Editors Desk

ഫലസ്തീന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി

ജോര്‍ദാന്‍ താഴ്‌വരകള്‍ ഉള്‍പ്പെടുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായേലിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവും കൂട്ടരും. ജൂലൈ ഒന്നു മുതല്‍ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതികള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഐക്യരാഷ്ട്ര സഭ,യൂറോപ്യന്‍ യൂണിയന്‍,അറബ് ലീഗ്,ജി.സി.സി തുടങ്ങിയ സംഘടനകളില്‍ നിന്നും വന്ന ശക്തമായ എതിര്‍പ്പ് മൂലം പദ്ധതി നടപ്പിലാക്കുന്നത് താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ് ഇസ്രായേല്‍. എന്നാല്‍, പദ്ധതി ഉപേക്ഷിച്ച് പിന്നോട്ട് പോകുമെന്നല്ല ഇതിനര്‍ത്ഥം. ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങിയ അന്ന് മുതല്‍ തന്നെ ആരംഭിച്ചതാണ് ഇസ്രായേലിന്റെ ഫലസ്തീന്‍ ഭൂമിയുടെ കുടിയേറ്റവും. 1967 മുതല്‍ ആരംഭിച്ചതാണ് ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക്,ഗസ്സ കൈയേറ്റം. പിറന്ന നാടും മണ്ണും നിലനിര്‍ത്താനും നിര്‍ഭയമായി ജീവിക്കാനുമുള്ള പോരാട്ടവും ഫലസ്തീനികള്‍ അന്നു മുതല്‍ തന്നെ ആരംഭിച്ചതുമാണ്.

ഇതിനോടകം ഫലസ്തീനിലെ പ്രധാന കേന്ദ്രങ്ങളാില്‍ ഇസ്രായേല്‍ അധിനിവേശം നടത്തി തങ്ങളുടെ കുടിയേറ്റ ഭവനങ്ങളും കേന്ദ്രങ്ങളും പണിതിട്ടുണ്ട്. ജോര്‍ദാനോട് അതിരിടുന്ന മേഖലയാണ് ജോര്‍ദാന്‍ വാലി. നേരത്തെ തന്നെ അധിനിവേശം ആരംഭിച്ച ഈ മേഖലകള്‍ കൂടി ഇസ്രായേലിന്റെ ഭൂപ്രദേശമാക്കി മാറ്റുക എന്നതാണ് സയണിസ്റ്റ് ഭരണകൂടത്തിന്റെ അന്തിമ ലക്ഷ്യം. അമേരിക്കയില്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇസ്രായേലിന്റെ ഉറ്റചങ്ങാതിയായ ട്രംപ് ഇതിനായി പശ്ചിമേഷ്യന്‍ പദ്ധതി എന്ന പേരില്‍ ഒരു പദ്ധതിയും മുന്നോട്ടു വെച്ചു. ഇതോടെ ഇസ്രായേല്‍ വര്‍ധിത ശക്തിയോടെ കുടിയേറ്റം ആരംഭിച്ചു.

Also read: വ്യക്തിത്വരൂപീകരണവും അഹംബോധവും

ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളുടെ വീടും കെട്ടിടങ്ങളും സ്‌കൂളുകളും ആശുപത്രികളും തകര്‍ത്ത് അവിടങ്ങളില്‍ ജൂത കുടിയേറ്റക്കാര്‍ക്ക് താമസകേന്ദ്രങ്ങളൊരുക്കി. കൈയേറിയും വെട്ടിപ്പിടിച്ചും ഫലസ്തീന്‍ എന്ന കൊച്ചു രാഷ്ട്രം തന്നെ ഭൂമികയില്‍ നിന്നും ഇല്ലാതാകുമെന്ന അവസ്ഥ വന്നപ്പോഴാണ് ലോകരാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

ഗാന്റ്‌സ്-നെതന്യാഹു സംയുക്ത കൂട്ടുകെട്ട് സര്‍ക്കാരും പദ്ധതി നടപ്പാക്കാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കല്‍ ധൃതിപിടിച്ച് നടത്തേണ്ട എന്നാണ് ഗാന്റ്‌സിന്റെ നിലപാട്. യു.എസിലെയും ബ്രിട്ടനിലെയും അടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളും പദ്ധതിക്കെതിരെ രംഗത്തു വന്നു. ഇതോടെയാണ് താല്‍ക്കാലികമായെങ്കിലും കൂട്ടിച്ചേര്‍ക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ നെതന്യാഹു നിര്‍ബന്ധിതനായത്.

വിഷയത്തില്‍ യു.എസുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്ന നിലപാടിലാണ് ഇപ്പോള്‍ നെതന്യാഹു. വെസ്റ്റ്് ബാങ്കില്‍ ഇസ്രായേലിന്റെ പരമാധികാരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മാസങ്ങള്‍ നീളുന്ന ചര്‍ച്ച വേണ്ടി വരുമെന്നാണ് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി തെരുവില്‍ തുടരുകയാണ് ഫലസ്തീന്‍ ജനത. റാമല്ലയിലും ഗസ്സ സിറ്റിയിലും വെസ്റ്റ് ബാങ്കിലും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് അവര്‍. ജീവന്‍ നല്‍കിയും പിറന്ന മണ്ണ് കൈവിടാതിരിക്കാനുള്ള പോരാട്ടത്തിലാണ് ഫലസ്തീനിലെ കൊച്ചുകുട്ടികള്‍ മുതല്‍ സ്ത്രീകളും മുതിര്‍ന്നവരും വരെയുള്ളവര്‍. ഭാവിയിലെ ഫലസ്തീന്‍ രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ തന്നെ അപ്രസക്തമാക്കുന്ന വെസ്റ്റ് ബാങ്ക് കുടിയേറ്റം കൂടി നടപ്പിലാകുകയാണെങ്കില്‍ അത് ഫലസ്തീന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന അവസാനത്തെ ആണിയാകും.

Facebook Comments
Related Articles
Tags
Close
Close