Current Date

Search
Close this search box.
Search
Close this search box.

ജമാല്‍ ഹഷോഗിയുടെ തിരോധാനവും ദുരൂഹതകളും

കഴിഞ്ഞ 30 വര്‍ഷമായി സൗദി രാഷ്ട്രീയ നിരീക്ഷണത്തിലും സൗദിയിലെ മാധ്യമ മേഖലയിലെയും സജീവ സാന്നിധ്യമായിരുന്നു ജമാല്‍ ഹഷോഗി. 1958ല്‍ മദീനയില്‍ ജനിച്ച ഹഷോഗി സൗദി രാജഭരണകൂടത്തിന്റെ വിശ്വസ്തനില്‍ പ്രമുഖനായിരുന്നു. പിന്നീട് അധികാരത്തില്‍ വന്ന സല്‍മാന്‍ രാജാവിന്റെയും ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഭരണ പരിഷ്‌കാരങ്ങളെയും യെമന്‍ യുദ്ധത്തിലും ഖത്തര്‍ ഉപരോധ വിഷയത്തിലും മറ്റു സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിലും വിയോജിപ്പ് രേഖപ്പെടുത്തിയതോടെയാണ് ഇദ്ദേഹം സൗദിയുടെ കണ്ണിലെ കരടായി മാറിയത്.

തുടര്‍ന്ന് 2017ലാണ് അദ്ദേഹം ഭീഷണി ഭയന്ന് സൗദി വിടുകയും യു.എസ് പൗരത്വമെടുക്കുകയും ചെയ്തത്. ഇതിനിടെ ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി എംബസിയിലെത്തിയ ഹഷോഗിയെ പിന്നീട് പുറം ലോകം കണ്ടില്ല. അങ്ങിനെയാണ് ജമാല്‍ ഹഷോഗി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പുതിയ വിവാഹം കഴിക്കാനായി തന്റെ മുന്‍വിവാഹ മോചനവുമായി ബന്ധപ്പെട്ട രേഖകള്‍ തയാറാക്കുന്നതിനായിരുന്നു അദ്ദേഹം തന്റെ പ്രതിശ്രുത വധുവുമായി ഇസ്താംബൂളിലെ എംബസിയിലെത്തിയത്.

എന്നാല്‍ ഇവരെ എംബസിക്കകത്തേക്ക് കയറ്റിവിട്ടില്ല. ഹഷോഗിയെ കാത്ത് പുറത്തുനില്‍ക്കുകയായിരുന്നു ഇവര്‍. ഏറെ കഴിഞ്ഞിട്ടും ഹഷോഗിയെ കാണാത്തതിനെ തുടര്‍ന്ന് അവര്‍ തുര്‍ക്കി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഹഷോഗി കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലാണ് തുര്‍ക്കി എത്തിയത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സൗദി രംഗത്തു വരികയും ചെയ്തു. ഹഷോഗിയുടെ തിരോധനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ഞായറാഴ്ച തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞത്.

യു.എസിലെ ഇന്ത്യാന സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസം പൂര്‍ത്തിയാക്കിയ അദ്ദേഹം സൗദി ഗസറ്റ് പത്രത്തിലാണ് തന്റെ ഔദ്യോഗിക ജോലി ആരംഭിച്ചത്. 1990 മുതല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖല. നിരവധി തവണ ഒസാമ ബിന്‍ലാദനുമായി അഭിമുഖം നടത്തിയിട്ടുണ്ട് അദ്ദേഹം. സൗദി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മേധാവിയായും യു.എസിലെ സൗദി അംബാസിഡറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് വിവിധ പത്ര-ചാനല്‍-ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും വിമര്‍ശിച്ച് നിരന്തരം കോളം എഴുതുന്നയാളാണ് ഹഷോഗി.

എംബസിയുടെ സി.സി.ടി.വിയില്‍ ഹഷോഗി വരുന്നത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തിരിച്ചു പോകുന്നത് ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഹഷോഗി ക്യാമറയില്‍ തന്നെ പതിഞ്ഞിട്ടില്ലെന്നും പറയപ്പെടുന്നു. അതിനാല്‍ തന്നെ ഈ തിരോധാനത്തില്‍ ഏറെ നിഗൂഢതകള്‍ നിഴലിച്ചു നില്‍ക്കുന്നുണ്ട്. ഹഷോഗി ഓഫിസിലേക്ക് പ്രവേശിച്ച ശേഷം സൗദിയുടെ ഉന്നത അധികാരികള്‍ എംബസിയിലേക്ക് വന്നുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. സൗദിയുടെ മുഖ്യ ശത്രുവായ ഒരാളെ സൗദി എംബസിയില്‍ വച്ച് തന്നെ കാണാതാകുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

 

Related Articles