമികള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂനിയന്‍ നേതാവ് ഐഷ ഘോഷിന്റെയും അധ്യാപകരുടെയുമടക്കം തല അടിച്ചു തകര്‍ത്തു. കൂടാതെ നിരവധി യൂനിയന്‍ നേതാക്കളും വിദ്യാര്‍ത്ഥികളും ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയാണ്. ഹോസ്റ്റലിന് പുറത്ത് പൊലിസിന്റെ കാവലോടെയായിരുന്നു ഈ നരനായാട്ടും അരങ്ങേറിയത്. ഹോസ്റ്റല്‍ ക്യാംപസില്‍ ആക്രമണം നടത്താന്‍ പൊലിസ് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയായിരുന്നു.

എ.ബി.വി.പി ആക്രമണം വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണെന്ന് പിന്നീട് പുറത്തുവരികയും ചെയ്തു. സംഘ്പരിവാറിന്റെ വാട്‌സാപ് ഗ്രൂപ്പുകളില്‍ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്യുകയും കലാപകാരികളോട് ഒത്തുകൂടാന്‍ ആവശ്യപ്പെട്ടും നിരവധി സന്ദേശങ്ങളാണ് പ്രചരിച്ചിരുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പിന്നീട് പുറത്തുവരികയും ചെയ്തിരുന്നു. ഭരണകൂടത്തെ ചോദ്യം ചെയ്യുകയും സമരം നയിക്കുകയും ചെയ്യുന്ന പുതിയ തലമുറ വിദ്യാര്‍ത്ഥികളെ ചോര കാണിച്ച് ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് സംഘ്പരിവാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സമരത്തെ എത്രത്തോളം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നുവോ അത്രത്തോളം അത് പടര്‍ന്നു പന്തലിക്കുകയാണെന്ന വസ്തുത അവര്‍ കാണുന്നില്ല. അല്ലെങ്കില്‍ കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നു. സി.എ.എ,എന്‍.ആര്‍.സി,എന്‍.പി.ആര്‍ നിയമങ്ങളെക്കുറിച്ച് ആശയപരമായും നിയമപരമായും നേരിടാനാകാതെ ഗുണ്ടാ-ആക്രമണ കലാപങ്ങള്‍ കൊണ്ടും വ്യാജ പ്രചാരണങ്ങള്‍ കൊണ്ടും നുണകള്‍ കൊണ്ടും നേരിടുക എന്ന ഫാഷിസ്റ്റ് രീതി തന്നെയാണ് അടിമുടി തെറ്റാതെ സംഘ്പരിവാര്‍ ഭരണകൂടവും ഇന്ത്യയില്‍ ചെയ്തുകൂട്ടുന്നത്.

Facebook Comments
Related Articles
Show More
Close
Close