Editors Desk

വിവാദങ്ങളിലകപ്പെട്ട് ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകള്‍

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ അടക്കം വലിയ പ്രാധാന്യത്തോടെ വിശകലനം ചെയ്ത രണ്ടു സംഭവങ്ങളാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ(ജെ.എന്‍.യു) വിദ്യാര്‍ത്ഥി സമരവും ചെന്നൈ ഐ.ഐ.ടിയിലെ ഫാത്തിമ ലത്വീഫ് എന്ന വിദ്യാര്‍ത്ഥി അധ്യാപകരുടെ വംശീയ വിധ്വേഷത്തിനിരയായി ജീവനൊടുക്കിയ സംഭവവും അതിനെത്തുടര്‍ന്നുള്ള കോലാഹലങ്ങളും. രണ്ട് സംഭവങ്ങളും ഇന്ത്യയിലെ ഏറെ പേരും പ്രശസ്തിയുമുള്ള ഉന്നത കലാലയങ്ങളില്‍ ആണ് അരങ്ങേറുന്നത് എന്നതാണ് വാര്‍ത്താപ്രാധാന്യം വര്‍ധിക്കാനുള്ള മറ്റൊരു കാരണം. രണ്ടു സംഭവങ്ങളും വ്യത്യസ്തമായ രണ്ട് വിഷയങ്ങളാണെങ്കിലും രണ്ടിന്റെ പിന്നിലെയും രാഷ്ട്രീയം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സമാനമാണ്.

ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിനുള്ള നിയന്ത്രണം തുടങ്ങിയവയില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം നാലാമത്തെ ആഴ്ചയും മാറ്റമില്ലാതെ തുടരുകയാണ്. ദിവസം കൂടുംതോറും വിദ്യാര്‍ത്ഥി സമരത്തിന് ശക്തിയാര്‍ജിക്കുകയും പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തു വരികയും ചെയ്തിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള മുറിയുടെ വാടക ഭീമമായാണ് വര്‍ധിപ്പിച്ചത്. യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. എന്നാല്‍ ഫീസ് നിരക്കില്‍ കഴിഞ്ഞയാഴ്ച സര്‍വകലാശാല നേരിയ കുറവ് വരുത്തിയിരുന്നു. എന്നാല്‍ ഇത് വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് കോളേജ് യൂനിയന്റെയും വിദ്യാര്‍ത്ഥി നേതാക്കളുടെയും നിലപാട്.

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉന്നത വിദ്യാഭ്യാസവും ഗവേഷണവും നടത്താന്‍ കഴിയുന്ന അപൂര്‍വം ക്യാംപസുകളില്‍ ഒന്നാണ് ജെ.എന്‍.യു. അതിനാല്‍ തന്നെ പാവപ്പെട്ട,പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമായിരുന്നു ജെ.എന്‍.യുവിലെ പഠനം. ഇത് തകര്‍ക്കാനാണ് സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നതെന്ന വാദവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചക്ക് തയാറല്ലെന്ന സര്‍വകലാശാല അധികൃതരുടെ നിലപാടാണ് വിദ്യാര്‍ത്ഥികളെ പ്രകോപിപിക്കുന്നത്. കഴിഞ്ഞ ദിവസം വിഷയം ഉന്നയിച്ച് പാര്‍ലമെന്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിനെ പൊലിസ് ക്രൂരമായാണ് നേരിട്ടത്. പൊലിസ് നടപടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ സമരം വീണ്ടും ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. എന്നാല്‍ സമരം ശക്തമായതോടെ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര മാനവ വിഭവശേഷി സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു.

രോഹിത് വെമുലയുടേതിന് സമാനമാണ് ഫാത്തിമ ലത്തീഫ് സംഭവവും. രണ്ട് സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സര്‍വകലാശാലയിലെ ജാതി മേല്‍ക്കോയ്മ മനോഭാവം വെച്ചുപുലര്‍ത്തുന്ന ഉന്നത പ്രൊഫസര്‍മാര്‍ തന്നെയാണ്. രണ്ടിനെയും ഇന്‍സ്റ്റിറ്റിയൂഷനല്‍ മര്‍ഡര്‍ എന്ന് തന്നെയെന്ന് നമുക്ക് അക്ഷരം തെറ്റാതെ വിളിക്കാം. ഒക്ടോബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്വീഫിനെ ഹോസ്റ്റലിലെ തന്റെ റൂമില്‍ മരിച്ച നിലയില്‍ കാണപ്പെടുന്നത്. സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പെടെ സര്‍വകലാശാലയിലെ മൂന്ന് അധ്യാപകരാണ് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്നും ഫാത്തിമ തന്റെ മൊബൈല്‍ ഫോണില്‍ കുറിച്ചിട്ടിരുന്നു. ഇന്ത്യയിലെ ഉന്നത സര്‍വകലാശാലകളില്‍ 21ാം നൂറ്റാണ്ടിലും ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നുണ്ട് എന്നതിന്റെ അവസാന ഉദാഹരണമാണ് ഫാത്തിമ ലത്വീഫ് സംഭവം. പഠനത്തില്‍ ഏറെ മുന്‍പന്തിയിലായിരുന്നു ചെറുപ്പം തൊട്ടേ ഫാത്തിമ. ഉന്നത റാങ്ക് കരസ്ഥമാക്കിയാണ് രാജ്യത്തെ എണ്ണപ്പെട്ട ഐ.ഐ.ടികളിലൊന്നായ ചെന്നൈ ഐ.ഐ.ടിയില്‍ ഫാത്തിമ പ്രവേശനം നേടുന്നത്. എന്നാല്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടയാളായതിനാല്‍ ക്യാംപസിനകത്ത് താന്‍ നിരന്തരം വേട്ടയാടപ്പെടുന്നുണ്ടെന്ന് നേരത്തെ തന്നെ ഫാത്തിമ പറഞ്ഞിരുന്നതായി അവരുടെ കുടുംബം ഉന്നയിച്ചിട്ടുണ്ട്.

ഫാത്തിമയുടെ വിഷയം പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോവുകയാണ് ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഫാത്തിമയുടെ സഹപാഠികള്‍ ചെന്നൈ ഐ.ഐ.ടി കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിരുന്നു. സമരം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

ഇന്ത്യയിലെ ഉന്നത ക്യാംപസുകളില്‍ ഇത്തരം സംഭവങ്ങള്‍ തുടരുമ്പോഴും യാതൊരു കൂസലുമില്ലാതെ തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് സര്‍വകലാശാല അധികൃതരും ബന്ധപ്പെട്ട മന്ത്രാലയങ്ങളും ചെയ്യുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങുന്നതോടെ പഴയ നിലപാട് മാറ്റാന്‍ അധികാരികള്‍ നിര്‍ഡബന്ധിതരാകുന്ന കാഴ്ചയാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അധികാരികളുടെ ഇത്തരം സമീപനങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു കൂട്ടം യുവതീ-യുവാക്കള്‍ തെരുവിലിറങ്ങാനുണ്ടെന്നതാണ് വര്‍ത്തമാന ഇന്ത്യയില്‍ നമുക്ക് കാണാനാകുന്ന നേരിയ പ്രതീക്ഷ.

Facebook Comments
Show More
Close
Close