Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ വിട്ടൊരു ഇസ്രായേൽ തുർക്കിയുടെ ലക്ഷ്യമോ?

2021 ജനുവരി 20ന് അമേരിക്ക പ്രത്യേകിച്ചും ലോകം പൊതുവായും അമേരിക്കൻ ഭരണ മാറ്റത്തെ പ്രതീക്ഷയോടെയും അതിലേറെ ആകുലതകളോടെയുമാണ് നോക്കികാണുന്നത്. കോലാഹലങ്ങൾക്കൊടുവിൽ ഡൊണൾഡ് ട്രംപ് പടിയിറങ്ങി, അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിൽ വന്നു. അധികാരത്തിലെ അവസാന നാളുകളിൽ ട്രംപിന്റെ ഇടപെടലുകൾ കാര്യമായും അറബ് രാഷ്ട്രങ്ങളെ ഇസ്രായേലുമായി ചേർത്തുവെക്കാനുള്ള ശ്രമമായിരുന്നു. ട്രംപ് കാലത്ത് അറബ് രാഷ്ട്രങ്ങളുടെ ഇസ്രായേൽ ബന്ധം ശക്തമായിരുന്നെന്ന് ചരിത്രം വിലയിരുത്തട്ടെ! യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, അവസാനമായി മൊറോക്കോയും ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കി. ഇപ്പോൾ, ഇസ്രായേൽ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വാർത്ത ആശ്ചര്യമുളവാക്കുന്നതാണ്. ഇസ്‌ലാമിക പ്രതിരോധ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ തുർക്കിയിലും പ്രത്യേകിച്ച് ഇസ്താംബൂളിലും നിരോധിക്കുന്നതുവരെ തുർക്കിയുമായി ബന്ധം സ്ഥാപിക്കുകയില്ലെന്ന് അറിയിച്ചുകൊണ്ട് നെതന്യാഹു ഭരണകൂടം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് കത്ത് അയിച്ചിരിക്കുകയാണ്.

എന്നിരുന്നാലും, അസ്വസ്ഥപ്പെടുത്തുന്ന ആ വാർത്ത നമ്മെ സംബന്ധിച്ചിടത്തോളം മറ്റൊന്ന് ചിന്തിക്കാനാണ് പ്രേരിപ്പിക്കുക. തുർക്കിയുടെയും ഉർദുഗാന്റെയും ചരിത്രമറിയുന്നവർക്ക് അങ്ങനെയല്ലാതെ മറ്റൊന്ന് ചിന്തിക്കുക പ്രയാസകരമാണ്. അത്, തുർക്കി ബന്ധം സ്ഥാപിക്കണമെങ്കിൽ ചില നിബന്ധനകൾ ഇസ്രായേൽ പാലിക്കണമെന്ന അടിസ്ഥാനമായിരിക്കും, മറിച്ച് ഇസ്രായേൽ മുന്നോട്ടുവെക്കുന്ന നിബന്ധനകളെ തുർക്കി ശിരസ്സാവഹിക്കുകയെന്നതായിരിക്കുകയില്ല. ഗസ്സ മുനമ്പിലെ രണ്ട് മില്യൺ വരുന്ന ഫലസ്തീനികൾക്ക് മേൽ അന്യായമായി ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുക, വെസ്റ്റ് ബാങ്കിൽ തുടരുന്ന നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കുക, അധിനിവേശ ജറുസലമിലെ അൽ അഖ്‌സ മസ്ജിദിന് കീഴിലെ ഹൈക്കൽ സുലൈമാനിയിലെ എല്ലാ പര്യവേക്ഷണവും നിർത്തിവെക്കുക, അന്താരാഷ്ട്ര നിയമം നടപ്പിലാക്കുക എന്നിങ്ങനെ നീണ്ടുപോകുന്ന പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് തുർക്കി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുക. ഇതഃപര്യന്തമുള്ള തുർക്കി ചരിത്രം അതിന് തെളിവാണ്. ഇസ്‌ലാമിക പൈതൃക ദേശമായ, ഉസ്മാനീ ഭരണകൂടത്തിന്റെ ഭാഗമായ ഫലസ്തീനെ തുർക്കി കൈയൊഴികയില്ലെന്ന് കരുതാം.

ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഷിമോൺ പെരസിന്റെ നുണകളെ ദാവോസ് ഫോറത്തിൽ ചുട്ട മറുപടി നൽകി തുറന്നുക്കാട്ടിയ സന്ദർഭത്തിൽ, മുസ്‌ലിംകൾക്കിടയിലും അറബികൾക്കിടയിലും വലിയ സ്വീകാര്യത ലഭിച്ച നേതാവാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. 2010 മേയിൽ മർമറ സംഘത്തെ ഉർദുഗാൻ ഭരണകൂടം പിന്തുണച്ചു. അധിനിവിഷ്ട ഫലസ്തീൻ തീരത്തേക്ക് പുറപ്പെട്ട മർമറ സംഘത്തെ ഇസ്രായേൽ കമാൻഡോസ് ആക്രമിക്കുകയും, അതിൽ പത്ത് പേരുടെ ജീവൻ പൊലിയുകയും ചെയ്ത സംഭവത്തിൽ ഇരകൾക്ക് പിന്തുണയുമായി തുർക്കി അവതരിച്ചു. 2018ൽ ഇസ്രായേൽ സർക്കാറിന്റെ അക്രമ നയങ്ങളിൽ പ്രതിഷേധമറിയിച്ച് ഇസ്രായേൽ അംബാസഡറെ തുർക്കി പുറത്താക്കി. അതിനെക്കാൾ ശക്തമായ വിമർശനമായിരുന്നു അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയപ്പോൾ തുർക്കിയുടെ ഭാഗത്ത് നിന്നുയർന്നത്.

ഇതൊക്കെയാണ് വസ്തുതയെങ്കിലും, കഴിഞ്ഞ ഡിസംബർ 25ന് അധിനിവേശ രാഷ്ട്രമായ ഇസ്രായേലുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന ഉർദുഗാന്റെ പ്രഖ്യാപനം മുന്നിൽനിൽക്കുമ്പോൾ, തുർക്കി രാഷ്ട്രീയ നയത്തിൽ മാറ്റങ്ങൾ വരുത്തുമോയെന്നത് സന്ദേഹങ്ങൾക്ക് ഇടം നൽകുകയാണ്. എന്നാൽ, ഫലസ്തീൻ ജനതയോട് ഇസ്രായേൽ സ്വീകരിക്കുന്ന രാഷ്ട്രീയത്തെ അദ്ദേഹം വിമർശിക്കുകയും, അത് അസ്വീകാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനും, അംബാസഡറെ മടക്കികൊണ്ടുവരാനും ഇരു രാഷ്ട്രങ്ങളും ചർച്ച പുനഃരാരംഭിക്കാൻ ഇന്റലിജൻസ് തലത്തിൽ ധാരണയായതായി, ആയ സോഫിയ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിന് ശേഷം അദ്ദേഹത്തിന് ചുറ്റും കൂടിയ മാധ്യമ പ്രവർത്തകരോട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഈയിടെ, തുർക്കി ഇന്റലിജൻസ് മേധാവി ഹാക്കാൻ ഫൈദാൻ അധിനിവിഷ്ട ഫലസ്തീൻ പല തവണ സന്ദർശിക്കുകയും, ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് പ്രാഥമിക നടപടിയെന്ന നിലയിൽ അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങൾ വിലയിരുത്താൻ ഇസ്രായേൽ ഇന്റലിജൻസ് മേധാവി യൂസി കോഹീനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ എട്ട് മില്യൺ ഡോളറിന്റെ വ്യാപാര കൈമാറ്റമാണ് നടക്കുന്നത്. ആഴ്ചയിൽ 60ഓളം വിമാനങ്ങൾ തുർക്കിയിൽ നിന്ന് തെൽ അവീലേക്ക് പറക്കുകയും ചെയ്യുന്നു.

പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്ത ശരിയാണെങ്കിൽ, തുർക്കി എങ്ങനെയാണ് പുതിയ രാഷ്ട്രീയ നയം രൂപപ്പെടുത്തുകയെന്നത് അനിശ്ചിതത്വത്തിലാണ്. വിവിധ ഇസ്രായേൽ മാധ്യമങ്ങൾ കത്തിന്റെ ഔദ്യോഗിക ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും, അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബന്ധം സ്ഥാപിക്കുന്നതിന് ഇസ്രായേൽ മുന്നോട്ടുവെക്കുന്ന നിബന്ധനകളെ തുർക്കി പൂർണമായും തള്ളിക്കളയുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. അതെ, അധിവേശത്തിനെതിരെ പോരാടുന്ന, മുസ്‌ലിം-അറബ് മേഖലകളിൽ സ്വാധീനമുള്ള ശക്തിയെന്ന നിലയിൽ തുർക്കിയെ സംബിന്ധിച്ചിടത്തോളം ഇത് നിന്ദ്യമായ കാര്യമാണ്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയും, ഹമാസുമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്യുകയെന്നത് തികച്ചും നിന്ദ്യമാണ്. ഹമാസ് പ്രതിരോധ പ്രസ്ഥാനവും, ഫലസ്തീനുമാണ് അറബികളു അനറബികളും ഉൾകൊള്ളുന്ന മുസ്‌ലിം മനസ്സുകളിലേക്കുള്ള തുർക്കിയുടെ പ്രധാന പ്രവേശന കവാടം. നയത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ ലോക ഇസ്‌ലാമിക വേദിയിലുള്ള സ്ഥാനവും സ്വാധീനവുമാണ് തുർക്കി നഷ്ടപ്പെടുത്തുന്നത്. സിറിയയിലെയും ലിബിയയിലെയും തുർക്കിയുടെ സൈനിക ഇടപെടൽ, കിഴക്കൻ മെഡിറ്ററേനിയൻ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയന്റെ ആവശ്യങ്ങൾക്ക് മുന്നിൽ തുർക്കിയുടെ പിൻവാങ്ങൽ എന്നിവ തുർക്കിയുടെ സ്ഥാനവും പദവിയും ചോദ്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും.

Related Articles